
ഒരിക്കല്‍ ഒരു ബന്ധുവിന്റെ വീട്ടില്‍ കുറച്ചുനാള്‍ താമസിക്കേണ്ടി വന്നു. ഒരു ട്രെയിനിങ്ങിന്റെ ഭാഗമായി അവരുടെ നാട്ടിലേക്കു പോയതാണ്. എന്തിനാണ് പുറത്തു താമസിക്കുന്നത്, ഇവിടെ ഞങ്ങളുടെ വീടില്ലേ, ഇവിടെ താമസിക്കാമല്ലോ എന്നുപറഞ്ഞ് അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ അതാണ് കുറച്ചുകൂടെ നല്ലതെന്ന് തോന്നി. അങ്ങനെ ഒരാഴ്ച ആ ബന്ധുവിന്റെ വീട്ടിലായി താമസം. അതീവ ആതിഥ്യമര്യാദ ഉള്ള വ്യക്തികള്‍, എന്ന് മാത്രമല്ല അവിടുത്തെ അമ്മ നല്ലൊരു പാചകവിദഗ്ദ്ധ കൂടിയായിരുന്നു.
പക്ഷേ അവിടെ കുറച്ചുനാള്‍ താമസിച്ചുകഴിഞ്ഞപ്പോള്‍ ചില വിചിത്രമായ കാര്യങ്ങള്‍ കാണാന്‍ സാധിച്ചു. മനുഷ്യര്‍ എത്രമാത്രം പുരോഗമനം പ്രാപിച്ചാലും, ചില സാഹചര്യങ്ങളിലെങ്കിലും അവര്‍ മൃഗങ്ങളെക്കാളും തരംതാഴും എന്ന് തോന്നിപ്പോയി. ആ വീട്ടില്‍ സഹായിയായി ഒരു സ്ത്രീ വരുമായിരുന്നു. അവര്‍ക്കു ഭക്ഷണം കഴിക്കാന്‍ പ്രത്യേകം പ്ലേറ്റും ഗ്ലാസ്സും വെച്ചിരുന്നു. എന്നുമാത്രമല്ല, അവര്‍ക്കു അടുക്കളയില്‍ പാചകം ചെയ്യാന്‍ അനുവാദമില്ല, മീനും ഇറച്ചിയുമൊക്കെ കഴുകി വൃത്തിയാക്കാം, പക്ഷെ പാചകം ചെയ്യരുത്.
Also Read
അതിലും വിചിത്രമായ മറ്റൊരു കാര്യം കൂടി കണ്ടു. ഒരു ദിവസം ഞാന്‍ ഫ്രിഡ്ജ് തുറന്നപ്പോള്‍ ഒരു പാത്രത്തില്‍ മൂന്ന്-നാല് മുട്ടയുടെ ഉണ്ണികള്‍ ഇരിക്കുന്നു. ഇതെന്ത്, മുട്ടമഞ്ഞ വെച്ച് ഇനി വേറെ കറി വല്ലതും ഉണ്ടാക്കാനാണോ എന്ന് മനസ്സില്‍ ആലോചിച്ചു. ഞാനത് എടുത്തുനോക്കുന്നത് കണ്ടപ്പോള്‍ അവിടുത്തെ അമ്മയുടെ ഡയലോഗ് ഇങ്ങനെ, 'അത് ഇവിടുത്തെ ജോലിക്കാരി പെണ്ണിന് കഴിക്കാന്‍ കൊടുക്കാം. ഇന്നലെത്തെയും മിനിഞ്ഞാന്നത്തെയും മുട്ടയുടെ മഞ്ഞകളാണ്.' 'എന്റീശോയേ, ആ കുട്ടിക്ക് വല്ല അസുഖവും പിടിക്കില്ലേ,' എന്ന് ഞാന്‍ മനസ്സിലോര്‍ത്തു.
മൂന്ന്-നാല് ദിവസം പഴകിയ പല കറികളും അങ്ങനെ വിശേഷവസ്തു എന്ന പോലെ ഫ്രിഡ്ജിലിരിക്കുന്നതും അത് ജോലിക്കാരിക്കൊച്ചിനു പ്രത്യേകമായി കൊടുക്കുന്നതും ഞാന്‍ കണ്ടു, ഭയങ്കര സങ്കടം തോന്നി. സമൂഹത്തില്‍ നല്ല നിലയും വിലയും ഉള്ള വ്യക്തികള്‍. എത്ര വേണമെങ്കിലും ദാനം ചെയ്യാനുണ്ട്, ദാനം ചെയ്യണമെന്ന് ആരും അവരെ നിര്‍ബന്ധിക്കുന്നില്ല. അപ്പോള്‍ ദാനമല്ല ഉദ്ദേശം, ഭക്ഷണം പാഴാവരുത്, എന്തെങ്കിലുമൊക്കെ തന്നുവെന്നു മറ്റുള്ളവര്‍ക്ക് തോന്നുകയും ചെയ്യണം.
ഞാന്‍ അല്പമൊന്ന് ആലോചിച്ചപ്പോള്‍ എനിക്ക് വളരെ അടുത്തറിയാവുന്ന പല വ്യക്തികളും ആഹാരത്തില്‍ ഈ പരിപാടി കാണിക്കുന്നവരാണെന്നു മനസ്സിലായി. ജോലിക്കാര്‍ക്ക് പഴയ ഭക്ഷണം കൊടുക്കുക. അവര്‍ മറ്റു വീടുകളില്‍ പണിക്കു പോകുന്നത് ജീവിക്കാന്‍ അവര്‍ക്ക് വേറൊരു മാര്‍ഗ്ഗവുമില്ലാത്തതുകൊണ്ടാണ്. അപ്പോള്‍ നമ്മള്‍ അവരെ വ്യക്തികളായി കാണുന്നതിന് പകരം ഗാര്‍ബേജ് ബോക്‌സുകളായി കാണുന്നു. നമ്മള്‍ കഴിക്കാന്‍ മടിക്കുന്ന, അറയ്ക്കുന്ന വസ്തുക്കള്‍ മറ്റൊരാള്‍ക്ക് വെറുതെ കൊടുക്കുന്നത് ദാനമല്ല, മറിച്ചു നമ്മള്‍ അവരുടെ നിസ്സഹായതയെ, ബലഹീനതയെ ചൂഷണം ചെയ്യലാണ്.
വളരെ സമ്പന്നനായ ഒരു ചേട്ടന്‍ അയലത്തുണ്ടായിരുന്നു. അദ്ദേഹത്തിന് ധാരാളം സുഹൃത്തുക്കളുമുണ്ടായിരുന്നു, അവരില്‍ പലരും വിദേശത്താണ്, മക്കളാരും കൂടെയില്ലാത്ത ഈ ചേട്ടന്‍ ചില ദിവസങ്ങളില്‍ കുട്ടികളെ അന്വേഷിച്ചു വീട്ടില്‍വരും; മോന് കുറച്ചു ചോക്ലേറ്റ് എന്നൊക്കെ പറഞ്ഞ് ഓരോ പാക്കറ്റ് കൊണ്ടുവരും. പക്ഷേ അതിലൊന്നും ഒരിക്കലും, ഹെര്‍ഷീസ് ഇല്ലായിരുന്നു, ലിന്‍ഡ് ഇല്ലായിരുന്നു, എം ആന്‍ഡ് എം ഇല്ലായിരുന്നു, പോട്ടെ നമ്മുടെ നാട്ടില്‍ കിട്ടുന്ന എത്രയോ മിട്ടായികളുണ്ട്, അതിലൊന്നുമല്ല. മറിച്ച് ചോക്ലറ്റ് പോലെ ഉരുട്ടിവെച്ചിരിക്കുന്ന എന്തോ ഒന്ന്. ആരെങ്കിലും അദ്ദേഹത്തിനും ഭാര്യയ്ക്കുമായി കൊടുത്തിട്ടു പോകുന്നതായിരിക്കും. അന്നേരം അവരുടെ ഉള്ളിലെ പിള്ളാരുസ്‌നേഹി ഉറക്കമുണരും. അത് നാട്ടുകാരന്റെ കുട്ടികളെ പരിപോഷിപ്പിക്കാനായി ഉപയോഗിക്കും.
മറ്റു ചിലരുണ്ട്, അതിവിശേഷമാണ് അവരുടെ കാര്യം, എക്‌സ്പയറി ആകുന്നതുവരെ ഓരോ ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജിലോ സ്റ്റോര്‍മുറിയിലോ സൂക്ഷിക്കും. എക്‌സ്പയറി ആകുന്ന സെക്കന്റില്‍ അയലത്തുകാര്‍ക്കോ, ബന്ധുക്കള്‍ക്കോ എടുത്തങ്ങ് ദാനംചെയ്യും. 'ഇതെന്തു കൂത്ത്' എന്ന് തോന്നും, ദാനം ചെയ്യാന്‍ അങ്ങ് മുട്ടിനില്‍ക്കുന്ന മനുഷ്യരാണ്, അവര്‍ ദാനം ചെയ്‌തേ അടങ്ങൂ. പക്ഷേ നല്ലതൊന്നും, വയറിനു അസുഖമുണ്ടാകാതെ കഴിക്കാന്‍ പാകത്തിനുള്ളതായ ഒന്നും ഞങ്ങള്‍ ദാനം ചെയ്യില്ല, അതാണ് ഞങ്ങള്‍ ദാനധര്‍മ്മികളുടെ മുദ്രാവാക്യം. ദാരിദ്ര്യം പിടിച്ചതാണ് ഞങ്ങളുടെ ദാനശീലം.
Content Highlights: dr.gigi j alex share her memories about some strange persons
Published: 18 Feb 2024, 02:40 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented