ബക്കറ്റിൽ ഇരിക്കുന്ന ഒരു കുഞ്ഞിന്റെ ചിത്രം... വർഷങ്ങളായി ഷാരൂഖ് ഖാന്റെ ആരാധകർ ഏറ്റവുമധികം കണ്ടിട്ടുള്ള അദ്ദേഹത്തിന്റെ ബാല്യകാല ചിത്രങ്ങളിലൊന്നാണത്. ഒടുവിൽ ആ ചിത്രത്തിന് പിന്നിലെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡിന്റെ ബാദ്ഷാ. മംഗളൂരിൽ നടന്ന പ്രത്യേക പരിപാടിയിലാണ് തന്റെ ബാല്യകാല ഓർമകളും ആ വൈറൽ ചിത്രത്തിന്റെ കഥയും ഷാരൂഖ് ആരാധകരുമായി പങ്കുവെച്ചത്.

പരിപാടിക്കിടെ ചിത്രം ഉയർത്തിക്കാട്ടിയ ഷാരൂഖ് ചിരിയോടെ പറഞ്ഞു: “ഇപ്പോൾ പറയുമ്പോൾ കുറച്ച് വിചിത്രമായി തോന്നാം. കാരണം ആ ചിത്രത്തിൽ ഈ കുഞ്ഞിന് വസ്ത്രമൊന്നുമില്ല. ഇന്നും എന്റെ കൈവശമുള്ള ബാല്യകാലത്തെ ഏക ഫോട്ടോ ഇതാണ്. മംഗളൂരിൽ നിന്ന് എടുത്ത, ബക്കറ്റിൽ ഇരിക്കുന്ന എന്റെ ബാല്യകാല ചിത്രം.” ഈ വാക്കുകൾ കേട്ടതും സദസ്സിൽ നിറഞ്ഞ കൈയടികളായിരുന്നു.

പരിപാടിയിൽ ആരാധകരെ കന്നഡയിൽ അഭിവാദ്യം ചെയ്ത ഷാരൂഖ്, മംഗളൂരു നൽകിയ സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദിയും അറിയിച്ചു. “മംഗളൂരിലെത്തുമ്പോൾ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ വിമാനത്താവളത്തിൽനിന്ന് ഇവിടെവരെ ലഭിച്ച സ്നേഹവും ഊഷ്മളമായ സ്വീകരണവും എന്നെ ശരിക്കും സ്പർശിച്ചു”. 

തുടർന്ന് തന്റെ ഹിറ്റ് ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്തും ആരാധകരുമായി സംവദിച്ചും അദ്ദേഹം വേദിയെ ആവേശഭരിതമാക്കി. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറലായി.

1965-ൽ ന്യൂഡൽഹിയിലാണ് ഷാരൂഖ് ഖാൻ ജനിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ബാല്യത്തിന്റെ ആദ്യ വർഷങ്ങൾ മംഗളൂരിലായിരുന്നു. ഏകദേശം അഞ്ച് വയസ്സ് വരെ കുടുംബത്തോടൊപ്പം അവിടെ താമസിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ മംഗളൂരുമായുള്ള ബന്ധം അദ്ദേഹത്തിന് എന്നും പ്രത്യേകമാണ്.

ഇപ്പോൾ 'കിങ്' എന്ന ആക്ഷൻ ത്രില്ലർ സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ഷാരൂഖ്. ഈ ചിത്രത്തിലൂടെ ആദ്യമായി മകൾ സുഹാന ഖാനൊപ്പം അദ്ദേഹം മുഴുനീള കഥാപാത്രമായി എത്തുകയാണ്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുകോൺ, അഭിഷേക് ബച്ചൻ, റാണി മുഖർജി, അഭയ് വർമ, ജാക്കിഷ്രോഫ്, അനിൽ കപൂർ, അർഷദ് വാർസി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണവും പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളും പുരോഗമിക്കുകയാണ്. ഡിസംബർ 24-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

മംഗളൂരിലേക്കുള്ള ഈ തിരിച്ചുവരവ് ഷാരൂഖിന് ഒരു ഔദ്യോഗിക പരിപാടി മാത്രമായിരുന്നില്ല. ജീവിതത്തിന്റെ ആദ്യകാല ഓർമകൾ സൂക്ഷിക്കുന്ന നഗരത്തിലേക്ക് വീണ്ടുമെത്തിയതിന്റെ വൈകാരിക നിമിഷം കൂടിയായിരുന്നു.
 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi