വയനാട്ടിൽ മുളച്ചൊരു കാവ്യസസ്യമാണ് മലയാളിക്ക് കൽപ്പറ്റ നാരായണൻ. അതിശയകരമായി തളിർത്തും പൂവിട്ടും സർഗാത്മകതയുടെ തണലൊരുക്കിയ നിത്യഹരിതവൃക്ഷം. കവിയായും നോവലിസ്റ്റായും ഉപന്യാസകാരനായും സാംസ്‌കാരിക-സാഹിത്യവിമർശകനായും അദ്ദേഹം മലയാളത്തിന്റെ ധിഷണയ്ക്ക് ഉറവകളൊരുക്കുന്നു. ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ 'കോന്തല' എന്ന പുസ്തകത്തിൽ ഓട ചീന്തി ചിന്തേരിട്ടുമെടഞ്ഞ ചെറിയ കൊട്ടകളിലും വെല്ലം പൊതിഞ്ഞുവരുന്ന കൈതോല നിവർത്തിയുണ്ടാക്കിയ പായകളിലും വരമ്പിന്റെ മിനുസത്തിലും അച്ഛന്റെ ഏകാന്തത കണ്ടതായി അദ്ദേഹം പറയുന്നുണ്ട്. എഴുതുന്ന വരി ഒരല്പം വളഞ്ഞാൽ അച്ഛൻ തന്റെ രക്തത്തിലിരുന്ന് വിമ്മിട്ടപ്പെടുന്നത് അറിയാറുണ്ടെന്നും അദ്ദേഹം അതോടുചേർത്ത് എഴുതിയിട്ടുണ്ട്. പരിപൂർണതയിലേക്കുള്ള പിഴയ്ക്കാത്ത യാത്രകളിലൂടെ അദ്ദേഹം അക്ഷരങ്ങൾക്ക് മാന്ത്രികസിദ്ധി പകർന്നു. ഓർമ്മകളെ, അനശ്വരതയുടെ സ്പർശമുള്ള സൗന്ദര്യത്തെ, അതിന്റെ ആനന്ദാനുഭൂതികളെ വിളിപ്പുറത്ത് കൊണ്ടെത്തിച്ചുതരുന്ന ദൂതരായി അദ്ദേഹത്തിന്റെ പേനത്തുമ്പിൽ അക്ഷരങ്ങൾ. കവിതകൾ, നോവലുകൾ, കഥകൾ, സൗന്ദര്യരൂപമായി ഓർമ്മകളെ ആറ്റിക്കുറുക്കിയ കുറിപ്പുകൾ, ബൗദ്ധികാനന്ദം സമ്മാനിക്കുന്ന ലേഖനങ്ങൾ... ആ കാവ്യഭാവുകത്വത്തെയും അതിന് ആഴത്തിൽ കെട്ടുറപ്പ് പകർന്ന ജീവിതത്തെയും അടുത്തറിയാനുള്ള ശ്രമമാണിത്.
ഇപ്പോഴും സ്വപ്നങ്ങളുടെ പശ്ചാത്തലം ആ പഴയ വയനാടാണോ?
അതെ. സ്വപ്നങ്ങളുടെ ലൊക്കേഷൻ മനപ്പൂർവ്വം മാറ്റാനാവില്ല. വളരെക്കാലമെടുക്കും അബോധത്തിൽ പ്രതിഷ്ഠിതമാവാൻ. സ്വപ്നമായിരിക്കാം ഭൂമിയിലെ ആദ്യ കലാസൃഷ്ടി. ഭൂതകാലത്തിൽ ചിരപ്രതിഷ്ഠ നേടിയ സ്ഥലങ്ങൾ, വ്യക്തികൾ ഒക്കെ പ്രതീകങ്ങളായി പരിവർത്തിച്ച് സ്വപ്നത്തിൽ ഇടം നേടുന്നു. വർഷങ്ങളായി വൈകുന്നേരങ്ങളിൽ ഞാൻ ചെന്നിരിക്കാറുള്ള കടപ്പുറം ഇനിയും എന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. വയനാട്ടിലെ അമ്പതുവർഷം മുമ്പത്തെ വഴുക്കലുള്ള മഴക്കാല വരമ്പുകളിൽ സ്വപ്നങ്ങളിൽ ഞാനിപ്പോളും തെന്നിവീഴുന്നു. അച്ഛനും അമ്മയും ഏട്ടനും ഓർമ്മയിൽ പതിഞ്ഞ രൂപത്തിൽ അതേ വസ്ത്രത്തിൽ സ്വപ്നത്തിൽ വരുന്നു. ടി.പി.രാജീവൻ എഴുതുന്നു:
വയൽക്കരയിലെ ഇപ്പോഴില്ലാത്ത വീട്ടിലിരുന്ന് ഞാനെഴുതുന്നു വിസ്മൃതിയിലായ സ്മൃതികൾ ഉറക്കത്തിൽ മാത്രം തുറക്കുന്ന വാതിൽ കടന്ന് സ്വപ്നത്തിലേക്ക് പ്രവേശിക്കുന്നു. സ്വപ്നം ഉറക്കത്തിൽ മാത്രമെഴുതാവുന്ന കവിതയാണ്.
കത്തിപ്പോയ വീടിനുമുന്നിൽ നിന്ന പഴയ കുട്ടിയെ ഓർമ്മയുണ്ടോ?
ഉണ്ട്. തന്റേതായ പരിഭ്രമമൊന്നും അന്നവനിൽ രൂപം കൊണ്ടിരുന്നില്ല. മറ്റുള്ളവരുടെ നിലവിളികൾ കേട്ട് ഇതിൽപ്പരമായൊന്നും ഇനി സംഭവിക്കാനില്ല എന്നവനു തോന്നിയിരിക്കണം. ഇന്നലെവരെ ഓടിക്കയറി അഭയം തേടിയ ഇടം കത്തിപ്പോയിരിക്കുന്നു. (കത്തിപ്പോയി , ചാമ്പലായി എന്നതൊക്കെ വലിയ ഉപമകളാണല്ലോ). എങ്കിലും അതുണ്ടാക്കിയ മാറ്റത്തോട് ആദ്യം പൊരുത്തപ്പെട്ടതും അവനായിരുന്നു. വീടിന് പകരം തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്നപ്പോൾ ചെരിഞ്ഞ് കിടന്ന് ആകാശവും നക്ഷത്രങ്ങളും കാണാൻ അവന് കഴിഞ്ഞു. കഴുകിത്തുടച്ചതുപോലെ തിളങ്ങുന്നുണ്ടായിരുന്നു അവ. മഴക്കാലത്തല്ല അത് സംഭവിച്ചത് എന്നത് ഒരു ടെന്റിൽ കിടക്കുന്ന സുഖവും അവന് നൽകി. ഭൗതികമായ അർഥത്തിലല്ലെങ്കിലും എല്ലാം നഷ്ടപ്പെട്ട് സ്തംഭിച്ച് നിൽക്കുന്നവന്റെ അവസ്ഥ പലകുറി അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.
ഭദ്രമെന്ന് അതുവരെ കരുതിയതിന്റെ മുന്നിൽ തകർന്നുനിന്ന അവസരങ്ങൾ. അത് സംഭവിക്കാതിരുന്നെങ്കിൽ എന്ന് തോന്നിയ സന്ദർഭങ്ങളെയെല്ലാം പ്രതിനിധാനം ചെയ്യാൻ പാകമായ ഒരു നിൽപ്പായിരുന്നു അത്. ഡിസ്റ്റർബിങ്ങ് ആയ ഇടങ്ങൾ വായനയിലും എഴുത്തിലും ഞാൻ എന്നും തേടിക്കൊണ്ടിരുന്നതിന്റെ കാരണത്തിൽ ആ നിൽപ്പുണ്ടായിരിക്കണം. പൈങ്കിളി സാഹിത്യം എന്നെ ഒരു ഘട്ടത്തിലും രസിപ്പിച്ചതുമില്ല. എത്രയാളുകൾ കത്തിയ വെളിച്ചത്തിലിരുന്നാണ്, ഞാൻ വായിക്കുന്നത്, സഞ്ചരിക്കുന്നത് എന്ന വരിയിലെ കത്തൽ ആ നിൽപ്പിൽ നിന്ന് കൊളുത്തിയതാവാം.
പണ്ടത്തെ മഴക്കാലവ്യാധികൾ ഇപ്പോഴും പിന്തുടർന്നെത്താറുണ്ടോ?
ഞാൻ വയനാട് വിടാൻ തന്നെ കാരണം മഴ തുടങ്ങിയാൽ, ആകാശം മേഘാവൃതമായാൽ ആരംഭിക്കുന്ന ആസ്ത്മയാണ്. കാലാവസ്ഥാപ്രവചന കേന്ദ്രത്തിൽ ആസ്ത്മാ രോഗികളെ പോസ്റ്റ് ചെയ്യേണ്ടതാണെന്ന് ഞാനെഴുതിയിട്ടുണ്ട്. നേരിയ കാലാവസ്ഥാവ്യതിയാനം പോലും മുൻകൂട്ടി തിരിച്ചറിയാൻ അവരുടെ ശ്വാസകോശങ്ങൾക്കാവും. വയനാട്ടിലെ മേഘാവൃതമായ ആകാശത്തിന് കീഴെ എനിക്ക് നിൽക്കക്കള്ളിയുണ്ടായില്ല. ഇവിടെ കൊയിലാണ്ടിയിൽ തെളിഞ്ഞ ആകാശത്തിന് കീഴിൽ എനിക്ക് സുഖമാണ്. സുഖം എന്ന വാക്കിന്റെ ധാത്വർഥം തന്നെ, സുഷ്ടുവിലെ ഖം, അഥവാ തെളിഞ്ഞ ആകാശമെന്നാണ്. സുഖമല്ലേ എന്ന കുശലം, തെളിഞ്ഞ ആകാശമല്ലേ എന്നാണാരായുന്നത്. ഒരാസ്ത്മാ രോഗിക്കായി പ്രത്യേകിച്ചുണ്ടാക്കിയ അഭിവാദ്യം. എനിക്കുറങ്ങാൻ ഫാൻ വേണ്ട. എ.സി. ഓൺ ചെയ്താൽ അവിടെ ഒരു വയനാട് ആവിർഭവിക്കുകയായി, ഞാൻ തുമ്മാൻ തുടങ്ങും. ഊഷ്മളമായ അനുഭവമാണ് ശീതളമായ അനുഭവങ്ങളേക്കാൾ എനിക്കിഷ്ടം. മഴക്കാലത്തേക്കാൾ വേനൽക്കാലം. തുടിയൊച്ചകൾ കൊണ്ട് കരയിട്ട വയനാട്ടിലെ വേനൽ സായാഹ്നങ്ങൾ എന്നെ ഭ്രമിപ്പിച്ചിട്ടുണ്ട്. എന്റെ വ്യാധികൾ മഴക്കാലം കാത്തിരുന്നു, എന്റെ സുഖങ്ങൾ വേനൽക്കാലവും.
ഭൂമിയിലുള്ള സകലരുമായും മുജ്ജന്മങ്ങളിൽ കടപ്പാടുണ്ടാക്കിയ അമ്മയെപ്പറ്റി?
എന്റെ 'ആശ്വാസം' എന്ന കവിത സോഷ്യൽ മീഡിയയിലൂടെ രണ്ടു ദിവസം കൊണ്ട് നാലരലക്ഷം പേരിലേക്ക് എത്തിയതായി കണ്ടു. നെടുവീർപ്പിട്ടവരാരും എന്റെ അമ്മയെ ഓർത്തല്ല നെടുവീർപ്പിട്ടത്. അവരവരുടെ അമ്മയേയോ അവരവരിലെ അമ്മയേയോ ഓർത്തിട്ട്. ഒരു മാതൃബിംബമാവാൻ അമ്മയ്ക്ക് ഇപ്പോഴും അനായാസം കഴിയുന്നു. നിരുപാധികമായ കരുതലിന്റെ ഒരു മാതൃക മറ്റാരിൽനിന്ന് രൂപം കൊള്ളും? മാതൃകയും മാതൃത്വവും ഒരു റൂട്ടിൽ നിന്നാവും രൂപപ്പെട്ടത് എന്ന്, അവ തമ്മിൽ പൂർവ്വബന്ധമുണ്ട് എന്ന് ഒരു കവിത എന്റെ അമ്മയെ മുൻനിർത്തി തിരിച്ചറിയുകയാണ്.
ഏതോ വിധത്തിൽ അനാഥരാണ് മരണവീട്ടിലെ എല്ലാ മനുഷ്യരും എന്നെഴുതിയിട്ടുണ്ട്. മരണം വീടിന്റെ പടികയറിവന്ന നാളുകളുടെ ഓർമ്മകൾ?
വീട്ടിൽ മരണമെത്തുമ്പോഴോ മരണ വീട്ടിൽ ചെല്ലുമ്പോഴോ ആണൊരാൾ മരണത്തേക്കുറിച്ചും ജീവിതത്തേക്കുറിച്ചും അഗാധമായി ചിന്തിക്കുക. മനുഷ്യാവസ്ഥയുടെ അനാഥത്വത്തെക്കുറിച്ചുള്ള ചിന്തകൾ അവിടെയുള്ള ഓരോരുത്തരേയും ലഘുവായെങ്കിലും ബാധിക്കും. അവിടെ കേൾക്കുന്നതിലും പറയുന്നതിലുമെല്ലാം മരണത്തിന്റെ നിഴലുണ്ടാവും. ഇത്രയല്ലേയുള്ളൂ എല്ലാം എന്ന തിരിച്ചറിവ് കാണുന്ന എല്ലാറ്റിനേയും സൂചിതങ്ങളാക്കും. ദൂരെ നിന്ന് കേൾക്കുന്ന പട്ടിയുടെ ഓരിയിടലിലോ, വീണുപൊട്ടുന്ന ഒരു കുപ്പിഗ്ലാസ്സിലോ ഒക്കെ ദുസ്സൂചനകളുടെ ഭാരമുണ്ടാവും. ചെയ്തികളിലെല്ലാം കാരുണ്യത്തിന്റെ സ്പർശമുണ്ടാവും. കോപമുണ്ടാക്കുന്നത് പോലും വേദനയുണ്ടാക്കും. മരണ വീട്ടിൽ വെച്ച് കടം ചോദിച്ചു നോക്കൂ , കിട്ടാതിരിക്കില്ല എന്നെഴുതിയിട്ടുണ്ട് ഞാൻ. കുഴികുത്തുന്നവനോടോ വിറക് കീറുന്നവനോടോ ആരും കണക്ക് പറയില്ല. പട്ടിനോ റീത്തിന്നോ വില പേശില്ല. എല്ലാം എല്ലാറ്റിന്റെയും നിസ്സാരത കൂടി വഹിക്കും. മരിച്ചവരെ ഉറ്റവർ വീണ്ടും വീണ്ടും ചെന്നുകാണും. ഇനിയൊരു കുറി കാണണമെന്ന് തോന്നീടുകിലാവതോ.
'ഇത്ര മാത്രം' എന്ന നോവലിൽ ഒരാളുടെ ജീവിതത്തിലും പതിവില്ലാത്തത്ര മരണങ്ങളെ അഭിമുഖീകരിച്ചതിന്റെ പാടുകളുണ്ട്. അച്ഛൻ, അമ്മ, നാൽപ്പതുവയസ്സിൽ മരിച്ച ഏട്ടൻ, യൗവനാരംഭത്തിൽ മരിച്ച അയാളുടെ മൂന്നുമക്കൾ. മരണങ്ങളുടെ ചുമതല പല തവണ വഹിച്ചു ഞാൻ. 'എന്നാലെടുക്കുകയല്ലേ' എന്നെന്നോട് പലകുറി ബന്ധുക്കൾ ചോദിച്ചു.
ഒറ്റയ്ക്കുമാത്രം സാഹസികത കാട്ടാവുന്ന വായനയുണ്ടായ കാലം?
പതിനൊന്നാമത്തേയോ പന്ത്രണ്ടാമത്തേയോ വയസ്സിൽ വായനയുടെ രൂപം കൈക്കൊണ്ട് കാവൽ മാലാഖ എന്റെ ജീവിതത്തിന്റെ ഉമ്മറവാതിലിൽ മുട്ടി. കാലൊടിഞ്ഞ്, കിടന്നകിടപ്പിൽ, പുറംലോകം ജാലകച്ചതുരമായി മാറി എന്നെ പരിഹസിച്ചു കൊണ്ടിരുന്ന നാളുകളിലൊന്നിൽ. പുറത്തിറങ്ങാതെ പുറത്ത് പോവാമെന്നും കിടന്നും ഇരുന്നും ഒറ്റയ്ക്ക് തന്നെ വലിയ സാഹസികതകൾ ചെയ്യാമെന്നും അവളെന്നോട് പറഞ്ഞു.
കൂടെ നടന്ന് കാട്ടിത്തന്നൂ വഴികൾ / കാട്ടിത്തന്നൂ എനിക്കു മാത്രമുതകുന്ന രക്ഷാമാർഗ്ഗങ്ങൾ/ കാട്ടിത്തന്നൂ അതുവരെയുമുപയോഗപ്പെടാത്ത എന്റെ ഉപയോഗങ്ങൾ. ക്രമത്തിൽ അവളെന്നെ സ്വന്തമാക്കി. ഒരു ഭാര്യയും ഒരു കാമുകിയും അവളോളം പൊസസ്സീവായിരുന്നില്ല. ഞാൻ അവളെപ്പറ്റി എഴുതി.
എപ്പോഴും എന്നെ കൊതിച്ചു
എന്നെ ഒറ്റയ്ക്ക്
മുഴുവനായി ആഗ്രഹിച്ചു.
ഒരുമിച്ചിരിക്കാനുള്ള
ഒഴിഞ്ഞിടങ്ങൾ കണ്ടെത്തി.
പറഞ്ഞാലുമാരും കേൾക്കാത്തത്
പറയാതെ തന്നെ കേട്ടു
ഞാൻ ഭേദപ്പെടുന്നത്
ഉള്ളഴിഞ്ഞറിഞ്ഞു.
അതുവരെയായിരുന്നതിൽ നിന്ന് ഞാനും
സന്തോഷത്തോടെ
വ്യതിചലിച്ചുകൊണ്ടിരുന്നു.
ഞാൻ ഞാനാകുന്നതിൽ
അവളോളം പ്രയത്നിച്ചവരില്ല.
അവൾ വിളമ്പിത്തന്ന അന്നത്തിൽ
ഓരോ വറ്റിലും എന്റെ പേര്.
കഴിയ്ക്കൂ സമയമെടുത്ത്,
സ്വാദോടെ.
എനിയ്ക്കായി, എന്റെ സ്വാദറിഞ്ഞ്
ഉണ്ടാക്കിയതാണ്
ഭൂമിയിലെ വിഭവങ്ങൾ
(കാവൽ മാലാഖ)
അതുവരെ ആവിഷ്‌കരിക്കാൻ പറ്റാതിരുന്നത് ആവിഷ്‌കരിക്കാൻ ഭാഷയെ പര്യാപ്തമാക്കുകയാണ് എഴുത്തുകാരനെങ്കിൽ അതിൽ സർഗാത്മകമായി പങ്കുപറ്റുകയാണ് വായനക്കാരൻ. തുല്യമായ സർഗാത്മകത ആവശ്യപ്പെടുന്നു മികച്ച കൃതികൾ, പ്രത്യേകിച്ച് കവിത.
ഒരേസമയം ഒരു പുസ്തകമേ വായിക്കാനാവൂ എന്നതായിരുന്നെന്റെ വലിയ ദുഃഖം. ത്രീ ഇൻ വണ്ണോ ഫോർ ഇൻ വണ്ണോ ആയ പുസ്തകങ്ങൾ വായിക്കുകയാണതിന്നുള്ള പ്രതിവിധി എന്നുകണ്ടു. മലയാളത്തിൽ ആശാനെപ്പോലെ, മേതിലിനെപ്പോലെ ഉള്ള എഴുത്തുകാരെ വായിക്കുമ്പോൾ അത് സാധ്യമാവുന്നു. ത്രീ ഹൺഡ്രഡ് ഇൻ വൺ ആണ് ഭഗവദ് ഗീതയെന്നും അതിൽ മുന്നൂറ് 'ച' പ്രയോഗങ്ങളുണ്ടെന്നും അത് മുന്നൂറ് വിധത്തിൽ വായിക്കാമെന്നും അതിനാലാണതിന് ഇത്രയേറെ വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങൾ എന്നും നിത്യ ചൈതന്യയതി പറഞ്ഞതോർക്കുന്നു. അതുവരെ മറ്റാർക്കും വായിക്കാനാവാത്തത് വായിക്കുന്നതിലൊരു സാഹസമുണ്ട്. അത്തരം സാഹസങ്ങളാണ് എന്റെ സാഹിത്യപഠനങ്ങൾ. നൂറ് മീറ്റർ അതുവരെ സാധിച്ചിട്ടില്ലാത്ത വേഗത്തിൽ ഓടുന്നൊരാൾ സാധിക്കുന്നതിന് തുല്യമാണ് അത്. അസാധ്യമായത് സാധ്യമാക്കുന്നതിനുള്ള മാധ്യമമാണല്ലോ സാഹസികത. ഞാൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആദ്യമെഴുതിയ ഉപന്യാസത്തിൽ പി.ടി. ഉഷയും സുഗതകുമാരിയും ചെയ്യുന്നത് സമാനമായ പ്രവൃത്തികളാണ് എന്ന് പറഞ്ഞിരുന്നു. ഒരാൾ ട്രാക്കിൽ, ഒരാൾ ഭാഷയിൽ. (ഒരടി ഒരടി മണ്ണു കൂടി മാറ്റുക).
തല്ലുന്ന മാഷുമ്മാരോട് ക്ഷമിക്കാത്ത കുട്ടി, സ്വയം ഒരു മാഷായി മാറിയപ്പോഴോ?
മാർട്ടിൻ ബബർ മൂന്നു വിധത്തിലുള്ള അധ്യാപനത്തെക്കുറിച്ച് പറയുന്നു. ഐ-ഇറ്റ്, ഐ-യു, ഐ-ദൗ. ചൂരൽ കൈയിലെടുത്ത പഴയബോധന സമ്പ്രദായമാണ് ഐ-ഇറ്റ്. വിദ്യാർഥി ഒരു വസ്തുവാണതിൽ. ആധുനികത അതിനെ പരിഷ്‌ക്കരിച്ചു. ഞാനും നീയുമായി അധ്യാപകനും വിദ്യാർഥിയും മാറുകയായി. അപ്പോഴും ബോധനം കൊണ്ട് പ്രാപിക്കേണ്ട ഔന്നത്യം അതിന് നേടാനായില്ല. ഐ-ദൗ എന്ന മൂന്നാംഘട്ടത്തിൽ ഞാൻ നീയാൽ ഉയർത്തപ്പെടുകയും നീ എന്നാൽ ഉയർത്തപ്പെടുകയും ചെയ്യുന്നു. ഇരുവരുടേയും ബോധോദയത്തിന്റെ മാധ്യമമായി മാറുകയാണ് അധ്യാപനമിപ്പോൾ. ഈ അധ്യാപനരീതി എന്റെ ശേഷിക്കൊത്തവിധം ഞാൻ സാക്ഷാത്ക്കരിച്ചിട്ടുണ്ട്. ആ ബോധനരീതിയെപ്പറ്റി കുമാരനാശാനിങ്ങനെ എഴുതി: ബോധവുമാർന്നു മോദവും.
കവിയുടെ കാവ്യലോക സ്മരണകൾ?
ഒട്ടും തന്നെ വിസിബിലിറ്റി ഉണ്ടായിരുന്നില്ല, ജന്മനാ കിടച്ച എന്റെ ബാഹ്യരൂപത്തിന്. എന്നെ ഒരാളും, ഹോട്ടൽ ബെയറർ പോലും ഞാൻ ട്രേ നിരക്കി പല തവണ ഒച്ചയുണ്ടാക്കിയപ്പോഴേ ഗൗനിച്ചുള്ളൂ. എന്നെ കാത്തുനിർത്തിയവരുടെ വാച്ചിൽ സെക്കൻഡ് സൂചിയോ മിനിറ്റ് സൂചിയോ മണിക്കൂർ സൂചി പോലുമോ ഉണ്ടായിരുന്നില്ല. എന്റെ ജന്മശാപത്തിന് എനിക്ക് പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ടായിരുന്നു. ആകർഷകമായ വാഗ്രൂപം കൈക്കൊണ്ടാലേ എനിക്കെന്റെ അദൃശ്യതയെ അതിജീവിക്കാനാവുമായിരുന്നുള്ളൂ എന്ന് ബാല്യത്തിലേ ഞാനറിഞ്ഞു. തമാശകൾ പറഞ്ഞ് ഞാനെന്റെ ചുറ്റും ചെറിയ കേൾവിസംഘങ്ങളെ ഉണ്ടാക്കി. 'ഇന്നാരായണനില്ലെങ്കിൽ ഒരു രസവുമില്ല' എന്ന് സഹപാഠികൾ രസമുണ്ടാക്കുന്ന ഒരാളായി എന്നെ അംഗീകരിച്ചു. ഫലിതത്തോളം ഫലിക്കുമോ വാഗ്രൂപങ്ങളിലേതെങ്കിലും?
തന്നിലെ നൈസർഗികമായ നർമ്മബോധമായിരുന്നു, അതുണ്ടാക്കിയ അദ്ഭുതകരമായ സ്വീകാര്യതയുമായിരുന്നു, അത് നൽകിയ ആത്മവിശ്വാസവുമായിരുന്നു ബഷീറിനെ എഴുത്തിലേക്ക് ധൈര്യപ്പെടുത്തിയത്. സമൂഹത്തെ സ്വാധീനിക്കുന്ന ഫലിതങ്ങളെല്ലാം വാമൊഴിയിലുള്ള (അനൗപചാരികമായ) സാഹിത്യരചനകളാണ്. ഭാഷയുടെ ശക്തി ഫലിതത്തിലോ ശാപവാക്കുകളിലോ ശകാരത്തിലോ ഉള്ളതു പോലെ നാം മറ്റൊരിടത്ത് കാണുന്നത് അത് മുഖ്യശക്തിയായ കവിതയിലാണ്. എന്റെ ബാഹ്യരൂപത്തേക്കാൾ ദൃശ്യത എന്റെ വാഗ്രൂപത്തിനാണെന്ന് അറിഞ്ഞ ഞാൻ വാഗ്വൈഭവത്തിന്റെ വീടായ കവിതയിലെത്തി. കവികളുടെ മാത്രമല്ല ഗദ്യകാരന്മാരുടേയും വശ്യവാക്യങ്ങളായിരുന്നു എന്റെ പാഠശാല.
അഫോറിസം (സുഭാഷിതം) ആണ് എന്നെ ഏറെ ആകർഷിച്ച സാഹിത്യരൂപം. നർമ്മവും വിസ്ഡവും വാഗ്മിതയും കൈകോർത്തു എന്റെ ഇഷ്ട രചനകളിൽ. അവയുടെ ഉദ്ഗ്രഥനം എന്റെ കവിതകളിൽ സംഭവിക്കാൻ എനിക്ക് മുപ്പത്തഞ്ച് വയസ്സുവരെ കാത്തിരിക്കേണ്ടി വന്നു. ടീച്ചറിപ്പോഴും രണ്ടിലാണ് എന്ന വരി സമയമായി എന്നെന്നോട് പറഞ്ഞു. കവിതയുടെ വീട്ടിൽ ഞാൻ താമസമാരംഭിച്ചു. ഞാനെഴുതി: ഒരാളും ഉടനീളം അയാളല്ല /ഒറ്റക്കണ്ണൻ സൂത്രം പിടിക്കുമ്പോൾ ഒറ്റക്കണ്ണനല്ല/അന്ധൻ കേൾവിയിൽ അന്ധനല്ല/കള്ളൻ സ്വന്തം വീട്ടിൽ കള്ളനല്ല. ഞാനെഴുതി എത്ര വെള്ളം കോരിയിട്ടും ആനന്ദൻ വന്നില്ല. ഞാനെഴുതി, തുപ്പാൻ പേടിച്ച് ഞാനിറക്കിയത് വിഷമായിരുന്നു. ഞാനങ്ങനെ തുടർന്നു.
ഒരുപക്ഷെ ഞാൻ കവിതയിലെത്താൻ വൈകിയതിന് കാരണം കോളേജ് വിട്ടപാടെ ഏതാനും വർഷങ്ങൾ പഞ്ചായത്ത് വകുപ്പിൽ ഗുമസ്തപ്പണി ചെയ്യേണ്ടി വന്നതാവാം. എന്റെ വായന നിലച്ചു. ചെരിച്ചു വെച്ചാൽ പോലും ഒരു തുള്ളി വെള്ളം കാണാത്ത വിധത്തിൽ എന്റെ കിണറ് വറ്റി. ആ വരൾച്ചയിൽ നിന്നും എന്നെ മോചിപ്പിച്ചത് എന്റെ കൂട്ടുകാരിയാണ്. അവളെന്നെ ബിഎഡ്ഡിനയച്ചു. മറ്റൊരു വിധത്തിലും അവളെന്നെ മുമ്പേ തന്നെ തുണച്ചിട്ടുണ്ട്. അവൾക്കെഴുതിയ അനേകങ്ങളായ കത്തുകൾ എന്റെ ഭാഷയുടെ പാരുഷ്യം നീക്കി. ഒ.വി.വിജയന്റെ സ്വാധീനവും ഞാനെഴുതിയ പ്രണയലേഖനങ്ങളുമാണ് എന്ത് എഴുതുമ്പോഴും കാവ്യസ്പർശമുള്ളതാവാൻ എന്നെ തുണച്ചത്.
എന്നിൽ മാത്രമുള്ള ഞാനല്ല, എല്ലാവരിലുമുള്ള സ്ഥൂലമായ ഞാനല്ല, എന്നിലും എല്ലാവരിലുമുള്ള സൂക്ഷ്മമായ ഞാൻ ആണ് കവിതയിലെ ഞാൻ. വായനക്കാർക്കൂ കൂടി ബാധകമാകാത്തതൊന്നും കവിതയാവില്ല. കൈവരുമ്പോൾ കൈവന്നവയ്ക്കുണ്ടായിരുന്ന മൂല്യം നഷ്ടപ്പെടുന്നു എന്ന സത്യമാണ് പല രൂപത്തിൽ ഞാൻ പറഞ്ഞത്. യാത്രയുടെ പുറത്തല്ല ലക്ഷ്യം. 'മേഘസന്ദേശം' ഒരു യാത്രാ വിവരണമായത് യാദൃച്ഛികമല്ല.
പ്രചോദിതനായി ബാറ്റേന്തിനിൽക്കുന്ന സച്ചിനെപ്പോലെ കവിതയിൽ നിലയുറപ്പിക്കുമ്പോൾ ഫോം നഷ്ടം നേരിടേണ്ടിവന്നിട്ടുണ്ടോ?
സച്ചിനുമായി ബന്ധപ്പെടുത്തിപ്പറഞ്ഞത് പ്രഭാഷണത്തെപ്പറ്റിയാണ്. ഫോമിലുള്ള സച്ചിന്റെ ബാറ്റിൽ നിന്ന് പിറക്കുന്ന മനോഹരമായ ഷോട്ടുകൾ കണ്ട് പ്രസംഗത്തിന്റെ ക്രീസിൽ നിന്ന് സമാനമായ സൗന്ദര്യം സൃഷ്ടിക്കുന്നതിനേക്കുറിച്ച് സങ്കൽപ്പിച്ചിട്ടുണ്ട്. അവിചാരിതമായ ഷോട്ടുകൾ ഉതിർക്കുന്ന ഒരു ബാറ്റായി എന്നെ മാറ്റണമെന്ന് തോന്നിയിട്ടുണ്ട്. കവിത പക്ഷെ, ബാറ്റിങ്ങല്ല. അത് ഏകാന്തതയിൽ പിറന്ന് ഏകാന്തതയിൽ വളരുന്നു. ഏകാന്തതയിൽ പ്രവർത്തിക്കുന്നു. സ്ട്രൈക്കിങ്ങ് ആയ വാക്യങ്ങളിൽ തന്നെയാണ് കവിതയിലും എനിക്ക് പ്രിയം. പക്ഷെ, സൃഷ്ടിക്കപ്പെടുമ്പോഴത്തെ ആശ്ചര്യമല്ല( അതെന്നെ രസിപ്പിക്കുന്നില്ലെന്നല്ല) പ്രഭാഷണകലയിലെന്ന പോലെ കവിത ലക്ഷ്യമിടുന്നത്. സൃഷ്ടിയുടെ ഫലത്തിലാണ്.
അടച്ചിട്ട വാതിൽ അനായാസമായി തുറന്നവരെ കണ്ടിട്ടുണ്ടെന്ന് എഴുതിയിട്ടുണ്ട്. കവിതയുടെ വാതിൽ അനായാസമായാണോ തുറന്നുവന്നത്?
അതെ. കവിതയുടെ വാതിൽ അവിചാരിതമായും അനായാസമായുമാണ് തുറക്കുക. എന്നെ സംബന്ധിച്ചാണെങ്കിൽ പലപ്പോഴും മറ്റെന്തിലോ തട്ടിത്തടഞ്ഞ് ഞാൻ കവിതയിലേക്ക് വീഴുകയാണ്. ചിലപ്പോൾ എവിടെ നിന്നെന്നില്ലാതെ ഒരു രണ്ടുവരി മനസ്സിലുദിക്കുന്നു. മരിച്ചെന്ന് കരുതി കുഞ്ഞുങ്ങൾക്ക് വളരാതിരിക്കാനാവുമോ. ശേഷം മറ്റെപ്പോഴെങ്കിലുമാവും വരുക. പ്രചോദിതമായ സന്ദർഭങ്ങളിലല്ലാതെ അത് രൂപംകൊള്ളുകയോ വളരുകയോ ചെയ്യില്ല. ചുള്ളിക്കാട് വിവർത്തനം ചെയ്ത നെരൂദയുടെ വരി ഓർമ്മ വരുന്നു; ഈ രാത്രിയാകുമെനിക്കേറ്റവും ദുഃഖപൂരിതമാവും വരികളെഴുതുവാൻ.
വിപണിയും ജനകീയതയും നമ്മുടെ സാഹിത്യത്തെ പുതിയൊരു വഴിയിലേക്ക് കൊണ്ടുപോകുന്നുണ്ടോ?
പ്രസാധകരുടെ പ്രിയങ്കരമായ പരസ്യവാചകം ഇത്ര ദിവസങ്ങൾക്കുള്ളിൽ ഇത്രാമത്തെ പതിപ്പ് എന്നതാണ്. ആളുകൂടുതലുള്ളിടത്തേക്ക് ഓടിക്കൂടുന്ന പ്രവണത മനുഷ്യസാധാരണവുമാണ്. ചെലവും ഗുണവും വല്ലപ്പോഴുമേ കൈകോർത്തു കണ്ടിട്ടുള്ളൂ.
നിലവിലെ രാഷ്ട്രീയ പരിതസ്ഥിതിയിൽ പ്രതീക്ഷ ഏതു പക്ഷത്തിലാണ്?
ഭരിക്കപ്പെടാനെനിക്കിഷ്ടമല്ല. സുശക്തമായ ഏകാധിപത്യത്തേക്കാൾ അശക്തമായ ജനാധിപത്യം ഞാനിഷ്ടപ്പെടുന്നു. എന്റെ മുദ്രാവാക്യം ഇതാണ് ; ' God, save me from one vision.'
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: In-depth analysis of Kalpetta Narayanan's transition from an observer of nature to a literary voice., Insights into his memoir 'Konteala' and the philosophy of memory and loss., Reflections on his teaching methodology and the 'I-Thou' relationship with students., Exploration of how his childhood experiences and health struggles shaped his poetic vision., His current perspectives on the intersection of modern politics and creative freedom.
Published: 30 Apr 2026, 02:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented