ആക്ഷനും കട്ടിനും ഇടയിൽ ജനങ്ങളുടെ നേതാവായി ഉദിച്ചുയർന്ന നിരവധി താരങ്ങളെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. തമിഴ്‌നാട്ടിലും ആന്ധ്രയിലും ഈ പ്രവണത വ്യാപകമാണ്. എം.ജി.ആറും കരുണാനിധിയും ജയലളിതയും, ദാ ഇപ്പോൾ വിജയ് വരെ സിനിമയിലൂടെവന്ന് മുഖ്യമന്ത്രിപദം അലങ്കരിക്കാനൊരുങ്ങുന്നു.

To advertise here,

കമൽഹാസനും രജനികാന്തും ശരത്കുമാറും ഈവഴിയിൽ നീങ്ങി കാലിടറി. കാലങ്ങളോളം ഇത്തരം ശൈലികൾ കണ്ട് ശീലിച്ചെങ്കിലും സിനിമയിൽനിന്ന് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നവരെ ജനപ്രതിനിധികളാക്കാൻ മലയാളികൾ തുടക്കത്തിലൊന്ന് മടിച്ചുനിന്നു. പക്ഷേ, കാലം മാറി…

സിനിമയിൽനിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങി വിജയം നേടിയ നിരവധി താരങ്ങൾ ഇന്ന് നമുക്കുമുണ്ട്. ജനങ്ങളുടെ വോട്ട് നേടി, പാർലമെന്റിലും സെക്രട്ടേറിയറ്റിലും അവരുടെ ശബ്ദം മുഴങ്ങുന്നു... ഈ തിരഞ്ഞെടുപ്പുകാലത്ത്, ഒരുപിടി സിനിമാതാരങ്ങളാണ് ജനങ്ങളുടെ മുന്നിലെത്തിയത്. വെള്ളിവെളിച്ചത്തിലെ ഹീറോയിക് പരിവേഷവും താരപ്രഭയും മാറ്റിവെച്ച് അവർ തൊഴുകൈയോടെ വോട്ട് അഭ്യർഥിച്ചു. മലയാളസിനിമയിൽനിന്ന് രാഷ്ട്രീയഗോദയിലേക്കിറങ്ങി, വീണവരെയും വാണവരെയും ഒന്ന് നോക്കാം…

placeholder
തോപ്പിൽഭാസി

 

ചരിത്രം സൃഷ്ടിച്ച തോപ്പിൽ ഭാസി
കേരളത്തിൽ പ്രോഫഷണൽ, രാഷ്ട്രീയ നാടകവേദിയുടെ അമരക്കാരനായിരുന്നു തോപ്പിൽ ഭാസി. നാടകകൃത്തും സംവിധായകനും സിനിമാ തിരക്കഥാകൃത്തും സംവിധായകനുമൊക്കെയാണ് തോപ്പിൽ ഭാസി. എന്നാൽ, കേരളം രൂപവത്കരിക്കുന്നതിന് മുൻപ്, തിരു-കൊച്ചി നിയമസഭാ അംഗം എന്നനിലയിലാണ് തോപ്പിൽഭാസിയുടെ ചരിത്രം ആരംഭിക്കുന്നത്.

1953-ൽ വള്ളിക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ആയിട്ടാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടക്കുന്നത്. 1954-ൽ തിരു-കൊച്ചി നിയമസഭയിൽ അംഗമായി. 1957-ൽ പഴയ പത്തനംതിട്ട മണ്ഡലത്തെ പ്രതിനിധാനംചെയ്ത് ആദ്യ കേരള നിയമസഭയിലുമെത്തി.

കഥാകൃത്ത്, സംവിധായകൻ, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, കാർട്ടൂണിസ്റ്റ് എന്നീ നിലകളിൽ സർഗാത്മക പ്രതിഭ തെളിയിച്ച മലയാറ്റൂർ രാമകൃഷ്ണനും തിരഞ്ഞെടുപ്പ് ചൂട് കൊണ്ടതാണ്. 1954-ൽ തിരു-കൊച്ചി നിയമസഭയിലേക്ക് കമ്യൂണിസ്റ്റ് പാർട്ടി സ്വതന്ത്രനായി പെരുമ്പാവൂർ മണ്ഡലത്തിൽനിന്ന് മത്സരിച്ചു. എന്നാൽ വിജയിക്കാനായില്ല.

രാമു കാര്യാട്ടിന്റെ വിധി
'ചെമ്മീൻ' എന്ന ഒറ്റ സിനിമ മതി മലയാളസിനിമയ്ക്ക് രാമു കാര്യാട്ട് ആരാണെന്ന് വിശേഷിപ്പിക്കാൻ. പക്ഷേ, രാഷ്ട്രീയത്തിൽ കൗതുകമേറിയൊരു ചരിത്രമാണ് രാമു കാര്യാട്ടിന്റേത്. ജയിച്ചിട്ടും നിയമസഭ കാണാൻ കഴിയാത്ത ഒരു സംവിധായകൻ. 1965-ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചു. നാട്ടികയിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പക്ഷേ, ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ അന്ന് സഭ ചേർന്നില്ല. പിന്നീട് 1971-ൽ നാട്ടികയിൽനിന്ന് മാറി തൃശ്ശൂരിലെ ചൂടേറിയ തിരഞ്ഞെടുപ്പിലേക്ക് ചുവടുവെച്ചു. സമ്പൂർണ സ്വതന്ത്രനായി രാമുകാര്യാട്ട് മത്സരിച്ചു. പക്ഷേ, ഫലം വന്നപ്പോൾ, 6,364 വോട്ടുകൾ മാത്രം നേടി നാലാം സ്ഥാനമായിരുന്നു രാമു കാര്യാട്ടിന് നേടാനായത്.

മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഒ.എൻ.വി. കുറുപ്പും ഒരു തിരഞ്ഞെടുപ്പ് മത്സരത്തിന്റെ ചൂടറിഞ്ഞതാണ്. 1989-ൽ നടന്ന തിരഞ്ഞെടുപ്പിലാണ് കവിയും അധ്യാപകനും ഗാനരചയിതാവുമായിരുന്ന ഒ.എൻ.വി. മത്സരിച്ചത്. അതിന് തൊട്ടുമുൻപത്തെ വർഷം തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽനിന്നുതന്നെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടത് എഴുത്തുകാരി മാധവിക്കുട്ടിയാണ്. അടുത്ത ടേമിലാണ് ഒ.എൻ.വി., എൽ.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാർഥിയായി എത്തിയത്. മാധവിക്കുട്ടിക്ക് പിന്നാലെ കോൺഗ്രസിന്റെ എ.ചാൾസ് ഒ.എൻ.വി.യെയും പരാജയപ്പെടുത്തി.

ഒ.എൻ.വി. തിരുവനന്തപുരത്ത് മത്സരിച്ച അതേ ടേമിൽ മറ്റൊരു സിനിമാ സംവിധായകനും ലോക്സഭയിലേക്ക് മത്സരിച്ചു. ചില്ല്, മീനമാസത്തിലെ സൂര്യൻ, സ്വാതി തിരുനാൾ തുടങ്ങിയ സിനിമകളുടെ സംവിധായകൻ ലെനിൻ രാജേന്ദ്രൻ. ഒറ്റപ്പാലം മണ്ഡലത്തിൽനിന്ന് സി.പി.എമ്മിന്റെ സ്ഥാനാർഥിയായിട്ടാണ് ലെനിൻ രാജേന്ദ്രൻ മത്സരിച്ചത്.

ഇന്ത്യൻ രാഷ്ട്രപതിവരെയായ കെ.ആർ. നാരായണനോട് അദ്ദേഹം പരാജയപ്പെട്ടു. 1991-ലും കെ.ആർ. നാരായണനെതിരേ ഒറ്റപ്പാലം മണ്ഡലത്തിൽ ലെനിൻ രാജേന്ദ്രൻ സി.പി.എമ്മിന്റെ സ്ഥാനാർഥിയായി. രണ്ടുതവണയും പരാജയപ്പെട്ടതോടെ അദ്ദേഹം തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് പൂർണമായും മാറിനിന്നു.

placeholder
മുരളി

 

കാലിടറിയ മുരളി
സിനിമയിൽ ശക്തനായ രാഷ്ട്രീയക്കാരനായി ഡയലോഗുകൊണ്ടും അഭിനയംകൊണ്ടും വിസ്മയിപ്പിച്ച നടൻ മുരളിയും ഒരിക്കൽ തിരഞ്ഞെടുപ്പിനെ നേരിട്ടു. 1999-ൽ ആലപ്പുഴമണ്ഡലത്തിൽനിന്നുമായിരുന്നു ഇടതുപക്ഷ സ്ഥാനാർഥിയായി മുരളി മത്സരിച്ചത്. എതിർവശത്ത് കോൺഗ്രസിന്റെ വി.എം. സുധീരൻ. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. ഈ തിരഞ്ഞെടുപ്പ് പരാജയത്തോടെ മുരളിയും പിന്നീട് രാഷ്ട്രീയഭൂമികയിൽനിന്ന് അരങ്ങൊഴിഞ്ഞു.

സിനിമക്കാർ പരാജയപ്പെടുന്ന തിരഞ്ഞെടുപ്പ് ഗോദയിൽ ചരിത്രം മാറ്റിയെഴുതിയത് ഒരു സംവിധായകനാണ്. ഉപ്പ്, മഗ്രിബ്, ഗർഷോം, പരദേശി തുടങ്ങിയ നിരൂപക പ്രശംസ നേടിയ സിനിമകളിലൂടെ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ്. 1994-ലെ ഉപതിരഞ്ഞെടുപ്പിലാണ് ഗുരുവായൂരിൽനിന്ന് പി.ടി. കുഞ്ഞിമുഹമ്മദ് എന്ന ചലച്ചിത്രകാരൻ സി.പി.എം. സ്വതന്ത്രനായി മത്സരിച്ച് നിയമസഭയിലേക്ക് എത്തുന്നത്. അന്ന് യു.ഡി.എഫിന്റെ കോട്ടയായിരുന്ന മണ്ഡലമാണ് പി.ടി. കുഞ്ഞിമുഹമ്മദ് എൽ.ഡി.എഫിന് നേടിക്കൊടുത്തത്. ശേഷം 1996-ൽ അദ്ദേഹം നിയമസഭാംഗമായി.

ഗണേഷ് കുമാറിന്റെ വിജയം
സിനിമാമേഖലയിൽനിന്ന് ജനപ്രതിനിധിയായി കടന്നുവന്ന് പതിറ്റാണ്ടുകളായി വിജയകിരീടം ചൂടുന്ന ഒരേ ഒരാൾ കേരള കോൺഗ്രസ് (ബി)യുടെ നേതാവ് കെ.ബി. ഗണേഷ് കുമാറാണ്. ഇരു മുന്നണികളുടെയും ഭാഗമായി മത്സരിച്ച് ജയിക്കുകയും ഇരു മുന്നണിയുടെ ഭാഗമായി മന്ത്രിയാവുകയും ചെയ്ത സിനിമക്കാരനും അദ്ദേഹമാണ്. മുൻമന്ത്രിയും മുതിർന്ന കേരളകോൺഗ്രസ് നേതാവുമായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ മകൻ, പിതാവിന്റെ പാതയിലാണ് രാഷ്ട്രീയ ചുവട് വയ്ക്കുന്നത്.

2001 മുതൽ തുടർച്ചയായി അഞ്ച് തവണ അദ്ദേഹം പത്തനാപുരം മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നു. യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും ഭാഗമായി ഗണേഷ് കുമാർ മത്സരിച്ച് ജയിച്ചു. മൂന്നുതവണ മന്ത്രിയും ആയി. വീണ്ടും ഒരു തിരഞ്ഞെടുപ്പ് കൂടി വന്നപ്പോൾ, സിനിമാമേഖലയിൽനിന്ന് ഏറ്റവും കൂടുതൽ തവണ ജനപ്രതിനിധിയായി എന്ന റെക്കോഡ് ഈ കേരള കോൺഗ്രസ് ബി-യുടെ നേതാവിനാണ്.

ഗണേഷ് കുമാർ മത്സരിക്കുന്ന പത്തനാപുരം മണ്ഡലത്തിലെ 2016-ലെ തിരഞ്ഞെടുപ്പിന് ഏറെ പ്രത്യേകതകളുണ്ടായിരുന്നു. എൽ.ഡി.എഫ്. സ്ഥാനാർഥിയായി കേരള കോൺഗ്രസ് (ബി)യുടെ സിറ്റിങ് എം.എൽ.എ., കെ.ബി. ഗണേഷ് കുമാർ. പത്തനാപുരം മണ്ഡലത്തിൽ അന്ന് മൂന്ന് മുന്നണികൾക്കും വേണ്ടി ഏറ്റുമുട്ടിയത് മൂന്ന് സിനിമാനടന്മാരായിരുന്നു.

എൽ.ഡി.എഫ്. സ്ഥാനാർഥിയായി സിറ്റിങ് എം.എൽ.എ., കെ. ബി. ഗണേഷ് കുമാറിനെ നേരിടാൻ യു.ഡി.എഫ്. രംഗത്തിറക്കിയത്, പി.വി. ജഗദീഷ് കുമാർ എന്ന നടൻ ജഗദീഷിനെ. ബി.ജെ.പി. സ്ഥാനാർഥിയായി രഘു ദാമോദരൻ എന്ന നടൻ ഭീമൻ രഘുവിനെയും. വെള്ളിത്തിരയിലെ വിസ്മയത്തിനപ്പുറം, തിരഞ്ഞെടുപ്പ് മത്സരത്തിൽ വിജയനായകൻ അന്ന് ഗണേഷ് കുമാറായിരുന്നു.

placeholder
മുകേഷും ജഗദീഷും

മുകേഷിന്റെ കഥ
വെള്ളിത്തിരയിൽ വളരെ കുറച്ചുമാത്രം രാഷ്ട്രീയക്കാരനായ നടനാണ് മുകേഷ്. പക്ഷേ, രണ്ടുതവണ എം.എൽ.എ. ആയി സെക്രട്ടേറിയറ്റിലെത്തിയ കഥയാണ് മുകേഷിന്റെത്. ഗണേഷ്‌കുമാറും ജഗദീഷും ഭീമൻരഘുവും മത്സരിച്ച 2016-ൽതന്നെ, കൊല്ലം നിയമസഭാമണ്ഡലത്തിൽനിന്ന് എം.എൽ.എ. ആയി ജയിച്ചുകയറിയതാണ് ആ കഥയുടെ ക്ലൈമാക്‌സ്.

സി.പി.എമ്മിന്റെ സ്ഥാനാർഥിയായി ഇടതുകോട്ടയിൽനിന്ന് 2016-ലും 2021-ലും, മുകേഷ് സി.പി.എം. ടിക്കറ്റിൽ നിയമസഭാംഗമായി. പക്ഷേ, 2024-ൽ കഥ മാറിമറിഞ്ഞു. ഇടതുപക്ഷത്തിനുവേണ്ടി ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം പാർലമെന്റ് മണ്ഡലത്തിൽനിന്ന് പാർട്ടി ടിക്കറ്റിൽ മത്സരിച്ചു. അന്ന് ജനവിധി മാറിമറിഞ്ഞു. ആർ.എസ്.പി. നേതാവും സിറ്റിങ് എം.പി.യുമായ എൻ.കെ. പ്രേമചന്ദ്രനോട് മുകേഷ് പരാജയപ്പെട്ടു. ഇക്കുറി സി.പി.എം. മുകേഷിന് സീറ്റ് നൽകിയില്ല.

അലി അക്ബർ
രണ്ട് ടേമിൽ രണ്ട് രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടി മത്സരിച്ച ഒരാളുടെ കഥ പറയാം. ജൂനിയർ മാൻഡ്രേക്ക്, ഗ്രാമപ്പഞ്ചായത്ത്, പൊന്നുച്ചാമി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ അലി അക്ബർ. ആം ആദ്മി പാർട്ടി സ്ഥാനാർഥിയായി 2014-ൽ വടകരയിൽനിന്നാണ് അലി അക്ബർ മത്സരിച്ചത്. പിന്നീട്, 2016-ൽ ബി.ജെ.പി. സ്ഥാനാർഥിയായി കൊടുവള്ളി നിയമസഭാമണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും കാര്യമായ ചലനം സൃഷ്ടിച്ചില്ല.

ഇസ്ലാംമതം ഉപേഷിച്ച് ഹിന്ദുമതം സ്വീകരിച്ച്, രാമസിംഹനെന്ന് പേരുമാറ്റിയ അലി അക്ബർ പിന്നീടാണ് 'പുഴമുതൽ പുഴവരെ' എന്ന സിനിമ സംവിധാനംചെയ്തത്. മലബാർകലാപം പശ്ചാത്തലമാക്കിയ ചിത്രമായിരുന്നിട്ടും എവിടെയും അടയാളപ്പെടുത്താൻ അലി അക്ബറിന് സാധിച്ചില്ല.

placeholder
രാജസേനൻ

 

രാജസേനൻ
ഇതേ കാലയളവിൽ മറ്റൊരു സംവിധായകനും ബി.ജെ.പി.യുടെ സഹയാത്രികനായിരുന്നു. കുടുംബചിത്രങ്ങളുടെ സംവിധായകൻ രാജസേനൻ. സിനിമയിലെ പ്രതാപം നഷ്ടപ്പെട്ടുതുടങ്ങിയപ്പോൾ 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കരയിലെ ബി.ജെ.പി. സ്ഥാനാർഥിയായി രാജസേനൻ മത്സരിച്ചു. തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം, ബി.ജെ.പി.യിൽ നിന്നുകൊണ്ട് കലാരംഗത്ത് പ്രവർത്തിക്കാൻ സാധിക്കില്ലെന്ന കാരണം പറഞ്ഞ് പാർട്ടി വിട്ട് സി.പി.എമ്മിലേക്ക് ചേക്കേറി. ആര്യാടൻ ഷൗക്കത്ത്, മഞ്ഞളാംകുഴി അലി, മാണി സി. കാപ്പൻ എന്നിവരും സിനിമാ മേൽവിലാസമുള്ള രാഷ്ട്രീയക്കാരായി.

പാർട്ടി ഉണ്ടാക്കിയ ദേവൻ
തമിഴ്‌നാട്ടിൽ ഒരു സിനിമാതാരം രാഷ്ട്രീയത്തിലേക്ക് കടക്കുന്നത് പുതിയൊരു രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ചുകൊണ്ടായിരിക്കും. കാലാകാലങ്ങളായി അത് തുടരുന്നതുമാണ്. കേരളത്തിൽ സ്വന്തമായി ഒരു പാർട്ടി ഉണ്ടാക്കി മത്സരിച്ച ഏക നടൻ ദേവനാണ്. നായകനായെത്തി, വില്ലനായി തെന്നിന്ത്യ മുഴുവൻ ശ്രദ്ധനേടിയ താരമാണ് ദേവൻ. 2004-ൽ കേരള പീപ്പിൾസ് പാർട്ടി രൂപവത്കരിച്ചാണ് ദേവൻ മത്സരരംഗത്തേക്ക് കടന്നത്.

കോളേജ്പഠനകാലത്ത് കോൺഗ്രസിന്റെ കേരള സ്റ്റുഡന്റ്‌സ് യൂണിയനിൽ സജീവമായിരുന്ന ദേവൻ, 2023-ൽ കേരളത്തിലെ ബി.ജെ.പി.യുടെ സംസ്ഥാന വൈസ് പ്രസിഡന്റുവരെയായി. കേരള പീപ്പിൾസ് പാർട്ടിയുമായി 200-ൽ വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിലും 2006-ൽ തിരുവനന്തപുരം വെസ്റ്റിലും മത്സരിച്ച് പരാജയപ്പെട്ടു. 2020-ൽ അദ്ദേഹം നവകേരള പീപ്പിൾസ് പാർട്ടി എന്നപേരിൽ പുതിയൊരു പാർട്ടിതന്നെ രൂപവത്കരിച്ചു. 2021-ൽ അത് ബി.ജെ.പി.യിൽ ലയിച്ചു.

ജനപ്രിയൻ ഇന്നസെന്റ്
തിരഞ്ഞെടുപ്പിന്റെ ചൂടും ചൂരും ജീവിതത്തിലുടനീളം കണ്ട വ്യക്തിയായിരുന്നു ഇന്നസെന്റ്. ചലച്ചിത്ര താരസംഘടനയായ 'അമ്മ'യെ ദീർഘകാലം നയിച്ചതിന്റെ അനുഭവസമ്പത്തോടെയാണ് എം.പി.യായി പാർലമെന്റിലേക്ക് ഇന്നസെന്റ് പോകുന്നത്. 1970-കളിൽ റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുടെ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറിയിൽനിന്നാണ് ഇന്നസെന്റിന്റെ രാഷ്ട്രീയം ആരംഭിക്കുന്നത്. 1979-ൽ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചു.

അന്ന് വിജയിക്കുകയും ഇരിങ്ങാലക്കുട നഗരസഭയിൽ കൗൺസിലറാവുകയും ചെയ്തു. പിന്നീട്, അഭ്രപാളിയിൽ ഒട്ടേറെ തവണ രാഷ്ട്രീയക്കാരനായി നിറഞ്ഞാടി. 2006-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽനിന്ന് എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയാകുമെന്ന് വാർത്ത പരന്നെങ്കിലും അങ്ങനൊരു ചുവടുമാറ്റം നടന്നില്ല.

പക്ഷേ, 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ ജില്ലയിലെ ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽനിന്ന് എൽ.ഡി.എഫിന്റെ സ്വതന്ത്രസ്ഥാനാർഥിയായി ഇന്നസെന്റ് മത്സരിച്ചു. മുപ്പത്തിയഞ്ചുവർഷത്തിനുശേഷം വീണ്ടും പൊതുപ്രവർത്തനമേഖലയിൽ കന്നിവിജയത്തോടെ എം.പി.യായി ഡൽഹിയിലേക്ക് വണ്ടികയറി. 2019-ൽ വീണ്ടും മത്സരിച്ചെങ്കിലും യു.ഡി.എഫ്. സ്ഥാനാർഥി ബെന്നി ബെഹനാനോട് ഇന്നസെന്റ് പരാജയപ്പെട്ടു. പല തിരഞ്ഞെടുപ്പുകാലത്തും എൽ.ഡി.എഫ്. സ്ഥാനാർഥികൾക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയ ഇന്നസെന്റിന്റെ മനസ്സിൽ എന്നും രാഷ്ട്രീയമുണ്ടായിരുന്നു.

placeholder
സുരേഷ്ഗോപി

സിനിമാക്കഥപോലെ സുരേഷ് ഗോപി
ഒരു കമേഴ്സ്യൽ സിനിമയുടെ വിജയഫോർമുലയുണ്ട്. നായകൻ ഒരു കാര്യത്തിന് ഇറങ്ങിയിരിക്കുന്നു. പലകുറി പരാജയപ്പെടുന്നു. പരിഹസിക്കപ്പെടുന്നു. എല്ലാ പരീക്ഷണങ്ങൾക്കുമൊടുവിൽ ആവേശം സൃഷ്ടിച്ച് അയാൾ വിജയിച്ചുകയറുന്നു. അതുകണ്ട് പ്രേക്ഷകർ കയ്യടിക്കുന്നു. സുരേഷ്‌ഗോപിയെ സംബന്ധിച്ച് വെള്ളിത്തിരയിൽ പലകുറി ആടിത്തിമർത്ത ഈ വിജയ ഫോർമുലതന്നെയാണ് രാഷ്ട്രീയത്തിലും സ്വീകരിച്ചത്.

സിനിമയിലെത്തിയ കാലം മുതൽ കോൺഗ്രസ് ലീഡർ കെ. കരുണാകരനുമായും കമ്യൂണിസ്റ്റ് നേതാവ് ഇ.കെ. നായനാരുമായും അടുത്തബന്ധം പുലർത്തിയിരുന്നു സുരേഷ് ഗോപി. എങ്കിലും, സിനിമയിൽനിന്ന് രാഷ്ട്രീയത്തിലേക്ക് പൂർണമായി മാറുന്നത് 2011 മുതലാണ്. അക്കാലത്ത്, പൊതുവായ വിഷയങ്ങളിൽ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്തിട്ടും ഒരു രാഷ്ട്രീയപാർട്ടിയോടും ആഭിമുഖ്യം പുലർത്തിയിരുന്നില്ല. എന്നാൽ, 2014-ൽ ബി.ജെ.പി.യിൽ അംഗമാകുന്നതോടെ പൂർണമായും രാഷ്ട്രീയക്കാരനായിമാറി.

പിന്നെയെല്ലാം സിനിമാക്കഥപോലെ സംഭവബഹുലം. 2016-ൽ കേരളത്തിൽനിന്നുള്ള രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിർദേശംചെയ്യുന്നു. ആദ്യമായി പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ, 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി. സ്ഥാനാർഥിയായി തൃശ്ശൂരിൽനിന്ന് മത്സരിക്കുന്നു. രണ്ടുതവണയും പരാജയപ്പെടുന്നു.

കഥയാകെ മാറുന്നത് 2024-ലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽനിന്ന് വീണ്ടും മത്സരിച്ച സുരേഷ് ഗോപി, അതിശയിപ്പിക്കുന്ന ഭൂരിപക്ഷം നേടി ആദ്യമായി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽനിന്നുള്ള ആദ്യ ബി.ജെ.പി. എം.പി.യായി ചരിത്രംകുറിച്ച് സിനിമയിലെന്നപോലെ രാഷ്ട്രീയത്തിലും സൂപ്പർസ്റ്റാറായിമാറി സുരേഷ് ഗോപി.

ട്വിസ്റ്റ് ഇനിയാണ്... മൂന്നാം നരേന്ദ്രമോദിസർക്കാരിലെ പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പുകളുടെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായും സുരേഷ് ഗോപി ചുമതലയേറ്റു. ഒരുപരിധിവരെ സിനിമയിലെ ഹീറോ പരിവേഷം രാഷ്ട്രീയത്തിലും പിന്തുടരുന്നുണ്ട് ഈ താരം. കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റശേഷം സുരേഷ് ഗോപി അഭിനയിച്ച 'ഒറ്റക്കൊമ്പൻ' സിനിമയുടെ ചിത്രീകരണം പല ഘട്ടങ്ങളായി ഇപ്പോഴും പുരോഗമിക്കുകയാണ്...

placeholder
ദലീമ

 

 

പാട്ടുപാടി ജയിച്ച് ദലീമ
'കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്' സിനിമയിലെ മഞ്ഞുമാസ പക്ഷി, 'നീ വരുവോളം' സിനിമയിലെ ഈ തെന്നലും തിങ്കളും എന്നിങ്ങനെ ഇരുപത് ചിത്രങ്ങളിൽ പാടിയ ദലീമ പിന്നണി ഗാനരംഗത്തുനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഗായികയാണ്. 2015-ൽ കേരള തദ്ദേശ തിരഞ്ഞെടുപ്പിലാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥിയായി ആലപ്പുഴയിലെ അരൂർ ഡിവിഷനിൽനിന്ന് ദലീമ ആദ്യമായി മത്സരിക്കുന്നത്.

രാഷ്ട്രീയപ്രവേശനം വിജയിച്ച് ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റുമായി. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും അതേ മണ്ഡലത്തിൽനിന്ന് വീണ്ടും വിജയിച്ചു. 2021-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. മുന്നണി സ്ഥാനാർഥിയായി അരൂരിൽ മത്സരിച്ചു. കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്തി ദലീമ നിയമസഭയിലേക്കെത്തി. ഇത്തവണയും ഇരുവരുംതന്നെ ഏറ്റുമുട്ടി…

ദലീമ വിജയകിരീടം നേടിയ ഇതേ കാലയളവിൽ പരാജയപ്പെട്ട രണ്ടുപേരുണ്ട്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ധർമജൻ ബോൾഗാട്ടിയും ബി.ജെ.പി.യിൽനിന്ന് ജി. കൃഷ്ണകുമാറും. മിമിക്രി താരവും ചലച്ചിത്രതാരവുമായ ധർമജൻ ബോൾഗാട്ടി ബാലുശ്ശേരിയിൽനിന്നാണ് കോൺഗ്രസ് സ്ഥാനാർഥിയായത്. മലയാളത്തിലും തമിഴിലും സിനിമകളിലും ടെലിവിഷനിലും ഒരുപോലെ താരമായ ജി. കൃഷ്ണകുമാർ 2021-ലാണ് ഔദ്യോഗികമായി ബി.ജെ.പി.യിൽ ചേരുന്നത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽനിന്ന് ബി.ജെ.പി.ക്കുവേണ്ടി മത്സരിച്ചെങ്കിലും വിപ്ലവം സൃഷ്ടിക്കാനായില്ല.

placeholder
രമേഷ് പിഷാരടി

 

തിരശ്ശീലയിൽനിന്ന് മണ്ണിലേക്ക്
പിക്ചർ അഭി ബാക്കി ഹേ... കഥ ഇനിയാണ് ആരംഭിക്കാൻ പോകുന്നത്... തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇത്രത്തോളം സിനിമക്കാർ മത്സരിച്ചത് ഇതാദ്യമായാണ്. ഗണേഷ് കുമാർ സിറ്റിങ് എം.എൽ.എ. ആയി എൽ.ഡി.എഫിനുവേണ്ടി മത്സരരംഗത്ത് ഉണ്ടായപ്പോൾ, ഇക്കുറി യു.ഡി.എഫും എൻ.ഡി.എ.യും സെലിബ്രിറ്റി സ്റ്റാറ്റസ് തന്നെ പിടിച്ചാണ് മത്സരം കൊഴുപ്പിച്ചത്. അതിൽ ശ്രദ്ധേയൻ രമേഷ് പിഷാരടി തന്നെ.

താനൊരു കോൺഗ്രസുകാരനെന്ന് നേരത്തേതന്നെ പ്രഖ്യാപിച്ച രമേഷ് പിഷാരടി, പതിവായി കോൺഗ്രസ് പൊതുപരിപാടികളിലെ സാന്നിധ്യവുമായിരുന്നു. ഇത്തവണ കോൺഗ്രസ് സീറ്റിൽ പാലക്കാട്ടു നിന്ന് മത്സരിച്ച് വിജയകിരീടം ചൂടുകയും ചെയ്തു.

ബി.ജെ.പി. ഇത്തവണ ട്വന്റി 20 പാർട്ടിയെയും ഒപ്പം കൂട്ടിയാണ് തിരഞ്ഞെടുപ്പിൽ വിസ്മയം സൃഷ്ടിക്കാൻ ഒരുങ്ങിയത്. ട്വന്റി 20-ക്കുവേണ്ടി സിനിമാമേഖലയിൽനിന്ന് രണ്ടുപേരാണ് പോരാട്ടത്തിനിറങ്ങിയത്. അമ്മവേഷങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ അഞ്ജലി നായരും ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാരും.

'പുലിമുരുകനി'ൽ മോഹൻലാലിന്റെയും 'കമ്മട്ടിപ്പാട'ത്തിൽ ദുൽഖറിന്റെയും അമ്മയായ അഞ്ജലിക്ക് തൃപ്പൂണിത്തുറയിലും അഖിൽ മാരാറിന് തൃക്കാക്കരയിലും മാറ്റം സൃഷ്ടിക്കാനായില്ല. ഇത്തവണ ഒറ്റപ്പാലത്ത് ബി.ജെ.പി.യുടെ തുറുപ്പ് ചീട്ട് സംവിധായകൻ മേജർ രവിയായിരുന്നു. മിനിസ്‌ക്രീനിലൂടെ പരിചിതനായ വിവേക് ഗോപനായിരുന്നു ബി.ജെ.പി.യുടെ മറ്റൊരു സ്ഥാനാർഥി. അരുവിക്കര നിയോജകമണ്ഡലത്തിലാണ് വിവേക് ഗോപൻ മത്സരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിവേകിന്റെ രണ്ടാം അങ്കമായിരുന്നു ഇത്.

പടിക്കൽ വീണവർ
തിരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള വിളംബരവും നടത്തി, സന്നാഹങ്ങളൊക്കെ നിരത്തി, ഒരുക്കങ്ങളോടെ പുറപ്പെട്ട് പടിയിൽ തെന്നിവീണവരുമുണ്ട്. 2025-ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സംവിധായകൻ വി.എം. വിനുവിന് കോൺഗ്രസാണ് ടിക്കറ്റ് കൊടുത്തത്. കോഴിക്കോട് കോർപ്പറേഷനിൽ മേയർ സ്ഥാനാർഥിയായി യു.ഡി.എഫ്. അവതരിപ്പിച്ച വി.എം. വിനുവിന് വോട്ടർ പട്ടികയിൽ പേരില്ലാതെ വന്നതോടെയാണ് രാഷ്ട്രീയക്കാരന്റെ കുപ്പായം അഴിച്ചുവയ്‌ക്കേണ്ടിവന്നത്.

നടിമാരായ വീണാ നായർ, ലക്ഷ്മിപ്രിയ എന്നിവർ സമാനരീതിയിൽ ട്വന്റി 20 പാർട്ടിയുടെ സ്ഥാനാർഥിയായി വലിയ രീതിയിൽ വാർത്താ സമ്മേളനമൊക്കെ നടത്തിയവരാണ്. ഏറ്റുമാനൂരിൽ വീണാനായരും, പെരുമ്പാവൂരിൽ ലഷ്മിപ്രിയയും സ്ഥാനാർഥികളായി ട്വന്റി 20 പാർട്ടി പ്രഖ്യാപിച്ചു. പിന്നാലെയാണ് വോട്ടർ പട്ടികയിലില്ലാത്തതിനാൽ രണ്ടുപേർക്കും മത്സരിക്കാനാവില്ല എന്നറിയുന്നത്…
ഒരു ത്രില്ലർ സിനിമ കാണുന്ന ആവേശമാണ് ഓരോ തിരഞ്ഞെടുപ്പും. ക്ലൈമാക്‌സ് പ്രവചനാതീതമാണ്. അവിടെ ചിലപ്പോൾ ആന്റി ക്ലൈമാക്‌സും ട്വിസ്റ്റും കാത്തിരിപ്പുണ്ടാകും. പൊതുപ്രവർത്തനരംഗത്ത് നിലനിൽക്കാൻ സിനിമയിലെ പേരും പെരുമയും തഴക്കവും മാത്രം പോരാ എന്ന ഇന്നലെകളിലെ വിജയപരാജയങ്ങളുടെ ചരിത്രം ഓർമിപ്പിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi