ഓർമ്മക്കുറിപ്പുകൾ പലപ്പോഴും മറ്റൊരു ജീവിതത്തിലേക്കുളള ടിക്കറ്റെടുക്കാത്ത യാത്രയാണ്. ആ യാത്രക്കിടയിൽ പരിചിതമായ അനുഭവങ്ങൾ പഴയ ഓർമ്മകളെയുണർത്തും, ഉള്ളിലെ മനുഷ്യനെ വീണ്ടും സജീവമാക്കും. കൂടുതൽ ആഴത്തിൽ ജീവിക്കാൻ പ്രേരിപ്പിക്കും. പോൾ കലാനിധിയുടെ ആത്മകഥ 'When Breath Becomes Air' മായാ ഏഞ്ചലോയുടെ 'I Know Why the Caged Bird Sings' എന്നിവയിലൂടെ അറിഞ്ഞ, ജീവിതകഥകൾ ഒന്നുമായിരുന്നില്ലെന്നും അതിനുമപ്പുറം ജീവിതമെന്ന സത്യത്തിന് മൂല്യമുണ്ടായിരുന്നു എന്നുമുള്ള ഓർമ്മപ്പെടുത്തലാണ്. അത്തരത്തിൽ ഹൃദയസ്പർശിയായ നിരവധി അനുഭവങ്ങൾ നിറഞ്ഞ, പതറിപ്പോകുന്ന ജീവിതസന്ദർഭങ്ങളിൽ മനസ്സിൽ പ്രകാശം നിറയ്ക്കാൻ പ്രാപ്തമായ പുസ്തകമാണ് ബാബു എബ്രഹാമിൻ്റെ 'കമ്പിളികണ്ടത്തെ കൽഭരണികൾ'.

തൻ്റെ പൂർവ്വികരുടെ ജീവിതകഥയോടെ ആരംഭിക്കുന്ന ഈ അനുഭവക്കുറിപ്പ് ലളിതമായ ഭാഷയിലും ശൈലിയിലുമാണ് എഴുതിയിരിക്കുന്നത്. മദ്യപാനിയായ അപ്പൻ സഹകരണ ബാങ്കിൽ കുറേ കാശടയ്ക്കാനുള്ളതുകൊണ്ട് മലബാറിൽ പോയി കാശുണ്ടാക്കി വരാമെന്ന് പറഞ്ഞ് പോയപ്പോൾ പ്രമാണിമാരായ ബന്ധുക്കൾ ഉണ്ടായിരുന്നിട്ടും ആരും സഹായത്തിനില്ലാത്തതിനാൽ പറക്കമുറ്റാത്ത നാലുമക്കളേയും കൂട്ടി കല്ലാർകുട്ടി ഡാമിൽ നിന്ന് ചാടി മരിക്കാൻ നന്ദികുന്നേൽ മേരി എന്ന അമ്മ തീരുമാനിക്കുന്നു. എന്നാൽ അവരുടെ താമസസ്ഥലം വിട്ട് അറിയാത്ത സ്ഥലത്തേക്ക് പോയി ഭിക്ഷ തെണ്ടി ജീവിക്കാമെന്നുള്ള മകളുടെ വാക്കുകളിൽ വിശ്വാസമർപ്പിച്ച് നിറമറ്റു പോയ ജീവിതത്തെ തോൽപ്പിക്കാൻ ആ അമ്മ തീരുമാനിക്കുന്നയിടത്തു നിന്നാണ് സഹന സമരത്തിൻ്റെ ആദ്യ ഘട്ടം ആരംഭിക്കുന്നത്.

"അടിച്ചു താഴ്ത്തുവാൻ വെമ്പൽ കൊണ്ട ഒരു ലോകത്തിനു മേലേയുള്ള താണ്ഡവമായിരുന്നു "എന്നാണ് അമ്മയുടെ ആ തീരുമാനത്തെ കുറിച്ച് എഴുത്തുകാരൻ വിവരിക്കുന്നത്. ഒരു സ്ത്രീ ഒറ്റയ്ക്ക് നാലുമക്കളെ വളർത്തുന്ന രീതി പ്രമാണിമാരായ കുടുംബക്കാർക്ക് ഉൾക്കൊള്ളാനാകുന്നില്ല. വികാരിയച്ചനുമായി ചേർന്ന് അവരെടുത്ത തീരുമാനത്തെ തുടർന്ന് മക്കളെ അച്ഛൻ്റെ കുടുംബവീട്ടിൽ ഏൽപ്പിച്ച് അമ്മ തൻ്റെ വീട്ടിലേക്ക് തിരിച്ചു പോകാൻ നിർദ്ദേശിക്കുന്നു.

എന്നാൽ അമ്മ ആ തീരുമാനത്തെ ശക്തമായി എതിർക്കുകയും ഭീഷണിപ്പെടുത്താൻ ശ്രമിച്ചവർക്കു നേരേ അരിവാൾ കാട്ടി ഭയപ്പെടുത്തുകയും ചെയ്യുന്നു. ഇതിനിടയിൽ അപ്പൻ വായ്പയായി എടുത്ത തുക തിരിച്ചടയ്ക്കാത്തതിൻ്റെ പേരിൽ ജപ്തി നടപടികൾ ആരംഭിച്ചിരുന്നു. ജപ്തിയിൽ നിന്ന് ഒഴിവാക്കാനായി പലിശ അടച്ച് വായ്പ പുതുക്കാനുള്ള തുക സ്വരൂപിക്കണമെങ്കിൽ കൂലിപ്പണി ചെയ്തുണ്ടാക്കുന്ന പണം കൂട്ടിവയ്ക്കണം. അങ്ങനെയവർ തൃശ്ശൂരിലെ കാളത്തോട്ടിലെ അനാഥശാലയിൽ മക്കളെ ഏൽപ്പിക്കുന്നു.

"അനാഥശാലയിലാക്കി അമ്മ നടന്നു നീങ്ങിയപ്പോൾ എന്നിലെ കുട്ടിയും കുട്ടിത്തവും മരിച്ചു തുടങ്ങുകയായിരുന്നു "എന്ന് എഴുത്തുകാരൻ പറയുമ്പോൾ ആ അനുഭവം എത്ര തീവ്രമായിരുന്നു എന്ന് വ്യക്തമാവും. അനാഥാലയത്തിലെ ശോചനീയമായ അവസ്ഥയെക്കുറിച്ച് വിവരിക്കുന്നതിങ്ങനെയാണ് "പതിനഞ്ചോളം പശുക്കൾക്കും അവരുടെ കിടാങ്ങൾക്കും ഞങ്ങൾ അന്തേവാസികൾക്ക് ലഭിക്കുന്നതിലും നല്ല ഭക്ഷണവും സൗകര്യവും ലഭിച്ചിരുന്നു. ആ എട്ടു വയസ്സുകാരന് ആ പശുക്കളോട് അസൂയ തോന്നിയിരുന്നു ", "കക്കൂസ് ടാങ്ക് വൃത്തിയാക്കി മലമെല്ലാം വയലിലും തൊടിയിലും എത്തിക്കുന്ന ദിവസം വൈകുന്നേരത്തെ ഭക്ഷണം കുശാലായിരുന്നു. വെളുത്ത പുഴു പൊങ്ങിക്കിടക്കുന്ന ഗോതമ്പ് കഞ്ഞിയായിരുന്നില്ല കുടിക്കുന്നത്" എന്നെല്ലാം വായിക്കുമ്പോൾ ഏതൊരു വായനക്കാരൻ്റെയും കണ്ണുകൾ ഈറനണിയും.

തൻ്റെ ജീവിതത്തിലെ അനുഭവങ്ങൾ വിവരിക്കുന്നതോടൊപ്പം സമൂഹത്തിൽ വരേണ്യ വർഗ്ഗം അധ:സ്ഥിതരോട് കാണിച്ചിരുന്ന അവഗണന, അവഹേളനം ഇതെല്ലാം തുറന്നു കാട്ടുന്നുണ്ട്. അനാഥശാലയുടെ പുറകിലെ പറമ്പിനോട് ചേർന്ന് താമസിച്ചിരുന്ന സുകു എന്ന വ്യക്തിയുടെ പുല്ലുമേഞ്ഞ പുരയോട് ചേർന്നാണ് കുട്ടികൾക്കുള്ള കക്കൂസ്. സെപ്റ്റിക് ടാങ്ക് തൻ്റെ വീടിനോട് ചേർന്നിരിക്കുന്നതിൻ്റെ ബുദ്ധിമുട്ടിനെക്കുറിച്ച് അയാൾ പല തവണ അനാഥശാലയുടെ നടത്തിപ്പുകാരിയായിരുന്ന സ്ത്രീയോട് പറഞ്ഞിട്ടും അവരത് കാര്യമാക്കിയിരുന്നില്ല. മാത്രമല്ല ഒരു കാലത്ത് അയാളുടെ അച്ഛനമ്മമാർ അവരുടെ കുടുംബക്കാരുടെ അടിയാളൻമാരായി ജീവിച്ചിരുന്നതിൻ്റെ ചരിത്രം വർണ്ണിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും അയാളുടെ മുഖത്തേക്ക് കാറിത്തുപ്പുകയും പോലീസിനെക്കൊണ്ട് പിടിപ്പിച്ച് നിശ്ശബ്ദനാക്കുകയും ചെയ്യുന്നു.

ഇതിനിടയിൽ മക്കളെ കാണാൻ അനാഥാലയത്തിലെത്തിയ അമ്മ അവരുടെ കഷ്ടാവസ്ഥ മനസ്സിലാക്കി അവരെ വീട്ടിലേക്ക് കൊണ്ടു പോവുന്നു. എന്നാൽ വീട്ടിലെത്തുമ്പോൾ പഴയ വീടിൻ്റെ ഭിത്തി കാറ്റിലും മഴയിലും ഇടിഞ്ഞ് എഴുത്തുകാരൻ്റെയും അദ്ദേഹത്തിൻ്റെ സഹോദരിയുടെയും പുറത്ത് വീഴുന്നു. ആ സമയത്ത് കുഞ്ഞാഗസ്തി എന്ന മനുഷ്യൻ വൈകുന്നേരങ്ങളിൽ വീട്ടിൽ ഉറങ്ങാൻ അനുവദിച്ചതുo ഊണു കഴിക്കാതെ വിശന്നിരിക്കുന്നത് കണ്ട് സുബൈദ എന്ന മുസ്ലീം പെൺകുട്ടി ചോറ് നൽകിയതും എല്ലാം ആർദ്രതയോടെ അവതരിപ്പിക്കുന്നു.

തുടർന്നുള്ള അധ്യായങ്ങളിലെല്ലാം തൻ്റെ ജീവിതത്തിൻ്റെ ഓരോ ഘട്ടങ്ങളിലും തണലായി മാറിയ വ്യക്തികൾക്കെല്ലാം അമ്മയുടെ പേരിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ കുന്നോളം നന്ദി മകൻ പറയുന്നത് ഏറെ ശ്രദ്ധേയമാണ്. തൻ്റെ വിശപ്പിനെക്കുറിച്ച്, അതടക്കാൻ അമ്മ അനുഭവിച്ച പെടാപ്പാടുകളെക്കുറിച്ച് അച്ഛനുണ്ടായിരുന്നിട്ടും 'തന്തയില്ലാത്തവൻ' എന്ന വിളിപ്പേര് ഒരു കൗമാരക്കാരനിൽ നൽകിയ മുറിവുകളെക്കുറിച്ച്, ഇടവകപ്പള്ളിയിൽ വികാരിയായി വന്ന ജോസച്ചൻ്റെ സഹാനുഭൂതിയേയും സ്നേഹത്തേയും കുറിച്ച് ഒക്കെയും ഓർക്കുന്നു. വിശുദ്ധ ഇടങ്ങളിലെ അശുദ്ധിയെക്കുറിച്ചുള്ള നിരവധി സന്ദർഭങ്ങൾ ഇദ്ദേഹം വെളിപ്പെടുത്തുന്നു .

സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങൾ കേരളത്തിൽ ശക്തമാകുന്നതിന് മുന്നേ തന്നെ സ്ത്രീ ശാക്തീകരണത്തിൻ്റെ ഉത്തമ മാതൃകയായിരുന്നു നന്ദികുന്നേൽ മേരി. ലിംഗപരമായ അടിമത്തത്തിന് വിധേയയായി നിൽക്കാൻ അവർ ശ്രമിച്ചില്ല. തളർത്താൻ ശ്രമിച്ചിടത്തെല്ലാം കരുത്തോടെ പോരാടി. വിവേചനങ്ങളെയും അതിക്രമങ്ങളെയും ചെറുത്ത് നിൽക്കാനും, മതനിരപേക്ഷതയോടെ ചിന്തിക്കാനും ഉള്ള അവബോധം അവർക്കുണ്ടായിരുന്നു അതിനുളള നിരവധി തെളിവുകൾ എഴുത്തുകാരൻ നിരത്തുന്നുണ്ട് പണികൾക്ക് കൂലിക്കാരിയായി പോയിരുന്ന അമ്മ സ്വന്തമായി പണിയെടുത്ത് പത്തോളം പണിക്കാരുള്ള നിലയിലേക്കുയർന്നിരുന്നു.

രക്തബന്ധം ഇല്ലാതിരുന്നിട്ടും സ്നേഹത്തോടെ പെരുമാറിയിരുന്ന കുഞ്ഞമ്മായി അവരുടെ വീട്ടിൽനിന്ന സമയത്ത് എഴുത്തുകാരനാകാൻ വേണ്ടി അമ്മാവൻ്റെയും അമ്മായിയുടെയും പൈസ കവർന്ന് നടത്തിയ ഒളിച്ചോട്ടം, പിന്നെ ഹോട്ടലിൽ പാത്രം കഴുകൽകാരനായി മാറിയത്. അത്തരം അനുഭവങ്ങളെല്ലാം ഈ പുസ്തകത്തിലെ മുഖ്യ പ്രമേയമായി വരുന്നുണ്ട്. അന്ന് ആഗ്രഹിച്ചതുപോലെ എഴുത്തുകാരനാകാൻ കഴിഞ്ഞില്ലെങ്കിലും ആ എഴുത്തുകാരൻ്റെ പുസ്തകം നിരവധി പതിപ്പുകളിലേക്കെത്തിയത് കാലം കാത്തുവച്ച ബഹുമതിയാകാം.
എസ്.എസ്.എൽ.സി പരീക്ഷയിൽ സെക്കൻഡ് ക്ലാസ് കിട്ടിയതിന് ബന്ധുക്കളും അധ്യാപകരുമെല്ലാം കുറ്റപ്പെടുത്തിയപ്പോൾ "പള്ളിക്കൂടത്തിൽ നല്ല മാർക്ക് കിട്ടിയത് കൊണ്ടായില്ല ജീവിതത്തിൽ ഫസ്റ്റ് ക്ലാസ് മേടിക്കുന്നതാ പ്രധാനം" എന്ന് പറഞ്ഞാണ് അമ്മ മകനെ ആശ്വസിപ്പിച്ചത്. ഇതിനിടയിൽ അച്ഛൻ തിരിച്ചുവരുകയും ചില ഉപാധികളോടെ അമ്മ അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്യുന്നു.

തുടർന്ന് ട്രിനിറ്റി ആശ്രമത്തിൽ വൈദികനാകാൻ പോയപ്പോൾ "അച്ചനാകുക എന്നത് ഒരു വലിയ കാര്യമല്ല നല്ല മനുഷ്യനാകുക എന്നതാണ് ജീവിതത്തിൽ പ്രധാനം" എന്ന് പറഞ്ഞ് കുടുംബത്തിലേക്ക് തിരിച്ചയച്ച ജോസച്ചൻ. എട്ടുകിലോമീറ്റർ അകലെ നടന്നു പോയുള്ള പാവനാത്മാ കോളേജിലെ പഠനം. ഡിഗ്രി പഠനത്തിനായി അപേക്ഷയുമായി ചെന്നപ്പോൾ മെത്രാൻ നടത്തിയ ജന്മിത്തത്തിൻ്റെ പ്രകടനവും പരിഹാസവും, ദുരിതകാലങ്ങളിൽ സഹായമായി നിന്ന വർഗ്ഗീസ് ജേക്കബ് അച്ചനും ഭാര്യയും, ഒരു ജ്യേഷഠനെപ്പോലെ എല്ലാത്തിനും മുന്നിൽ നിന്ന അത്തനേഷ്യസ് തിരുമേനി. ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ സെൻ്റ് തോമസ് ഹോസ്റ്റലിലെ വാർഡൻ അച്ചൻ്റെ അവജ്ഞയോടെയുള്ള പെരുമാറ്റം, സാഹിത്യം പഠിപ്പിച്ചപ്പോഴും സ്വപ്നങ്ങൾ തേടിപ്പോകാൻ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത റൂബിൾ സാർ ഇത്തരം നൻമയും തിൻമയും നിറഞ്ഞെ നിരവധി മനുഷ്യരാണ് "സ്വപ്നങ്ങളുടെ അതിരുകൾ ഭേദിക്കാൻ" അദ്ദേഹത്തെ പ്രാപ്തനാക്കിയത്.

ജീവിതം ഒരുവിധം നന്നായി പൊ‍യ്‍ക്കൊണ്ടിരുന്നപ്പോഴാണ് അമ്മയുടെ ഗർഭപാത്രത്തിൽ മുഴകൾ കണ്ടെത്തിയത്. പിന്നീട് അതിനായി നടത്തിയ പല വിധ ചികിത്സകൾ ,നേരിട്ട ബുദ്ധിമുട്ടുകൾ ഇതെല്ലാം അദ്ദേഹം വേദനയോടെ വിവരിക്കുന്നുണ്ട്. ഇതിനിടയിൽ അമ്മ ആഗ്രഹിച്ചത് പോലെ ഡൽഹിയിലെ ജാമിയ മിലിയ യൂണിവേഴ്സിറ്റിയിൽ എം.എ മന:ശാസ്ത്രം പഠനം തുടർന്ന് പ്രോജക്ടിനായി ഫ്രാൻസിലേക്കുള്ള യാത്ര, അമ്മയുടെ മരണം, ആ സമയത്തും സഹായഹസ്തവുമായി നിന്ന കൊളേത്ത് എന്ന ഫ്രഞ്ച് വനിത ഇത്തരത്തിൽ ഹൃദയത്തിൽ നന്മയുമായി നിന്ന നിരവധി മനുഷ്യർ എല്ലാ പ്രതിസന്ധികളിലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു എന്നത് ജീവിതമെന്ന മഹാരഹസ്യത്തിൻ്റെ മഹത്വം വെളിവാക്കുന്നു.
"കമ്പിളി കണ്ടത്തെ തൊടിയിൽ കളഞ്ഞിട്ടിരുന്ന ഞാൻ എന്ന കൽഭരണിയെ കഴുകിയെടുത്ത് വെള്ളം നിറച്ച് വീഞ്ഞാക്കി മാറ്റിയത് ഈശ്വരസ്പർശമായിരുന്നു "എന്നാണ് തൻ്റെ ജീവിതത്തെ കുറിച്ചുള്ള എഴുത്തുകാരൻ്റെ നിർവചനം. ഈ പുസ്തകത്തിൻ്റെ ഏറ്റവും വലിയ മേൻമ സ്വയം ഉയർത്താനും പതറിപ്പോകുന്ന സമയങ്ങളിൽ കൈത്താങ്ങാകാനും ഉതകുന്ന നിരവധി പ്രത്യാശാഭരിതമായ വാക്കുകളാൽ സമൃദ്ധമാണ് എന്നതാണ്.അതിൽ ഏറിയ പങ്കും അദ്ദേഹത്തിൻ്റെ അമ്മ പല പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാൻ മക്കൾക്ക് നൽകിയ ഉപദേശങ്ങൾ തന്നെയാണ്.

വായനക്കാരൻ്റെ മനസ്സിൽ ഒരു തരം കഥാർട്ടിക് ഇഫക്റ്റ് (അരിസ്റ്റോട്ടിലിൻ്റെ പൊയറ്റിക്സ് ) അഥവാ വിമലീകരണം സാധ്യമാക്കാൻ ഈ പുസ്തകം പര്യാപ്തമാണ്. ഫ്രാൻസിസ് ബേക്കൺ അഭിപ്രായപ്പെട്ടത് പോലെ "Some books are to be chewed and digested" അത്തരത്തിൽ ഉള്ള ഒരു പുസ്തകമാണിത്. എബ്രഹാം ലിങ്കൺ തൻ്റെ മകൻ്റെ ടീച്ചറിനെഴുതിയ കത്തും ജവഹർലാൽ നെഹ്റുവിൻ്റെ "അച്ഛൻ മകൾക്കയച്ച കത്തുകളും" പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ജീവിതമേൽപ്പി ച്ച ആഘാതങ്ങളെയെല്ലാം തകർത്തെറിഞ്ഞ് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ ഒരു അമ്മയുടെയും നാലുമക്കളുടെയും കഥ ഈ പുസ്തകങ്ങളെപ്പോലെ പ്രചോദനാത്മകമാണ്.

ചെറിയ കാര്യങ്ങൾക്ക് വേണ്ടി ജീവനൊടുക്കുന്ന പുതുതലമുറയെ സ്വയം പ്രതീക്ഷ നൽകി മുന്നോട്ട് നയിക്കാൻ ഇത്തരം പുസ്തകങ്ങൾ പാഠ്യപദ്ധതിയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അതിർത്തികൾ നിശ്ചയിക്കാതെ മനുഷ്യരെ സ്നേഹിക്കാൻ പഠിപ്പിച്ച നിരവധി മനുഷ്യർക്ക് ഹൃദയത്തിൽ നിന്നുള്ള നന്ദി പ്രകടനമാണ് ഈ പുസ്തകത്തിലുടനീളം. "An Attitude without Gratitude is a Crime" എന്ന് ഈ പുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നു

(വണ്ടൂർ, ഗവ: ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയും എഴുത്തുകാരിയും പുസ്തക നിരൂപകയുമാണ് ലേഖിക) 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi