എട്ടാം ക്ലാസിലാണ് എന്റെ ആദ്യ പ്രണയം. പ്രേമം എന്നൊന്നും അതിനെ വിളിക്കാൻ പാടില്ലാത്തതാണ്, പക്ഷേ ഒരു ആയുസ്സിലേക്കുള്ള പ്രേമത്തിന്റെ അക്ഷയപാത്രം കയ്യിൽ കിട്ടിയത് അവിടെനിന്നാണ്. അതുകൊണ്ട് 'പ്രേമം പോലെ എന്തോ എന്ന്' എന്നെങ്കിലും അതിനെ വിളിക്കാൻ ഞാൻ ധൈര്യപ്പെടുകയാണ്. അവൻ ഒരു തക്കാളി ചെക്കനായിരുന്നു. ചിരിക്കുമ്പോൾ ചുവന്ന കവിളുകളും ചുവന്ന നെയിൽ പോളിഷ് ഇട്ടാൽ എന്ത് ഭംഗിയായിരിക്കും എന്ന് എനിക്ക് എപ്പോഴും തോന്നുന്ന തുടുത്ത കാൽവിരൽനഖങ്ങളും അല്പം സ്‌ത്രൈണതയുമുള്ള ഷെരീഫ്.

അതെ, ഉള്ളിലെ വിപ്ലവകാരി ആദ്യം പ്രേമിച്ചത് അന്യമതസ്ഥനെയാണ്. ക്ലാസ്സ് കഴിഞ്ഞുള്ള സമയങ്ങളിലും അവധി ദിവസങ്ങളിലും അവൻ ഒരു ഫാൻസി കടയിൽ ജോലി ചെയ്തിരുന്നു. ആ കടയിൽ നിന്ന് അവൻ എനിക്ക് ഭംഗിയുള്ള കല്ല് വച്ച മോതിരങ്ങൾ കൊണ്ടുവന്നു. അളവ് കൃത്യമല്ല, കുറേക്കൂടി ഭംഗിയുള്ളത് കൊണ്ടുവാ എന്നൊക്കെ പറഞ്ഞ് ഞാൻ അവനെ കുറെ പരീക്ഷിച്ചിട്ടുണ്ട്. പരാതികൾ ഇല്ലാതെ അവൻ മോതിരങ്ങൾ മാറ്റിക്കൊണ്ടുവന്നു. മൂന്നോ നാലോ തവണ ക്ഷമയോടെ എന്റെ ആവശ്യങ്ങൾ പരിഗണിച്ചപ്പോൾ അവന്റെ പ്രേമത്തിൽ എനിക്ക് വിശ്വാസം വന്നു. അവസാനം കൊണ്ടുവന്ന മോതിരം എന്റെ വിരലിൽ ഇട്ടു തരാൻ ഞാൻ പറഞ്ഞു. ഷെരീഫ് ഭീകരമായി ഞെട്ടി. ഒരു പെൺകുട്ടി ആവശ്യപ്പെടുകയാണ്, ഇതാ എന്റെ കൈ, മോതിരം ഇട്ടു തരൂ എന്ന്. അക്കാലത്ത് ആൺകുട്ടി പെൺകുട്ടിയെ വിരലിൽ ആണെങ്കിൽ പോലും തൊടുന്നത് അതിഭീകര ശിക്ഷ കിട്ടാവുന്ന തെറ്റാണ്. അവന്റെ പേടി എന്നെ തീണ്ടിയില്ല. മോതിരം ഞാൻ ഇടണമെങ്കിൽ നീ എന്റെ വിരലിൽ ഇട്ടു തരണം അതിനു പറ്റില്ലെങ്കിൽ നിന്റെ പ്രണയവും അതിന്റെ അടയാളമായ മോതിരവും ഞാൻ ഈ നിമിഷം ബഹിഷ്‌കരിക്കും എന്ന മട്ടിൽ എന്തോ ഞാൻ പറഞ്ഞിരിക്കണം. നിവർത്തിയില്ലാതെ അവനത് അനുസരിച്ചു. ഷെരീഫ് പ്രവീണയ്ക്ക് കൊടുത്ത മഹർ കണ്ടോ എന്ന് തട്ടമിട്ട താത്തക്കുട്ടികൾ അടക്കി ചിരിച്ചു.

എന്റെ എല്ലാ പ്രണയങ്ങളിലും ഇത്തരം ചില വാശികൾ ഞാൻ സൂക്ഷിച്ചു. എന്നെയും എന്റെ പ്രേമത്തെയും പ്രതി മതിപ്പ് ഉണ്ടായിരുന്ന സകല കാമുകന്മാരും അത്തരം വാശികൾക്ക് മുൻപിൽ ഏറെ പ്രിയത്തോടെ മുട്ടുകുത്തി. ഞാൻ അഭിമാനത്തോടെ തലയുയർത്തി നടന്നു. ഷെരീഫിന് മദ്രസയിൽ ഒരു കാമുകി ഉണ്ടെന്ന് ഞാൻ പിന്നീട് അറിഞ്ഞു. അപ്പോഴേക്കും ഞങ്ങളുടെ പ്രണയം ഒരു വർഷം പിന്നിട്ടു. അവന്റെ മദ്രസാ കാമുകി ഞങ്ങളുടെ സ്‌കൂളിൽ എട്ടാം ക്ലാസിൽ ചേർന്നു. സുന്ദരി, ഒരേ മതത്തിൽ പെട്ടവർ. എന്റെ അരക്ഷിതാവസ്ഥ വളർന്നു.

'നിന്റെ ഉമ്മാക്ക് എന്നെയാണോ അവളെയാണോ ഇഷ്ടപ്പെടുക?' ഞാനവനോട് ചോദിച്ചു. ആൺകുട്ടികളെ സ്വാധീനിക്കാനുള്ള ഏറ്റവും മികച്ച വഴി അവരുടെ അമ്മമാരാണെന്ന ചിന്ത എങ്ങനെയോ എനിക്ക് ഉണ്ടായിരുന്നു.

'അത് ഓളെയാവും. ഇയ്യ് ഹിന്ദുവല്ലേ, അന്നെ കല്യാണം കഴിച്ചാ ഇന്റെ ഉമ്മാക്ക് ഇഷ്ടപ്പെടൂല.' അവന്റെ മറുപടിയിൽ എനിക്ക് കലി കയറി. ഞാൻ അവന്റെ കാമുകിയെ കാണാൻ അവളുടെ ക്ലാസിലേക്ക് പോയി. ഷെരീഫിനെ എനിക്ക് വിട്ടുതരുന്നതാണ് നിനക്ക് നല്ലത് എന്ന് അവളെ ഭീഷണിപ്പെടുത്തി. അതുവരെ അവനോടുള്ള പ്രേമം പ്രത്യക്ഷത്തിൽ പ്രകടമാക്കാതെ ശ്രദ്ധിച്ച അവൾ എന്റെ ഭീഷണിയോടെ ഷെരീഫ് ആണ് എന്റെ കാമുകൻ എന്ന് പരസ്യമായി പ്രഖ്യാപിച്ചു കളഞ്ഞു! ഏറെക്കാലം പുറകെ നടത്തിച്ച അവന്റെ ഒരുവശപ്രേമം ഞാൻ ഇടപെട്ട് എളുപ്പമാക്കി കൊടുത്തു എന്ന് പറഞ്ഞാൽ മതിയല്ലോ. പ്രേമമില്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് എനിക്ക് മനസ്സിലായി. പക്ഷേ ഇനിയൊരുത്തന്റെ പുറകെയും എന്നെ പ്രേമിക്കൂ എന്നലയില്ല എന്ന് ഉറപ്പിച്ചു.

ഷെരീഫ് പ്ലസ്ടുവിന് ശേഷം പിന്നെ പഠിച്ചില്ല. പൂക്കോട്ടുംപാടത്ത് ഒരു ഫാൻസി കട തുടങ്ങി. ഞാൻ ഇടയ്ക്ക് കടയിലേക്ക് ചെന്നു. അവന്റെ തുടുത്ത വിരലുകളിലേക്ക് മാത്രം നോക്കിക്കൊണ്ട് ചിലതൊക്കെ എടുത്തു തരാൻ ആവശ്യപ്പെട്ടു. അവന് കുറ്റബോധം തോന്നാൻ പാകത്തിൽ ഒരുങ്ങി നടക്കണം എന്ന നിർബന്ധം എനിക്കുണ്ടായി. നിന്റെ ഷിഫ്‌ന എന്ത് പറയുന്നു എന്ന് കാണുമ്പോഴൊക്കെ നീരസത്തോടെ ചോദിച്ചു. മറുപടി വല്ലാതെ ശ്രദ്ധിക്കാൻ പോയില്ല. അവൻ മുൻപിൽ വച്ച നെയിൽപോളിഷുകളിൽ ചിലതൊക്കെ ഇട്ടുനോക്കി. നീ തന്നെ ഒരെണ്ണം സെലക്ട് ചെയ്യ് എന്ന് ചിലപ്പോഴൊക്കെ പഴയ വാശിക്കാരിയായി. അനക്കൊരു മാറ്റവും ഇല്ലല്ലോ പെണ്ണേ എന്ന് അവൻ ചില നിറങ്ങൾ എനിക്ക് വേണ്ടി മാറ്റിവെച്ചു.

ഷെരീഫിനെയാണ് ആദ്യം പ്രണയിച്ചതെങ്കിലും, പ്രേമത്തിന്റെയും പ്രണയ നഷ്ടത്തിന്റെയും വേദന തന്നത് എന്റെ രണ്ടാമത്തെ പ്രണയമാണ്. അയാളെക്കുറിച്ച് ഓർക്കുമ്പോഴാണ് എനിക്ക് ഇപ്പോഴും ചെറിയ നഷ്ടബോധം തോന്നാറുള്ളത്. അപ്രതീക്ഷിതമായി അയാളെ കണ്ടപ്പോഴാണ് എനിക്ക് നെഞ്ചിടിപ്പ് കൂടിയിട്ടുള്ളത്. അയാളെയും അയാളുടെ പ്രണയത്തെയും ഓർത്താണ് ഞാൻ ആദ്യമായി കരഞ്ഞിട്ടുള്ളത്. ഇക്കാരണങ്ങളാൽ അതാണ് എന്റെ ആദ്യ പ്രണയം എന്ന് കരുതാനാണ് എനിക്കിഷ്ടം.

(തുടരും )

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi