എന്റെ പത്താം ക്ലാസ് ജീവിതത്തിൽ മറക്കാത്ത കാലമാണ്. ഇപ്പോഴും ഓർക്കുമ്പോൾ വിറയ്ക്കുന്ന പേടികളുടെ കാലം. അവിടുന്ന് അങ്ങോട്ട് ജീവിതം അതുവരെ കണ്ടിട്ടില്ലാത്ത തിരിവുകളിലേക്ക് കടക്കുകയായിരുന്നു. പൂർണ്ണമായും ഒറ്റയായത് അന്നാണ്. സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങളാണ് ഓരോ ദിവസവും നടന്നത്.

അന്ന് പത്താം ക്ലാസ് കുട്ടികളുടെ പഠനനിലവാരത്തിനനുസരിച്ച് ക്രമീകരിക്കുന്ന പതിവുണ്ട്. നല്ല നിലവാരം പുലർത്തുന്ന കുട്ടികളാണ് എ ക്ലാസ്സിൽ. നിലവാരം കുറയുന്നതിനനുസരിച്ച് ഡിവിഷനുകൾ വേറെയുണ്ട്. കുട്ടികളുടെ മനഃശാസ്ത്രം ഒട്ടും അറിയാത്ത അധ്യാപകരുടെ ഏറ്റവും മോശം പ്രവർത്തിയായിട്ടാണ് ഇന്നും അതിനെ കാണുന്നത്. എന്തിന്റെ പേരിലായാലും ആ വിവേചനം വലിയ അനീതിയാണ്. എല്ലായിടത്തും പത്താം ക്ലാസ് ആണ് എന്ന ഓർമ്മപ്പെടുത്തൽ. സ്‌കൂളിൽ ഇടവേളയില്ലാത്ത പഠനം. വീട്ടിൽ എന്നും വഴക്കും ബഹളവും. എല്ലാവരും ഉറങ്ങിയാൽ മാത്രമേ പഠിക്കാനുള്ള സമാധാനമുള്ളൂ. അതിരാവിലെ രണ്ടുമണിമുതലാണ് എന്റെ പഠനം. മാർക്ക് കുറഞ്ഞാൽ ആർക്കും എന്നെ ഇഷ്ടമാവില്ല എന്ന് ഒരു പെൺകുട്ടിക്ക് ആധി പിടിച്ചു. ആ പേടിയിൽ ജീവിച്ചതുകൊണ്ട് പരിചയമുള്ള എല്ലാ കുട്ടികളോടും പറയാറുണ്ട്, പ്ലസ് വണ്ണിന് അഡ്മിഷൻ കിട്ടണം, ഭാവിയിൽ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കണം, അതേയുള്ളൂ ആ സർട്ടിഫിക്കറ്റിന്റെ പ്രാധാന്യം എന്ന്. അതിനപ്പുറത്തേക്ക് ഊണും ഉറക്കവും കളഞ്ഞു പരീക്ഷയെ പേടിച്ചു കുട്ടിക്കാലം കളയേണ്ടതില്ല. ഇത് പറഞ്ഞു തരാൻ എനിക്ക് ആരുമുണ്ടായിരുന്നില്ല. ചുറ്റിലും സമ്മർദമായിരുന്നു. എന്നാൽ പഠിക്കാൻ ഏറ്റവും അത്യാവശ്യമായ സമാധാനം ഉറപ്പാക്കാൻ ആരും ഉണ്ടായിരുന്നില്ല.

സ്‌കൂൾ തൊട്ടടുത്തായിരുന്നു, അതുകൊണ്ട് ഉച്ചയ്ക്ക് ഉണ്ണാൻ ഞാൻ വീട്ടിലേക്ക് വരും. ഒരു ദിവസം വിശന്നു കയറി വരുമ്പോൾ വീട് മുഴുവൻ ആളുകളാണ്, മൂന്നോ നാലോ പോലീസുകാരും. എന്താണ് കാരണം എന്ന് പറയാൻ ഇപ്പോഴും എനിക്ക് ധൈര്യമായിട്ടില്ല. എന്നെങ്കിലും ആകും എന്നും തോന്നുന്നില്ല. കൂടിയ മുഴുവൻ മനുഷ്യരുടെ മുൻപിലും അപമാനത്തോടെ തലകുനിച്ചു നിന്ന പെൺകുട്ടിക്ക് ആത്മഹത്യ ചെയ്യാൻ തോന്നിയാൽ തെറ്റുണ്ടോ? പിൽക്കാലത്ത് കഠിനമായ ആക്രമിച്ച വിഷാദരോഗത്തിന്റെ അനേകം വിത്തുകളിൽ ഒന്ന് ഉള്ളിൽ വീണത് അന്നാണ്. അന്ന് ഉച്ചയ്ക്ക് ഉണ്ടില്ല, തിരികെ സ്‌കൂളിലേക്കും പോയില്ല.

പിറ്റേദിവസം എങ്ങനെ കൂട്ടുകാരുടെ മുഖത്തു നോക്കും എന്നാലോചിച്ചപ്പോൾ എനിക്ക് എങ്ങോട്ടെങ്കിലും ഓടി പോകാൻ തോന്നി. ഏത് അപരിചിതൻ വാ എന്ന് കൈ പിടിച്ചാലും പോവാൻ പാകത്തിൽ അപമാനിതയായിരുന്നു, ആ നാടല്ലാതെ വേറെ ഏതു ലോകത്തും ജീവിക്കാനാവും എന്നും തോന്നിയിരുന്നു. ആരും രക്ഷിച്ചില്ല. പിറ്റേന്നും സ്‌കൂളിൽ പോയി, കൂട്ടുകാരുടെ കളിയാക്കലും അധ്യാപകരുടെ അവജ്ഞയും കണ്ടു. ഒരക്ഷരം പറയാനില്ല.

ആരൊക്കെയോ ചെയ്ത തെറ്റുകൾക്ക് പ്രതിക്കൂട്ടിൽ കയറേണ്ട ഗതികേട് പിന്നീടും പലതവണ ഉണ്ടായിട്ടുണ്ട്. പക്ഷേ കൊടുംവേദനകളുടെ ഭൂതകാലം അവിടെ ഒന്നും വീണു പോകാതെ കാത്തു. അതിലും വലുതല്ലല്ലോ ഇത് എന്ന് എപ്പോഴും ആശ്വസിക്കാൻ ശ്രമിച്ചു. എന്തെങ്കിലുമൊക്കെ ചെയ്തു കാണിക്കണം എന്ന് വാശിയുടെ കനൽ ഉള്ളിൽ പാറിവീണതും അന്നാണ്. പിൽക്കാലം മുഴുവൻ എവിടെയും തോറ്റുപോകാതെ ആ കനൽ വെളിച്ചം എന്നെ തുണച്ചു. വേദനകൾ ഉറങ്ങാൻ സമ്മതിച്ചില്ല. കൂട്ടുകാരാരും കൂടെ കൂട്ടിയില്ല. ആ സമയം മുഴുവൻ ഞാൻ പഠിച്ചു. എല്ലാ കാലത്തേക്കുമായി കാലം കണ്ണിനുചുറ്റും കറുത്ത വളയങ്ങൾ സമ്മാനിച്ചു. ഒരിക്കലും ഒടുങ്ങാത്ത അപകർഷങ്ങൾ ഉള്ളിൽ വളർന്നു. മനുഷ്യരെ അഭിമുഖീകരിക്കാൻ പറ്റാതെ ആത്മവിശ്വാസം മുഴുവൻ തകർന്ന ഒരു കൗമാരക്കാരിക്ക് ഒട്ടും ചേരാത്ത മുതിർച്ച ഞാൻ വാരിചുറ്റി.

പരീക്ഷ കഴിഞ്ഞു, സ്‌കൂൾ അടച്ചു. ബന്ധുക്കളും കൂട്ടുകാരും ഇല്ലാത്ത കുട്ടിയുടെ അവധിക്കാലത്തിന് ഒട്ടും നിറമില്ല. അന്നാണ് പുഴ എന്റെ അഭയം ആകുന്നത്. വേനലിൽ ഒഴുക്ക് കുറഞ്ഞ് ചെളി കലങ്ങുന്ന ആ നീർച്ചാലിൽ ഞാൻ മണിക്കൂറുകൾ മുങ്ങി കിടന്നു. മനുഷ്യസ്പർശം ഏൽക്കാത്ത പുഴയോരത്തിന്റെ അകലങ്ങളിലേക്ക് നടന്നു ചെന്നു. മനുഷ്യരെ കാണാതെ കഴിച്ചുകൂട്ടുക എന്ന് മാത്രമായി ദിവസം.

വായന അപ്പോഴും തുടർന്നു. റിസൾട്ട് വരുന്ന ദിവസമായി, ഓൺലൈനായാണ് റിസൾട്ട് പരിശോധിക്കേണ്ടത്. ഞാൻപോലും പ്രതീക്ഷിക്കാതെ ഭൂരിഭാഗം വിഷയങ്ങൾക്കും ഗംഭീര മാർക്കുണ്ടായിരുന്നു. പക്ഷേ ഇതൊന്നും വലിയ നേട്ടമായി കാണുന്ന ആരും ചുറ്റും ഉണ്ടായിരുന്നില്ല. മിടുക്കി എന്ന് ആരും തോളിൽ തട്ടിയില്ല, ഒരു മധുരവും പങ്കുവെച്ചില്ല. പക്ഷേ താഴ്ന്നുപോയ തല ഉയർത്തിപ്പിടിക്കാൻ ആ വിജയം എന്നെ സഹായിച്ചു. അത്രയും അഭിമാനം പിന്നീട് ഒരിക്കലും അനുഭവിച്ചിട്ടില്ല. സ്‌കൂളിലെ സ്റ്റേജിൽ ഒരിക്കൽ കളിയാക്കിയ, പുച്ഛിച്ച സകലരുടെയും മുൻപിൽ വച്ച് സ്‌കൂൾതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചതിന്റെ ട്രോഫിയും ക്യാഷ് പ്രൈസും ഞാൻ കൈപ്പറ്റി. അമ്മയുടെ നൈറ്റി വെട്ടി തയ്ച്ച വെള്ളയിൽ മഞ്ഞപ്പുള്ളികൾ ഉള്ള ഒരു ടോപ്പ് ആണ് ഞാൻ അന്നിട്ടത്. തോറ്റുപോയി എന്ന് എല്ലാവരും വിധി എഴുതിയ ഒരു അവളുടെ ഉയർത്തെഴുന്നേൽപ്പായിരുന്നല്ലോ, ഒന്നും മറക്കാത്തത് അതുകൊണ്ടാണ്. സമ്മാനം കിട്ടിയ കാശിന് ഞാൻ അമ്മയ്ക്ക് ഒരു സാരി വാങ്ങി, കറുപ്പിൽ ചുവന്ന പൂക്കൾ ഉള്ള ഒന്ന്. അത് കിട്ടിയപ്പോഴെങ്കിലും അമ്മയ്ക്ക് എന്നെക്കുറിച്ച് അഭിമാനം തോന്നിയിരുന്നോ? അറിയില്ല!

( തുടരും )

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi