ഇന്ന് ദേശീയ വായനാ ദിനമാണ്. വായനശാല പ്രസ്ഥാനത്തിന് കേരളത്തിൽ ശക്തമായ വേരുകളുള്ള കണ്ണൂരിലെ ഒരു ഗ്രാമത്തിൽ നിന്നാണ് ഞാൻ വരുന്നത്. അക്ഷരങ്ങളേയും, വാക്കുകളേയും, വാക്യങ്ങളേയും നെഞ്ചിലേറ്റിയ ബാല്യ-കൗമാര കാലങ്ങൾ ഞാൻ ഇന്നും ഓർക്കുന്നത് വളരെയേറെ ചാരുതാർത്ഥ്യത്തോടെയാണ്. വായനയിലൂടെ നേടിയെടുത്ത സൈദ്ധാന്തികമായ അടിത്തറ എന്നെ ഇടതുപക്ഷ പ്രസ്ഥാനത്തിലേക്ക് എത്തിച്ചു. ജനപ്രതിനിധി എന്ന നിലയിലും അഞ്ച് വർഷക്കാലം മന്ത്രിയെന്ന നിലയിലും മികച്ച നിലയിൽ എനിക്ക് പ്രവർത്തിക്കാനായെങ്കിൽ അതിനുള്ള പിൻബലം തന്നത് പുസ്തകങ്ങളാണ്.

To advertise here,

എന്നേക്കാൾ വായിക്കുന്നവർ വായിച്ചും, അറിഞ്ഞും, ചിന്തിച്ചും നേടിയ അറിവുകളും വൈജ്ഞാനിക സമ്പത്തും അവർ നാടിനുവേണ്ടി സമർപ്പിച്ചതും ഞങ്ങളെപ്പോലുള്ളവർക്ക് നൽകിയ പ്രോത്സാഹനം ചെറുതല്ല. ജീവിതത്തിൽ നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനം വായനയോടുള്ള അഭിനിവേശമാണെന്ന് സമർത്ഥിച്ച അമേരിക്കൻ എഴുത്തുകാരിയും, സാഹിത്യ നിരൂപകയുമായ എലിസബത്ത് ഹാർഡ് വിക്കിനെ ഞാൻ ഓർത്തുപോകുകയാണ്. തോക്കുകളല്ല ഞങ്ങളുടെ തോൾസഞ്ചിയിലെ പാബ്ലോ നെരൂദയുടെ കവിതാ പുസ്തകങ്ങളാണ് ഞങ്ങൾക്ക് ധൈര്യം പകരുന്നതെന്ന് പറഞ്ഞ ചിലിയിലെ വിപ്ലവകാരികളെ ഓർക്കുകയാണ്. മാക്‌സിം ഗോർക്കിയുടെ അമ്മയെ ഓർക്കുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലൂടെ മനുഷ്യ സമൂഹത്തിന്റെ മോചന മാർഗ്ഗം നിർദ്ദേശിച്ച കാറൽ മാർക്‌സും, ഏംഗൽസും സ്മൃതിപഥത്തിൽ പ്രത്യക്ഷപ്പെടുന്നു. ശ്രീനാരായണ ഗുരുവും, കുമാരനാശാനും, വയലാർ രാമവർമ്മയടക്കം അക്ഷരങ്ങൾ കൊണ്ട് സമൂഹത്തെ മാറ്റി മറിക്കാനാഗ്രഹിച്ച മഹാമനീഷികളെ മറക്കാൻ കഴിയില്ല. ലോക ചരിത്രാവലോകനത്തിലൂടെ ആധിപത്യത്തിന്റേയും, ഫാസിസ്റ്റ് ഭീകരതയുടേയും നിഴലാട്ടം ഓർമ്മിപ്പിച്ച ജവഹർലാൽ നെഹ്‌റു വായനാദിനത്തിൽ നമ്മുടെ കൂടെയുണ്ട്. ഒന്നരക്കോടി (ഇന്ന് മൂന്ന് കോടി) മലയാളികളുടെ ഭാഗധേയത്തെക്കുറിച്ച് ശാസ്ത്രീയമായി ചിന്തിപ്പിച്ച ഇ.എം.എസ് അടക്കമുള്ള രാഷ്ട്രീയ-സാംസ്‌കാരിക നായകന്മാർ നമ്മളോടൊപ്പം സഞ്ചരിക്കുന്നത് അറിയുന്നു. തീർച്ചയായും വായന ഒരായുധവും, ആശ്വാസവുമാണ്. വായനശാലകൾക്ക് ഏകാധിപതിയായ (ഫാസിസ്റ്റ്) ഹിറ്റ്‌ലർ തീയിട്ടത് അക്ഷരങ്ങളുടെ ശക്തി അറിയാവുന്നതുകൊണ്ട് തന്നെയാണ്.

വായന ഇല്ലാതാകുകയാണെന്നൊരു പ്രചാരണം ലോകമെമ്പാടും നടക്കുന്നുണ്ട്. വായനകൊണ്ട് മനുഷ്യൻ നേടുന്ന അറിവിനേയും, ചിന്താശക്തിയേയും ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്ന കോർപ്പറേറ്റ് ഭീമന്മാരും, വലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളും വളരെ മനപ്പൂർവ്വമായി പടച്ചുവിടുന്ന വലിയൊരു നുണയാണിത്. ഏതിന്റേയും നേട്ടം ലാഭം മാത്രമായിരിക്കുമെന്ന് ചിന്തിക്കുന്നവരാണ് കോർപ്പറേറ്റുകൾ. അതിന് തടസ്സം വായനയാണെന്ന് അവർക്കറിയാം. കല്ലുകളിൽ കൊത്തിവച്ച് മനുഷ്യൻ വായിച്ചെടുത്ത ലിഖിതങ്ങളും, കൊച്ചുകൊച്ചു ലഘുലേഖകളിലൂടെ രാജ്യങ്ങൾ സ്വതന്ത്രമായതിനും ചരിത്രം സാക്ഷിയാണ്. മഹാത്മാ ഗാന്ധിയുടെ എഴുത്തുകൾ ബ്രിട്ടീഷ് അധിനിവേശത്തെ തൂത്തെറിഞ്ഞത് ഇന്ത്യക്കാരായ നമ്മൾ മാത്രമല്ല, ഇന്നും മാർക്‌സിനെയെന്ന പോലെ ഗാന്ധിയേയും പഠിക്കുന്ന ലോകത്തിനറിയാം. രാജാധിപത്യങ്ങളേയും, കൊളോണിയലിസത്തിന്റെ ഉൽപന്നങ്ങളായ അടിമ കച്ചവടത്തേയും തടയിടാൻ മനുഷ്യരാശിക്ക് കഴിഞ്ഞതും, അതിനായുള്ള നേതൃത്വങ്ങളെ സൃഷ്ടിച്ചതും അവരുടെ ധിഷണയാണ്. ആ ധിഷണ അവരിൽ വളർത്തിയത് അവർ വായിച്ചെടുത്ത വിവരങ്ങളിൽ നിന്നാണ്.

ഇന്ത്യയിലും വായനയെ തോൽപ്പിക്കണമെന്ന് വാശിയോടെ കരുതുന്ന തീവ്ര വലതുപക്ഷ ചിന്താഗതി വളർന്നുവരുന്നുണ്ട്. എന്ത് വായിക്കണം, എങ്ങനെ വായിക്കണം, എങ്ങനെ ചിന്തിക്കണം എന്നൊക്കെ ഞങ്ങൾ തീരുമാനിക്കുമെന്നാണ് അവർ പറയുന്നത്. ഇന്ത്യയിലെ ചെറിയ റെയിൽവെ സ്റ്റേഷനുകളിൽ പോലും ഉണ്ടായിരുന്ന പുസ്തകശാലകളെ പൂട്ടിയത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരാണ്. ഞങ്ങളൊക്കെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യയിലുടനീളം സഞ്ചരിക്കുമ്പോൾ പല പ്രധാനപ്പെട്ട പുസ്തകങ്ങളും ലഭിച്ചിരുന്നത് റെയിൽവെ സ്റ്റേഷനുകളിലെ ഇത്തരം പുസ്തകശാലകളിൽ നിന്നായിരുന്നു. ഇന്ന് അവ മിക്കവാറും ഇല്ലാതായി. മനുഷ്യനെ വായനയിൽ നിന്ന് അകറ്റാൻ വർഗ്ഗീയവാദികൾ കണ്ടുപിടിച്ച ഈ സൂത്രവേല പുസ്തകങ്ങളെ സ്‌നേഹിക്കുന്നവരെ മാത്രമല്ല, യാത്രകളെ ഇഷ്ടപ്പെടുന്നവരേയും നിരാശയിലാക്കുന്നുണ്ട്. കഥകളിൽ മുഹമ്മദിന്റേയോ ക്രിസ്തുവിന്റെയോ രാമന്റേയോ പേരുകൾ പോലും ഉൾപ്പെടുത്തുന്നത് ചിലർ കുറ്റകരമായി വ്യാഖ്യാനിക്കുകയും, ആക്രമിക്കപ്പെടുകയും ചെയ്യുന്ന അസഹിഷ്ണുത വളർന്നുവരുന്നുണ്ട്. ഭയം ഭരിക്കുന്ന കാലമാകുമ്പോൾ യേശുവും, മുഹമ്മദ് നബിയും, ശ്രീ ബുദ്ധനുമെല്ലാം നിർദ്ദേശിക്കുന്ന ഗുണപാഠങ്ങൾ പോലും പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയുണ്ടാകും.

പുസ്തകങ്ങൾക്ക് ഇത്രമേൽ അപ്രഖ്യാപിത സെൻസർഷിപ്പ് വന്നത് ഈ അടുത്തകാലത്താണ്. നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. എം.ടി.വാസുദേവൻ നായർക്കോ ഒ.വി.വിജയനോ മാധവിക്കുട്ടിയെന്ന കമലാ സുരയ്യക്കോ അവരുടെ മാസ്റ്റർപീസുകൾ എന്ന് വിശേഷിപ്പിക്കാവുന്ന പല രചനകൾക്കും ഇന്നാണെങ്കിൽ പ്രസാധകരെ ലഭിക്കുമായിരുന്നില്ല. വായനയുടെ മറുകരയിലേക്ക് തങ്ങളുടെ കാർട്ടൂണുകളിലൂടെ മനുഷ്യനെ കൈപിടിച്ച് നടത്തിയ കെ.ആർ.ലക്ഷ്മണിനോ ഇന്ത്യയിൽ രാഷ്ട്രീയ കാർട്ടൂണുകളുടെ പിതാവെന്ന് അറിയപ്പെടുന്ന ശങ്കറിനോ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അബു അബ്രഹാമിനോ ഇന്നാണെങ്കിൽ സ്വതന്ത്രമായി വരയ്ക്കാൻ സാധിക്കുമായിരുന്നില്ല.

ചിന്തകളെ മുളയിലേ നുള്ളുകയെന്ന ഫാസിസ്റ്റ് അജണ്ട നടപ്പാക്കാൻ കഴിയണമെങ്കിൽ പുസ്തകങ്ങളേയും, ആനുകാലികങ്ങളേയും, പത്രങ്ങളേയും നശിപ്പിക്കുകയോ തങ്ങളുടെ വരുതിയിൽ നിർത്തുകയോ വേണമെന്ന് വർഗ്ഗീയവാദികൾക്കറിയാം. അതുകൊണ്ടാണ് അവർ ഗോഡി മീഡിയ സൃഷ്ടിച്ചെടുത്തത്. ആർ.രാജഗോപാലിനെപ്പോലെയൊരു സമർത്ഥനായ പത്രപ്രവർത്തകനും, എഡിറ്ററുമായിരുന്ന ആളെ പുറത്താക്കാൻ ദി ടെലിഗ്രാഫ് പോലൊരു പത്രത്തിന് തയ്യാറാകേണ്ടി വന്നത് ഇത്തരം കുൽസിത പ്രവർത്തികളുടെ അനന്തര ഫലമാണ്. ന്യൂസ് ക്ലിക്കിനും, പ്രബീർ പുരകായസ്തക്കും നേരിടേണ്ടി വന്ന അനുഭവങ്ങളും ആശങ്കയുളവാക്കുന്നതാണ്.

നിരവധിയായ പ്രസിദ്ധീകരണ ശാലകളാണ് സംഘപരിവാറിന്റെ കടുത്ത നിലപാടുകൾക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. സമാന്തര പ്രസിദ്ധീകരണങ്ങളുടെ പ്രസാധകരേയും, എഡിറ്റർമാരേയും അവർ ജയിലിലടക്കുന്നു. സോഷ്യൽ മീഡിയയിൽ പോലും തങ്ങൾക്ക് എതിരെ എഴുതുന്നവരെ അവർ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടയ്ക്കുന്നത് സത്യത്തിൽ ഭയം മൂലമാണ്. വാക്കുകളും, അക്ഷരങ്ങളും സത്യത്തിന്റെ മുഖം അനാവരണം ചെയ്യുമ്പോൾ തങ്ങൾ തകർന്ന് പോകുമോയെന്ന ഭയം. ലോകത്ത് ഒരുപാട് ഫാസിസ്റ്റ്-അർദ്ധ ഫാസിസ്റ്റ് പാർട്ടികളും, ഭരണകൂടങ്ങളും തകർന്നടിഞ്ഞത് അങ്ങനെയാണല്ലോ. തങ്ങളുടെ പ്രസിദ്ധീകരണങ്ങളിലൂടെ തങ്ങൾ പറയുന്നത് മാത്രം ജനങ്ങൾ വായിച്ചാൽ മതിയെന്ന് വിശ്വസിക്കുമ്പോൾ അവരും ആശ്രയിക്കുന്നത് വാക്കുകളെ തന്നെയാണ്. അത് പക്ഷെ ദുർഗ്രഹമായിരിക്കുമെന്ന് മാത്രം. ഇന്നത്തെ കാലത്ത് വായന എന്തെങ്കിലും പ്രതിസന്ധി നേരിടുന്നുണ്ടെങ്കിൽ അതിന്റെ ഏക കാരണം ഇത്തരം വലതുപക്ഷവൽകൃതമായ പ്രസ്ഥാനങ്ങൾ മാത്രമാണ്. ഏതെങ്കിലും ഒരു വിഭാഗത്തിൽ മാത്രമല്ല, മതപരമായ കടുംപിടുത്തമുള്ള എവിടെയും ഈ ഫാസിസ്റ്റ് പ്രവണതകൾ കാണാൻ കഴിയും.

വായനയുടെ ഫോർമാറ്റുകൾ കാലത്തിനൊത്ത് മാറുന്നത് വളരെ സ്വാഗതാർഹമായ കാര്യമാണ്. പുസ്ത താളുകളിൽ നിന്ന് ഇലക്ട്രോണിക് വായനയിലേക്ക് നമ്മുടെ ജെൻസി തലമുറ മാറുന്നത് വളരെ ഗുണാത്മകമായ കാര്യമാണ്. വായനയിലെ തലമുറ മാറ്റമായി മാത്രം അതിനെ കണ്ടാൽ മതി. പത്രങ്ങളായാലും, ആനുകാലിക പ്രസിദ്ധീകരണങ്ങളായാലും അത്തരത്തിൽ മാറ്റപ്പെടുമ്പോൾ കൂടുതൽ പേരിലേക്ക് അത് എത്തിപ്പെടുന്നു. മിനുട്ടുകൾ വച്ച് വാർത്തകളും, വർത്തമാനങ്ങളും സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് എല്ലാം പ്രിന്റ് ചെയ്ത് കഴിഞ്ഞ ശേഷം മാത്രം വായിക്കുകയെന്നത് അസാധ്യമായ കാര്യവുമാണ്. മൊബൈൽ ഫോണുകളും, ടാബുകളുമെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞ സ്ഥിതിക്ക് ഫോർമാറ്റുകൾ മാറുക തന്നെ ചെയ്യും. അതിലൂടെ ലോകത്തിന്റെ ഏത് കോണിലിറങ്ങുന്ന പുസ്തകങ്ങളെക്കുറിച്ചും അറിയാൻ നമുക്ക് സാധിക്കുന്നു. ഇത് നമ്മുടെ വായനാ ലോകത്തെ വിപുലപ്പെടുത്തുന്നത് വളരെ വലിയൊരു മെച്ചമാണ്.

പണ്ട് കാലത്ത് ലോകത്തിന്റെ മറ്റ് കോണുകളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങൾ നമ്മുടെ കൈകളിലെത്തിയിരുന്നത് വർഷങ്ങൾ കഴിഞ്ഞാണ്. ഇപ്പോൾ പ്രധാനപ്പെട്ട പുസ്തകങ്ങളും വിവർത്തനം പോലും വളരെ വേഗത്തിൽ നമുക്ക് വായിക്കാൻ സാധിക്കുന്നത് വിവര സാങ്കേതിക വിദ്യയുടെ വളർച്ച കൊണ്ട് മാത്രമാണ്. വിവിധ സർക്കാരുകൾ അവരുടെ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ നിരോധിക്കുന്ന പുസ്തകങ്ങൾ നമ്മുടെ കൈയ്യിലെത്തുന്നത് തടയാൻ ആർക്കും സാധിക്കാതെ വന്നിരിക്കുന്നു. അറിവിന്റെ പ്രചരണം അതിവേഗത്തിൽ നടക്കുന്നു എന്നതാണ് ഇവിടെ പ്രധാനം. അതിനർത്ഥം വായന പുഷ്ടിപ്പെടുന്നു എന്ന് തന്നെയാണ് 2025-ൽ അമേരിക്കയിൽ മാത്രം വിവിധ വിഷയങ്ങളിലായി 40 ലക്ഷം പുതിയ പുസ്തകങ്ങൾ വിവിധ ഫോർമാറ്റുകളിലായി പ്രസിദ്ധീകരിക്കപ്പെട്ടു എന്നാണ് ഇതേ കുറിച്ച് പഠിക്കുന്ന പബ്ലിഷേഴ്‌സ് വീക്കിലി അവരുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന കണക്ക്. പ്രസാധകർ ആവശ്യമില്ലാതെ സ്വന്തമായി എഴുതി പ്രസിദ്ധീകരിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിരിക്കുന്നു. എഴുതിയവർ തന്നെ അത് മാർക്കറ്റ് ചെയ്യുകയും, അവ സ്വീകരിക്കപ്പെടുകയും ചെയ്യുന്നു.

കേരളത്തിന്റെ വായനയെ പ്രോത്സാഹിപ്പിക്കുന്ന ഒരുപാട് വായനോത്സവങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിയമസഭയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പുസ്തക മേളയുടെ ജനപങ്കാളിത്തം നമ്മൾ കണ്ടതാണ്. കേരളത്തിലെ വിവിധ പ്രസിദ്ധീകരണ ശാലകൾ സംഘടിപ്പിക്കുന്ന സാഹിത്യ പരിപാടികളിൽ എഴുത്തുകാരും, വായനക്കാരും തമ്മിൽ നടക്കുന്ന സംവാദങ്ങൾ നമ്മുടെ വായനാ സമൂഹത്തിന്റെ പരിപക്വതയുടെ നിതാന്തങ്ങളാകുന്നു. വായന മരിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നവർ പോലും ഇത്തരം മേളകളുടെ പ്രയോജനങ്ങൾ പറ്റുന്നവരുമാണ്. ഇത്തരം ലിറ്ററി ഫെസ്റ്റിവലുകൾക്കായി കാത്തിരിക്കുന്ന പുതിയ തലമുറക്കാരെ കാണുന്നത് തന്നെ ആഹ്‌ളാദ ദായകമാണ്. ക്ഷരമില്ലാത്ത അക്ഷരങ്ങൾ നമ്മുടെ വായനാ ലോകത്തെ വിപുലപ്പെടുത്തിക്കൊണ്ടേയിരിക്കും.