ഫാത്തിമ തഹ്ലിയയുടെ സത്യപ്രതിജ്ഞ ചരിത്രമായിരുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ ചരിത്രത്തിലെ ആദ്യ വനിതാ നിയമസഭാ പ്രതിനിധി. ചട്ടക്കൂടിനുള്ളിൽ ഒതുങ്ങാത്ത പോരാട്ടത്തിനുള്ള അംഗീകാരം കൂടിയാണ് ഈ പുതിയ പദവി. പാരമ്പര്യത്തിന്റെയും പുരോഗമനത്തിന്റെയും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ നടക്കുമ്പോഴും ഇടറാതെ പിടിച്ചുനിന്ന തുടക്കകാലം. വിമർശനങ്ങൾക്കും പ്രതിസന്ധികൾക്കും മുന്നിൽ തളരാത്ത പോരാട്ടവീര്യംകൊണ്ട് ആ യുവ നേതാവ് ജനഹൃദയം കവർന്നു. ഒടുവിൽ കാലം കാത്തുവെച്ച ആ നിമിഷം സമാഗതമായി. ജീവിതവും രാഷ്ട്രീയവും പ്രതിസന്ധികൾ കടന്നുനേടിയ വിജയവും പങ്കുവെച്ച് പേരാമ്പ്രയുടെ എം.എൽ.എ. അഡ്വ. ഫാത്തിമ തഹ്ലിയ ഗൃഹലക്ഷ്മിയോട് സംസാരിച്ചു.

പേരാമ്പ്രക്കാർ നൽകിയ വിജയം
1980-മുതൽ ഇടതുകോട്ടയാണ് പേരാമ്പ്ര. മുൻമന്ത്രിയും ഇടതുമുന്നണി കൺവീനറുമായ ടി.പി. രാമകൃഷ്ണനോടാണ് തഹ് ലിയ മത്സരിച്ചത്. ''പലരും എന്നോടു ചോദിച്ചു, കേരളത്തിലെ രണ്ടാമനെ തോൽപ്പിക്കാൻ എന്ത് ധൈര്യത്തിലാണ് പോകുന്നതെന്ന്. സത്യത്തിൽ ഞാൻ ജയപരാജയങ്ങളെക്കുറിച്ച് ചിന്തിച്ചില്ല. കഴിയുന്നത്ര ജനങ്ങളെ നേരിൽ കണ്ടു. അവരുമായി സംസാരിച്ചപ്പോൾ ആത്മവിശാസം കൂടി. ജനവിധി എന്തുമായിക്കോട്ടെ, പക്ഷെ ശ്രമിക്കാതിരുന്നത് കൊണ്ട് അവസരം നഷ്ടമാകരുതെന്ന് നിർബന്ധമുണ്ടായിരുന്നു. ടി.പി. രാമകൃഷ്ണൻ ആദരണീയനായ വ്യക്തിയാണ്. ഞാൻ രണ്ടു തവണയേ നേരിൽ കണ്ടിട്ടുള്ളൂ. അദ്ദേഹം എനിക്ക് വിജയാശംസകൾ നേർന്നു. ആശയത്തോടാണ് മത്സരം. വ്യക്തികളോടല്ലല്ലോ.''

ചരിത്രത്തിൽ ഇടംനേടിയ എം.എൽ.എ.
എം.എസ്.എഫിന്റെ വനിതാ വിങ്ങായ 'ഹരിത'യുടെ ആദ്യ ജനറൽ സെക്രട്ടറി, എം.എസ്.എഫിന്റെ ദേശീയ വൈസ് പ്രസിഡന്റ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അങ്ങനെ കുറേ സ്ഥാനങ്ങൾ പലപ്പോഴായി തഹ് ലിയയെ തേടിയെത്തി. ''യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഏക വനിതാ സെക്രട്ടറിയാണ് ഞാൻ. ഇപ്പോൾ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ ആദ്യ വനിതാ എം.എൽ.എ.യുമായി. പ്രചരണത്തിനിറങ്ങിയപ്പോൾ ഇത് കുട്ടിക്കളിയല്ല എന്നൊക്കെയായിരുന്നു പരിഹാസം. പക്ഷെ കഴിവുണ്ടെങ്കിൽ, പ്രായവും ലിംഗവുമൊന്നും പ്രസക്തമല്ല. പ്രവർത്തന മേഖല മെച്ചപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.''

ആദ്യം വക്കീലായി
തഹ്ലിയയുടെ ഓരോ ചുവടും ഉറച്ചതായിരുന്നു. ''എന്നെപ്പോലുള്ള പെൺകുട്ടികൾക്ക് രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ കുറേ പരിമിതികളുണ്ട്. വക്കീലാകണമെന്ന മോഹം വീട്ടിൽ അവതരിപ്പിച്ചപ്പോൾ വലിയ എതിർപ്പായിരുന്നു. കൺസർവേറ്റീവ് ഫാമിലിയായിരുന്നു എന്റേത്. ഒടുവിൽ എൻട്രൻസ് എഴുതാനും പഠിക്കാനും പോരാടേണ്ടി വന്നു.

നീതി നിഷേധം കാണുമ്പോൾ പ്രതികരിക്കാനും കൂടെയുള്ളവരെ കൈപിടിച്ച് ഒപ്പംനിർത്താനുമുള്ള സ്പിരിറ്റ് എനിക്ക് അന്നേ ഉണ്ട്. സമൂഹത്തിനായി ചിലത് ചെയ്യാനും പറയാനുമുണ്ടെന്ന തോന്നൽ ഉള്ളിലുണ്ടായിരുന്നു. അങ്ങനെ എൽ.എൽ.ബി. തിരഞ്ഞെടുത്തു. നാല് വർഷത്തോളം അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു.''

രാഷ്ട്രീയത്തിലേക്ക്
2012-ൽ കോഴിക്കോട് ലോ കോളേജിൽ പഠിക്കുമ്പോഴാണ് തഹ് ലിയ രാഷ്ടീയത്തിലേക്ക് ഇറങ്ങുന്നത്. ''വളരെ ആക്ടീവായ എല്ലാത്തിലും മുന്നിട്ടിറങ്ങുന്ന, കാര്യങ്ങൾ തുറന്നു സംസാരിക്കുന്ന പ്രകൃതമായിരുന്നു. അന്ന് കോളേജിൽ എം.എസ്.എഫ്. ഉണ്ടെങ്കിലും പെൺകുട്ടികൾ അത്ര സജീവമല്ല. ഒരിക്കൽ പാർട്ടിയുടെ പരിപാടി കാണാൻ കോഴിക്കോട് നഗരത്തിലെ നളന്ദ ഓഡിറ്റോറിയത്തിൽ പോയി. സംഘാടകർ എന്നോട് ചടങ്ങിൽ അധ്യക്ഷത വഹിക്കാൻ ആവശ്യപ്പെട്ടു. 'ഹരിത'യുടെ ആദ്യ ജനറൽ സെക്രട്ടറിയായി അന്ന് എന്നെ പ്രഖ്യാപിച്ചു. അപ്രതീക്ഷിതമായിരുന്നു അത്. സജീവ രാഷ്ട്രീയത്തിലേക്കുള്ള ആദ്യ പടവും.''

ഹരിതയിലെ പ്രവർത്തനകാലം
ഹരിതയിലെ പ്രവർത്തനം തഹ്ലിയയെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ''വെറും പേരിനുവേണ്ടിയായിരുന്നില്ല രാഷ്ട്രീയപ്രവർത്തനം. ക്ലാസ്സിൽ പോകാൻ പറ്റാതിരുന്ന ദിവസങ്ങളുണ്ട്. കേരളത്തിന് അകത്തും പുറത്തുമായി ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വന്നു. അതൊക്കെ പുതിയ അനുഭവങ്ങളായിരുന്നു. അതുവരെ അങ്ങനെ ഒറ്റയ്ക്ക് പോകാൻ പറ്റുന്ന ചുറ്റുപാടല്ലായിരുന്നു. ഹരിതയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനും പെൺകുട്ടികളെ സംഘടനയിലേക്ക് കൊണ്ടുവരാനുമൊക്കെ കുറേ പ്രയത്നിക്കേണ്ടി വന്നു. അവരുടെയൊക്കെ കുടുംബങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തുക എന്നതും വലിയ വെല്ലുവിളിയായിരുന്നു. ഹരിതയിൽ പ്രസിഡന്റായും പ്രവർത്തിച്ചു. വെല്ലുവിളികളെ നേരിടാനും ലക്ഷ്യത്തിനായി പ്രയത്‌നിക്കാനുമൊക്കെ ശീലിച്ചു തുടങ്ങി. ഇന്ന് 'ഹരിത' ക്യാമ്പസുകളിൽ നിർണായകമായ ഒരു സംഘടനയാണ്.''

സ്ത്രീകൾക്കും രാഷ്ട്രീയമുണ്ട്
രാഷ്ട്രീയത്തിലെ സ്ത്രീപ്രാതിനിധ്യത്തെപ്പറ്റിയും പേരാമ്പ്ര എം.എൽ.എയ്ക്ക് പറയാനുണ്ട്. ''എല്ലാ സംഘടനകളുടെയും നേതൃനിരയിൽ സ്ത്രീ പ്രാതിനിധ്യം കുറവാണെന്നത് സത്യമാണ്. 'ഹരിത'യിൽ പ്രവർത്തിക്കുന്ന കാലം മുതൽ നേതൃനിരയിലേക്ക് സ്ത്രീകളെ കൊണ്ടുവരാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പ്രയത്നിച്ചു. വനിതകളുടെ രാഷ്ട്രീയ പ്രാതിനിധ്യം പലവിധ ചർച്ചകൾക്ക് തുടക്കമിട്ട വിഷയമാണ്. അതുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ചാണ് പലരും സംസാരിക്കുക. പക്ഷെ, ഞാൻ ചിന്തിക്കുന്നത് അവസരങ്ങളെക്കുറിച്ചാണ്.

ഒരു സ്ത്രീ എന്ന നിലയിൽ, എനിക്ക് വീടിനുള്ളിൽ കയറിച്ചെന്ന് വോട്ടു ചോദിക്കാനും ആളുകളോട് ഇടപഴകാനും കഴിയും. അങ്ങനെ സ്വാതന്ത്ര്യത്തോടെ പുരുഷന്മാർക്ക് ചെയ്യാൻ സാധിക്കുമോ. സ്ത്രീകൾ പരസ്പരം സംസാരിക്കുന്നത് ഹൃദയത്തിന്റെ ഭാഷയിലാണെന്ന് തോന്നിയിട്ടുണ്ട്. അതെനിക്ക് ഏറെ ഗുണം ചെയ്തു. മനുഷ്യരെ സഹാനുഭൂതിയോടെ കാണാൻ പല രാഷ്ട്രീയ സംഘടനകൾക്കും സാധിക്കുന്നില്ല. വനിത, സ്ഥാനാർഥിയായാൽ ജയിക്കില്ലെന്ന് പറഞ്ഞവരുണ്ട്. പുരുഷാധിപത്യത്തിന്റെ ബാക്കി പത്രമാണ് ഇതൊക്കെയും. എന്റെ അഭിപ്രായത്തിൽ ജനഹൃദയമറിയാനും വിശ്വാസ്യത നേടിയെടുക്കാനും സ്ത്രീകൾക്ക് കഴിയും. നേതൃനിരയിലേക്ക് കൂടുതൽ വനിതകൾ വരട്ടെ. കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി വരണം. അതുവഴി മാറ്റങ്ങൾ സാധ്യമാകും. കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയും ആളുകളോട് ഇടപെടുന്ന രീതിയുമൊക്കെ മാറും.''

വെല്ലുവിളികളെ തരണം ചെയ്ത്
സ്ത്രീ എന്ന നിലയിലും വ്യക്തി എന്ന നിലയിലും കടുത്ത സൈബറാക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെന്നും തഹ്ലിയ. ''എനിക്ക് അതൊരു പുതിയ കാര്യമായിരുന്നില്ല. രാഷ്ട്രീയത്തിൽ വന്ന നാൾ മുതൽ സൈബറാക്രമണം നേരിട്ടിട്ടുണ്ട്. കേസ് കൊടുത്തിട്ടും വലിയ കാര്യമില്ല. ഫേക്ക് ഐഡികൾ എത്രവേണമെങ്കിലും ഉണ്ടാക്കാം. ആരുടെ മുഖവും വെയ്ക്കാം. യഥാർഥത്തിൽ വേണ്ടത് നല്ല നിയമനിർമ്മാണമാണ്. മുൻ എം.എൽ.എ. യു. പ്രതിഭക്കെതിരെ സൈബറാക്രമണം നടന്നപ്പോൾ മുൻ മുഖ്യമന്ത്രി ഉൾപ്പെടെ പലരും നിലപാടെടുത്തു. എന്നാൽ എന്റെ കാര്യത്തിൽ ഒരു പരിഗണനയും കിട്ടിയിട്ടില്ല. അങ്ങനെയല്ലല്ലോ വേണ്ടത്. ട്രോളുകളല്ല, വ്യക്തിഹത്യയാണ് എനിക്കെതിരെ നടന്നത്. സ്ത്രീ ആയതിന്റെ പേരിലും, മതത്തിന്റെ പേരിലുമൊക്കെ അക്രമണങ്ങൾ നടന്നു. അതെല്ലാവർക്കും തരണം ചെയ്യാൻ പറ്റണമെന്നില്ല. ഇത്രയും കാലത്തെ രാഷ്ട്രീയ ജീവിതമാണ് ധൈര്യം തന്നത്.''

അടുത്ത അഞ്ച് വർഷങ്ങൾ
അടുത്ത അഞ്ച് വർഷത്തേക്ക് ഒത്തിരി കാര്യങ്ങൾ തഹ്ലിയയുടെ മനസ്സിലുണ്ട്. ''നവമാധ്യമങ്ങളിലൂടെയുള്ള മുഖമില്ലാത്ത ഈ ആക്രമണങ്ങൾക്ക് കടിഞ്ഞാൺ വേണം. വെർബൽ റേപ്പ് വരെ നടക്കുന്നുണ്ടിവിടെ. ഈ രീതി മാറണം. അഭിമാനം സംരക്ഷിക്കാൻ നിയമം വേണം. മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ലഹരി. അതിന്റെ ഉറവിടം കണ്ടെത്തിയാൽ മാത്രമേ തടയാനാകൂ.

കുറ്റിച്ചിറയിലെ കൗൺസിലറായിരുന്ന സമയത്ത്, അവിടെ ഏത് വീട്ടിലേക്കും കയറിച്ചെല്ലാനുള്ള ആത്മബന്ധം ആ നാട്ടുകാരോടുണ്ട്. അത്തരമൊരു ആത്മബന്ധമാണ് എനിക്കിപ്പോൾ പേരാമ്പ്രയോടുമുള്ളത്. ഇന്നും അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഒരു പറ്റം ജനങ്ങളുണ്ട് പേരാമ്പ്രയിൽ. അവരെ സഹായിക്കണം. വിനോദസഞ്ചാരത്തിന് ഏറെ സാധ്യതയുള്ള സ്ഥലമാണ്. അതിനെ പരിപോഷിപ്പിച്ചാൽ ജനങ്ങളുടെ ജീവിതവും നന്നാവും.''

കുടുംബം
വിവാഹശേഷമാണ് ജീവിതം കൂടുതൽ മനോഹരമായതെന്ന് തഹ്ലിയ. ' 2013-ലായിരുന്നു വിവാഹം. പങ്കാളി ഷെഹസാദും അഭിഭാഷകനാണ്. കരിയറിലോ, രാഷ്ട്രീയത്തിലോ അദ്ദേഹം ഇടപെടാറില്ല. പരസ്പരം ബഹുമാനിക്കുന്ന, തീരുമാനങ്ങളെ അംഗീകരിക്കുന്ന ബന്ധമാണ് ഞങ്ങളുടേത്. ഉപ്പ മുൻ വാർഡ് മെമ്പറായിരുന്നു. ഉമ്മയും രണ്ട് അനുജന്മാരുമുണ്ട്.''

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi