കുഞ്ഞായിരിക്കെ പരമ്പരാഗത ക്ലാസ് മുറി അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ഏറെ ബുദ്ധിമുട്ടിയ വ്യക്തയായിരുന്നു തോമസ് ആൽവാ എഡിസൺ. ലോകത്തെ മാറ്റിമറിച്ച ആയിരക്കണക്കിന് കണ്ടുപിടിത്തങ്ങൾക്ക് കാരണക്കാരനായ അമേരിക്കൻ ശാസ്ത്രജ്ഞൻ. പഠനകാലത്ത് പലപ്പോഴും അധ്യാപകർക്ക് അദ്ദേഹത്തെ മനസ്സിലാക്കാനും ഉൾക്കൊള്ളാനും കഴിഞ്ഞിരുന്നില്ല. എഡിസണിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഒരു കഥയിങ്ങനെയാണ്. ഒരു ദിവസം എഡിസൺ സ്കൂളിൽ നിന്ന് വീട്ടിലെത്തിയത് അധ്യാപകന്റെ കത്തുമായിട്ടാണ്. എന്നിട്ട് അമ്മ നാൻസി എഡിസണിനോട് പറഞ്ഞു, "അമ്മേ, ടീച്ചർ എനിക്ക് ഈ കടലാസ് തന്നിട്ട് പറഞ്ഞു, ഇത് നിങ്ങൾ മാത്രമേ വായിക്കാവൂ എന്ന്. ഇതിൽ എന്താണ് എഴുതിയിരിക്കുന്നത്?"

അമ്മ കത്ത് നിശബ്ദമായി വായിച്ചു. അവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു-"നിങ്ങളുടെ മകൻ ഒരു പ്രതിഭയാണ്. ഈ സ്കൂൾ അവന് വളരെ ചെറുതാണ്, അവനെ പരിശീലിപ്പിക്കാൻ കഴിവുള്ള അധ്യാപകർ ഇവിടെയില്ല. ദയവായി അവനെ സ്വയം പഠിപ്പിക്കുക."-അമ്മ ഉറക്കെ വായിച്ചു. ശേഷം മകനെയവർ വീട്ടിൽ തന്നെ പഠിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. ആ ദിനങ്ങൾ കടന്നുപോയി. അമ്മ മരിച്ച് വർഷങ്ങൾക്ക് ശേഷം, എഡിസൺ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടുത്തക്കാരിൽ ഒരാളായി മാറി. ഇലക്ട്രിക് ബൾബ്, ഫോണോഗ്രാഫ്, ആശയവിനിമയ സാങ്കേതികവിദ്യയിലെ സംഭാവനകൾ എന്നിവയടക്കമുള്ള കണ്ടുപിടിത്തങ്ങളിലൂടെ ആധുനിക ജീവിതത്തെ മാറ്റിമറിച്ച വ്യക്തിയായി.

പിന്നീട് എഡിസണ് പഴയ അലമാരയിൽ നിന്ന്, ആ കത്ത് കിട്ടി, അദ്ദേഹമത് തുറന്നുനോക്കുകയും ചെയ്തു. കത്തിൽ എഴുതിയ യഥാർഥ സന്ദേശം അപ്പോഴാണത്രേ എഡിസണ് മനസ്സിലായത്. "നിങ്ങളുടെ മകന് മാനസിക വൈകല്യമുണ്ട്. ഞങ്ങളുടെ സ്കൂളിൽ ഇനി അവനെ തുടരാൻ അനുവദിക്കാനാവില്ല. അവനെ പുറത്താക്കിയിരിക്കുന്നു."-എന്നായിരുന്നു അതിലെഴുതിയത്.

"തോമസ് എ. എഡിസൺ മാനസിക വൈകല്യമുള്ള ഒരു കുട്ടിയായിരുന്നു, അവന്റെ അമ്മയാണ് അവനെ നൂറ്റാണ്ടിലെ പ്രതിഭയാക്കി മാറ്റിയത്."- എന്ന് എഡിസൺ ഡയറിയിൽ കുറിച്ചിട്ടുമുണ്ട്.

അതേസമയം, ഇങ്ങനെയൊരു കത്തിന്റെ കാര്യം ചരിത്രപരമായി സ്ഥിരീകരിച്ചിട്ടില്ല. സ്കൂളിൽ ടീച്ചർ തന്നെപ്പറ്റി മോശമായി സംസാരിക്കുന്നത് ഒരിക്കൽ എഡിസൺ കേട്ടെന്നും ഏറെ വിഷമിച്ച മകനെ അമ്മ സ്കൂളിൽ നിന്ന് കൊണ്ടുവന്ന് സ്വന്തം നിലയിൽ പഠിപ്പിച്ചെന്നും ചില സോഴ്സുകൾ പറയുന്നു. ശക്തമായാണ് ആ സമയത്ത് അമ്മ മകനെ പ്രതിരോധിച്ചത്. തന്നെ പരുവപ്പെടുത്തിയത് അമ്മയാണെന്ന് എഡിസണും പറഞ്ഞിട്ടുണ്ട്. 

അധ്യാപകൻ വൈകല്യമുണ്ടെന്ന് പറഞ്ഞുവിട്ട ആ വിദ്യാർഥിയെ, പല മഹത്തായ കണ്ടുപിടിത്തങ്ങളിലേക്കും നയിച്ചത് ആ അമ്മയുടെ കൃത്യസമയത്തുള്ള ഇടപെടലും പ്രോത്സാഹനവും തന്നെയായിരിക്കും. സമൂഹത്തിന്റെ വിധിനിർണ്ണയം മകന്റെ ഭാവിയെ നിർവചിക്കാൻ നാൻസി എഡിസൺ അനുവദിച്ചില്ല എന്നതാണ് സത്യം. അവന്റെ ദൗർബല്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, അവനില ജിജ്ഞാസയും ഭാവനയും അവർ തിരിച്ചറിഞ്ഞു. ഒരു അമ്മയുടെ വിശ്വാസത്തിന് ഒരു കുട്ടിയുടെ ഭാവിയെ എത്രത്തോളം സ്വാധീനിക്കാൻ കഴിയുമെന്നതു തന്നെയാണ് എഡിസന്റെ ജീവിതത്തിൽ കണ്ടത്. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi