
അമ്മയുടെ തറവാട്ടിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. ആ വീട് വാങ്ങിയ കഥ മറ്റൊരു വേദനയുടെ താളാണ്. ആ പേജിലേക്ക് നമ്മളിപ്പോൾ പോകേണ്ടതില്ല. തീർച്ചയായും ആ കഥ ഇവിടെത്തന്നെ എഴുതാം.
അമ്മയും അച്ഛനും അമ്മമ്മയും ഞങ്ങൾ രണ്ടു കുട്ടികളും അമ്മയുടെ അനിയനും ആയിരുന്നു ആ വീട്ടിൽ താമസം. സത്യൻ മാമ എന്ന് ഞങ്ങൾ വിളിച്ചു വിളിച്ച് സത്യാമ ആയിപ്പോയ അമ്മാവന്റെ കല്യാണം കഴിഞ്ഞതോടെ ആ ചെറിയ വീട്ടിൽ തുടരുന്നത് പ്രയാസമായി. അമ്മയും അമ്മാവന്റെ ഭാര്യയുമായി ചെറിയ ഉരസലുകൾ പതിവായി. അങ്ങനെയാണ് അച്ഛന്റെ ജോലിസ്ഥലത്തേക്ക് ഞങ്ങളെക്കൂടി കൊണ്ടുപോകുന്നത്. ആ പടിയിറക്കം അമ്മയെ വല്ലാതെ ബാധിച്ചു എന്ന് വൈകാതെ ഞങ്ങൾക്ക് മനസ്സിലായി.
അമ്മ വീട്ടിൽ എല്ലാവരുടെയും ഏറ്റവും പ്രിയപ്പെട്ട സാന്നിധ്യമായിരുന്നു. സാവി ചേച്ചീ എന്ന് വിളിച്ച് മാമൻ എപ്പോഴും പുറകെ നടക്കുമായിരുന്നു. അമ്മമ്മയ്ക്കുള്ള നിവേദനങ്ങൾ മുഴുവൻ അമ്മ വഴിയാണ് മാമൻ എത്തിച്ചിരുന്നത്. അമ്മമ്മ മാമനെ ഗർഭിണിയായിരിക്കുന്ന സമയത്താണ് അമ്മച്ഛൻ മരിക്കുന്നത്. അച്ഛനെ കാണാൻ ഭാഗ്യമില്ലാതെ പോയ, ബാലാരിഷ്ടതകൾ വേണ്ടുവോളം ഉണ്ടായിരുന്ന, മൂന്ന് പെൺകുട്ടികൾക്ക് ശേഷം ജനിച്ച ആണൊരുത്തനെ നാലു പെണ്ണുങ്ങൾ ഓമനിച്ചു വളർത്തിയതാണ്. പോകുന്ന പണിയിൽ ഒന്നും ഉറച്ചു നിൽക്കാതിരുന്ന മാമന് ഡ്രൈവിംഗ് ആണ് ഇഷ്ടം എന്ന് മനസ്സിലാക്കി എന്റെ അച്ഛനാണ് ഡ്രൈവിംഗ് ക്ലാസിന് ചേർത്തത് (ആ ജോലി മാമൻ ഇപ്പോഴും വിട്ടുകളഞ്ഞിട്ടില്ല).
കല്യാണം കഴിച്ചയച്ച പെങ്ങൾ എന്താണ് ഭർത്താവിന്റെ കൂടെ പോകാതെ ഇവിടെ എന്റെ ചേച്ചിയുടെ സമാധാനം കളയുന്നത് എന്ന് ചോദിക്കാൻ അമ്മായിയുടെ അനിയത്തി ഒരിക്കൽ വീട്ടിൽ വന്നു. എന്തൊക്കെയാണ് അത്തരം ഒരു സാഹചര്യത്തിലേക്ക് നയിച്ചത് എന്ന് ഓർമ്മയില്ല. ഞങ്ങളെയും കൂട്ടി അമ്മ, അച്ഛന്റെ കൂടെ ഇറങ്ങിയത് ആ കാലത്താണ്.
കൊണ്ടോട്ടിക്ക് അടുത്ത് ചെറേക്കാട് എന്ന ഗ്രാമത്തിൽ ഒരു റബ്ബർ എസ്റ്റേറ്റിൽ ആണ് അച്ഛൻ അന്ന് ടാപ്പിംഗ് ചെയ്തിരുന്നത്. ഞാൻ ജീവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരമായ നാടാണത്. ചെരുപ്പടി മലയുടെ താഴ്വാരത്തിൽ ഒരു ചെറിയ ഗ്രാമം. ഒരു മുസ്ലിം പള്ളിയും ആ പള്ളിയുടെ ഭാഗമായ കടമുറികളും ക്വാർട്ടേഴ്‌സും വളരെ കുറച്ചു വീടുകളും, തീർന്നു ജനവാസം. ബാക്കി മുഴുവൻ ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളും പറങ്കിമാവിൻ തോട്ടവും പാടവും റബ്ബർതോട്ടങ്ങളുമായിരുന്നു. ഏതു തോട്ടത്തിൽ പണി ചെയ്യാൻ വരുന്നവരും പള്ളി വക ക്വാർട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. ഗതികെട്ട് പണി അന്വേഷിച്ചു വരുന്ന മനുഷ്യരെ മനസ്സിലാക്കിയിട്ടാവണം, ക്വാർട്ടേഴ്‌സിന് തുച്ഛമായ വാടകയേ ഉണ്ടായിരുന്നുള്ളൂ. ഒരു നിരയിൽ ആറു മുറികൾ ആണ് ഉണ്ടായിരുന്നത്. ആ ഭാഗത്തെങ്ങും മറ്റൊരു വാടകവീടും ഉണ്ടായിരുന്നില്ല. ക്വാർട്ടേഴ്‌സിന് കയ്യേൽക്കാൻ കഴിയാത്ത എണ്ണം മനുഷ്യർ ഒന്നും അവിടേക്ക് എത്തിയിരുന്നുമില്ല.
ഒരു ചെറിയ തുറന്ന വരാന്ത, ഒരു വലിയ മുറി, അടുക്കള, പുറത്തൊരു ടോയ്‌ലറ്റ്. ഇത്ര സൗകര്യമേയുള്ളൂ. എല്ലാവർക്കും കൂടി ഒരു പൊതു കിണർ ഉണ്ട്. മുറികൾ ഒന്നും വൈദ്യുതീകരിച്ചിരുന്നില്ല. മൂന്നുവശവും പാടമായിരുന്നു. പുറകുവശത്ത് വലിയ പറമ്പിന് നടുക്ക് ഒരു വീടുണ്ട്. ആ വീട്ടിലാണ് മമ്മദ് കാക്കയുടെ ആദ്യ ഭാര്യയും കുട്ടികളും താമസിക്കുന്നത്. മമ്മദ് കാക്കയുടെ ഭാര്യയുടെ ഒരു കാലിനു മന്താണ്. വണ്ണം വച്ച കാൽ വലിച്ചുവച്ച് അവർ വെള്ളം കോരുന്ന പെണ്ണുങ്ങളോട് സംസാരിക്കാൻ വരും. അതിൽ ഒരാളെ കാണുമ്പോൾ മാത്രം മൈമൂനത്തയുടെ മുഖം കറുക്കും. ചിലപ്പോൾ പിറുപിറുക്കും, പൊട്ടിത്തെറിക്കും.
മമ്മദ് കാക്ക കെട്ടിക്കൊണ്ടുവന്നു ക്വാർട്ടേഴ്‌സിൽ താമസിപ്പിച്ചിരിക്കുന്ന സുന്ദരിയായ രണ്ടാം ഭാര്യ സുലൈഖ അവരെ കണ്ടതായി നടിക്കില്ല. ഊർന്നു പോകുന്ന തട്ടം ഒരു കൈകൊണ്ട് തലയിലേക്ക് തന്നെ വലിച്ചിട്ട് സുലൈഖ താത്ത വെള്ളം കോരി കുടം നിറയ്ക്കും. മിണ്ടാതെ, ആരെയും നോക്കാതെ കുടവും എടുത്തു ക്വാർട്ടേഴ്‌സിലേക്ക് കയറി പോകും. ഇപ്പോൾ അടി പൊട്ടും എന്ന് പേടിച്ച് ശ്വാസം അടക്കി മിണ്ടാതെ കിണറിന് ചുറ്റും നിന്നവർ ആശ്വാസത്തോടെ വെള്ളം കോരലും സംസാരവും തുടരും. ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന ആറു കുടുംബങ്ങളുടെ ജീവിതം എന്നെ പല കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. എല്ലാവരെയും എനിക്ക് ഓർമ്മയുണ്ട്. അവരെന്നോട് കാണിച്ച പരിഗണന ആ അപരിചിത ദേശത്ത് തുടരാൻ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
ആളുകൾ താമസിക്കുന്നത് ഉയർന്ന സ്ഥലത്താണ്. അച്ഛൻ പണിയെടുക്കുന്ന തോട്ടം ക്വാർട്ടേഴ്‌സിന് ഒരുപാട് താഴെയാണ്. വലിയ കുത്തനെയുള്ള ഇറക്കം ഇറങ്ങിയാൽ തോട്ടങ്ങളും റാട്ടയും. വഴിയുടെ ഒരു വശം മുഴുവൻ ആളനക്കമില്ലാത്ത പറങ്കിമാവിൻ തോട്ടങ്ങൾ. കൃഷിയില്ലാതെ കാടു പിടിച്ചു കിടക്കുന്ന പറമ്പുകൾ മറുവശത്ത്.
ആ പറമ്പിൽ ധാരാളം ചന്ദന തൈകൾ ഉണ്ടായിരുന്നു. കണ്ണിൽ പെടുന്നവ ഉടമകൾ വെട്ടിമാറ്റി. എന്നിട്ടും ചിലതൊക്കെ മറയത്ത് വളർന്നു. അച്ഛൻ റബ്ബർ വെട്ടി തീരുമ്പോഴേക്കും അമ്മ പാലൂറ്റാൻ ചെല്ലും. സ്‌കൂളില്ലാത്ത ദിവസങ്ങളിൽ ഞങ്ങളും കൂടെ പോയി. റബ്ബർ തോട്ടത്തിന് അരികിലൂടെ ചെറിയ കൈത്തോട് ഒഴുകി. തോടിന് അഭിമുഖമായി കാടുപിടിച്ചു കിടന്ന വലിയ പാറ ഞാനും അച്ഛനും കൂടി വെട്ടി വൃത്തിയാക്കിയെടുത്തു. അവിടെ ഇരുന്നാൽ അച്ഛനും അമ്മയും തോട്ടത്തിലൂടെ നടക്കുന്നത് കാണാം.
പാറപ്പുറത്ത് മലർന്നുകിടന്ന് ഞാൻ നാടുവിട്ടു പോന്ന സങ്കടങ്ങൾ മറക്കാൻ ശ്രമിച്ചു. തോട്ടിലിറങ്ങി മുങ്ങി കിടന്ന് ഞങ്ങളുടെ പുഴയെ ഓർത്തു വിങ്ങി. കൂട്ടുകാരില്ലാതെ, കളിമേളങ്ങളില്ലാതെ എനിക്ക് അധികകാലം സങ്കടപ്പെടേണ്ടി വന്നില്ല. രാവിലെ മുറിയുടെ വാതിൽ തുറക്കുമ്പോൾ ഒരു പട എന്നെ കാത്തിരുന്നു തുടങ്ങി. അമ്മയോട് അനുവാദം ചോദിക്കാതെ ഞാൻ അവരുടെ കൂടെ നാട് തെണ്ടി. വിജനമായ പറങ്കിമാവിൻ തോട്ടത്തിൽ ഞങ്ങൾ കുട്ടികൾ പേടിയില്ലാതെ കയറി മറിഞ്ഞു.
കരിയിലകൾക്കിടയിൽ നിന്ന് പാമ്പുകൾ പേടിച്ചു പാഞ്ഞു. പറങ്കിമാങ്ങകൾ തിന്നു കറപിടിച്ച നാവും ഉടുപ്പുകളുമായി ഇരുട്ടുമ്പോൾ മാത്രം ഞങ്ങൾ പതിയെ അവരവരുടെ വീട്ടിലേക്ക് നടന്നു. അമ്മ വഴക്ക് പറഞ്ഞില്ല, പഠിക്കാൻ നിർബന്ധിച്ചില്ല, നേരത്തിന് ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ പറഞ്ഞില്ല. നാട്ടിൽ നിന്ന് പോയതോടെ അമ്മ ആകെ മാറിപ്പോയി. വീട്ടിലെ പണികളും തോട്ടത്തിലെ പണികളും യാന്ത്രികമായി ചെയ്തു. ബാക്കി സമയങ്ങളിൽ മുറിയിൽ നിലത്ത് കണ്ണടച്ചു കിടന്നു. പതിയെ ഞങ്ങളുടെ പഴയ അമ്മയെ ഞങ്ങൾക്ക് നഷ്ടപ്പെടുകയായിരുന്നു.
(തുടരും)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 08 May 2026, 03:56 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented