ഴാം ക്ലാസിൽ തോറ്റുപോകുമോ എന്ന് പേടിച്ചിരുന്നു. അത്രയും ശൂന്യമായ മനസ്സുമായാണന്ന് പരീക്ഷ എഴുതിയത്. തോറ്റാൽ ആ നാട്ടിൽ തന്നെ തുടരേണ്ടി വരുമല്ലോ എന്നായിരുന്നു പേടി. കാലം തോൽപ്പിച്ചില്ല. എട്ടാം ക്ലാസിൽ നാട്ടിൽ ചേർത്താൽ മതിയെന്ന് ഞാൻ നിർബന്ധം പിടിച്ചു. അച്ഛനും അമ്മയും രണ്ടിടത്തായാലും വേണ്ടില്ല, സമാധാനം മതിയെന്ന് അതിനോടകം തോന്നിത്തുടങ്ങിയിരുന്നു. ഞങ്ങൾ നാട്ടിലേക്ക് എത്തിയതോടെ അമ്മായി മോളെയും കൂട്ടി അവരുടെ വീട്ടിലേക്ക് പോയി. ആ കുടുംബം അപ്പോഴേക്കും കൂട്ടിച്ചേർക്കാൻ പറ്റാത്തവിധം വേർപെട്ടു പോയിരുന്നു. അമ്മമ്മ ഏതോ വീട്ടിൽ ജോലിക്ക് കൂടി പോയതോടെ തറവാട്ടിൽ ഞങ്ങൾ മാത്രമായി.

To advertise here,

ഇത് നിങ്ങളുടെ വീടല്ല എന്ന സൂചനകൾ ചുറ്റിലുമുള്ള വീട്ടിൽ കഴിയുന്നത് ഞങ്ങൾ കുട്ടികളെ ബാധിച്ചില്ല. പക്ഷേ, അത് അമ്മയെ എങ്ങനെയൊക്കെ വിഷമിപ്പിച്ചിട്ടുണ്ടാവും എന്ന് ഇപ്പോൾ മനസ്സിലാവുന്നുണ്ട്. മാമന്റെ കാര്യം അതിലും ദയനീയമായിരുന്നു. സ്വന്തം വീട്ടിൽ വിരുന്നുകാരനായി മാറിയ മാമൻ അക്കാലത്ത് എവിടെയാണ് താമസിച്ചിരുന്നത് എന്നറിയില്ല. മാമന്റെ മോളെ ഞങ്ങൾക്ക് കൊതി തീരുവോളം കാണാൻ പോലും കിട്ടിയില്ല. പക്ഷേ, തമ്മിൽ ചേരാത്തവർ ഒരേ കൂരയ്ക്ക് താഴെ വലിയ യുദ്ധങ്ങൾ തുടരുന്നതിലും നല്ലത് ഒറ്റയൊറ്റ സമാധാനജീവിതം തിരഞ്ഞെടുക്കുന്നതാണ് എന്നാണ് തോന്നുന്നത്. ഞങ്ങളുടെ ജീവിതത്തിൽ വഴക്കുകളും ബഹളങ്ങളും ഇല്ലാത്ത ദിവസങ്ങൾ കുറവായിരുന്നു. കൺമുന്നിൽ കണ്ട രണ്ട് ജീവിതങ്ങളിൽ സമാധാനം കൂടുതലുള്ളത് പരസ്പരം തട്ടിക്കലങ്ങാതെ പിരിഞ്ഞു പോയവരിലാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

എന്ത് സംഭവിച്ചാലും ഒരുമിച്ച് ജീവിക്കണം എന്ന ലോകത്തിന്റെ ന്യായമെനിക്ക് ഈ പ്രായത്തിലും ദഹിക്കാറില്ല. കുട്ടികൾക്ക് വേണ്ടി എന്ന ആ വിധിയുടെ കാരണം കേൾക്കുമ്പോൾ ചിരി വരും. ഒരുമിച്ച് ജീവിക്കുന്ന രണ്ടു ശത്രുക്കൾക്കിടയിൽ നിങ്ങൾ കുട്ടികൾക്ക് വെച്ചു നീട്ടുന്ന കുട്ടിക്കാലത്തിന് ഒട്ടും സമാധാനമില്ല, അതവരെ ഒരു വിധത്തിലും ആശ്വസിപ്പിക്കുകയും ഇല്ല. അച്ഛനും അമ്മയും തമ്മിൽ സ്‌നേഹം ഉണ്ടായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ സ്‌നേഹപ്രകടനങ്ങളോ ശാന്തമായ ഇടപെടലുകളോ കണ്ട ഓർമ്മയില്ല.

അച്ഛൻ വല്ലപ്പോഴും വന്നു പോയി. ആ കാലത്ത് വഴക്കുകൾ കുറഞ്ഞു. അപ്പോഴും വരുമാനത്തിൽ വലിയ മാറ്റമുണ്ടായില്ല, അതുകൊണ്ട് ദാരിദ്ര്യത്തിലും. എട്ടാം ക്ലാസിൽ വച്ച് മണിക്കുട്ടിയെ തിരിച്ചു കിട്ടി. മൂന്നുവർഷത്തെ വിടവ് ഞങ്ങളുടെ അടുപ്പം വല്ലാതെ കുറച്ചിരുന്നു. കണ്ണകന്നാൽ മനസ്സകന്നു എന്ന ചൊല്ലിൽ ഞാൻ വിശ്വസിക്കുന്നുണ്ട്. എത്ര കാലം കാണാതെ, മിണ്ടാതെ അകന്നിരുന്നാലും സംസാരിച്ചു നിർത്തിയിടത്തുനിന്ന് തുടരാൻ ആകുമെന്ന് പറയുന്നത് എനിക്ക് ബാധകമല്ല, ഒരുകാലത്തും. അതുകൊണ്ട് മണിക്കുട്ടിക്ക് വേറെ ലോകവും കൂട്ടുകാരും ഉണ്ടായി, എനിക്കും. കഴിഞ്ഞവർഷത്തെ മുറിവുണക്കാൻ പാകത്തിൽ പൂക്കോട്ടുംപാടത്തെ അധ്യയനവർഷം തുണച്ചു. പഠനം മെച്ചപ്പെട്ടു. യൂണിഫോമും പുസ്തകങ്ങളും ഇല്ലാതെ ആദ്യത്തെ മൂന്നുമാസം കഷ്ടപ്പെട്ടെങ്കിലും ചെറേക്കാട് ജീവിതത്തേക്കാൾ ഭേദം എന്ന് ഞാൻ ആശ്വസിച്ചു. ഒന്നുമില്ലെങ്കിലും അമ്മ കൂടെയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ അമ്മയുടെ അച്ചടക്കം വലുതായിരുന്നു. അതുകൊണ്ട് കൊതിയുള്ളതൊന്നും എത്തിച്ചുതരാൻ അമ്മയ്ക്ക് കഴിഞ്ഞില്ലെങ്കിലും ഒരിക്കലും പട്ടിണിയായില്ല. വിശപ്പു മാറാനുള്ള എന്തെങ്കിലും അമ്മ എപ്പോഴും കരുതിയിരുന്നു. ആഹാരത്തിനോട് അടങ്ങാത്ത കൊതി ആ കാലം തന്നതാണ്, ഈ മുപ്പത്തിയാറാം വയസ്സിലും ആ കൊതികൾ അടങ്ങിയിട്ടില്ല.

ആ കൊതി തന്നെയാണ് അവധി ദിവസങ്ങളിൽ എന്നെ ഏറ്റവും അടുത്ത ഒരു ബന്ധുവിന്റെ വീട്ടിലെത്തിച്ചത്. വാഴയിലയിൽ വിളമ്പുന്ന ചോറും രണ്ട് കറികളും. ആ ഭക്ഷണത്തിന്, ഒരു മൂലയിൽ ഒതുങ്ങിയിരുന്ന ടിവി കാണുന്നതിന് വേണ്ടിയാണ് ആദ്യമായി ഒറ്റയ്ക്ക് ബസ്സ് കയറി പോയി തുടങ്ങിയത്. പറമ്പിൽ പണിയെടുക്കുന്ന വീട്ടിലെ മുതിർന്നയാൾ എന്നെ കണ്ട ഉടനെ ചോദിക്കും,

എന്തേ? ഇന്ന് വീട്ടിൽ ഒന്നും വെച്ചിട്ടില്ലേ?

ഉത്തരം എന്തുപറഞ്ഞാലാണ് മേലാൽ ഈ പടി ചവിട്ടരുത് എന്ന് പറയുക എന്നറിയാത്തതുകൊണ്ട് എല്ലാ തവണയും തലകുനിച്ചു അകത്തേക്ക് കയറിപ്പോയി. എല്ലാ ആഴ്ചയും കയറി വരുന്ന അതിഥിക്ക് ഒരു വീട്ടിലും വലിയ സ്വീകരണം കിട്ടാൻ വഴിയില്ലല്ലോ. അതുകൊണ്ട് ഗൃഹനാഥയെ സന്തോഷിപ്പിക്കാൻ ഞാൻ ആ വീട് മുഴുവൻ അടിച്ചു തുടച്ചു, ആരും ആവശ്യപ്പെടാതെ തന്നെ. അവരാണ് ആ വീട്ടിൽ എന്നോട് ഇത്തിരിയെങ്കിലും ദയ കാണിച്ചിരുന്നത്. അച്ഛന്റെയും അമ്മയുടെയും കുറ്റങ്ങൾ കേട്ട് കണ്ണു നിറഞ്ഞാണ് ഞാൻ ആ വീട്ടിൽ നിന്ന് ഓരോ തവണയും ആഹാരം കഴിച്ചിരുന്നത്. എന്നിട്ടും പിന്നെയും സങ്കോചത്തോടെ അങ്ങോട്ട് തിരികെ ചെന്നത് എന്തിനാണെന്ന് സ്വയം ചോദിക്കാറുണ്ട്.

ആഹാരത്തോടുള്ള കൊതി മാത്രമാണെന്ന് തോന്നുന്നില്ല. എന്റെ സങ്കല്പത്തിലെ വീടായിരുന്നു അത്. ചെറിയ, ഓടിട്ട വീട്. അകത്തും പുറത്തും സമാധാനമുള്ളത്. തമ്മിൽ സ്‌നേഹമുള്ള മനുഷ്യർ സകല ഇല്ലായ്മയിലും സമാധാനത്തോടെ കഴിഞ്ഞിരുന്ന വീട്. അത്യാവശ്യം സൗകര്യങ്ങളും നിറഞ്ഞ അടുക്കളയും ഉള്ള ഒന്ന്. ആ വീട്ടിൽ ഒരാളായി ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന കൊതിയാണ് സകല അപമാനങ്ങളും തള്ളിക്കളഞ്ഞ് എന്നെ അവിടെ എത്തിച്ചത്. ടിവി കാണുമ്പോൾ ഉറക്കെ ചിരിച്ചതിന് തലയിൽ കിഴുക്ക് കിട്ടിയിട്ടും വീണ്ടും ആ മുറിയിലേക്ക് കയറി ചെന്നത്. ചൂലും തുടപ്പും തൊടീക്കാതെ കയ്യിൽ കരിപുരളാതെ അടുപ്പിന്റെ ചൂടേൽപ്പിക്കാതെ അന്ന് അമ്മ കരുതുന്ന ഓമന പെൺകുട്ടിയാണ് അന്യ വീട്ടിൽ അടിച്ചു തുടയ്ക്കുന്നത്. കണ്ണുനിറഞ്ഞൊഴുകിയിട്ടും വിളമ്പി തന്ന അന്നം മുഴുവൻ കഴിക്കുന്നത്. അച്ഛനെ കുറ്റപ്പെടുത്തുന്നത് കേട്ടിട്ട് ഒരക്ഷരം മറുത്തു പറയാത്തത്.

എനിക്ക് ആ വീട് നഷ്ടപ്പെടുത്താൻ ഭയമായിരുന്നു. പുറത്തുള്ള മനുഷ്യർക്ക് അഭയം എന്ന് കരുതാൻ അവിടെ ഒന്നുമില്ലായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാവുന്നുണ്ട്. ഒരു വീടും കയറിച്ചെല്ലുന്ന മനുഷ്യരെ സ്വന്തം എന്ന് അടയാളപ്പെടുത്തില്ല എന്നും അങ്ങനെ സ്വപ്നം കണ്ട് സകല അപമാനങ്ങളും സഹിച്ച് ഒരു വീട്ടിലും തുടരേണ്ടതില്ലെന്നും മനസ്സിലാക്കാൻ ആ പെൺകുട്ടി ഏറെ മുതിരേണ്ടിവന്നു. പക്ഷേ ആ വീട്ടിലെ വീട്ടുകാരിയോട് എനിക്ക് ഇന്നും നന്ദിയും സ്‌നേഹവുമുണ്ട്. കൂട്ടത്തിൽ അലിവോടെ എന്നെ പരിഗണിച്ച ഒരേ ഒരാൾ അവരാണ്. മറ്റുള്ളവരുടെ കുത്തുവാക്കുകളിൽനിന്ന് അവർ ആവുംവിധം എന്നെ സംരക്ഷിച്ചിട്ടുണ്ട്. എപ്പോഴും കയറിവരുന്ന ബന്ധു അവർക്ക് ശല്യമായിരുന്നെങ്കിലും കുട്ടിയല്ലേ എന്ന് കരുതി അവരത് വിട്ടുകളഞ്ഞിട്ടുണ്ട്. തിരികെ പോരുമ്പോൾ അരിയും പച്ചക്കറിയും പൊതിഞ്ഞുകെട്ടി തന്നയച്ചിട്ടുണ്ട്. അതിനപ്പുറം ആ വീട്ടിൽ അവർക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ആ രുചികൾക്ക്, നിസാരമായ ചേർത്തുനിർത്തലിന് ഞാൻ അവരോട് എല്ലാകാലത്തും കടപ്പെട്ടിരിക്കുന്നു.

(തുടരും )

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi