ജീവിതത്തിന് ഊര്‍ജ്ജം പകരുന്നതെന്താണ്? വീണിട്ടും എഴുന്നേറ്റോടാന്‍, നടക്കാനല്ല, പ്രേരിപ്പിക്കുന്നതെന്താണ്? ഭൂതകാലപ്പിശാചുക്കള് തന്നെ. ലീവ് ദി പാസ്റ്റ് ബാഗേജെന്ന് പ്രിയപ്പെട്ടവര്‍, സുഹൃത്തുക്കള്‍, അനുജത്തി, മകള്‍...കാലമെത്ര കടന്നു പോയി,നമ്മള് എഴുന്നേറ്റു നിന്നിട്ടും ഭൂതകാലപ്പിശാചുക്കളെ ഒപ്പം കൂട്ടുന്നതെന്തിന്? പട്ടിണിയുടെയും പരിവട്ടത്തിന്റെയും അപമാനത്തിന്റെയും കണ്ണീരീന്റെയും കഥകള്‍ പിന്നെയും പാടുന്നതെന്തിന്?
എനിക്ക് ഒട്ടും കണക്കറിയില്ല. ഒട്ടും എന്നു പറഞ്ഞാല്‍ ഒട്ടും. മൂന്നു രൂപ ബാക്കി കിട്ടാനുണ്ടെങ്കില്‍ രണ്ടു രൂപ അങ്ങോട്ടു ചോദിക്കുന്ന ഓട്ടോക്കാരെ പന്തം കണ്ട പെരുച്ചാഴിയെ പോലെ ഇന്നും നോക്കുന്ന ഞാന്‍. നൂറ്റിയമ്പത്തൊന്നു രൂപയ്ക്ക് നൂറു രൂപ കൊടുത്ത് ബാക്കി കിട്ടാന്‍ കാത്തു നില്‍ക്കുകയും കൈ നീട്ടുന്ന കടക്കാരന്റെ കയ്യില്‍ എന്താണൊന്നുമില്ലാത്തതെന്ന് അമ്പരക്കുകയും ചെയ്യുന്ന ഞാന്‍. ഭാഷയും ഹ്യമാനിറ്റീസുമെല്ലാം മോശമല്ലാതെ അറിയുന്നതു കൊണ്ട് മത്സരപ്പരീക്ഷകളില്‍ രക്ഷപ്പെടുകയും ജോലി കിട്ടുകയും ചെയ്തു. വലിയ കണക്കിസ്റ്റായ എന്റെ അമ്മ എന്നെ കണക്കു പഠിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടുണ്ട്. അടിയും പിച്ചും കൊണ്ട് തുടയിലും ചുമലിലും പാടുകള്‍ വീണത് മാത്രം മിച്ചം. കണക്കു പഠിപ്പിക്കല്‍ സഹിക്കവയ്യാതെ പുസ്തകത്തിലൊരിടത്ത് അമ്മ രാക്ഷസിയെന്ന് എഴുതി വെച്ചത് കണ്ടുപിടിച്ചപ്പോള്‍ കിട്ടിയ തല്ലുകള് വേറെ. അക്കങ്ങള്‍ കണ്ടാല്‍ എന്റെ തലച്ചോര്‍ പ്രവര്ത്തിക്കാതാകും. കണക്കിന്റെ എന്തോ ഗുട്ടന്‍സ് എന്റെ തലയ്ക്കുള്ളിലില്ല, അത്ര തന്നെ. കണക്കറിയാതെ ഇത്രയും വരെ ജീവിച്ചില്ലേ എന്ന അഹങ്കാരവും ഇപ്പോള്‍ എനിക്കുണ്ട്.
പക്ഷേ ജീവിതത്തില്‍ കൂട്ടലും കുറയ്ക്കലും ശിഷ്ടം നോക്കലും കറ കറക്റ്റായി ചെയ്ത ഒരു ദിവസമുണ്ട് എന്റെ ജീവിതത്തില്‍. നാലാം ക്ലാസില്‍ പഠിക്കുന്ന കാലം. ഓരോ ആറുമാസം കൂടുന്തോറും വീടുമാറ്റമുണ്ട്. എവിടന്നോ വന്ന അച്ഛനും അമ്മയും രണ്ടു പെണ്‍കുട്ടികളും. ഊരേതോന്നോ പേരെന്തെന്നോ അറിയില്ല. കയ്യില്‍ പത്തു പൈസയുള്ള ലക്ഷണമില്ല. അമ്മയുടെ കഴുത്തിലെ കറുത്ത ചരടും ഞങ്ങളുടെ പഴകി നരച്ച ഉടുപ്പുകളും അതു വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ഇവരെവിടെ പോയി തുലഞ്ഞാലും ഞങ്ങള്‍ക്കെന്ത്? വാടക പോലും തരാനുള്ള വകയില്ലെങ്കില്‍ ഇന്നിറങ്ങണം ഇവിടെ നിന്ന്. അത്തവണ മാറ്റം തൃശ്ശൂരില്‍ തന്നെ ഒളരിക്കരയിലേക്കാണ്. വണ്ടികള്‍ നന്നാക്കാനുള്ള ഗാരേജായി ഉപയോഗിച്ചിരുന്ന സ്ഥലം. അതിന്റെ കൂറ്റന്‍ എടുപ്പുകള്‍, കുഴികള്‍. അതിനിടയില്‍ ഒന്നോ രണ്ടോ മുറികള്‍. ആകെയുളള നാലു ചട്ടിയും രണ്ടു കലവും അമ്മ അടുക്കിവെച്ചു. കുറച്ചേറെ പുസ്തകങ്ങളുണ്ട്, ആകെയുള്ള സമ്പാദ്യം.
ഉച്ചയായി, പുതിയ വീട്ടിലേക്കു മാറാനുള്ള തിരക്കിലും തിടുക്കത്തിലും ആരും ഒന്നും കഴിച്ചിട്ടില്ല. ഒന്നുമുണ്ടായിരുന്നുമില്ല. വിശക്കുന്നുണ്ടെല്ലാര്ക്കും. വീട്ടില്‍ അരിയോ പച്ചക്കറിയോ പലവ്യഞ്ജനങ്ങളോയില്ല. പുതിയ സ്ഥലം, അപരിചിതരായ അയല്‍ക്കാര്‍. ഒരു പിടി അരിയോ ഒരു മുറി തേങ്ങയോ തരാന്‍ പോലും ആരുമില്ല. മുറ്റത്തേക്കിറങ്ങി നോക്കിയപ്പോള്‍ അടുത്തൊരു കുഞ്ഞു പലചരക്കു കടയുണ്ട്. പക്ഷേ കാശുണ്ടോ? അച്ഛന്റെ കീശ പതിവു പോലെ കാലി. അമ്മ മിച്ചം വെച്ച ഏതാനും നാണയത്തുട്ടുകളുണ്ട്. നോട്ടുകളില്ല. അമ്മ എല്ലാം എന്റെ കയ്യില്‍ പെറുക്കി വെച്ചു. പോയി അരക്കിലോ അരി വാങ്ങണം, ഇതില്‍ എത്ര രൂപയുണ്ടെന്നറിയില്ല. ആദ്യം അരിയുടെ വില എണ്ണിക്കൊടുക്കണം. എന്നിട്ട് പരിപ്പിന്റെ വില ചോദിക്കണം, ബാക്കി കാശുണ്ടെങ്കില്‍ അതു വാങ്ങണം. എന്നിട്ട് പിന്നെയും കാശുണ്ടെങ്കില്‍ കുറച്ച് ഉണക്കമീനും. മൊത്തം കണക്കിന്റെ കളിയായതിനാല്‍ ആവശ്യത്തിലധികം പരിഭ്രമം തോന്നിയെങ്കിലും വിശപ്പും ക്ഷീണവും അമ്മയുടെ നിസ്സഹായാവസ്ഥയും എന്നെ ഉന്തിത്തള്ളി കടയിലെത്തിച്ചു.
കടയില്‍ നിറയെ ആളുകളുണ്ട്. ഞാന്‍ സങ്കോചത്തോടെ പുറകിലേക്ക് മാറിനിന്നു. ആളൊഴിയട്ടെ. കുറച്ചു കഴിഞ്ഞപ്പോള്‍ കടക്കാരന് എന്നെ ശ്രദ്ധിച്ചു. മോളെവിടെ നിന്നാണ്? മുമ്പിവിടെ കണ്ടിട്ടില്ലല്ലോ. എന്താണ് വേണ്ടത്? ഞാന്‍ മടിച്ചു മടിച്ച് അരക്കിലോ അരിയുടെ വില ചോദിച്ചു. അയാള്‍ വില പറഞ്ഞു. ഞാന്‍ പതിയെ കയ്യിലെ തുട്ടുകള്‍ എണ്ണിനോക്കാന്‍ തുടങ്ങി. അത്ര തുക കയ്യിലുണ്ട്. അതു കൊടുത്തു. അതിനിടയില്‍ കുഞ്ഞുകൈകള്ക്കുള്ളില് നിന്ന് തുട്ടുകള്‍ ഊര്‍ന്നു വീഴാന്‍ തുടങ്ങി. ആള്ക്കാര് കൗതുകത്തോടെ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഇനിയെന്തു വേണം? നൂറ് പരിപ്പിന്റെ വിലയാണ് അടുത്തറിയേണ്ടത്. പിന്നെയും ഞാന്‍ തുട്ടുകളെണ്ണി. അതു കൊടുത്തു. ആളുകളുടെ കണ്ണില്‍ നിന്ന് കൗതുകം മായുകയും പരിഹാസവും പുച്ഛവും നിറയുകയും ചെയ്തു. ഇവള് കൊള്ളാമല്ലോ? പെറുക്കിപ്പെറുക്കി വാങ്ങുകയാണ്. ആളുകളുടെ പരിഹാസം കൂടുന്തോറും എന്റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി. പക്ഷേ എണ്ണുന്നതു ഞാന്‍ നിര്‍ത്തിയില്ല. നിലത്തു പൊഴിയുന്ന തുട്ടുകള്‍ പെറുക്കിയെടുത്ത് മണ്ണു തട്ടി വെക്കുകയും ചെയ്തു. അടുത്ത ഊഴം ഉണക്കമീനിന്റെതാണ്. അതിനു പണം തികഞ്ഞതുമില്ല. അപ്പോഴേക്കും ആളുകളുടെ മുഴുവന്‍ ശ്രദ്ധയും എന്നിലായി. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അപമാനവും സങ്കടവും എന്നെ നീറ്റി. ഇതെല്ലാം ഇവിടെയിട്ട് ഓടിപ്പോയാലോ എന്നോര്‍ത്തു. വീട്ടില്‍ കാത്തിരിക്കുന്ന അമ്മയും കുഞ്ഞനുജത്തിയും എന്നെ തടഞ്ഞു. കണ്ണീരു നിറഞ്ഞ കാഴ്ച മങ്ങിയിട്ടും, കുറയ്ക്കാനും കൂട്ടാനും കൈ വിരലുകളുടെ സഹായം ഇല്ലാഞ്ഞിട്ടും ജീവിതത്തിലാദ്യമായി അന്നെന്റെ കണക്ക് തെറ്റിയില്ല. പിന്നീടൊരിക്കലും ശരിയായിട്ടുമില്ല.' (ഫെയ്സ്ബുക്കില്‍ പ്രസിദ്ധീകരിച്ചത്)
(തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടറും എഴുത്തുകാരിയുമാണ് ലേഖിക)
Content Highlights: kabani civic writes about her childhood memory
Published: 21 Feb 2024, 12:56 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented