ടി.വി.തോമസിനെ പരാജയപ്പെടുത്തി ആലപ്പുഴയിൽ നിന്ന് നിമസഭയിലെത്തുകയും രണ്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറാകുകയും ചെയ്ത അഡ്വ.എ.നഫീസത് ബീവി, ഇഎംഎസിന്റെ കണ്ടെത്തലിലൂടെ 1987-ൽ നിയമസഭയിലെത്തിയ നബീസാ ഉമ്മാൾ, നാലാം കേരള നിയമസഭയിൽ മൂവാറ്റുപുഴയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ജയിച്ച് അടിയന്തിരാവസ്ഥക്കാലത്ത് അതിനെതിരെ ശബ്ദമുയർത്തിയ പെണ്ണമ്മ ജേക്കബ്,

ദീർഘകാലം നിയമസഭാംഗവും എട്ടാം നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ഭാർഗവി തങ്കപ്പൻ, മാളയിൽ കെ.കരുണാകരനോട് ഉജ്വലമായി ഏറ്റുമുട്ടി പരാജയപ്പെടുകയും രണ്ടുതവണ കൊടുങ്ങല്ലൂരിൽ നിന്ന് സഭയിലെത്തുകയും ചെയ്ത മീനാക്ഷി തമ്പാൻ, ഫിഷറീസ് വകുപ്പ് മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ, മൂന്നുതവണ സാമാജികയാവുകയും പതിനാലാം നിയമസഭയിൽ മന്ത്രിസ്ഥാനം വഹിക്കുകയുംചെയ്ത ജെ. മേഴ്സിക്കുട്ടിയമ്മ, കോൺഗ്രസ് നേതാവും എം.എൽ.എയുമായിരുന്നു മേഴ്‌സി രവി,

നിയമസഭയിലും ലോക്സഭയിലും രണ്ടുതവണ വീതം ഇടംനേടിയ സാവിത്രി ലക്ഷ്മണൻ, മൂന്നു തവണ ചെങ്ങന്നൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശോഭനാ ജോർജ്, പീരുമേടിന്റെ പ്രതിനിധിയായ ഇ.എസ്. ബിജിമോൾ, ആർ. ബാലകൃഷ്ണപിള്ളയെ തോൽപിച്ച് കൊട്ടാരക്കരയിൽ നിന്ന് നിയമസഭയിലെത്തി തുടർച്ചയായ മൂന്നു തവണ സാമാജികയായി 2026-ൽ യുഡിഎഫിലേക്ക് ചുവടുമാറിയ ആയിഷാ പോറ്റി, കായംകുളം എംഎൽഎ യു.പ്രതിഭ, കേരളത്തിൽ നിന്ന് എഐസിസി സെക്രട്ടറിയായ ആദ്യവനിത ഷാനിമോൾ ഉസ്മാൻ, നിയമസഭയിലെ ആർഎംപി സാന്നിധ്യം കെ.കെ.രമ, നിലവിലെ മന്ത്രിമാരായ ആർ ബിന്ദു,

ജെ.ചിഞ്ചുറാണി, വീണാജോർജ്, മുൻ ആരോഗ്യവകുപ്പ് മന്ത്രിയും രണ്ടുതവണ നിയമസാഭാംഗവും ഒരു തവണ ലോക്സഭാംഗവുമായ പി.കെ.ശ്രീമതി തുടങ്ങിയവരൊക്കെയും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ എന്നേക്കുമായി ഇടംനേടിയവരാണ്.
മഹിളാ കോൺഗ്രസ് ദേശീയ ഉപാധ്യക്ഷയും കൊല്ലം ഡിസിസി പ്രസിഡന്റുമായിരുന്ന ബിന്ദുകൃഷ്ണയേയും കണ്ണൂരിലെ മലയോര മേഖലയായ ഇരിട്ടിയിൽ നിന്ന് എ.ഐ.എസ് എഫിലൂടെ സി.പി.ഐ.യിലേക്കെത്തിയ ആനി രാജയെയും പോലുള്ള വനിതകൾ ഇരുപക്ഷങ്ങളിലും ഇനിയുമുണ്ട്. പക്ഷേ, മുന്നിൽ നിന്ന് നയിക്കാനുള്ള ഊഴം ഇനിയും പെൺപക്ഷത്തേക്ക് എത്തിയിട്ടില്ലെന്നുമാത്രം.
ഉയർച്ചകൾ, ആവർത്തനങ്ങൾ
ഇന്നുവരെ ഒരൊറ്റ വനിതയെയും സഭയിലെത്തിക്കാത്ത മുസ്ലീംലീഗ് ഇത്തവണ രണ്ട് സ്ത്രീസ്ഥാനാർഥികളെ കളത്തിലിറക്കിയിട്ടുണ്ട്. രണ്ടു തവണ ഓരോ സ്ത്രീകളെ ലീഗ് മത്സരത്തിനിറക്കിയിരുന്നു. ഒന്നിൽ നിന്ന് രണ്ടിലേക്ക് ലീഗിന്റെ സ്ത്രീ പ്രാതിനിധ്യം വളരെക്കാലം കൊണ്ട് ഉയർന്നു. മുസ്ലീംലീഗിന്റെ സ്ഥാനാർഥിനിർണയത്തിൽ അതൃപ്തിപ്രകടിപ്പിച്ച് നൂർബിനാ റഷീദ് വനിതാലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ചതും ഈ തിരഞ്ഞെടുപ്പുകാലത്താണ്. ശോഭാ സുരേന്ദ്രൻ ഉൾപ്പെടെ 16 വനിതാ സ്ഥാനാർഥികളുമായാണ് എൻഡിഎയുടെ നീക്കം.

സ്വന്തം നിലപാട് ഉറക്കെപ്പറയുന്ന ഏത് സ്ത്രീയ്ക്കുമെന്നപോലെ രാഷ്ട്രീയരംഗത്തും സ്ത്രീകൾക്ക് അവഹേളനങ്ങളെ നേരിടേണ്ടിവരുന്നുണ്ട്. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയയ്ക്കും കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു.പ്രതിഭയ്ക്കുമെതിരായി വന്ന അവഹേളനപരമായ പരാമർശങ്ങൾ ഈ സ്ഥിതിക്ക് മാറ്റമില്ലെന്നതിന്റെ തെളിവാണ്.
പൊതുരംഗത്ത് സ്ത്രീയുടെ സാന്നിധ്യത്തിന് തടയിടുന്നത് കുടുംബം അടിച്ചേല്പിക്കുന്ന ഉത്തരവാദിത്വങ്ങളുടെ അധികഭാരമാണോ എന്നും അന്വേഷിക്കേണ്ടതുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജിനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി അവരുടെ ഭർത്താവ് സി.പി.എമ്മിനെ സമീപിച്ചത് വാർത്തയായിരുന്നു.

അവിടെയുമില്ല ഇവിടെയും
പാർട്ടികളുടെ ജില്ലാ-സംസ്ഥാന അധ്യക്ഷ സ്ഥാനത്തും അപൂർവമായേ സ്ത്രീകൾ എത്തിയിട്ടുള്ളൂ. രാജ്യസഭാ പ്രാതിനിധ്യത്തിന്റെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. രാജ്യസഭയിലേക്ക് സ്വന്തം വർഗത്തെ കയറ്റിവിടാനാണ് പുരുഷവർഗ രാഷ്ട്രീയം ഇന്നോളം താത്പര്യം കാണിച്ചിട്ടുള്ളത്. പൊതുജനങ്ങളെ അഭിമുഖീകരിക്കേണ്ടല്ലൊ. പുരുഷൻമാരാൽ നയിക്കപ്പെടുന്ന സ്വന്തം പാർട്ടിയുടെ ഇംഗിതം നടപ്പാക്കാനുമാകും. രാഷ്ട്രീയരംഗത്തേക്ക് സ്ത്രീകൾ ഉയർന്നുവരുമ്പോൾ കാരണഭൂതൻ ചമയാനും പുരുഷന്മാർ മത്സരിക്കാറുണ്ട്. സ്ത്രീകൾക്ക് അവസരം നൽകി എന്ന ഔദാര്യ മനോഭാവമാണ് രാഷ്ട്രീയനേതൃത്വം വെച്ചുപുലർത്തുന്നത്.
നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ ഒരു വനിത സ്പീക്കർ പദവിയിൽ എത്തിയിട്ടില്ലെന്നും ഓർക്കണം. ഒന്നാമത്തെയും രണ്ടാമത്തെയും എട്ടാമത്തെയും നിയമസഭകളിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്ത് സ്ത്രീകൾ എത്തിയതൊഴിച്ചാൽ, ഒരു ചുവട് മുന്നോട്ടുപോയിട്ടില്ല. സഭയിൽ ‘സാർ’ വിളി മാത്രമേ ഉയർന്നിട്ടുള്ളെന്നു സാരം.

മുഖ്യമന്ത്രി സ്ഥാനത്ത് സ്ത്രീയെത്തണമെന്ന വാദംപോലെ പ്രസക്തമല്ലേ വനിതാ പ്രതിപക്ഷ നേതാവ് എന്നതും. പ്രതിപക്ഷത്തെ നയിക്കാനുള്ള കഴിവ് സ്ത്രീയ്ക്ക് ഇല്ലേ? ഇന്നോളം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നയിച്ചതെല്ലാം പുരുഷൻമാർ മാത്രം. സ്ത്രീകൾ അധികാരസ്ഥാനത്തെത്തുമ്പോൾ അഴിമതി കുറയുന്നു എന്നൊരു വാദം നിലനിൽക്കുമ്പോൾ എന്തുകൊണ്ടാകാം നമ്മുടെ അധികാര കസേരകൾക്ക് സ്ത്രീ ഇവ്വിധത്തിൽ അന്യയായി തുടരുന്നത്.
വിവാദത്തിൽ മുഖ്യസ്ഥാനം
മിക്ക തിരഞ്ഞെടുപ്പുകളിലും അധികാരത്തിലെത്താൻ സ്ത്രീയെ കേന്ദ്രീകരിച്ച വിവാദങ്ങളും ആരോപണങ്ങളും കേസുകളും മുൻനിർത്തിയുള്ള നീക്കങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. അവയൊക്കെയും തിരഞ്ഞെടുപ്പിനെ ഇളക്കിമറിച്ചിട്ടുമുണ്ട്. ചാരക്കേസ്, സൂര്യനെല്ലി കേസ്, ഐസ്‌ക്രീം പാർലർ കേസ്, കിളിരൂർകേസ്, സോളാർ, സ്വർണക്കടത്ത്, പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ മരണം... അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ.
സ്ത്രീകൾ നായികാ സ്ഥാനത്ത് വരുന്നതിനേക്കാൾ പ്രതിനായികയാക്കി ആക്ഷേപിച്ചും ഇരയാക്കി വൈകാരികതയുണ്ടാക്കിയും രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് പുരുഷ കേന്ദ്രീകൃത രാഷ്ട്രീയം പതിറ്റാണ്ടുകളായി ശ്രമിക്കുന്നത്.

സ്ത്രീയെ കേന്ദ്രീകരിച്ചു നടന്ന വിവാദം ഒരു രാഷ്ട്രീയ പാർട്ടിയുടെ പിറവിക്കു തന്നെ കാരണമായി. ഇന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നിർണയിക്കുന്ന പ്രധാന ശക്തിയായി പിളരുന്തോറും വളർന്നും വളരുന്തോറും പിളർന്നും കഷണങ്ങളായി പല പക്ഷത്തും നിലയുറപ്പിച്ചിരിക്കുന്നു കേരളാകോൺഗ്രസ്.
മക്കൾ രാഷ്ട്രീയം
ഒന്നാം ഇഎംഎസ് സർക്കാറിനെ അടിമുടി ഉലച്ച സമരങ്ങളിൽ ഒന്നായിരുന്നു കുട്ടനാട്ടിലെ ഒരണ സമരം. ജലഗതാഗത കോർപറേഷൻ രൂപീകൃതമായതോടെ ഒരണ കടത്തുകൂലി പത്തുപൈസയായി ഉയർന്നു. ബോട്ട് ചാർജ് വർധനവിനെതിരായ വിദ്യാർഥി പ്രക്ഷോഭത്തെ പോലീസ് ശക്തിപൂർവം നേരിട്ടു. ധാരാളം വിദ്യാർഥികൾക്കും പോലീസുകാർക്കും പരിക്കേറ്റു. നിരോധനാജ്ഞ ലംഘിച്ച് വിദ്യാർഥികൾ നിരത്തിലിറങ്ങി. അതോടെ പോലീസിനും വാശിയേറി.
കേരളത്തിൽ കെഎസ്യുവിന്റെ വളർച്ചയ്ക്ക് തുടക്കംകുറിച്ച സമരം കൂടിയാണിത്. അതിന് ചുക്കാൻപിടിച്ചത് കോൺഗ്രസ് വനിതാ മുന്നണി നേതാവായ ദേവകീ കൃഷ്ണന്റെ മകൻ എം.കെ.രവീന്ദ്രൻ എന്ന യുവാവായിരുന്നു. പിന്നേക്കുള്ള വർഷങ്ങളിൽ ആ യുവാവ് പാർലമെന്റിലെ മുഴക്കമുള്ള ശബ്ദമായി. ആ യുവനേതാവ് വയലാർ രവി എന്ന പേരിലറിയപ്പെട്ടു. ദേവകീ കൃഷ്ണന്റെ മകൻ എന്നൊരു മേൽവിലാസം തുടക്കകാലത്തെങ്കിലും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ, അതിനുശേഷം അങ്ങനെയൊരു പെൺമേൽവിലാസം കേരള രാഷ്ട്രീയത്തിൽ ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ.
പിതാക്കന്മാരുടെ മേൽവിലാസത്തിൽ പലരും രാഷ്ട്രീയത്തിലേക്കെത്തി. പക്ഷേ, മക്കൾ രാഷ്ട്രീയത്തിലും നിറഞ്ഞുനിന്നത് ആൺകോയ്മയാണ്. കെ.മുരളീധരൻ, ചാണ്ടി ഉമ്മൻ, ജോസ് കെ.മാണി, ഷോൺ ജോർജ്, കെ.എസ്.ശബരീനാഥൻ, കെ.ബി.ഗണേഷ് കുമാർ, ഷിബു ബേബി ജോൺ... അങ്ങനെയെത്രപേർ. നേതാക്കന്മാരുടെ മാനസപുത്രന്മാരും കുറവല്ല. എടുത്തു പറയാനൊരു പെൺപേര് ഉണ്ടായിട്ടുണ്ടോ.
നമ്മുടെ സമൂഹത്തിൽ കുടുംബവീടെന്നപോലെ രാഷ്ട്രീയ പിന്തുടർച്ചാവകാശവും ആൺമക്കളുടെ പേരിൽ തീറെഴുതിവെച്ചിരിക്കുകയാണെന്നു വായിക്കാം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi