കുട്ടികളിലെ വിഷാദം പ്രധാന പൊതുജനാരോഗ്യപ്രശ്നമാണ്. അത് ഭാവിയിലെ അവരുടെ ജീവിതത്തെപ്പോലും ബാധിക്കുന്ന വിധം അപകടകരമാണ്. പല കുട്ടികളും ശ്രദ്ധ ആവശ്യമുള്ള തോതില്‍, നീണ്ടുനില്‍ക്കുന്ന സങ്കടം, നിരാശ, ഉള്‍വലിയല്‍ എന്നിവ അനുഭവിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മുതിര്‍ന്നവരില്‍ എന്നപോലെ തുടര്‍ച്ചയായി രണ്ടാഴ്ചയോ അതിലധികമോ നീണ്ടു നില്‍ക്കുന്ന സങ്കടം, ഒന്നിലും താത്പര്യമില്ലായ്മ, ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള പെരുമാറ്റ വ്യതിയാനങ്ങള്‍ എന്നീ ലക്ഷണങ്ങളോടുകൂടിയ മാനസിക രോഗാവസ്ഥ തന്നെയാണ് കുട്ടികളിലെ വിഷാദവും.

കുട്ടികളിലെ വിഷാദം തിരിച്ചറിയുക അത്ര എളുപ്പമല്ല, കാരണം അവര്‍ കാണിക്കുന്ന ലക്ഷണങ്ങള്‍ മിക്കതും ആ പ്രായത്തിലുള്ള കുട്ടികളുടെ വളര്‍ച്ചാ ഘട്ടങ്ങളില്‍ ഉണ്ടാകുന്ന ചില സ്വാഭാവിക മാറ്റങ്ങള്‍ക്ക് സമാനമായിരിക്കും. കുട്ടികള്‍ക്ക് അവരുടെ വികാരങ്ങള്‍ വിവരിക്കാന്‍ കൃത്യമായി കഴിയണമെന്നില്ല. പകരം, പെരുമാറ്റപ്രശ്നങ്ങള്‍, പഠനനിലവാരത്തിലെ മാറ്റങ്ങള്‍, കളിയില്‍ നിന്ന് വിട്ടുനില്‍ക്കല്‍, വയറുവേദന അല്ലെങ്കില്‍ തലവേദന പോലുള്ള വിശദീകരിക്കാനാകാത്ത ശാരീരിക വിഷമതകള്‍ എന്നിവയിലൂടെയാവും അവര്‍ തങ്ങളുടെ അസ്വസ്ഥത പ്രകടിപ്പിക്കുന്നത്.

ഇത്തരത്തില്‍ നീണ്ടുനില്‍ക്കുന്നതും തീവ്രവുമായ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം:

  • ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്ന സങ്കടമോ ദേഷ്യമോ.
  • കളി, പഠനം, സ്‌കൂളില്‍ പോകല്‍, ഹോബികള്‍ എന്നിവയില്‍ താത്പര്യമോ, സന്തോഷമോ നഷ്ടപ്പെടുക.
  • കൂട്ടുകാരില്‍ നിന്നും വീട്ടുകാരില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കല്‍, ഒറ്റക്കിരിക്കാനുള്ള താത്പര്യം.
  • അമിതഭക്ഷണം, അല്ലെങ്കില്‍ വിശപ്പില്ലായ്മ, കൂടുതല്‍ ഉറക്കമോ ഉറക്കമില്ലായ്മയോ പോലെ ശീലങ്ങളിലുള്ള മാറ്റങ്ങള്‍.
  • മതിയായ വിശ്രമത്തിനു ശേഷവും ഊര്‍ജസ്വലത ഇല്ലായ്മയോ ക്ഷീണമോ അനുഭവപ്പെടുക.
  • പഠന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍, ശ്രദ്ധകേന്ദ്രീകരിക്കുന്നതിനോ തീരുമാനങ്ങള്‍ എടുക്കുന്നതിനോ ബുദ്ധിമുട്ട്.
  • ആര്‍ക്കും എന്നെ ഇഷ്ടമല്ല എന്ന തോന്നല്‍, കുറ്റബോധം അല്ലെങ്കില്‍ നിരാശ.
  • നീണ്ടുനില്‍ക്കുന്ന തലവേദന, വയറുവേദന, തുടങ്ങി കൃത്യമായ കാരണങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്ത ശാരീരിക പരാതികള്‍.
  • തീവ്രമായ വിഷാദം ഉണ്ടെങ്കില്‍ ജീവിക്കേണ്ട, മരിക്കണം എന്നുള്ള തോന്നലുകളും സ്വയം ഉപദ്രവിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകളും പ്രവര്‍ത്തികളും കണ്ടേക്കാം.

എല്ലാ കുട്ടികളിലും വിഷാദരോഗ ലക്ഷണങ്ങള്‍ സമാനമായല്ല പ്രകടമാവുക. ചെറിയ കുട്ടികള്‍ മേല്പറഞ്ഞ ലക്ഷണങ്ങള്‍ക്ക് പകരം ചിലപ്പോള്‍ അച്ഛനമ്മമാരോട് കൂടുതല്‍ പറ്റിപ്പിടിക്കുകയോ, പരാതി പറയുകയോ, കിടക്കയില്‍ മൂത്രമൊഴിക്കുന്നത് പോലുള്ള സ്വഭാവങ്ങള്‍ കാണിക്കുകയോ ചെയ്തേക്കാം. മുതിര്‍ന്ന കുട്ടികളും കൗമാരക്കാരും അപകടസാധ്യതയുള്ള പെരുമാറ്റങ്ങള്‍, ആക്രമണോത്സുകത അല്ലെങ്കില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ കാണിച്ചേക്കാം.

കാരണങ്ങളും അപകടഘടകങ്ങളും

കുട്ടികളിലെ വിഷാദരോഗത്തിന് ഒരു പ്രത്യകമായ കാരണം ഇന്നും കണ്ടെത്തിയിട്ടില്ല. ജൈവശാസ്ത്രപരവും മനഃശാസ്ത്രപരവും പാരിസ്ഥിതികവുമായ നിരവധി ഘടകങ്ങള്‍ ഇതിനുപിന്നിലുണ്ട്.

1.ജൈവ ശാസ്ത്രപരമായ ഘടകങ്ങള്‍

പാരമ്പര്യത്തില്‍ ആര്‍ക്കെങ്കിലും വിഷാദരോഗമോ മറ്റ് മാനസികാരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കില്‍ അത്തരക്കാര്‍ക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന രാസവസ്തുക്കളുടെ അളവില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും വിഷാദരോഗം വരാനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കാം.

2.മനഃശാസ്ത്രപരമായ ഘടകങ്ങള്‍

ആത്മാഭിമാനക്കുറവ്, ആത്മവിശ്വാസം ഇല്ലായ്മ, ഉള്‍വലിഞ്ഞ പ്രകൃതം, സഹായം തേടാന്‍ മടി, സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവില്ലായ്മ എന്നിവ കുട്ടികളെ കൂടുതല്‍ ദുര്‍ബലരാക്കും.

3.പാരിസ്ഥിതിക ഘടകങ്ങള്‍

കുടുംബത്തിലെ സംഘര്‍ഷങ്ങള്‍, മാതാപിതാക്കളുടെ വേര്‍പിരിയല്‍, രക്ഷിതാക്കളുടെ ലഹരി ഉപയോഗം, സ്‌കൂളില്‍ നിന്നും മറ്റുമുള്ള ഒറ്റപ്പെടുത്തലോ, കളിയാക്കലുകളോ, പഠന സമ്മര്‍ദ്ദം അല്ലെങ്കില്‍ അവഗണന എന്നിവ കുട്ടികളില്‍ വിഷാദരോഗത്തിന് കാരണമായേക്കാം.

4.ആഘാതങ്ങളും അനുഭവങ്ങളും

ശാരീരികമോ വൈകാരികമോ ലൈംഗികമോ ആയ ദുരുപയോഗം, മാതാപിതാക്കളില്‍ ഒരാളെ നഷ്ടപ്പെടല്‍, അല്ലെങ്കില്‍ അക്രമത്തിന് സാക്ഷ്യം വഹിക്കുന്നത് എന്നിവയും കാരണമാകും.

5.വിട്ടുമാറാത്ത രോഗവും വൈകല്യവും

ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികള്‍ പലപ്പോഴും ഒറ്റപ്പെടലും സങ്കടവും അനുഭവിക്കുന്നുണ്ട്. ഇത് പലപ്പോഴും അവരെ വിഷാദത്തിലേക്ക് നയിച്ചേക്കാം.

നേരത്തെ കണ്ടെത്താം

യഥാസമയം കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ കുട്ടിക്കാലത്തെ വിഷാദം ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇത് കുട്ടിയുടെ പഠനം, സൗഹൃദങ്ങള്‍, ആത്മവിശ്വാസം എന്നിവയെ പ്രതികൂലമായി ബാധിക്കും. വിഷാദരോഗികളായ കുട്ടികള്‍ക്ക് സമപ്രായക്കാരുമായുള്ള ഇടപെടലുകളിലും സൗഹൃദങ്ങളിലും പ്രശ്‌നങ്ങളുണ്ടാവാം. അപകടകരമായ പെരുമാറ്റങ്ങളും സ്വഭാവവും ഇത്തരം കുട്ടികളില്‍ കാണപ്പെടാറുണ്ട്. പഠനപരമായ ബുദ്ധിമുട്ടുകളും ഈ കുട്ടികളില്‍ സാധാരണമാണ്.

വിഷാദ രോഗത്തിന് കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരിക്കുന്നത് രോഗം ആവര്‍ത്തിച്ചു വരുന്നതിനു കാരണമായേക്കാം. കൂടാതെ, ഉത്കണ്ഠ, ലഹരിവസ്തുക്കളുടെ ദുരുപയോഗം, കൗമാരത്തിലും യൗവനത്തിലുമുള്ള ആത്മഹത്യാപ്രവണതകള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. അതിനാല്‍, നേരത്തെയുള്ള കണ്ടെത്തലും ചികിത്സയും ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രശ്നങ്ങള്‍ തടയുന്നതിന് വളരെ പ്രധാനമാണ്.

രോഗനിര്‍ണയവും ചികിത്സയും

കുട്ടികളിലെ വിഷാദരോഗം നിര്‍ണ്ണയിക്കുന്നതിന്, ചൈല്‍ഡ് സൈക്യാട്രിസ്റ്റുകള്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍ അല്ലെങ്കില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ തുടങ്ങിയ മാനസികാരോഗ്യ വിദഗ്ധരുടെ ശ്രദ്ധാപൂര്‍വ്വമായ വിലയിരുത്തല്‍ ആവശ്യമാണ്. ഇതിനായി കുട്ടി, മാതാപിതാക്കള്‍, അധ്യാപകര്‍ എന്നിവരുമായുള്ള വിശദമായ കൂടിക്കാഴ്ചകളും ചര്‍ച്ചകളും ആവശ്യമാണ്. .

1.മനശ്ശാസ്ത്ര ചികിത്സകള്‍

സൈക്കോതെറാപ്പി: ഇതില്‍ പരിശീലനം സിദ്ധിച്ച മാനസികാരോഗ്യ വിദഗ്ധര്‍ കുട്ടികളോട് സൗഹൃദം സ്ഥാപിച്ച ശേഷം അവരുടെ ചിന്തകളിലും പെരുമാറ്റത്തിലുമുള്ള പ്രത്യേകതകള്‍ മനസിലാക്കാന്‍ സഹായിക്കുന്നു. ഉദാഹരണത്തിന് കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയില്‍ (CBT) കുട്ടികളെ നെഗറ്റീവ് ചിന്താ രീതികള്‍ തിരിച്ചറിയാനും മാറ്റാനും സഹായിക്കുന്നു.

പ്ലേ തെറാപ്പി: കളി ഒരു മാധ്യമമായി സ്വീകരിച്ച് ചെറിയ കുട്ടികളുടെ മനസിലെ അസ്വസ്ഥതകളെ മനസിലാക്കി പരിഹരിക്കാന്‍ സഹായിക്കുന്ന രീതിയാണിത്.

ഫാമിലി തെറാപ്പി: ഇതിലൂടെ രോഗാവസ്ഥയെ കുറിച്ചും ചികിത്സയെ കുറിച്ചും അറിവുകള്‍ നല്‍കുകയും കുടുംബത്തിലെ ആശയവിനിമയ പ്രശ്നങ്ങള്‍ പരിഹരിക്കുകയും കുടുംബ പിന്തുണ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

2.മരുന്നുപയോഗിച്ചുള്ള ചികിത്സ

രോഗ ലക്ഷണങ്ങളുടെ സ്വഭാവം അനുസരിച്ചാണ് മരുന്നുപയോഗിച്ച് ചികിത്സിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഗൗരവമേറിയതോ തീവ്രമായതോ ആയ രോഗലക്ഷണങ്ങളില്‍ സാധാരണയായി തെറാപ്പിക്കൊപ്പം, ആന്റിഡിപ്രസന്റ് മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെടാം. പരിശീലനം സിദ്ധിച്ച മനോരോഗവിദഗ്ദ്ധന്റെ മേല്‍നോട്ടത്തില്‍ നിര്‍ദേശാനുസരണം മരുന്നുകള്‍ കഴിക്കുന്നത് പാര്‍ശ്വ ഫലങ്ങള്‍ ഒഴിവാക്കുന്നതിനും ഫലപ്രാപ്തി ഉറപ്പാക്കുന്നതിനും സഹായിക്കും. 

ജീവിതശൈലി മാറ്റങ്ങള്‍

ചിട്ടയായ ജീവിതചര്യകള്‍, സമീകൃത പോഷകാഹാരം, പരിമിതമായ സ്‌ക്രീന്‍ സമയം എന്നിവ കുട്ടികളുടെ മാനസികാവസ്ഥയും പ്രതിരോധശേഷിയും മെച്ചപ്പെടുത്തും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi