1957 മുതലുളള കേരള നിയമസഭയുടെ ചരിത്രത്തിൽ ഇന്നോളം 100 വനിതാ സാമാജികരാണ് ഉണ്ടായത്. ഈ പട്ടികയിൽ പലരും ഒന്നിലധികം തവണ ഊഴം ആവർത്തിച്ചവരാണ്. എം.എൽ.എ. സ്ഥാനത്തിരുന്ന സ്ത്രീകളുടെ എണ്ണം അമ്പതിന് തൊട്ടുമുകളിൽ. പതിനൊന്ന് സ്ത്രീകൾ മന്ത്രി പദവിയിലെത്തി. സുശീലാഗോപാലൻ, പി.കെ.ശ്രീമതി, മേഴ്സിക്കുട്ടിയമ്മ, കെ.കെ.ശൈലജ, ആർ ബിന്ദു, ജെ.ചിഞ്ചുറാണി, വീണാ ജോർജ്, എന്നിവർ ഇടതുപക്ഷത്തുനിന്നും എം.കമലം, എം.ടി.പത്മ, പി.കെ.ജയലക്ഷ്മി എന്നിവർ യുഎഡിഎഫിൽ നിന്നും. ഗൗരിയമ്മ രണ്ടു പക്ഷത്തു നിന്നും മന്ത്രിപദത്തിലെത്തി. ഇടതു പക്ഷത്തുനിന്ന് ഇന്നോളം എട്ട് വനിതാ മന്ത്രിമാർ ഉണ്ടായിട്ടുണ്ടെങ്കിൽ യുഡിഎഫിന്റെ സംഭാവന ഇതിന് നേർപകുതിയാണ്. നാലേനാലുപേർ.
ഈ ചരിത്രഘട്ടങ്ങളിലാകെ മൂന്നുതവണയാണ് സംസ്ഥാന ഭരണത്തിന്റെ അമരത്ത് ഒരു സ്ത്രീ എത്തുമെന്ന ഉറപ്പും പ്രതീക്ഷയും മലയാളിക്ക് ഉണ്ടായത്. മൂന്നുവട്ടവും ആ പ്രതീക്ഷ ഇടതുപക്ഷത്തുനിന്നാണുണ്ടായതും.
1987-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 80 സീറ്റ് നേടി എൽ.ഡി.എഫ് അധികാരത്തിലെത്തി. തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരം തിങ്ങും കേരള നാട് കെആർ ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യം ഉയർന്നുകേട്ട കാലമായിരുന്നു അത്. മാർച്ച് 26ന് ഇ.കെ.നായനാരുടെ നേതൃത്വത്തിൽ ഇടതുപക്ഷ മന്ത്രിസഭ അധികാരമേറ്റപ്പോൾ ഗൗരിയമ്മയെ എന്തുകൊണ്ട് മുഖ്യമന്ത്രി ആക്കിയില്ലെന്ന ചോദ്യം സി.പി.എമ്മിന് അഭിമുഖീകരിക്കേണ്ടിവന്നു. കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തിൽ ന്യൂനമർദവും ചക്രവാതച്ചുഴികളുമൊക്കെ രൂപംകൊള്ളുകയായിരുന്നു.
പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് 1992-ൽ ഗൗരിമ്മയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അതോടെ ജനാധിപത്യ സംരക്ഷണ സമിതി എന്ന പാർട്ടിയുണ്ടാക്കി അവർ യു.ഡി.എഫിലേക്ക് ചുവടുമാറ്റി. കോൺഗ്രസ് പാളയത്തിൽ മുഖ്യപദവിയിലേക്ക് അവരുടെ പേര് ഒരിക്കൽപോലും പരിഗണിക്കപ്പെട്ടതുമില്ല.
Also Read
മുഖ്യമന്ത്രിസ്ഥാനത്തേക്ക് വീണ്ടും ഒരു സ്ത്രീയുടെ പേര് ഉയർന്നുവന്നു, 1996-ൽ. സി.പി.എമ്മിൽ വലിയ മാറ്റങ്ങൾക്ക് കാരണമായ തിരഞ്ഞെടുപ്പായിരുന്നു അത്. പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ വി.എസ്. അച്യുതാനന്ദൻ സ്വന്തം മണ്ഡലമായ മാരാരിക്കുളത്ത് കോൺഗ്രസ് സ്ഥാനാർഥി പി.ജെ.ഫ്രാൻസിസിനോട് 1965 വോട്ടിന് തോറ്റു. പാർട്ടി ജയിച്ച തിരഞ്ഞെടുപ്പിൽ സംഭവിച്ച ഈ തോൽവി വലിയ ആശയക്കുഴപ്പത്തിനാണ് ഇടയാക്കിയത്. ആരാവും മുഖ്യമന്ത്രി അതായിരുന്നു ചോദ്യം.
സി.പി.എം. സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ മത്സരം നടന്നു. മാരാരിക്കുളത്തെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചവരെന്ന് സംശയിക്കപ്പെടുന്ന സി.ഐ.ടി.യു.വിഭാഗം സുശീലാ ഗോപാലന്റെ പേര് മുന്നോട്ടുവച്ചു. അതിനിടെ വി.എസ്. പക്ഷം, തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഇ.കെ.നായനാരുെട പേര് നിർദേശിച്ചു. ഒറ്റ വോട്ടിന് നായനാർക്ക് ജയം. പാർട്ടി സെക്രട്ടറി പദം ഒഴിഞ്ഞ് നായനാർ തലശ്ശേരിയിലെ കെ.പി.മമ്മു രാജിവെച്ച ഒഴിവിൽ ഉപതിരഞ്ഞെടുപ്പ് നേരിട്ടു. തിരഞ്ഞെടുപ്പിൽ ജയിച്ച് അദ്ദേഹം മുഖ്യമന്ത്രിയായി. നായനാർ മന്ത്രിസഭയിൽ സുശീലാ ഗോപാലൻ വ്യവസായ മന്ത്രിയായിരുന്നു.
കെ.ആർ.ഗൗരിയമ്മയും സുശീലാ ഗോപാലനും കൈയകലത്ത് നഷ്ടമായ മുഖ്യമന്ത്രി കസേരയിൽ ഒരു സ്ത്രീ ഇരിപ്പുറപ്പിക്കുമെന്ന അത്ര ചെറുതല്ലാത്ത പ്രതീക്ഷ 2021-ലെ തിരഞ്ഞെടുപ്പിൽ കേരളത്തിനുണ്ടായിരുന്നു. കെ.കെ.ശൈലജയിലായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. പതിനഞ്ചാം കേരളനിയമസഭയിൽ പിണറായി വിജയൻ തുടർഭരണം നേടിയപ്പോൾ ഏറ്റവും തിളക്കമാർന്ന വിജയം കെ.കെ.ശൈലജയുടേതായിരുന്നു. കോവിഡ് മഹാമാരി പിടിമുറുക്കിയകാലത്ത് ആരോഗ്യമന്ത്രി എന്ന നിലയിൽ അവർ മുന്നോട്ടുവച്ച പ്രവർത്തനങ്ങളുടെ കൂടി പിൻബലത്തിലായിരുന്നു എൽഡിഎഫ് ഭരണത്തുടർച്ച സാധ്യമാക്കിയത്. പതിനഞ്ചാം നിമസഭയിൽ ഏറ്റവും കൂടുതൽ വോട്ടും ഏറ്റവും വലിയ ഭൂരിപക്ഷവും അവർക്കായിരുന്നു. പക്ഷേ, പ്രതീക്ഷകൾ വെറുതെയായി. മുഖ്യമന്ത്രിസ്ഥാനം പോയിട്ട് മന്ത്രിസ്ഥാനത്തേക്കുപോലും പതിനഞ്ചാം നിയമസഭയിൽ അവരെത്തിയില്ല. നിയമസഭയിലേക്കുള്ള ആറാമൂഴത്തിൽ തട്ടകമായ മട്ടന്നൂരിൽനിന്ന് പേരാവൂരിലേക്ക് അവർക്ക് സ്ഥാനചലനവും ഉണ്ടായി.
വേറിട്ട കാൽവയ്പുകൾ
വിപ്ലവവഴികളിൽ നിന്ന് വിവിധ മുന്നണികളിലേക്ക് ചേക്കേറിയ ധാരാളം പുരുഷന്മാരുടെ പേരുകൾ സംസ്ഥാന- ദേശീയ രാഷ്ട്രീയത്തിൽ കണ്ടെടുക്കാം. പക്ഷേ, വിപ്ലവത്തിൽ വളർന്ന സ്ത്രീകളുടെ സ്ഥിതി മറിച്ചാണ്.
വടക്കൻ ബംഗാളിലെ നക്സൽബാരി ഗ്രാമം കേരളത്തിന്റെ കമ്യൂണിസ്റ്റ് ചരിത്രത്തിലും പ്രസക്തമാണ്. വസന്തത്തിന്റെ ഇടിമുഴക്കം എന്നു വിശേഷിപ്പിക്കപ്പെട്ട നക്സലൈറ്റ് മുന്നേറ്റത്തിന്റെ ഉറവിടം.
1967 ഒക്ടോബറിൽ സി.പി.എം. കേന്ദ്ര കമ്മിറ്റി കോഴിക്കോട്ട് യോഗം ചേർന്നു. ജനറൽ സെക്രട്ടറി സുന്ദരയ്യ യോഗത്തിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. നക്സൽബാരി സമരത്തെ വഞ്ചിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കാൻ സമ്മേളനസ്ഥലത്തിനുപുറത്ത് പനയോലത്തൊപ്പി ധരിച്ച് മഴയെ ചെറുത്ത് ഇരുപതുപേർ അണിനിരന്നു. അവരിൽ ഒരു പെൺകുട്ടിയുമുണ്ടായിരുന്നു. മന്ദാകിനി നാരായണന്റെയും കുന്നിക്കൽ നാരായണന്റെയും മകൾ കെ.അജിത.
അജിതയുടെ പോരാട്ടവീര്യത്തിൽ ആവേശം ഉൾക്കൊണ്ട പലരും പെൺമക്കൾക്ക് ആ വിപ്ലവ വനിതയുടെ പേര് നൽകി. കേരളത്തിന്റെ വിപ്ലവ മുന്നേറ്റ ചരിത്രത്തിൽ എക്കാലവും ഉയർന്നുകേൾക്കുന്ന പേരാണ് അവരുടേത്. നമ്മുടെ രാഷ്ട്രീയ മുഖ്യധാരയിലേക്ക്, ഭരണകേന്ദ്രത്തിലേക്ക് എത്തിപ്പെടുമെന്ന് ചിലരെങ്കിലും കരുതിയിരുന്ന സാന്നിധ്യമാണ് അവർ. പക്ഷേ, അതുണ്ടായില്ല.
മുത്തങ്ങാ സമരത്തെ മുന്നിൽനിന്നു നയിച്ച നേതാവ്- സി.കെ.ജാനു. കേരളംകണ്ട ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നായിരുന്നു മുത്തങ്ങയിലേത്. സമരനിർഭരമായ ഭൂതകാലത്തിനിപ്പുറം ജനാധിപത്യ രാഷ്ട്രീയ സഭ എന്ന പേരിൽ പാർട്ടി രൂപീകരിച്ചാണ് അവർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. അരികുവൽക്കരിക്കപ്പെട്ട ജനതയ്ക്ക് വിപ്ലവദിശ കാണിച്ചുകൊടുത്ത സി.കെ.ജാനു 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയെ എൻ.ഡി.യെയ്ക്കൊപ്പമാണ് നിർത്തിയത്. തിരഞ്ഞെടുപ്പിൽ മത്സരിച്ചുതോൽവിയറിഞ്ഞ ജാനു പിന്നീട് മുന്നണിവിട്ടു. ബി.ജെ.പി നേതൃത്വം നൽകുന്ന മുന്നണിയിൽ നേരിട്ട അവഗണനയാണ് പിന്മാറ്റത്തിനുള്ള കാരണമായി അവർ ചൂണ്ടിക്കാണിച്ചത്. പിന്നെയവർ യുഡിഎഫിലേക്ക് നടന്നു. ആവശ്യപ്പെട്ട സീറ്റ് അവിടെയും നിരസിക്കപ്പെട്ടു.
ചെങ്ങറ ഭൂസമരത്തിന് ദിശപകർന്ന സെലീനാ പ്രക്കാനത്തെയും ഓർക്കണം. അവരുടെ രാഷ്ട്രീയജീവിതം ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റിൽ(ഡിഎച്ച്ആർഎം) ഒതുങ്ങിപ്പോയി.
ഇന്ത്യയിൽ ആദ്യമായി ഒരു വനിതാ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും കൊണ്ടുവരുന്നത് കോൺഗ്രസാണ്. എന്നിട്ടും നിയമസഭാംഗമായി എടുത്തുപറയാനൊരു വനിതാ നേതാവ് ഇല്ലാത്ത കോൺഗ്രസ് ഒരു വലിയചുവടുവെപ്പാണ് 2011-ൽ മാനന്തവാടിയിൽ നടത്തിയതെന്നുപറയാം. ആദിവാസി കുറിച്യവിഭാഗത്തിൽപ്പെട്ട പി.കെ.ജയലക്ഷ്മി പതിമൂന്നാം കേരള നിയമസഭയിൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പിന്നാക്കക്ഷേമവകുപ്പ് മന്ത്രിയായി. പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യമന്ത്രിയും സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ മന്ത്രിയുമായി അവർ മാറി. പക്ഷേ, അവരുടെ രാഷ്ട്രീയഭാവി അത്ര പ്രകാശമുള്ളതായിരുന്നില്ല.
നിലവിലെ മാനന്തവാടി യു.ഡി.എഫ് സ്ഥാനാർഥി ഉഷാവിജയന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ രാഷ്ട്രീയത്തിൽ നേരിടേണ്ടിവന്ന വഞ്ചനകളെപ്പറ്റി അവർ സംസാരിക്കുകയുണ്ടായി. കഴിഞ്ഞ രണ്ടുതവണയും തന്നെ പരാജയപ്പെടുത്തിയത് ഒരു വിഭാഗം കോൺഗ്രസുകാർ തന്നെയാണെന്ന് അവർ ആരോപിച്ചു. മറ്റൊരു സ്ത്രീയ്ക്ക് ഇത്തരമൊരുഗതി ഉണ്ടാവരുതെന്നുകരുതിയാണ് ഈ വെളിപ്പെടുത്തലെന്നും അവർ പറഞ്ഞു. രാഷ്ട്രീയത്തിൽ സ്ത്രീ നേരിടുന്ന നിലനിൽപ്പുഭീഷണികളുടെ ഒരേകദേശ രൂപമായി വേണം അവരുടെ വാക്കുകളെ ഉൾക്കൊള്ളാൻ.
(തുടരും)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Analysis of 100 women legislators in Kerala since 1957., Historical examination of missed opportunities for female Chief Ministers., Case studies of K.R. Gowri Amma, Susheela Gopalan, and K.K. Shailaja., Challenges faced by revolutionary figures like K. Ajitha and C.K. Janu., Systemic barriers and political betrayal faced by women in mainstream parties.
Published: 08 Apr 2026, 12:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented