നാട്ടിലെത്തിയപ്പോഴേക്കും ഏകദേശം ആറുമണിയോടടുത്തിരുന്നു. ബസ് ഇറങ്ങിയപ്പോള്‍തന്നെ എന്നെ വരവേറ്റത് പുലര്‍കാലങ്ങളില്‍ അമ്പലത്തില്‍ നിന്ന് മുടങ്ങാതെ കേള്‍ക്കാറുള്ള സങ്കീര്‍ത്തനമാണ്. ഒരായുഷ്‌ക്കാലം മുഴുവന്‍ എന്തിനൊക്കെയോ വേണ്ടി ഓടി നടക്കുകയായിരുന്നു. ആരോ പറഞ്ഞത്‌പോലെ അവസാന നാളുകളില്‍ ഞാന്‍ ഇവിടേക്ക് തന്നെ തിരിച്ചെത്തിയിരിക്കുന്നു. പത്തു വര്‍ഷത്തിലേറെയായി നാട്ടില്‍ വന്നിട്ട്. ഒരുപാട് മാറ്റങ്ങള്‍ വന്ന് നാടും നഗരവും പുരോഗമിച്ചു. മനസ്സില്‍ കോറിയിട്ട നാടിന്റെ ചിത്രത്തിന് വലിയ മാറ്റങ്ങള്‍ വന്നു. ഗോപാലേട്ടന്റെ പഴയ ചായക്കട ഇപ്പോഴും അവിടെത്തന്നെയുണ്ട്. അയാളുടെ ചെറുമകനാണ് ഇപ്പോള്‍ കാര്യക്കാരന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടിലെ പുരുഷവര്‍ഗ്ഗത്തിന്റെ പ്രധാന സങ്കേതം ആയിരുന്നു അവിടം. ചായകുടിയും, ലാത്തിയടിയും, ആകാശവാണിയിലെ പാട്ടും... ആകപ്പാടെ ഒരു മേളം തന്നെയായിരുന്നു.
ഈ മണ്ണില്‍ കാലുകുത്തിയത് മുതല്‍ ഞാനാ പഴയ പത്ത് വയസ്സുള്ള പാവാടക്കാരിയായി മാറിയിരിക്കുകയാണ്. തറവാട്ടിലേക്ക് ഇപ്പോള്‍ നല്ല ടാറിട്ട റോഡൊക്കെ ആയെങ്കിലും വയലിന് നടുവിലൂടെയുള്ള ഒറ്റടി പാതയാണ് എനിക്കിഷ്ടം. തോടും വയലും എല്ലാം കടന്ന് അത് വല്ലാത്ത ഒരു സുഖം തന്നെയാണ്. നാലാം വയസ്സിലെ നട്ട ഭ്രാന്ത് എന്നൊക്കെ പറയുന്നതുപോലെ എഴുപതാം വയസ്സിലെ ഈ പടുകിളവിയുടെ ഓരോ വട്ടുകള്‍. അല്ലാതെന്തു പറയാനാണ്. വയലിന്റെ കിഴക്കുവശത്തായി പുതിയ മോഡേണ്‍ വീടുകള്‍ക്കൊപ്പം തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്ന രണ്ട് കൊമ്പന്‍മാര്‍- ഉണ്ണായി വാര്യരുടെയും, ഗോവിന്ദൂട്ടി മൂപ്പരുടെയും നാല് കെട്ട് മാളികകള്‍. ആയകാലത്ത് അവരായിരുന്നു ഇവിടുത്തെ ജന്മിമാര്‍. ഇന്നവിടം പൂട്ടിക്കിടക്കുന്ന ഭാര്‍ഗവീനിലയങ്ങളായി മാറിയിരിക്കുന്നു. വയലിന്റെ പടിഞ്ഞാറുവശത്തായി ചിരുത വല്യമ്മയുടെ ഓലപ്പുര കിടന്നിടത്ത് ഇപ്പോള്‍ വെറും തരിശുഭൂമി. പണ്ട് ഞാന്‍ മംഗലാപുരത്ത് പഠിക്കാന്‍ പോയകാലത്ത് അവധിക്ക് നാട്ടിലെത്തുമ്പോള്‍ ഇവിടുന്ന് ഒരു വിളിയുണ്ട്. 'മോള്‍ട്ടിയെ.... ഇങ്ങോട്ട് പോര്.. നല്ല കാപ്പി കുടിച്ചിട്ട് പോകാം'. കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ മൂപ്പത്തിയുടെ വീട്ടിലേക്ക് ഒറ്റ ഓട്ടാ.... ആരോ നേരത്തെ പറഞ്ഞേല്‍പ്പിച്ചതു പോലെ ഞാന്‍ വരുന്ന ദിവസങ്ങളില്‍ ചക്കര കാപ്പിയും, പപ്പടവടയും അവിടെ പതിവായിരുന്നു.
Also Read
വയല്‍ കടന്ന് തറവാട്ടിലേക്ക് കുറഞ്ഞത് 200 മീറ്റര്‍ നടക്കാനുണ്ട്. നടവഴിയുടെ ഇരുവശങ്ങളിലായി പടുകൂറ്റന്‍ മരങ്ങളുടെ ഒരു നിര തന്നെയുണ്ട്. അവയുടെ വേരുകള്‍ കെട്ടിപിണഞ്ഞു കിടക്കുന്ന പാമ്പുകളെ പോലെ തോന്നിക്കും. പലതും നീര്‍മാതളപ്പൂക്കള്‍ പൊഴിക്കുന്നവയാണ്. നിര്‍മ്മാതളപ്പൂക്കളുടെ ഒരു പരവതാനി തന്നെ എനിക്കായി പ്രകൃതി ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു. നെട്ടറ്റ് 'താഴേക്ക് പൊഴിഞ്ഞ് വീഴുന്ന പൂക്കളെ... നിങ്ങളെപ്പോലെ നെട്ടറ്റ് വീഴാന്‍ ആയിരിക്കുന്നു ഞാനും...' പടുകൂറ്റന്‍ മരങ്ങള്‍ക്കിടയില്‍ തറവാട് വക ഒരു കാവുണ്ട്. നാഗമാണ് പ്രതിഷ്ഠ. പണ്ടത്തെ ആ പത്തുവയസ്സുകാരിയുടെ ഏറ്റവും വലിയ പേടിയായിരുന്നു ഈ ഇടവഴിയിലൂടെയുള്ള നടപ്പ്. അതിന് കാരണക്കാരിയായ ഒരാള്‍ വീട്ടില്‍ തന്നെയുണ്ട്. വേറെ ആര്? മുത്തശ്ശി തന്നെ. കഥ പറച്ചില്‍ മൂപ്പത്തിയാരുടെ ഒരു ശീലമായിരുന്നു. പ്രത്യേകിച്ചും കുട്ടിയോളെ പേടിപ്പിക്കുന്ന ഓരോ കെട്ടുകഥകള്‍.
തറവാട്ട് മുറ്റത്തേക്കുള്ള പടിക്കെട്ടുകള്‍ പകുതിയോളം പൊട്ടിപ്പൊളിഞ്ഞ് പൂപ്പല്‍ പിടിച്ചുകിടക്കുന്നു. മുറ്റം മുഴുവന്‍ പുല്ല് നിറഞ്ഞിട്ടുണ്ട്. മുറ്റത്തെത്തിയതും എന്റെ കണ്ണുകള്‍ ആദ്യം ഓടിയെത്തിയത് അടുക്കള കോലായിലേക്ക് ആയിരുന്നു. അടുക്കളയുടെ തിണ്ണയോട് ചേര്‍ന്നുള്ള പടിക്കെട്ടില്‍ ഒരു പാവാടക്കാരിയുടെ വരവ് കണ്ടു പുഞ്ചിരിച്ചു നില്‍ക്കുന്ന രണ്ടു കണ്ണുകള്‍ ഉണ്ടായിരുന്നു. എന്നിട്ട് അകത്തേക്ക് നോക്കി ഒരു വിളിച്ചു പറയലാണ് 'നോക്കൂ... കുട്ടികളൊക്കെ വന്നുട്ടോ...'അപ്പോള്‍ അകത്തുനിന്ന് ഒരു കണിശക്കാരന്റെ വരവുണ്ട്. മുത്തശ്ശനും മുത്തശ്ശിയുമാണ്.
ഓണക്കാലമോ വേനല്‍ക്കാല അവധിയോ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. കുട്ടിയോളും അച്ഛനമ്മമാരും കൂടി തറവാട്ടില്‍ ഒരു ബഹളം തന്നെയാണ്. മുത്തശ്ശിക്ക് വല്ലാത്തൊരു കൈപ്പുണ്യമാണ്. എന്തുണ്ടാക്കിയാലും ഒരു പ്രത്യേക രുചി. മുത്തശ്ശിയുടെ 'ദോശയ്ക്ക്' എന്തെന്നില്ലാത്ത സ്വാദാണ്. ജീവിതത്തില്‍ പിന്നീടൊരിക്കലും ഒരു ഭക്ഷണം കഴിച്ചപ്പോഴും എനിക്ക് ആ സ്വാദ് കിട്ടിയിട്ടില്ല. ഇന്ന് പലപ്പോഴും മുത്തശ്ശിയെ കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം നാവിലേക്ക് ഓടിയെത്തുക ആ കൈ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണത്തിന്റെ സ്വാദ് തന്നെയാണ്.
മുത്തശ്ശന്റെ കൂടെ കടയിലേക്കുള്ള പോക്ക് എനിക്ക് പതിവായിരുന്നു. ശ്വാസംപിടിച്ച് കണിശക്കാരനായി നടക്കുന്ന മൂപ്പര്‍ക്ക് ശരിക്കും കുഞ്ഞുങ്ങളുടെ മനസ്സാണ്. വീണുപോകാതിരിക്കാന്‍ എന്റെ കൈകള്‍ മുറുക്കിപ്പിടിച്ചുള്ള നടപ്പാണ് എനിക്ക് ഏറ്റവും ഇഷ്ടം. മറ്റേതു കൈകള്‍ പിടിച്ചപ്പോഴും അത്രത്തോളം സുരക്ഷിതത്വം എനിക്ക് തോന്നിയിട്ടില്ല. അവധി കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ 'ആരോടും പറയണ്ട ന്റെ കുട്ടി വെച്ചോ...' എന്ന് പറഞ്ഞ് മുത്തശ്ശി മടിക്കുത്തില്‍ നിന്ന് ഒരു പഴയ പത്തിന്റെ നോട്ട് കയ്യില്‍ വച്ചുതരും. ചുരുട്ടിപ്പിടിച്ച പത്തു രൂപ നോട്ടും കൊണ്ട് അമ്മയുടെ കയ്യും പിടിച്ച് തിരിഞ്ഞുനടക്കുമ്പോള്‍ അടുക്കള കോലായിലെ തിണ്ണയുടെ അടുത്തുള്ള പടിയിലിരുന്ന് രണ്ട് നിറകണ്ണുകള്‍ കൈ വീശുന്നുണ്ടാകും. 'ഇനി എന്നാ ന്റെ... കുട്ടി വരുക...' നുള്ള ചോദ്യവും.
ഉമ്മറത്ത് പത്രം വായിക്കുകയാണെന്ന് ഭാവത്തില്‍ പത്രത്തിനിടയിലൂടെ ഞങ്ങള്‍ പോകുന്നത് ഒളിഞ്ഞുനോക്കുന്ന മറ്റു രണ്ടു കണ്ണുകളും മനസ്സില്‍ മായാതെ കിടക്കുന്നു. എല്ലാം ഇന്നലെ കണ്ട പാതിരാസ്വപ്നം പോലെ. വന്ന വഴിയിലൂടെ തിരിച്ചുനടക്കുമ്പോള്‍ കയ്യില്‍ ചുരുട്ടിപ്പിടിച്ച പഴയ നോട്ടുകള്‍ ഇല്ല, അടുക്കള കോലായില്‍ നിന്നും നോക്കി നില്‍ക്കുന്ന നിറകണ്ണുകള്‍ ഇല്ല, പത്രത്തിനിടയിലൂടെ പാര്‍ത്തുനോക്കുന്ന കണിശക്കാരന്‍ ഇല്ല, വേനല്‍ അവധിക്കാലത്തെ കളിവീടില്ല, മുത്തശ്ശിയുടെ ദോശയില്ല, ആ പത്തു വയസ്സുള്ള പാവാടക്കാരി മാത്രം ബാക്കി. അവള്‍ക്കായി പൊഴിയുന്ന നീര്‍മാതള പൂക്കളും.
Content Highlights: neermathalam short story by achukrishna
Published: 21 Jun 2024, 04:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented