1967 ജൂലായ് 16-നായിരുന്നു വിഎസ് അച്യുതാനന്ദനും വസുമതി സിസ്റ്ററും തമ്മിലുള്ള വിവാഹം. ഒരു മാല അങ്ങോട്ടും, ഒരു മാല ഇങ്ങോട്ടും… കതിർമണ്ഡപമോ സദ്യയോ പുടവയോ ഇല്ല. അതുകഴിഞ്ഞ് ആദ്യം പോയത് സഹോദരിയുടെ വീട്ടിലേക്ക്. അന്നു വൈകുന്നേരം തന്നെ എന്തോ പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹം പോയി. തിരിച്ചെത്തിയത് പിറ്റേദിവസം രാവിലെ. അല്പം കഴിഞ്ഞപ്പോൾ നേരെ തിരുവനന്തപുരത്തേക്കും. പക്ഷേ ആ ദിവസംമുതൽ വിഎസിനൊപ്പം തന്നെ ചേർന്നൊരു പേരാണ് വസുമതി. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽനിന്ന് അകന്നുനിന്ന, സഖാവിന് താങ്ങും തണലുമായി നിന്ന പ്രിയപ്പെട്ടവൾ.
വിവാഹമേ വേണ്ടെന്നുവെച്ചിരിക്കുകയായിരുന്നു വി.എസ്. സഹോദരൻ നിർബന്ധിച്ചിട്ടുപോലും ആ തീരുമാനത്തിൽ മാറ്റമുണ്ടായില്ല. കുടുംബവും കുട്ടികളുമെല്ലാം പൊതുപ്രവർത്തനത്തിന് തടസ്സമാകുമെന്ന് തന്നെ അദ്ദേഹം കരുതി. അപ്പോഴാണ് മുൻനേതാവ് ആർ.സുഗതന്റെ ജീവിതം നേരിട്ടുകാണുന്നത്. വിവാഹമെന്ന ചിന്തയിലേക്ക് എത്തിക്കുന്നതും അതുതന്നെ. ആർ സുഗതൻ പാർട്ടിപ്രവർത്തനങ്ങൾക്കിടയിൽ വിവാഹം പോലും വേണ്ടെന്നുവെച്ചയാളാണ്. അവസാനകാലത്ത് കുറേ ആരോഗ്യപ്രശ്‌നങ്ങൾ അദ്ദേഹത്തെ അലട്ടി. പരസഹായമില്ലാതെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. പാർട്ടിപ്രവർത്തകരാണ് നോക്കിയതെല്ലാം. ഇത് കണ്ടതോടെ ആരെങ്കിലും സ്വന്തം ജീവിതത്തിൽ വേണമെന്ന് വിഎസിന് തോന്നി. അങ്ങനെയാണ് വിവാഹം നടക്കുന്നത്.
വസുമതിയാണെങ്കിൽ ഹൈദരാബാദിലാണ് പഠിച്ചതെല്ലാം. ജനറൽ നഴ്‌സിങ് പഠിച്ചത് സെക്കന്തരാബാദിലും. അവിടെത്തന്നെ ജോലിയും കിട്ടി. ജോലി കിട്ടി കുറച്ചുദിവസം കഴിഞ്ഞപ്പോഴാണ് വീട്ടിൽനിന്ന് കമ്പി കിട്ടുന്നത്, 'വിവാഹം നിശ്ചയിച്ചിരിക്കുന്നു. ഉടനെ വീട്ടിലെത്തുക'. അവിടെ ചെന്നപ്പോഴാണ് ആരാണ് വരൻ എന്നുപോലും അറിയുന്നത്. പക്ഷേ, വി.എസിനെ നേരത്തെ അറിയാം. ഒരു ജോലിക്കാര്യത്തിനായി അദ്ദേഹത്തെ കണ്ടിട്ടുണ്ട്, അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേട്ടിട്ടുമുണ്ട്. വിവാഹം കഴിക്കുമ്പോൾ വി.എസിന് 44 വയസ്സായിരുന്നു, വസുമതിക്ക് 29-ഉം.
സഖാവിന്റെ തിരക്കുകൾ കാരണം ജീവിതത്തിലെ പല ഘട്ടങ്ങളിലും അവർ തനിച്ചായിരുന്നു. ആദ്യത്തെ കുഞ്ഞിന്റെ പ്രസവത്തിനുപോലും തനിച്ചാണ് പോയത്. ''പാർട്ടിപ്രവർത്തകൻ ആയതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവിതം എന്താണെന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്നു. എല്ലാം അറിഞ്ഞുകൊണ്ടാണ് വിവാഹത്തിന് സമ്മതിച്ചതും'', പാർട്ടിപ്രവർത്തകന്റെ തിരക്ക് കൃത്യമായി അറിഞ്ഞുതന്നെയാണ് വസുമതി എന്നും അദ്ദേഹത്തിനൊപ്പം നിന്നത്.
''ചെറുപ്പംമുതലേ പാർട്ടി പ്രവർത്തകനായിരുന്നുവല്ലോ. ജനങ്ങളിൽനിന്ന് അകന്നുള്ള ഒരു വിഎസിനെ ഓർക്കാൻ കൂടി കഴിയില്ല. വീട്ടിൽ ഒരു കമ്യൂണിസ്റ്റ് എന്നതിലുപരി സ്‌നേഹമുള്ളൊരു കുടുംബസ്ഥനായിരുന്നു. അത് പാർട്ടി സെക്രട്ടറി ആയപ്പോഴും മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷനേതാവായപ്പോഴും മാറ്റമില്ലാതെ തുടർന്നു'', വസുമതി ഒരിക്കൽ ഇങ്ങനെ പറഞ്ഞു. ആസ്പത്രിക്കിടക്കിയിലായിരുന്നു വിഎസി.ന്റെയും വസുമതിയുടെയും 58-ാം വിവാഹവാർഷികം കടന്നുപോയത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: untold story of vs cchuthanandans decision to marry vasumathy, changing his life forever
Published: 22 Jul 2025, 02:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented