
ഇലക്ഷന്‍ പ്രഖ്യാപിച്ചപ്പോള്‍ തൊട്ട് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയതാണ് ഇലക്ഷന്‍ ഡ്യൂട്ടിയെ കുറിച്ച്. കഴിഞ്ഞ 12 വര്‍ഷത്തെ സര്‍വീസിന് ഇടയില്‍ എനിക്ക് ഇലക്ഷന്‍ ഡ്യൂട്ടി ഒരുതവണയാണ് നിര്‍വഹിക്കാന്‍ പറ്റിയത്. എല്ലായ്‌പ്പോഴും ലിസ്റ്റില്‍ പേര് വരുമെങ്കിലും അപേക്ഷ കൊടുത്ത് ഒഴിവാക്കുകയാണ് പതിവ്. ഇപ്രാവശ്യം അതിന് കഴിയില്ലല്ലോ എന്ന ചിന്ത എന്നെ അലട്ടാന്‍ തുടങ്ങി. പിന്നെ പ്രതീക്ഷകളായി. ലിസ്റ്റ് വരുമ്പോള്‍ എന്റെ പേരുണ്ടാവില്ല. വന്നാല്‍ത്തന്നെ ഞാന്‍ റിസര്‍വ് ആവും. ഇലക്ഷന്റെ ഡിസ്ട്രിബ്യൂഷന്‍ സെന്ററില്‍ ചെല്ലുമ്പോള്‍ ഞാന്‍ റിസര്‍വ് ആവും... എന്നൊക്കെ ചിന്തിച്ച് ആശ്വസിച്ചുതുടങ്ങി.
ലിസ്റ്റ് വന്നപ്പോള്‍ അതാ തുടക്കത്തില്‍ തന്നെ എന്റെ പേര്. തൊട്ടടുത്ത ദിവസം തന്നെ തിരൂരങ്ങാടിയിലെ ഒന്നാമത്തെ ഇലക്ഷന്‍ ക്ലാസിനും പോയി. ലിസ്റ്റ് വരുമ്പോള്‍ ഞാനൊരു യാത്രയിലാണ്. തിരിച്ചു നാട്ടിലെത്തിയിട്ട് ടീമിലെ മറ്റംഗങ്ങളെ ഫോണില്‍ വിളിക്കാം എന്ന് തീരുമാനിച്ചു. അതിനിടെ എന്റെ ഫസ്റ്റ് പോളിങ് ഓഫീസറുടെ കോള്‍ വന്നു. ഞാന്‍ അധിക തവണയൊന്നും ഡ്യൂട്ടിക്ക് പോയിട്ടില്ല എന്നു പറഞ്ഞപ്പോള്‍ അവര്‍ക്ക് അല്പം പരിഭ്രമം തോന്നി. നമുക്ക് ഒരുമിച്ച് പഠിക്കാം, ഡ്യൂട്ടി സുഗമമാക്കാം എന്നൊക്കെ പറഞ്ഞ് ആ പരിഭ്രമം ഞാന്‍ അലിയിച്ചു. നാട്ടിലെത്തിയതിനു ശേഷം സെക്കന്‍ഡ് പോളിങ് ഓഫീസറെയും തേര്‍ഡ് പോളിങ് ഓഫീസറെയും ഫോണില്‍ വിളിച്ചു. രണ്ടാമത്തെ ഇലക്ഷന്‍ ക്ലാസിലാണ് ഞങ്ങള്‍ നേരിട്ട് കാണുന്നത്. ഒരു ഗ്രൂപ്പ് ഉണ്ടാക്കി പ്രധാനപ്പെട്ട വീഡിയോകളും മറ്റും ഞങ്ങള്‍ പങ്കുവച്ചുതുടങ്ങി.
നിലമ്പൂരില്‍ നിന്നുള്ള ഫസ്റ്റ് പോളിങ് ഉദ്യോഗസ്ഥയായ ഫിജിമോള്‍ എനിക്കുമുന്നേ തിരൂരങ്ങാടി എത്തി. ശ്യാമള ടീച്ചറും ദിവ്യ ടീച്ചറും കൂടി ചേര്‍ന്നതോടെ ഞങ്ങളുടെ ടീം പൂര്‍ത്തിയായി. കടലുണ്ടിയിലാണ് ഡ്യൂട്ടി. പോളിങ് സാമഗ്രികള്‍ ശേഖരിച്ചു. ഇലക്ഷന്‍ ഡ്യൂട്ടി നമുക്ക് പൊളിക്കണം എന്നുറപ്പിച്ച് ഞങ്ങള്‍ നാലുപേരും ബസ്സില്‍ കയറിയിരുന്നു. സ്ത്രീകളുടെ മാത്രം ടീം എന്ന നിലയില്‍ എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.
കടലിനോട് ചേര്‍ന്ന് ഇലക്ഷന്‍ ബൂത്ത്. ഞങ്ങള്‍ കാര്യങ്ങളെല്ലാം ചിട്ടപ്പെടുത്തി. ചെറിയ ചെറിയ കാര്യങ്ങള്‍ പോലും സമയമെടുത്ത് ശ്രദ്ധയോടെ ചെയ്തു. രാത്രി വൈകുവോളം ഞങ്ങള്‍ തിരക്കിലായിരുന്നു. അതികഠിനമായ ചൂട്. ഒരു ഫാനും കുടിവെള്ളവും ഞങ്ങള്‍ക്ക് നിര്‍ബന്ധമായും വേണമെന്ന എന്റെ വാശി ജയിച്ചു. ഞങ്ങളോടൊത്ത് നില്‍ക്കുന്ന പോലീസ് ഓഫീസര്‍ റിയാസ്, ഒരു വീട്ടില്‍ ബാത്‌റൂം സൗകര്യം ഏര്‍പ്പെടുത്തിത്തന്നു. അത് ഉപകാരമായി.
രാത്രിഭക്ഷണത്തിനുശേഷം പോളിങ് സാമഗ്രികളോടൊപ്പം ഞങ്ങള്‍ നാല്‍വര്‍സംഘം അവിടെത്തന്നെ കിടന്നു. പുലര്‍ച്ച നാലുമണിക്ക് എഴുന്നേറ്റ് തയ്യാറായി. 5 മണിക്ക് മെഷീനുകള്‍ സജ്ജമാക്കിത്തുടങ്ങി. അതെല്ലാം കൃത്യമായി വന്നപ്പോള്‍ തന്നെ ആശ്വാസം തോന്നി.
ഏഴുമണിക്ക് വോട്ടിങ് ആരംഭിച്ചു. അപ്പോഴേക്ക് പത്തുപതിനഞ്ചുപേര്‍ ക്യൂവില്‍ ഉണ്ടായിരുന്നു. തുടക്കം സുഗമമായി. ക്യൂ ഇല്ലാതെ തന്നെ കാര്യങ്ങള്‍ ഞങ്ങള്‍ മുന്നോട്ട് നീക്കി. ഏഴുമണിമുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ശ്വാസം എടുക്കാനുള്ള സമയം പോലും ഞങ്ങള്‍ക്ക് കിട്ടിയില്ല. എന്നാലും ഞങ്ങള്‍ സന്തുഷ്ടരായിരുന്നു. ഒരുമയുടെ സന്തോഷം. ഉച്ചവെയിലിനെ തുണിപ്പന്തല്‍ കെട്ടി റിയാസ് മറച്ചു. എസ്.പി.ഒ. മാരായ വിഷ്ണുപ്രിയയും നിമ്മലും എന്ത് സഹായത്തിനും തയ്യാറായി ഒപ്പംനിന്നു. അഞ്ചരയോടെ പോളിങ്ങിന് ക്യൂ ഇല്ലാതായി. ആറുമണിക്ക് ഗേറ്റ് പൂട്ടുമ്പോള്‍ വോട്ട് അവസാനിച്ചു.
മെഷീനുകള്‍ എല്ലാം സീല്‍ ചെയ്തശേഷം പേപ്പറുകള്‍ കവറില്‍ ആക്കുന്നതിന് ദിവ്യ ടീച്ചര്‍ നേതൃത്വം നല്‍കി. ഞങ്ങള്‍ ഒരേ മനസ്സോടെ ഒരേ ടീമായി പാക്കിങ് ഏഴുമണിക്ക് മുന്‍പേ അവസാനിപ്പിച്ചു. അഞ്ച് ടീമുകള്‍ ഉള്‍പ്പെട്ട ഞങ്ങളുടെ ബസ് തിരൂരങ്ങാടി എത്താന്‍ ഏകദേശം ഒന്‍പതു മണിയായി. ഈ ഇടവേള ഞങ്ങള്‍ സെല്‍ഫി എടുത്ത് ആസ്വദിച്ചു. പിരിയുന്നതില്‍ വിങ്ങുന്ന ഹൃദയത്തോടെ എന്നാല്‍ ഡ്യൂട്ടി പൂര്‍ണ്ണമായി ചെയ്യാന്‍ പറ്റിയതിന്റെ സംതൃപ്തിയോടെ രാത്രി 10 മണിയോടുകൂടി ഞങ്ങള്‍ തിരൂരങ്ങാടിയോടു വിടപറഞ്ഞു.
Content Highlights: memories of an election duty
Published: 04 Jun 2024, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented