പത്തൊമ്പതുകാരിയായ കാതറീന്‍. അമ്പത്തിമൂന്നുകാരനായ ഹാന്‍സ്. പ്രണയത്തിന്റെ ഒരേകകത്തിനും അളക്കാനാകാത്തത്ര വ്യാപ്തിയുള്ള വിക്ഷുബ്ധമായൊരു ബന്ധത്തിലേക്ക് അവര്‍ കൂപ്പുകുത്തിയത് വളരെ വേഗത്തിലായിരുന്നു. വിദ്യാര്‍ഥിനിയാണ് കാതറീന്‍. ഹാന്‍സ് വിവാഹിതനായ എഴുത്തുകാരനും. അവരുടെ പ്രണയകഥ പറഞ്ഞ നോവല്‍ ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് നേടിയിരിക്കുന്നു. നോവലിന്റെ പേര് കെയ്‌റോസ്. ജര്‍മന്‍ നോവലിസ്റ്റ് ജെനി എപെന്‍ബെക്കിന്റേതാണ് രചന. ജര്‍മന്‍ ഭാഷയില്‍ എഴുതപ്പെട്ട നോവലിന്റെ വിവര്‍ത്തകന്‍ മൈക്കല്‍ ഹോഫ്മാന്‍. 

To advertise here,

പ്രണയത്തിന്റെ സങ്കീര്‍ണതകളിലൂടെ ചരിത്ര പശ്ചാത്തലത്തിലൊരു സഞ്ചാരം കൂടിയാണ് നോവല്‍. കിഴക്കന്‍ ജര്‍മനിയുടെ ചരിത്രത്തിലേക്കും അതിന്റെ കലാസാംസ്‌കാരിക സാഹിത്യ മേഖലകളിലേക്കും നോവല്‍ കടക്കുന്നു. മനോഹരമായ ഭാഷയില്‍ പ്രണയത്തെയും വിഭജനത്തിന്റെ രാഷ്ട്രീയത്തെയും അത് വരച്ചുകാട്ടുന്നു. പ്രതീക്ഷയുടെയും പ്രതീക്ഷാനഷ്ടത്തിന്റെയും ഇടയിലുള്ള നേര്‍ത്ത നൂല്‍രേഖയിലൂടെയുള്ള
യാത്രയായത് മനസ്സില്‍ പതിയും. 

1986-ല്‍ കിഴക്കന്‍ ജര്‍മനിയില്‍ ഒരു ബസ്സില്‍ വച്ച് ആകസ്മികമായാണ് കാതറീനും ഹാന്‍സും കണ്ടുമുട്ടുന്നത്. കലയിലും സംഗീതത്തിലുമുള്ള അഗാധമായ താത്പര്യം അവരുടെ പ്രണയത്തിന് ഇന്ധനമേകുന്നു. പക്ഷേ, ബന്ധങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ബന്ധനങ്ങളുടെ കെട്ടുപാടുകള്‍ വൈകാതെ അവരെ വരിഞ്ഞുതുടങ്ങുന്നു. പ്രണയത്തിന്റെ കയറ്റിറക്കങ്ങളിലേക്ക് ജെനി വായനക്കാരെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍ പരോക്ഷമായി അധികാരത്തിന്റെയും അധിനിവേശത്തിന്റെയും ബിംബങ്ങള്‍ വെളിപ്പെടുന്നു. കഥ പറയാന്‍ എഴുത്തുകാരി തിരഞ്ഞെടുത്തത് ബര്‍ലിന്‍ മതിലിന്റെ പതനത്തിന്റെയും ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ അവസാന നാളുകളുടെയും കാലഘട്ടമാണ്. 

ദ ഓള്‍ഡ് ചൈല്‍ഡ്, ദ ബുക്ക് ഓഫ് വേഡ്‌സ്, വിസിറ്റേഷന്‍, ദ എന്‍ഡ് ഓഫ് ഡേയ്‌സ്, ഗോ വെന്റ് ഗോണ്‍ എന്നീ വിശ്രുത രചനകള്‍ക്കുശേഷം ജെനി എഴുതിയ കൃതിയാണിത്. മുപ്പതോളം ഭാഷകളിലേക്ക് ഇതിനോടകം അവരുടെ രചനകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടുകഴിഞ്ഞു. ഓപ്പറ സംവിധായകയായ ജെനി സാഹിത്യത്തിലും മ്യൂസിക് തിയേറ്ററിലും ഒരുപോലെ പ്രതിഭ തെളിയിച്ചു. ഫിസിസിസ്റ്റും തത്വചിന്തകനും എഴുത്തുകാരനുമായ ജോണ്‍ എപന്‍ബെക്കിന്റെയും അറബിക് വിവര്‍ത്തകയായ ഡോറിസ് കിലിയാസിന്റെയും മകളാണ് ജെനി. ബുക്ക് ബൈന്‍ഡറായും നാടകസംഘങ്ങളിലെ വാര്‍ഡ്രോബ് സൂപ്പര്‍വൈസറായും ജോലി നോക്കി. തിയേറ്റര്‍ പഠനശേഷം മ്യൂസിക് തിയേറ്റര്‍ സംവിധാനത്തിലേക്ക് കടന്നു. അവരുടെ രചനകളിലും അടിമുടി സംഗീതം നിറഞ്ഞുനില്‍ക്കുന്നു.

ഇന്റര്‍നാഷണല്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ജര്‍മന്‍ എഴുത്തുകാരിയാണ് ഇവര്‍.  ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട 149 നോവലുകളുമായി മത്സരിച്ചാണ് കെയ്‌റോസ് ഒന്നാമതെത്തിയത്.