ടെക് ബ്രിഡ്ജ് സോഫ്റ്റ് വെയർ കമ്പനിയിലെ സീനിയർ പ്രോജക്ട് മാനേജരായ രാധാ മുരളീധരന് അറിയുമായിരുന്നില്ല, നാൽപത്തിയെട്ടാം വയസ്സിൽ തന്റെ ജീവിതം അദൃശ്യമായ ഒരു വളവിലേക്ക് തിരിയുമെന്ന്.
ഇരുപത് വർഷത്തിലധികമായി ജോലി ചെയ്യുന്നു. മാനേജ്‌മെന്റിന്റെയും ടീമിന്റെയും വിശ്വാസം കൊണ്ട് അറിയപ്പെടുന്ന രാധയ്ക്ക് ജീവിതത്തിൽ ഒരിക്കലും പാളിപ്പോയിട്ടില്ല. പക്ഷേ, കഴിഞ്ഞ ചില മാസങ്ങളായി അവൾക്ക് തന്റെ ശരീരത്തിനും മനസ്സിനുമിടയിൽ അഗാധമായ ഒരു താളമാറ്റം അനുഭവപ്പെട്ടു തുടങ്ങി.
ഓഫീസ് മുറിയിലെ മീറ്റിങ്ങിൽ പ്രസന്റേഷന് മുമ്പായി പെട്ടെന്ന് മുഖത്ത് ചൂട് പടർന്നതുപോലെ തോന്നി. എ സി ഓണായിട്ടും ചുണ്ടുകൾ വരണ്ടു, ഹൃദയം വേഗത്തിൽ ഇടിച്ചു, കൺമുന്നിൽ വെളിച്ചം കുറയുന്നതുപോലെ തോന്നി.
എന്താണിത്? അവൾക്ക് പെട്ടെന്ന് അടിതെറ്റി… “മാഡം, ഓക്കേ ആണോ?’’ അടുത്തുണ്ടായിരുന്ന അമൽ അവളെ പിടിച്ചു. ''രാധാ മാഡം സൂക്ഷിച്ച്'' മറ്റൊരു സഹപ്രവർത്തക ഓടിയെത്തി. അവളുടെ തല ഒരു നിമിഷം തോളിൽ ചാഞ്ഞു. ചുറ്റുമുള്ള ശബ്ദം അകലെയായി. ‘’കുറച്ചു വെള്ളം കൊണ്ടുവരൂ’’ അമൽ പറഞ്ഞു. ‘’മാഡം കേൾക്കുന്നുണ്ടോ?'' അമൽ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. രാധ കണ്ണുകൾ തുറന്നു. ‘’ഒന്ന് തലകറങ്ങിയതാണ്, പ്രശ്‌നമൊന്നുമില്ല’’
‘’പക്ഷേ, മാഡം നിങ്ങൾ വീണല്ലോ?’’
‘’ഞാൻ ഓക്കെയാണ്... ഇത്തിരി വെള്ളം കുടിച്ചാൽ മതി...’’ രാധ പറഞ്ഞു. അവളുടെ ശബ്ദം വല്ലാതെ തളർന്നിരുന്നു… പ്രൊജക്ടർ സ്ലൈഡുകൾ തെളിഞ്ഞു. രാധ എഴുന്നേറ്റ് ഫയലുകൾ തുറക്കാൻ ശ്രമിച്ചപ്പോൾ വിരലുകൾ അല്പം വിറച്ചു. എല്ലാവരും പ്രസന്റേഷൻ ശ്രദ്ധിക്കുന്നു. ശബ്ദം ഇടറി, എന്നത്തേയും പോലെ ശരിയായില്ല. എന്തോ തകരാറാണ്, ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ല അവൾ മനസ്സിൽ പറഞ്ഞു. മീറ്റിംഗ് കഴിഞ്ഞ് ഉടനെ എല്ലാവരും ചോദിച്ചു,
''എന്താണ് മാഡത്തിന് പറ്റിയത്?''
''എന്ത് നല്ല പ്രസന്റേഷൻ ആയിരുന്നു, എന്നും കേട്ടിരിക്കാൻ എന്തൊരു രസമായിരുന്നു.''
“ഭർത്താവുമായി പിണങ്ങിയോ മാഡം?’’ ഷീബ ചോദിച്ചു
“എന്തെങ്കിലും ഫാമിലി പ്രശ്‌നം ഉണ്ടോ?’’
“എന്താണ് പറ്റിയത്?’’
“ഒന്ന് തലകറങ്ങുമ്പോഴേക്കും അത് ഫാമിലി പ്രശ്‌നമാകുമോ?’’
അമൽ പറഞ്ഞു… “രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കാണില്ല തിരക്കിനിടയിൽ’’
ഷീബയുടെ മുഖത്ത് ഒരു പുച്ഛഭാവം.... ഇതൊക്കെ പറയാൻ ഇവൻ ആരാണെന്ന ഭാവത്തിൽ.

കൂടുതലൊന്നും സംസാരിക്കാതെ രാധ വീട്ടിലേക്ക് പോയി. വീട്ടിൽ എത്തുമ്പോഴേക്കും അവൾ നന്നേ തളർന്നിരുന്നു. ഭർത്താവ് അനൂപ് ടെലിവിഷനിൽ വാർത്തകൾ നോക്കിയിരിക്കുന്നു.
മകൾ മേഘ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ്.
''അമ്മേ, ഇപ്പോഴും ജോലിയിലെ ടെൻഷൻ ആണോ?'' മകൾ ചോദിക്കുന്നത് കേട്ടെങ്കിലും രാധയ്ക്ക് ഒന്ന് ചിരിക്കാൻ പോലും സാധിച്ചില്ല.
ഹോർമോൺ മാറ്റങ്ങൾ കൊണ്ടുണ്ടാകുന്ന മാനസിക വിഷമങ്ങളും ഉറക്കക്കുറവും വീട്ടിലെ അന്തരീക്ഷവും എല്ലാം വല്ലാത്തൊരു മാനസിക സംഘർഷത്തിലേക്ക് വഴിതെളിച്ചു.
അനൂപിനോട് ചെറിയ കാര്യങ്ങൾക്കുപോലും രാധ ശബ്ദമുയർത്തി.
എന്തിന് ഞാൻ ഇങ്ങനെ പ്രതികരിച്ചു, എന്നുള്ള ചിന്ത പിന്നീട് അവളെ തളർത്തി. അവൾ മുറിയിൽ കയറി വാതിൽ അടച്ചു.
കിടക്കയിലിരുന്ന് കണ്ണുകൾ അടച്ചപ്പോൾ വർഷങ്ങൾക്കുശേഷം, ഒരിക്കൽ പോലും പൂർണ്ണമായും മനസ്സിലാകാതിരുന്ന അമ്മയുടെ ശബ്ദം അവളുടെ കാതുകളിൽ മുഴങ്ങി.
"രാധേ ഒരു നാൾ നിനക്ക് നിന്റെ ശരീരം ഭാരമായി തോന്നും’’
''അമ്മേ എന്താ അങ്ങനെ?'' അന്ന് ചിരിച്ചുകൊണ്ട് അവൾ ചോദിച്ചിരുന്നു…
അമ്മ പറഞ്ഞു,
“ആ സമയത്ത് ചിരിവരും ദേഷ്യം വരും കരച്ചിൽ വരും. ഒന്നിനും പ്രത്യേകിച്ച് കാരണം ഉണ്ടാവില്ല മോളേ.’’
“അമ്മയെന്താ ഇങ്ങനെ പറയുന്നത്? നമ്മൾ ശക്തരല്ലേ?’’ യുവതിയായിരുന്ന രാധയുടെ ചോദ്യത്തിന് അമ്മ ചിരിച്ചുകൊണ്ട് മറുപടിപറഞ്ഞു… “എല്ലായ്പ്പോഴും ഉറപ്പുണ്ടാകണം എന്നില്ല മോളെ ചില കാലങ്ങൾ നമ്മെ മൃദുവാക്കും.’’ ഇന്ന് അമ്മയുടെ വാക്കുകൾ നെഞ്ചിൽ കനലായി പതിയുന്നു… ഒരുപക്ഷേ, അന്ന് ഈ അവസ്ഥയിലൂടെ കടന്നുപോവുകയായിരുന്നിരിക്കാം അമ്മയും. അന്ന് അമ്മയെ ആശ്വസിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല…
അമ്മയുടെ ശബ്ദം വീണ്ടും, ''ഒരു ദിവസം നിനക്ക് നിന്റെ ഭർത്താവിന്റെ സ്‌നേഹവും മക്കളുടെ ചോദ്യങ്ങളും എല്ലാം ഭാരമായി തോന്നും. അന്ന് നീ നിന്നെ കുറ്റപ്പെടുത്തരുത്....''
“അമ്മേ ഞാൻ എന്നെത്തന്നെ വെറുത്തു പോയി’’ രാധയുടെ കണ്ണുനീർ തലയണയിൽ വീണു.
“അത് നിന്റെ തെറ്റല്ല മോളെ. ശരീരത്തിന് മാറ്റം വരുമ്പോൾ മനസ്സുമാറും… നമ്മളെ ആരും അതിനായി തയ്യാറാക്കുന്നില്ല.’’ അമ്മയുടെ ശബ്ദം കരുതലായി.…
“അമ്മ പറഞ്ഞത് അന്ന് എനിക്ക് മനസ്സിലായില്ല.
പക്ഷേ, അമ്മേ...’’ വിറയ്ക്കുന്ന ശബ്ദത്തിൽ രാധ പറഞ്ഞു.
“….മനസ്സിലാക്കേണ്ട സമയം വന്നാൽ കൂടെയുള്ളവർ അത് തിരിച്ചറിയേണ്ടതല്ലേ?’’
“മനസ്സിലാക്കേണ്ട സമയം വന്നാൽ നീ തനിയെ അത് അനുഭവിക്കും അപ്പോഴേക്കും.... ഞാൻ ഉണ്ടാവില്ലായിരിക്കാം… പക്ഷേ, എന്റെ വാക്കുകൾ നീ ഓർക്കും.’’
രാധ കണ്ണുകൾ അടച്ചു.
“നീ തളരരുത്! സഹായം ചോദിക്കുന്നത് ഒരു ദൗർബല്യമല്ല. നിന്റെ ശരീരം നിന്നോട് സംസാരിക്കുമ്പോൾ അതിനെ കേൾക്കണം...’’ അമ്മയുടെ അവസാന വാക്കുകൾ പോലെ രാധയ്ക്ക് തോന്നി.
രാധ ശ്വാസമെടുത്തു. “അമ്മേ, അമ്മ ഉണ്ടായിരുന്നെങ്കിൽ ഇത്ര ഒറ്റപ്പെട്ടവൾ ആയി എനിക്ക് തോന്നില്ലായിരുന്നു...’’ പക്ഷേ, അവൾക്ക് തോന്നി അമ്മ എങ്ങും പോയിട്ടില്ല എപ്പോഴും കൂടെയുണ്ടെന്ന്…
പിറ്റേദിവസം ഓഫീസിൽ, ഒരു പ്രോജക്ടിന്റെ ഡെഡ് ലൈൻ അടുത്തിരുന്നു. അതിന്റെ തിരക്കിലും ടെൻഷനിലും ആയിരുന്നു രാധ. രാധയുടെ കണ്ണുകൾ മുന്നിലും മനസ്സ് പിന്നിലും. പെട്ടെന്ന് അവളുടെ നെഞ്ച് പിടഞ്ഞു.
‘ഫയൽ?’
അവൾ ബാഗിനുള്ളിൽ വീണ്ടും വീണ്ടും നോക്കി. ഇല്ല!
അമൽ അല്പം ശബ്ദം താഴ്ത്തി ചോദിച്ചു… ''മാഡം ഫൈനൽ കൺസോൾട്ടേറ്റഡ് ഫയൽ?'' രാധ ഒരു നിമിഷം നിശബ്ദയായി. ലാപ്‌ടോപ്പിൽ ഉണ്ടാകും, വൺ സെക്കൻഡ്. പക്ഷേ, അവളുടെ ശബ്ദം ഇടറി. പിന്നിൽ ഇരിക്കുന്ന സജിൻ സഹപ്രവർത്തകനോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു… ‘’ഇന്നലെയും ഇങ്ങനെ തന്നെ ആയിരുന്നല്ലോ?
വീട്ടിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടാവും. അല്ലാതെ ഇങ്ങനെ മറക്കാൻ പറ്റുമോ?’’ ടീമിലെ പുതിയ ചെറുപ്പക്കാർക്കിടയിൽ 'പിഴവുകൾ' കണ്ടെത്താനുള്ള ശീലം, മറുപടി പറയുമ്പോഴുള്ള അധികാരവും, പ്രതികരണങ്ങളും ഒരു പുതിയ ചർച്ചയ്ക്ക് ഇടയാക്കി.
“മാഡം അധികാരം കാണിക്കുകയാണോ എന്നൊരു സംശയം ?’’
മിഥുൻ പറഞ്ഞു… “ഏയ്, ഇടയ്ക്ക് നന്നായി വിഷമിക്കുന്നത് കാണാം.’’
ഓരോരുത്തർക്കുമുണ്ട് അഭിപ്രായങ്ങൾ. എന്തൊക്കെ കേട്ടെങ്കിലും പ്രതികരിക്കാൻ അവൾക്ക് ധൈര്യം കിട്ടിയില്ല, ഇന്നും സമൂഹത്തിൽ 'ആർത്തവവിരാമത്തെ കുറിച്ചുള്ള അറിവില്ലായ്മ' തുടരുന്നതിനാൽ ലജ്ജ തോന്നി.
കുറെ നാളായി അനൂപിനും രാധയ്ക്കുമിടയിൽ സംസാരം വളരെ കുറവാണ്. സംസാരിച്ചാൽത്തന്നെ അത് എന്തെങ്കിലും വഴക്കിൽ ചെന്നവസാനിക്കും. കുളി കഴിഞ്ഞ്, സന്ധ്യാനാമവും ചൊല്ലി രാധ സോഫയിൽ ഇരിക്കുകയായിരുന്നു. അരികിൽ അനൂപ് വന്നിരുന്നു.
നിനക്ക് ഇന്നും എന്തെങ്കിലും പ്രശ്‌നമുണ്ടായോ?
“ഏയ് ഒന്നുമില്ല’’… രാധ ചുണ്ടു കടിച്ചു. ‘’എനിക്കൊന്ന് ഒറ്റയ്ക്ക് ഇരിക്കണം.’’
“ഞാൻ അടുത്തിരുന്നാൽ നിനക്കെന്താ പ്രശ്‌നം?’’
“ഇരിക്കുന്നത് മാത്രമല്ലല്ലോ?’’
“പിന്നെ ?’’
“എന്തിനാണ് എന്നെ ഇങ്ങനെ എല്ലാവരും ചോദ്യം ചെയ്യുന്നത് അനൂപ് ?’’
“എല്ലാവരുമോ… ഞാനെന്തു ചോദിച്ചു ? ഒരു കാര്യവും ചോദിച്ചു കൂടെ?’’
'രാധയുടെ ശബ്ദം അല്പം കഠിനമായി. ‘'എനിക്കിപ്പോൾ ഒന്നും കേൾക്കണ്ട. ദയവായി എന്നെ ഒന്ന് വെറുതെ വിട്ടേക്കൂ. പ്ലീസ് അനൂപ്.'’
“നീ ഒന്നും കഴിച്ചില്ലല്ലോ?’’
“എനിക്ക് വിശപ്പില്ല.’’
“അങ്ങനെ പറഞ്ഞാൽ ശരിയാവില്ല.’’
''എന്തെങ്കിലും കഴിച്ചേ പറ്റൂ’’ മകൾ അടുത്ത് വന്നു പറഞ്ഞു. “ഡോക്ടർ പറഞ്ഞതല്ലേ? കൃത്യസമയത്ത് ഭക്ഷണം കഴിക്കണമെന്ന്.’’
''ഓ...നീ മെഡിസിന് പഠിക്കുന്നുണ്ടെന്നുവെച്ച് എല്ലായ്പ്പോഴും എന്നെ രോഗിയാക്കേണ്ട.’’
മേഘ ഒന്നും മിണ്ടാതെ അവിടെനിന്നും പോയി.…
അനൂപ് ചോദിച്ചു: 'നീ മോളോട് ഇങ്ങനെ സംസാരിക്കേണ്ട കാര്യമുണ്ടോ? അവൾ നിന്നെ സഹായിക്കാൻ അല്ലേ ശ്രമിച്ചത്?’’
“സഹായമോ ?’’ രാധയുടെ ശബ്ദം കഠിനമായി.
“എന്തോ തെറ്റു ചെയ്തപോലെ എന്നെ എപ്പോഴും നോക്കുന്നതും സംസാരിക്കുന്നതും ആണോ നിങ്ങളുടെ സഹായം? മതിയായി അനൂപ് എനിക്കൊന്നും കേൾക്കണ്ട.’’ പിന്നെ സംസാരം ഉണ്ടായില്ല ആകെ ഒരു നിശബ്ദത.
ഓഫീസിൽ, ഒരു മാസം മുമ്പ് ബയോമെട്രിക് അറ്റൻഡൻസ് സിസ്റ്റം പുതുക്കിയിരുന്നു. രാധയുടെ വിരലടയാളം മിക്ക ദിവസവും സ്‌കാൻ ആകാറില്ല.
''മാഡം വിരൽ ക്ഷീണിച്ചു പോയോ?'' സെക്യൂരിറ്റി ഗാർഡ് ചോദിച്ചു...
“ഏയ് എന്താണെന്ന് അറിയില്ല ?’’ അങ്ങനെ പറഞ്ഞെങ്കിലും മനസ്സിൽ ചെറിയൊരു പേടി. ‘ഇതും മാറ്റത്തിന്റെ ഭാഗമാണോ? ശരീരത്തിലെ വരൾച്ച, മുഖത്തെ കറുപ്പ്, തൊലിപ്പുറത്തെ ചൊറിച്ചിൽ, ഉള്ളിലെ ചൂട്, മറവി… എല്ലാംപോലെ ഒരു ലക്ഷണം. ശരീരം മുഴുവനും മാറ്റത്തിന്റെ യാത്രയിലാണ്.
അന്ന് രാത്രി അനൂപ് അവളുടെ അടുത്ത് വന്നു. '’എനിക്ക് സംസാരിക്കണം.'’ രാധ പറഞ്ഞു.
“രാധേ എന്തിനാണ് എന്നോട് സംസാരിക്കാൻ ഇങ്ങനെ ഒരു അനുവാദം?''
“അനൂപ് നീ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലല്ലോ’’
“കുറച്ചുനാളായി അന്യരെപ്പോലെയല്ലേ എന്നെയും മോളെയും നീ കാണുന്നത്?’’
“നീ എന്താണ് ഉദ്ദേശിക്കുന്നത് ?’’
“ഇങ്ങനെ പോയാൽ എന്നന്നേക്കുമായി നമുക്ക് നമ്മെ നഷ്ടപ്പെടും.’’
“അനൂപ്.... ഞാൻ പറഞ്ഞല്ലോ ഇത്തരത്തിലുള്ള ഒന്നും... എന്റെ ശരീരത്തിന് പറ്റുന്നില്ല എന്ന്.’’
“എന്താണ് നിന്റെ പ്രശ്‌നം?’’ അനൂപ് വേദന കലർന്ന ദേഷ്യത്തോടെ ചോദിച്ചു. “നീ എന്നെ ഒഴിവാക്കുകയാണോ? അതോ നിനക്ക് മറ്റാരോടെങ്കിലും താല്പര്യം വന്നതാണോ?’’
അവളുടെ എല്ലാ നിയന്ത്രണങ്ങളും പൊട്ടിയൊഴുകി. എനിക്കുതന്നെ എന്റെ ശരീരത്തെ അറിയാൻ പറ്റുന്നില്ല. അനൂപ് എന്നെ ഒന്നു മനസ്സിലാക്കാമോ. ഞാൻ നിങ്ങളെ ഒഴിവാക്കുന്നതല്ല. എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുകയാണ്.’’ അവളുടെ ശബ്ദം വല്ലാണ്ട് ഇടറിയിരുന്നു. അനൂപ് അവളുടെ കൈ പിടിച്ചു... ‘’പ്ലീസ് എന്നെ തൊടരുത്,എനിക്ക് ഒറ്റയ്ക്ക് ഇരിക്കണം.’’
“രാധേ.. ഇതെന്റെ ഈഗോ അല്ല. നിന്റെ ആരോഗ്യത്തിന്റെ കാര്യമാണ്. നമുക്ക് ഒരുമിച്ച് ഒരു ഡോക്ടറെ കാണാം. നീ ഒറ്റയ്ക്കല്ല. ഞാനുണ്ട് എന്നും എപ്പോഴും.’’
പക്ഷേ ഇതൊന്നും കേൾക്കാൻ രാധ അവിടെ ഉണ്ടായിരുന്നില്ല, അവൾ എഴുന്നേറ്റ് പോയിരുന്നു. അനൂപ് തീർത്തും നിരാശനായി.
“അച്ഛാ അമ്മയ്ക്ക് ഓഫീസിൽ എന്തെങ്കിലും പ്രശ്‌നമുണ്ടാകും. അതുപോലെ ടെൻഷൻ ഉള്ള ജോലിയല്ലേ?’’
“നീ എന്താണ് മോളെ പറയുന്നത് ?ഇത് ഇന്ന് തുടങ്ങിയ ജോലിയല്ല... ഇരുപത് വർഷമായില്ലേ, ഇപ്പോഴാണോ ഇങ്ങനെ പ്രശ്‌നം? ഇത് അതൊന്നുമല്ല.’’ അച്ഛനോട് എന്തു മറുപടി പറയും എന്ന് അവൾക്കറിയില്ലായിരുന്നു…
പിറ്റേന്ന് രാവിലെ…
“രാധേ,ഞാൻ ഇന്നലെ പറഞ്ഞതൊന്നും നീ കേട്ടില്ല. നമുക്ക് ഒരു ഡോക്ടറെ കാണാൻ പോയാലോ?’’
“ഇന്ന് എനിക്ക് ഓഫീസിൽ ഒരുപാട് തിരക്കുള്ള ദിവസമാണ്. ഞാൻ ഇറങ്ങുന്നു. ചായ മേശപ്പുറത്ത് വെച്ചിട്ടുണ്ട്.’’ ഓഫീസിൽ എത്തിയ ഉടനെ അമൽ ചോദിച്ചു, ‘’ഇന്നത്തെ എല്ലാ ഫയലുകളും ചെക്ക് ചെയ്‌തോ മാഡം?’’
“യെസ് അമൽ നോക്കിയിരുന്നു.’’
“ഓക്കേ, ഇനിയുള്ള കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം. എന്തെങ്കിലും സംശയം വന്നാൽ ചോദിക്കാം… കുറച്ച് റസ്റ്റ് എടുത്തോളൂ.’’
അവൾ നന്ദിയോടെ അമലിനെനോക്കി... “അമൽ നിന്റെ സഹായം കൊണ്ടു മാത്രമാണ്, അല്ലെങ്കിൽ എനിക്ക് ഈ ജോലി എന്നേ വിടേണ്ടി വരുമായിരുന്നു.'' അമൽ ചിരിച്ചു ‘’മാഡം, ഇതൊരു ടീമാണ്.’’
നിങ്ങൾ തന്നെയാണ് ഇതൊക്കെ ഞങ്ങളെ പഠിപ്പിച്ചത്. അപ്പോൾ അവരുടെ ഫോണിൽ ഒരു മെസ്സേജ് വന്ന ശബ്ദം. രാധ മൊബൈലിലേക്ക് നോക്കി ഒരു 'ലൗ' ചിഹ്നം മാത്രം! അനൂപ് ആയിരുന്നു അത്. ഓഫീസിൽ നിന്നും തിരിച്ചു ഡ്രൈവ് ചെയ്യുമ്പോൾ അവൾ ഓർത്തു. അനൂപ് എന്റെ പ്രശ്‌നങ്ങൾ മനസ്സിലാക്കി തുടങ്ങിയെന്ന്. രാധ വരുമ്പോഴേക്കും അനൂപ് വീട്ടിൽ തന്നെയുണ്ട്.
“നിങ്ങൾ ഓഫീസിൽ പോയില്ലേ?’’
“പോയിരുന്നു. പക്ഷേ, നേരത്തെ വന്നു. ഞാൻ ചായ ഉണ്ടാക്കി നമുക്ക് കുടിച്ചാലോ!’’
ചായ കുടിച്ചുകൊണ്ട് അനൂപ് പറഞ്ഞു: “എനിക്ക് നിന്നെ നഷ്ടപ്പെടുമോ എന്നുപോലും തോന്നിപ്പോയി. നീ എന്നും എന്റെ കൂടെ ഉണ്ടാവണം. അതാണ് എന്റെ ശക്തി.’’
“ഈ വാക്കുകൾ എനിക്ക് എത്ര ആശ്വാസമാണെന്ന് അറിയാമോ അനൂപ്.’’
“നിന്റെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ ഞാൻ കുറച്ചു വൈകിപ്പോയി...’’
“ഇപ്പോ നിങ്ങൾക്ക് എങ്ങനെ മനസ്സിലായി ?’’
“അതൊക്കെ പിന്നെ പറയാം...’’
“നമുക്ക് ഇന്ന് പുറത്തുപോയി ഭക്ഷണം കഴിച്ച് , ഒരു സിനിമയും കണ്ടു വരാം. അപ്പോൾ ഒന്നുകൂടി ഓക്കേ ആകും.’’
“ഏയ്, ഞാനില്ല അനൂപ്.’’
“അങ്ങനെ പറയരുത് . മോള് റെഡിയായി നിന്നെ കാത്തിരിക്കുന്നു.’’
“നല്ല ക്ഷീണം, നാളെ പോയാൽ പോരെ അനൂപ്?’’
“ഓക്കേ, മോളുടെ അടുത്ത് ഞാൻ പറഞ്ഞോളാം.’’ മനസ്സിൽ ഇത്തിരി ആശ്വാസം. ഓഫീസിൽ ഒരു വൈകുന്നേരം. വനിതകൾക്കായി 'ജീവിത വഴിയിലെ ശാരീരിക മാനസിക പ്രശ്‌നങ്ങൾ' എന്നൊരു ക്ലാസ് സംഘടിപ്പിക്കുമ്പോൾ അമൽ പറഞ്ഞു. '' ഈ വിഷയം എടുക്കാൻ ഏറ്റവും അനുയോജ്യ രാധാ മാഡം തന്നെ.'' രാധ ഞെട്ടി. ‘’എന്തുകൊണ്ട് ഞാൻ?’’
''നിങ്ങൾ നേരിട്ട് അനുഭവിച്ചു, വേദനിച്ചു. ബാക്കിയുള്ളവർക്ക് കരുത്തായി മാറി. നിങ്ങളെക്കാൾ പറ്റിയ വേറെ ആരാണ് ?''
“ശരി എന്നാൽ ഞാൻ സംസാരിക്കാം.’’
ഓഫീസിലെ കോൺഫറൻസ് ഹാളിൽ പതിവിലധികം സ്ത്രീകൾ ഉണ്ടായിരുന്നു. 'ആർത്തവവിരാമ കാലത്തെ ശാരീരിക മാനസിക പ്രശ്‌നങ്ങൾ' എന്ന തലക്കെട്ട് സ്‌ക്രീനിൽ തെളിഞ്ഞു.
രാധ മുന്നിൽ നിന്നു. പക്ഷേ, സംസാരിക്കാൻ തുടങ്ങുന്നതിനു മുമ്പ് അവൾ പറഞ്ഞു. ‘ഒരു മിനിറ്റ്.’ അവൾ ടേബിളിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം എടുത്തു. വെള്ളം നിറച്ച ഗ്ലാസ് പിടിച്ച് തിരിഞ്ഞു നിന്നു.
അവൾ പറഞ്ഞു:
“നമ്മളെല്ലാവരും ഉള്ളിൽ സൂക്ഷിക്കുന്ന കാര്യങ്ങളാണ്.’’
അവൾ ഗ്ലാസ് അല്പം കുലുക്കി. “ഇക്കാലത്ത് നമ്മുടെ ശരീരം നിറഞ്ഞു കവിഞ്ഞിരിക്കും. ചൂട്, മറവി, ദേഷ്യം, കരച്ചിൽ, എല്ലാം...’’
റൂമിൽ നിശബ്ദത, ''മാഡം, ഇത്രയും മൂഡ് സ്വിംഗ്‌സ് നോർമലാണോ?''
രാധ ചിരിച്ചു.. ‘’നോർമലാണ്, പക്ഷേ, നമ്മൾ അതിനെ അസാധാരണമാക്കി മാറ്റുകയാണ്...’’
മറ്റൊരു ചോദ്യം: ''ഓഫീസിൽ പെർഫോമൻസ് കുറയുമോ ?''
“അതിന് സാധ്യതയുണ്ട്’’ ... രാധ തുറന്നു പറഞ്ഞു
“എനിക്കും അങ്ങനെ സംഭവിച്ചു. പക്ഷേ, പെർഫോമൻസ് എന്നത് എപ്പോഴും ഒരേ വേഗത്തിൽ ഓടുന്നതല്ല. ചിലപ്പോൾ നിൽക്കാനും പഠിക്കണം.’’
ഒരു സഹപ്രവർത്തക ചോദിച്ചു: “വീട്ടിൽ എല്ലാവർക്കും മനസ്സിലാകുമോ?’’ രാധയുടെ മുഖം ഒന്നു മങ്ങി.
“അവിടെയാണ് നമ്മൾ സംസാരിക്കാൻ തുടങ്ങേണ്ടത്. നിശബ്ദത ഒരാളെ മാത്രമേ തകർക്കു. അവർ ഗ്ലാസ് താഴെ വെച്ചു. ആർത്തവവിരാമം ഒരു രോഗമല്ല ഇതൊരു മാറ്റമാണ്. മാറ്റം ഭയപ്പെടുത്തും. പക്ഷേ, അതിൽ നിന്ന് ഓടിയാൽ നമുക്ക് നമ്മെത്തന്നെ നഷ്ടപ്പെടും.’’ അപ്പോൾ അവരുടെ മൊബൈൽ പതുക്കെ വിറച്ചു.
അവൾ സ്‌ക്രീനിലേക്ക് നോക്കി.'അനൂപ് ഒരു ‘ലൗ’ ചിഹ്നം അയച്ചിരിക്കുന്നു. വാക്കുകൾ ഒന്നുമില്ല, ചോദ്യങ്ങളില്ല, ഉപദേശങ്ങളില്ല. ഒരു നിമിഷം അവൾ അതിലേക്ക് നോക്കി നിന്നു. ' ഇതൊരു ഭാഷയാണ് പ്രണയത്തിന്റെ, വിശദീകരണം വേണ്ട, കൃത്യസമയത്ത് കിട്ടിയ ഏറ്റവും നല്ല മറുപടി.’ അവൾ ഓർത്തു ‘എന്നെ തിരുത്തണമെന്ന് ആരും പറഞ്ഞില്ല, എന്നെ മനസ്സിലാക്കണം എന്നതായിരുന്നു ആവശ്യം. ഇതൊരു 'ലൗ' സിംബൽ അല്ല ഇത് വിശ്വാസമാണ്. നീ ഇപ്പോൾ എങ്ങനെയാണോ, അതുപോലെ തന്നെ ഞാൻ നിന്നെ മനസ്സിലാക്കുന്നു എന്ന ഉറപ്പ്.’ കണ്ണുകൾ നിറഞ്ഞു. പക്ഷേ, അവൾ കണ്ണീർ തുടച്ചില്ല. മൊബൈൽ മേശപ്പുറത്ത് വെച്ച് മുഖമുയർത്തി സഹപ്രവർത്തകരെ നോക്കി രാധ തുടർന്നു,
“ഒറ്റയ്ക്കല്ലെന്ന് തോന്നുന്നുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ കരുത്ത്.’’ അവരുടെ ശബ്ദം വിറച്ചില്ല, ഉറച്ചതായിരുന്നു. ഒരു നിമിഷം അവൾ മനസ്സിലാക്കി, 'സ്‌നേഹം എല്ലായ്പ്പോഴും ശബ്ദമാകണമെന്നില്ല ഒരു ചിഹ്നം മതി.' കോൺഫറൻസ് ഹാളിൽ കയ്യടി. സംസാരം അവസാനിച്ചെങ്കിലും അവിടെയുള്ളവരുടെ കണ്ണുകളിൽ നിന്നും വാക്കുകൾ മാഞ്ഞിട്ടില്ലായിരുന്നു.
“ചേച്ചീ’’ പിന്നിൽ നിന്നും ഒരു ശബ്ദം, അമൽ. ആ വിളിയിൽ മാഡം എന്ന ഔപചാരികത ഒന്നുമില്ല,അവിടെ ഒരു സഹോദര ബന്ധത്തിന്റെ ചൂടുണ്ടായിരുന്നു... രാധ ഒന്ന് ചിരിച്ചു.
“ചേച്ചിയോ?'' അവൾ അല്പം കുസൃതിയോടെ ചോദിച്ചു, ‘’ഞാൻ നിന്റെ മാഡം അല്ലേ?’’ അമൽ ചിരിച്ചു. ‘’മാഡം അല്ല, ഇന്ന് നമ്മളിൽ ഒരാളാണ്.’’ അവളുടെ കണ്ണുകൾ നിറഞ്ഞു. ‘’അങ്ങനെയെങ്കിൽ ഈ ചേച്ചി വിളി ഞാൻ സന്തോഷത്തോടെ സ്വീകരിക്കുന്നു.’’ അവൾ പറയുമ്പോൾ അവരുടെ മൊബൈലിൽ വീണ്ടും അതേ ലൗ ചിഹ്നം. അവൾ ഫോൺ അടച്ചു. ഇന്ന് ഞാൻ ഒരു ക്ലാസ്സ് എടുത്തതല്ല. എന്റെ ജീവിതം പറഞ്ഞു അത്രയേ ഉള്ളൂ. ‘’അതുകൊണ്ടാണ് ഇത് എല്ലാവരിലേക്കും എത്തിയത് ചേച്ചീ.’’
അവൾ എല്ലാവരെയും നോക്കി. രാധ വീണ്ടും പറഞ്ഞു: “ആർത്തവവിരാമം ഒരു അവസാനം അല്ല. അത് നാം സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണ്. ഇനി നീ നിന്നെ എങ്ങനെ സ്‌നേഹിക്കും? എന്ന ചോദ്യം?’’ ഒരു നിമിഷം നിശബ്ദത. ‘’നമ്മൾ രണ്ടു വഴികൾക്കിടയിൽ ആണ് നിൽക്കുന്നത്’’ അവൾ തുടർന്നു.
ഒന്നുകിൽ ‘’മാറ്റങ്ങളിൽ നിന്ന് വിരമിക്കുക. അല്ലെങ്കിൽ അവയെ നിഷേധിച്ച് ഉള്ളിൽ മരിക്കുക..''
അവൾ ശ്വാസം എടുത്തു പക്ഷേ മൂന്നാമതൊരു വഴിയുണ്ട്, “ക്ഷമിക്കുക. സ്വയം ക്ഷമിക്കുക അപ്പോൾ മാത്രമേ സ്‌നേഹിക്കാൻ പറ്റൂ.’’ കയ്യടി വീണ്ടും ഉയർന്നു. പക്ഷേ, അത് അഭിനന്ദനം മാത്രമായിരുന്നില്ല ഒരു സമ്മതമായിരുന്നു.
രാധ തുടർന്നു, ''ഇത് ഒരു തുടക്കമാണ് ഒന്നിന്റെയും ഒടുക്കമല്ല.''
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Radha`s powerful story of navigating menopause. Find strength, self-acceptance, and embrace change. Click to be inspired!
Published: 10 Feb 2026, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented