കഥയെഴുത്തിന്റെ വഴികളെ കുറിച്ച് മലയാളത്തിന്റെ പ്രിയ എഴുത്തുകാരി ഷാഹിന ഇ.കെ സംസാരിക്കുന്നു.
വളരെ വിവരണാത്മകമായ ആഖ്യാന ശൈലിയാണ് ഷാഹിനയുടേത്. അതിലേക്കെത്തിയത് എങ്ങനെയാണ്?
എഴുതുമ്പോള്‍ ഭാഷയെ കുറിച്ചോ ആഖ്യാന ശൈലിയെക്കുറിച്ചോ ബോധപൂര്‍വം ആലോചിക്കാറില്ല എന്നതാണ് സത്യം. പലപ്പോഴും എഴുത്ത് ഒരബോധ പ്രക്രിയയാണെന്ന് തോന്നാറുണ്ട്. ഉള്ളില്‍ അസ്വസ്ഥതയുണ്ടാക്കുന്ന, ഇരിക്കപ്പൊറുതി തരാത്ത ഒരു കഥച്ചരട് കൊണ്ട് നടക്കുമ്പോള്‍ തന്നെ എഴുത്തിന്റെ ആന്തരിക സംഘര്‍ഷത്തില്‍ നിന്നും ഒളിച്ചോടാനായി പരമാവധി എഴുത്ത് നീട്ടിവെയ്ക്കുകയും ചെയ്യാറുള്ള ഒരാളാണ് ഞാന്‍. നീട്ടിവെക്കുന്ന എഴുത്ത് മറ്റൊരു തരം സംഘര്‍ഷം ഉള്ളിലുണ്ടാക്കും. അകത്തെ നിശ്ശബ്ദതയും അസ്വാസ്ഥ്യങ്ങളും പുറത്തും പ്രകടമാകും. ഈ അവസ്ഥയിലാണ് പലപ്പോഴും എഴുതുന്നത്. ഓരോ കഥയ്ക്കുമൊപ്പം അതുപറയാനുള്ള ഒരു ഭാഷയും ശൈലിയും ഉണ്ടാകുന്നു. ഇതിവൃത്തം അനുസരിച്ച് അത് മാറുകയും ചെയ്യുന്നു. 'സ്വപ്നങ്ങളുടെ പുസ്തകം' എന്ന കഥ സഞ്ചരിക്കുന്നത് സങ്കീര്‍ണ്ണമായൊരു സ്വപ്നത്തിലൂടെയാണ്. ആ കഥ പറയാന്‍ ഉപയോഗിച്ചത് അമൂര്‍ത്തമായ ഒരു ഭാഷയും ശൈലിയുമാണ്. 'തമാലം' എന്ന കഥ പറയുമ്പോള്‍, അല്ലെങ്കില്‍ 'ചിന്ന ബുദ്ധന്‍', ജലത്തിന്റെ നിറം പോലെ ഇതില്‍ ഒക്കെ റിയലിസ്റ്റിക്ക് ആയ ഒരു ഇടത്ത് നിന്നുകൊണ്ടാണ് കഥ പറച്ചില്‍. നേരിട്ട് സംവദിക്കുന്നത് പോലുള്ള, കുറേക്കൂടി ലളിതമായ ഭാഷയും ശൈലിയും. 'അലിഖിതം' കുറിപ്പുകള്‍ ഇല്ലാത്ത ആത്മഹത്യകളുടെ കഥയാണ്. അതിന്റെ ഭാഷയും ആഖ്യാനവും വ്യത്യസ്തമാണ്.
ഇതൊന്നുമല്ല കഥാകൃത്തിനെയും കഥ ഉള്‍പ്പെടുന്ന സാമൂഹ്യ വ്യവസ്ഥിതിയെയും അടച്ചാട്ടുന്ന ലളിതയുടെ കഥ പറയുന്ന, 'ലളിതം ചില ചോദ്യങ്ങള്‍' എന്ന കഥയുടെ ഭാഷ. അതാത് ഇതിവൃത്തങ്ങള്‍ക്കൊപ്പം വന്നു ചേരുന്നതാണ് അവയെല്ലാം. എഡിറ്റിംഗ് സമയത്ത് പക്ഷേ കഥയില്‍ സൂക്ഷ്മമായ ഇടപെടല്‍ നടത്തുന്നു. ചിലത് ബോധപൂര്‍വം കൂട്ടി ചേര്‍ക്കുകയും വെട്ടി നീക്കുകയും ചെയ്യുന്നു. എനിക്കു പ്രിയപ്പെട്ട ചില വാക്കുകളുണ്ട്. അവ ആവര്‍ത്തിക്കുന്നതൊക്കെ ആ സമയത്താണ് ശ്രദ്ധയില്‍ വരിക.
പരിസ്ഥിതി, മതം, ജാതി ഇവയൊക്കെ കൃത്യമായി എന്നാല്‍ പ്രത്യക്ഷത്തില്‍ അല്ലാതെത്തന്നെ അവതരിപ്പിക്കാന്‍ ഷാഹിനയ്ക്ക് കഴിയാറുണ്ട്. മാറുന്ന എഴുത്ത് ഇത്തരം സങ്കീര്‍ണ്ണമായ വിഷയങ്ങളെ എങ്ങനെ അഭിസംബോധന ചെയ്യണം എന്നാണ് അഭിപ്രായം ?
ഓരോ മനുഷ്യനും അയാള്‍ ജീവിക്കുന്ന സമൂഹത്തെ, ചുറ്റുപാടിനെ അറിഞ്ഞോ അറിയാതെയോ ഉള്ളില്‍ വഹിക്കുന്നുണ്ട്. അത് അയാളുടെ സംസ്‌ക്കാരത്തില്‍, ശീലങ്ങളില്‍, പെരുമാറ്റത്തില്‍ ഒക്കെ വരുന്നു. കലകളില്‍ അത് ആഴത്തില്‍ പ്രതിഫലിക്കും. ബോധപൂര്‍വം ഒരു ഇതിവൃത്തം തിരഞ്ഞെടുക്കാറില്ല എഴുത്തിനു വേണ്ടി. അത് സംഭവിക്കുന്നതോ വന്നു ചേരുന്നതോ ആണ്. അകം-പുറം ലോകങ്ങളുടെ നിരന്തരമായ സംവേദനത്തില്‍ നിന്നും രൂപപ്പെടുന്നതാണ് എഴുത്ത് എന്ന് കരുതുന്നു. ഒരെഴുത്താളെ സ്വാധീനിക്കുന്ന ഒരനുഭവം, സംഭവം, അനുഭൂതി മറ്റൊരെഴുത്താളില്‍ അങ്ങനെത്തന്നെ സ്പര്‍ശിക്കണം എന്നില്ല. അത് എഴുതുന്ന ആളുടെ മനോഭാവം, ചിന്ത, അനുഭവം, മനോനില അങ്ങനെയങ്ങനെ പലതുമായിക്കൂടി ബന്ധപ്പെട്ട് കിടക്കുന്നു. ഈ പറഞ്ഞ വിഷയങ്ങള്‍, അതായത് പരിസ്ഥിതി പ്രശ്‌നങ്ങള്‍, മത-ജാതി സംഘര്‍ഷങ്ങള്‍ ഇതൊക്കെ എന്റെ കാലത്തിന്റെ തീവ്രമായ അസ്വാസ്ഥ്യങ്ങളാണ്. പ്രകൃതിയോടുള്ള ക്രൂരതയില്‍ നിന്നാണ് മനുഷ്യന്റെ നനവ് വറ്റി തുടങ്ങിയത് എന്ന് ഞാന്‍ കരുതുന്നു. പരസ്പ്പരം വിഭജിക്കാനും അതിരു വയ്ക്കാനും വേണ്ടി ജാതിയും മതവും ഒരു ഉപകരണം ആയി ഉപയോഗിക്കപ്പെടുന്നു. എല്ലാ തരം ഭിന്നിപ്പിക്കലുകളും മറ്റൊരു വിധത്തില്‍ അധികാരക്കൊതിയുമായി ബന്ധപ്പെട്ടതാണ്.
കാലത്തിന്റെ സങ്കീര്‍ണതകള്‍ കലകളിലും വരുന്നു. അടിസ്ഥാനപരമായി എഴുത്തുകാര്‍ എഴുത്തില്‍ കൂടി അവനവനെ വിപുലീകരിക്കുകയും ഒരു സമാന്തരലോകം സൃഷ്ടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അത് അതിജീവനവുമായിക്കൂടി ബന്ധപ്പെട്ടതാണ്. മനുഷ്യര്‍ ജാതികൊണ്ടും മതം കൊണ്ടും വര്‍ഗം കൊണ്ടും വംശം കൊണ്ടും ധ്രുവീകരിക്കപ്പെടുന്ന, അവനവന് വേണ്ടി എന്തു ക്രൂരതയും ചെയ്യാന്‍ അറപ്പില്ലാത്തവരാകുന്ന, അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ അവകാശങ്ങള്‍ക്ക് മേല്‍ അത്രമാത്രം കടന്നു കയറ്റങ്ങള്‍ ഉള്ള, പ്രാചീന കാലത്തിന്റെ യുക്തികള്‍ വാദിക്കുന്ന, സ്ത്രീകള്‍ നിരന്തരം അവഹേളിക്കപ്പെടുന്ന, യുദ്ധങ്ങളുടെയും, തകര്‍ച്ചകളുടെയും, ആര്‍ത്തികളുടെയും, സ്‌നേഹരാഹിത്യത്തിന്റെയും സംഘര്‍ഷങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും അരക്ഷിതത്വങ്ങളുടെയും ഒക്കെ ഈ കാലത്ത് അവനവന്റെയും കാലത്തിന്റെയും മുറിവുണക്കാനുള്ള ശ്രമങ്ങള്‍ കൂടിയാണ് കലകളെല്ലാം എന്ന് തോന്നാറുണ്ട്.
സാമൂഹിക വിഷയങ്ങളെ ധാരാളമായി കഥകളില്‍ ഉള്‍ക്കൊള്ളിക്കുന വ്യക്തിയാണ് താങ്കള്‍. ഏതെങ്കിലും തരത്തിലുള്ള ഭയമോ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു തടയിടുന്ന സംഭവങ്ങളോ വിമര്‍ശനങ്ങളോ ഉണ്ടായിട്ടുണ്ടോ ?
വ്യക്തിപരമായ തലത്തില്‍ നിന്നുകൊണ്ട് പറഞ്ഞാല്‍ എഴുതുന്നതിനെയൊക്കെ എഴുതുന്നയാളുടെ ജീവിതവുമായി ബന്ധപ്പെടുത്തുന്ന തരം ആളുകള്‍ എക്കാലവും ഉണ്ട്. ഇപ്പോളും ഉണ്ട്. ചില കഥാപാത്രങ്ങള്‍ നമ്മള്‍ തന്നെയാണോ എന്ന മട്ടിലൊക്കെ സംശയിക്കുന്നവര്‍, സംസാരിക്കുന്നവര്‍. പരദൂഷണം നടത്തുന്നവര്‍. ചില ഇതിവൃത്തങ്ങള്‍ അസ്വസ്ഥരാക്കുന്ന മനുഷ്യരുമുണ്ട്. ഇതൊക്കെ അവര്‍ക്ക് തന്നെ വിട്ടുകൊടുക്കുകയല്ലാതെ എനിക്ക് അതിലൊന്നും ചെയ്യാനില്ല. മറ്റുള്ളവര്‍ എന്ത് കരുതുന്നു എന്നത് എന്റെ കാര്യമല്ല. ഞാനവ തിരുത്താന്‍ ശ്രമിച്ചു നേരം കളയാറില്ല.
എന്ത് ചിന്തിക്കണം എങ്ങനെ ചിന്തിക്കണം എന്നതൊക്കെ ഓരോരുത്തരുടെ ബുദ്ധിയും മനോഭാവവും അനുഭവങ്ങളും ബോധ്യങ്ങളും സംസ്‌ക്കാരവും ഒക്കെയുമായി ബന്ധപ്പെട്ട് കിടക്കുന്നതല്ലേ. നല്ല മികച്ച ബ്രാണ്ടുകളുടെ പുറംമോടിക്കുള്ളില്‍ കാലപ്പഴക്കത്തിന്റെ ചീഞ്ഞളിഞ്ഞ മണമുള്ള മനസ്സുകളുമായി നടക്കുന്ന ഒരുപാട് ആളുകളുണ്ട് നമുക്കിടയില്‍. അതേസമയം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഈ കാലത്തിന്റെ ഏറ്റവും വലിയ ചോദ്യങ്ങളില്‍ ഒന്നാണ്.. നിരന്തരമായി അവനവനുള്ളില്‍ എഡിറ്റിങ് നടത്തേണ്ട ഒരവസ്ഥയിലേക്കുള്ള പോക്ക് ഉറപ്പായും എല്ലാ എഴുത്തുകാരുടെയും അസ്വസ്ഥതയാണ്.
എന്തുകൊണ്ട് കഥാകാരിയായി എന്ന് ചോദിച്ചാല്‍ ഷാഹിനയുടെ ഉത്തരം എന്താണ് ?
ഞാനൊരു നല്ല സാമൂഹ്യജീവിയൊന്നുമല്ല. സമൂഹം ആഗ്രഹിക്കുന്ന അളവുകോലുകളില്‍ നിലകൊള്ളാനോ പെരുമാറാനോ ഇടപെടാനോ ഒന്നും ആയിട്ടുണ്ടെന്ന് തോന്നുന്നുമില്ല. ഏത് ബഹളങ്ങള്‍ക്ക് ഇടക്കായാലും ഉള്ളില്‍ എന്റെതായ ഒരു മാളമുണ്ട്. അതിലാണ് എന്റെ സ്വാസ്ഥ്യം. അതേസമയം എനിക്ക് മനുഷ്യരെ വളരെ ഇഷ്ടവുമാണ്. ഈ രണ്ടു ദ്വന്ദങ്ങള്‍ ഉണ്ടാക്കുന്ന അങ്കലാപ്പ്, സംഘര്‍ഷം ഒക്കെ എക്കാലവും എന്നിലുണ്ട്. ഒരുകാലത്ത് കേള്‍ക്കുകയും പിന്നെ സ്വയം വായിക്കുകയും ഒക്കെ ചെയ്ത കഥകളിലെ മനുഷ്യരുടെ ഒരാന്തരിക-ബാഹ്യലോകമുണ്ട്. അതെനിക്ക് വളരെ ഇഷ്ടമായിരുന്നു. അതിന്റെ ഒരു തുടര്‍ച്ച ആവാം എന്റെ എഴുത്ത്. ഓരോ കഥയും ഒരു അന്വേഷണമാണ് എനിക്ക്. അകത്തേക്കും പുറത്തേക്കുമുള്ളത്.
അപൂര്‍ണ്ണതയാണ് കഥകളുടെ പൊതുസ്വഭാവം. ഒരിക്കല്‍ ഒരിടത്ത് എന്ന് ആരോ തുടങ്ങി വെച്ച കഥയങ്ങനെ സഞ്ചരിച്ചുകൊണ്ടേ ഇരിക്കുകയല്ലേ... പല കാലങ്ങളിലൂടെ, ഭാഷകളിലൂടെ ദേശങ്ങളിലൂടെ. ഒരു കഥയും അവസാനിക്കുന്നില്ല. എല്ലാ കഥകളിലുമുണ്ടാകും മറ്റൊരു കഥയിലേക്കുള്ള അദൃശ്യമായ വാതിലുകള്‍. വായനയും എഴുത്തും എനിക്ക് അതിജീവനമാണ്. അതില്‍ നിന്ന് വേര്‍പ്പെട്ട് അസ്തിത്വവുമില്ല.
സാ ഹിത്യത്തെ പുതുതലമുറ പൈങ്കിളിവത്ക്കരിക്കുന്നു എന്ന് സ്വതവേ ഒരു ആക്ഷേപം ഉ ണ്ട്. എന്താണ് അഭിപ്രായം ?
പൈങ്കിളി സാഹിത്യം എക്കാലത്തും ഉണ്ടായിരുന്നല്ലോ. വായിക്കപ്പെട്ടിട്ടുമുണ്ട്. അത് എഴുതേണ്ടവര്‍ എഴുതുകയും വായിക്കേണ്ടവര്‍ വായിക്കുകയും ചെയ്‌തോട്ടെ. വായന ഒരു തെരഞ്ഞെടുപ്പു കൂടിയാണ്. എനിക്ക് വേണ്ട പുസ്തകങ്ങളിലേക്കാണ് ഞാന്‍ എത്തിച്ചേരുന്നത്. എല്ലാവരും അങ്ങനെത്തന്നെയാണ്. അങ്ങനെ എത്തിച്ചേരുന്നതിനെ പല ഘടകങ്ങള്‍ സ്വാധീനിക്കും. ചിന്ത, കാഴ്ചപ്പാട്, തിരിച്ചറിവ്, ഭാഷ അങ്ങനെ പലതും. പൊതുവേ, 'ബെസ്റ്റ് സെല്ലര്‍' പുസ്തകങ്ങള്‍ക്കു പിന്നാലെ പായുന്ന വായനാരീതി അല്ല പണ്ടും ഇപ്പോഴും എന്റെത്. സമയവും ചുറ്റുമുള്ള പുസ്തകങ്ങളും തമ്മിലുള്ള ഒരു പിടിവലി കൃത്യമായ ഒരു തെരഞ്ഞെടുപ്പ് നിര്‍ബന്ധം ആക്കുന്നുമുണ്ട്. ഒരു പ്രോഡക്റ്റ് എന്ന നിലയില്‍ ലളിതവായന സാധ്യമാകുന്ന പുസ്തകങ്ങള്‍ ധാരാളമായി വരികയും വളരെകൂടുതല്‍ പരസ്യപ്പെടുത്തപ്പെടുകയും വന്‍ ലാഭമായിത്തീരുകയും ചെയ്യുന്നുണ്ട്. അവ മറ്റു പുസ്തകങ്ങളേക്കാള്‍ ഗംഭീരമായി മാര്‍ക്കറ്റ് ചെയ്യപ്പെടുന്നുമുണ്ട്.
പേരും പ്രശസ്തിയും പെട്ടെന്നുണ്ടാക്കുന്ന പുസ്തകങ്ങള്‍ എഴുതാന്‍ പുതിയ എഴുത്തുകാര്‍ പ്രോത്സാഹിക്കപ്പെടുകയും, ഇതാണ് യുവജനങ്ങളുടെ സാഹിത്യം എന്ന മട്ടില്‍ അവ അവതരിപ്പിക്കപ്പെടുകയും അത്തരം പുസ്തകങ്ങളിലേക്ക് മാത്രമായി കുറെപ്പേരുടെ വായന ഒതുങ്ങുകയും ചെയ്യുന്നുണ്ട് എന്നതും സത്യമാണ്. അത്തരം വലിയ വിപണിയും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അത് കച്ചവടവുമായി ബന്ധപ്പെട്ടതാണ്. ഈ കുത്തൊഴുക്കില്‍ ഒരുപാട് മികച്ച കൃതികള്‍, ഇതേ യുവനിരയില്‍ പെട്ട എഴുത്തുകാരുടെതുള്‍പ്പെടെ- അശ്രദ്ധമായി, അല്ലെങ്കില്‍ അര്‍ഹിക്കുന്ന വായന കിട്ടാതെ കടന്നു പോകുന്നുമുണ്ട്. അത് നിരാശയുണ്ടാക്കുന്ന കാര്യമാണ്. എല്ലാതരം പുസ്തകങ്ങളും സംഭവിച്ചോട്ടെ. എല്ലാത്തരം വായനകളും നടക്കട്ടെ . പക്ഷേ , പ്രസാധകരുടെ ഭാഗത്ത് നിന്ന് കുറേക്കൂടി ജാഗ്രതയുള്ള ഒരു സമീപനം ഉണ്ടാകണം എന്നുമാത്രം. അര്‍ഹതയുള്ള പുസ്തകങ്ങള്‍ അവഗണിക്കപ്പെടരുത്. അത് സാഹിത്യത്തോടുള്ള അവരുടെ ഉത്തരവാദിത്വം കൂടിയാണ്.
പുസ്തകങ്ങളുടെ വീട് എന്ന കഥയില്‍ ജീവിതം മുഴുവന്‍ വായന ആയിത്തീര്‍ന്ന മനുഷ്യനെ കുറിച്ചാണ് പറയുന്നത്. പുതിയ തലമുറയുടെ വായനശീലം, എഴുത്ത് എന്നിവയെ എങ്ങനെ കാണുന്നു ?
ആഴമുള്ള വായന ഉള്ളവരുണ്ട്. ഡിജിറ്റല്‍ സ്‌പേസിലും അത് നടക്കുന്നുണ്ട്. സദാ kindle കൊണ്ട്, പുസ്തകങ്ങള്‍ കൊണ്ട് സഞ്ചരിക്കുന്ന, ഗൗരവത്തോടെ വായനയെ സമീപിക്കുന്ന ഒരുപാട് കുട്ടികളെ യാത്രകളില്‍ കാണാറുണ്ട്. എന്നാല്‍ ലളിതമായ ഉള്ളടക്കമുള്ള, പുസ്തകങ്ങളുടെ വായനയാണ് പൊതുവേ കാണുന്നത്. പ്രണയം, അതിന്റെ തകര്‍ച്ചയില്‍ നിന്നുള്ള അതിജീവനം ഒക്കെ ഉള്ളടക്കമായ പുസ്തകങ്ങളുടെ വായനകള്‍ കൂടുതല്‍ നടക്കുന്നു. എഴുത്തിലും സംശയമില്ല, ശക്തമായ പുതു തലമുറക്കഥകള്‍ വരുന്നുണ്ട്. കൃത്യമായ നിലപാടുകളും രാഷ്ട്രീയവും ഭാവുകത്വവും ഉള്ള കഥകള്‍. പുസ്തകങ്ങള്‍ കൂടുതലായി സമ്മാനക്കൈമാറ്റങ്ങളുടെയും, പ്രണയത്തിന്റെയും ഒക്കെ ഭാഗമായി വരുന്നുണ്ട്. അതേസമയം അവ വലിയതോതില്‍ പ്രകടനപരതയുടെ ഭാഗവും ആവുന്നുണ്ട്.
ചില പ്രത്യേക പുസ്തകങ്ങള്‍ ലൈബ്രറിയില്‍നിന്ന് എടുക്കപ്പെടുകയും ഒന്നോ രണ്ടോ മണിക്കൂറില്‍ തിരികെ എത്തുകയും മറ്റൊരാള്‍ എടുക്കുകയും ഒക്കെ ചെയ്യുന്ന ഒരു തുടര്‍ച്ചയെ കുറിച്ച് ഈയിടെ കോളേജ് അധ്യാപകനായ, അവിടുത്തെ ലൈബ്രറി ചാര്‍ജ് കൂടിയുള്ള ഒരു സുഹൃത്ത് പറയുകയുണ്ടായി. ഇത്ര പെട്ടെന്ന് വായന തീര്‍ന്നോ എന്നന്വേഷിക്കുമ്പോള്‍ , വായനയിലേക്ക് അല്ല, റീലുകളിലേക്ക് ആയിരുന്നു ഈ പുസ്തകങ്ങളുടെ ധൃതി വെച്ചുള്ള പോക്കുവരവുകള്‍ .
സ്ത്രീ ശരീരം/കാമനകള്‍ ഷാഹിന ആവിഷ്‌ക്കരിക്കുന്നത് വേറിട്ട രീതിയിലാണ്. ഇത്രയും വ്യത്യസ്തരായ കഥാപാത്രങ്ങള്‍ സ്വന്തം ജീവിതത്തില്‍ കണ്ടുമുട്ടുന്നവരാണോ ?
കാണുന്നവരോ കേള്‍ക്കുന്നവരോ നിരീക്ഷണങ്ങളോ ഒക്കെ കഥകളിലേക്ക് വരാറുണ്ട്. അത് ചിലപ്പോള്‍ കഥയിലേക്കുള്ള ഒരു സൂചനയാവാം, ഒരു കഥാതന്തു ആവാം, ചില സങ്കല്‍പ്പങ്ങള്‍ ആവാം കഥയോട് ഇണക്കാവുന്ന ചില സംഭവങ്ങള്‍, അല്ലെങ്കില്‍ സംഭാഷണങ്ങള്‍ ഒക്കെയാവാം. ഇതൊന്നുമല്ലാത്ത ഭാവനകള്‍ മാത്രമാവാം. എന്നോട് എന്തുകൊണ്ടോ പല മനുഷ്യരും അവരുടെ അകം ലോകങ്ങളെ കുറിച്ച് പറയാറുണ്ട്, പരിചിതരും അല്ലാത്തവരും. നല്ലൊരു കേള്‍വിക്കാരിയായി അവര്‍ക്ക് അനുഭവപ്പെടുന്നത് കൊണ്ടാവാം. എന്റെ കഥ എഴുതൂ എന്ന് ജീവിതം പറഞ്ഞവരുണ്ട്, എവിടെയും വരരുത് എന്ന് പറഞ്ഞു ജീവിതം പറഞ്ഞവരും ഉണ്ട്. ഒരു മുന്‍പരിചയവും ഇല്ലാത്തവര്‍. അതുകൊണ്ട് മാത്രം അവര്‍ കഥയോ കഥാപാത്രങ്ങളോ ആവണമെന്നില്ല. ആവാതിരിക്കുന്നുമില്ല.
പരിചിതനായ ഒരു വ്യക്തി കഥയില്‍ വരുമ്പോഴും അയാളെ അപ്പാടെ ആവിഷ്‌ക്കരിക്കുകയില്ലല്ലോ കഥയില്‍. ചില സൂചനകള്‍, സവിശേഷതകള്‍, മനോഭാവങ്ങള്‍, ബാഹ്യ, ആന്തരിക സവിശേഷതകള്‍ ഒക്കെ പെറുക്കിയെടുത്ത് കൂട്ടിച്ചേര്‍ക്കും. കഥ, കഥാപാത്രങ്ങളെ തേടിപ്പിടിക്കുകയാണോ കഥാപാത്രങ്ങള്‍ കഥയിലേക്ക് വന്നുചേരുകയാണോ, ആര്‍ക്കറിയാം..
എഴുത്ത് രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണെന്ന് താങ്കള്‍ക്ക് തോന്നിയിട്ടുണ്ടോ?
എഴുത്തിന് ഒരു സൗന്ദര്യതലമുണ്ട്. ആത്മസാക്ഷാത്കാരം എന്നൊരു തലമുണ്ട്. ആത്മവിപുലീകരണം സംഭവിക്കുന്നുണ്ട്. രാഷ്ട്രീയവുമുണ്ട്. കഥ എഴുതുന്ന ഞാന്‍ പല കഥാപാത്രങ്ങളിലേക്ക്, ജീവിതങ്ങളിലേക്ക്, കാലങ്ങളിലേക്ക്, ദേശങ്ങളിലേക്ക് കൂടുമാറുന്നുണ്ട്. കാഴ്ചകളെയും അനുഭവങ്ങളെയും നീട്ടുന്നുണ്ട്. ചെകുത്താന്റെയും മാലാഖയുടെയും ഉള്ളറിയുന്നുണ്ട്. മനുഷ്യനും പ്രകൃതിയും മൃഗവും ആകുന്നുണ്ട്. വായനയിലും ഇത് സംഭവിക്കുന്നുണ്ട്. ഈ രൂപാന്തരപ്പെടല്‍, അതിന്റെ ആനന്ദവും സൈ്വരക്കേടും ഓരോ എഴുത്തുകാരുടെയും വിധിയുമാണ്. നമ്മുടെ ചുറ്റു ലോകം നമ്മുടെ അകം ലോകവുമായി നിരന്തരം സംവദിക്കുന്നുണ്ട്, തിരിച്ചും. എല്ലാ മനുഷ്യരുടെ കാര്യത്തിലും അതേ കലയില്‍ അത് മൗലികമായിത്തന്നെ പ്രകടമാകുന്നു. അറിഞ്ഞോ അറിയാതേയോ സമവായങ്ങളും എതിര്‍പ്പുകളും പ്രതിഷേധങ്ങളും പ്രതിരോധങ്ങളും അതില്‍ പ്രകടമാകുന്നു. എല്ലാ മനുഷ്യജീവിതങ്ങളിലും രാഷ്ട്രീയമുണ്ട്. മനുഷ്യരെ പ്രതിനിധീകരിക്കുന്ന, എഴുത്തിലും, എല്ലാ കലകളിലും അതുണ്ടാകും. എന്റെ കഥയെഴുത്തിലും അതുണ്ട് .
പുതിയ എഴുത്തുകാരില്‍ ആരോടാണ് കൂടുതല്‍ താല്പര്യം തോന്നിയിട്ടുള്ളത് ?
പുതുനിര എഴുത്തുകാരെ വായിക്കാറുണ്ട്. വ്യക്തിബന്ധങ്ങളും ഉണ്ട്. ഓരോരുത്തരെ പ്രത്യേകം പേരെടുത്തു പറയുന്നില്ല. എങ്കിലും അക്കൂട്ടത്തില്‍ മൃദുല്‍ വി.എം. എഴുതിയ കുളെ ഈയിടെ വായിച്ച വളരെ മികച്ച ഒരു പുസ്തകമാണ്
വളര്‍ന്നു വരുന്ന എഴുത്തുകാരോട് ഷാഹിനയ്ക്ക് എന്താണ് പറയാനുള്ളത് ?
ഒന്നും പറയാനില്ല. സ്വയം കണ്ടെത്തലാണ്, വഴി വെട്ടലാണ് എഴുത്ത്. അവിടെ ആര്‍ക്കും ആരോടും ഉപദേശിക്കാന്‍ ഒന്നുമില്ല. പദവിക്കും പ്രശസ്തിക്കും വേണ്ടിയുള്ള കുറുക്കുവഴികളില്‍ കുരുങ്ങിപ്പോകാതിരുന്നാല്‍, കഥ എന്തൊരു കാടാണ് !
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 12 Sept 2025, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented