പുണ്യം പൂക്കുന്ന നോമ്പുകാലത്തിന്റെ അമ്പത് ദിനരാത്രങ്ങള്‍. നോമ്പാരംഭം മുതല്‍ ഉയിര്‍പ്പ് തിരുനാള്‍ വരെയുള്ള നോമ്പിന്റെയും ഉപവാസത്തിന്റെയും ഉപവിപ്രവര്‍ത്തനങ്ങളുടെയും നാളുകള്‍. സജീവമായ വ്രതശുദ്ധിയുടെ ജീവിത കാലഘട്ടം. കഴിഞ്ഞ നാല് പതിറ്റാണ്ടുകളിലായി നീണ്ടുകിടക്കുന്ന ഒരുപാട് വര്‍ണാഭവും ചിലപ്പോള്‍ ഒളിമങ്ങിയതുമായ ഓര്‍മ്മകള്‍. പള്ളിമുറ്റത്ത് ഓടിക്കളിച്ചു നടന്ന ബാല്യത്തിലെയും, കൗമാര കാലഘട്ടത്തിലെ സെമിനാരിയിലെ ജീവിതത്തിലെയും വൈദികനായശേഷമുള്ള ഇടവക ജീവിതത്തിലെയും ഓര്‍മ്മകള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. 

വിശുദ്ധവാരത്തിലേക്കു പ്രവേശിക്കുന്ന ഓശാന തിരുനാളില്‍ പള്ളിയില്‍ നിന്ന് കുരുത്തോലകള്‍ കൈകളിലേന്തി വീട്ടിലെത്തുമ്പോള്‍ വീട് ഒരു ജെറുസലേം വീഥിപോലെ ആയിക്കഴിഞ്ഞിരിക്കും. അച്ഛനും അമ്മയും രണ്ടു ചേച്ചിമാരും ചേട്ടനും പിന്നെ ഞാനും രണ്ടു കൈകളിലും കുരുത്തോലകളുമായാണ് വീട്ടിലേക്ക് വരുന്നത്. വീട്ടിലെ എല്ലാ മുറികളിലും കാറിലും കുരുത്തോല വയ്ക്കും. കുരുത്തോലകൊണ്ട് കുരിശും മറ്റ് ഡിസൈനുകളും ഉണ്ടാക്കിയിട്ടു കൂട്ടുകാരുടെ ഇടയില്‍ കേമന്മാരാകുന്നത് ഞാനടക്കമുള്ള കുട്ടികളുടെ ഇടയില്‍ പതിവായിരുന്നു. ഓശാനയുടെ കുര്‍ബാന കഴിഞ്ഞാല്‍ വികാരിയച്ചന്‍ പതിവില്ലാത്ത തരത്തില്‍ നിര്‍ദേശങ്ങള്‍ തരും. അമിത ആഘോഷങ്ങള്‍ പാടില്ല, ശബ്ദം താഴ്ത്തി സംസാരിക്കണം, സിനിമ പോലുള്ള എന്റര്‍ടൈന്‍മെന്റ്കള്‍ ഒഴിവാക്കണം, നമ്മളോട് തെറ്റുചെയ്തവരോട് ക്ഷമിക്കണം, ഒരുപാട് പ്രാര്‍ത്ഥിക്കണം, നന്മ ചെയ്യണം എന്നിങ്ങനെ പലതും. ശ്രദ്ധയോടെ കെട്ടിരുന്നുവെങ്കിലും അന്ന് പലതും മനസ്സിലായിരുന്നില്ല. ഇതേ കാര്യങ്ങള്‍ ഇന്ന്  ഞാന്‍ എന്റെ ഇടവകകളില്‍ ആവര്‍ത്തിക്കുമ്പോള്‍, പള്ളിയുടെ മദ്ബഹ ചേര്‍ന്നിരുന്നു എന്നെ ശ്രദ്ധിക്കുന്ന കുഞ്ഞുങ്ങളില്‍ ഞാന്‍ എന്നെ തന്നെ കാണാറുണ്ട്. പള്ളി മര്യാദയുടെ പേരില്‍ മാത്രം കൈകെട്ടിയിരുന്ന് പറയുന്നതെല്ലാം കേട്ടിരിക്കുന്നു. ഇത് കാണുമ്പോള്‍ എനിക്ക് അവരോട് അനുകമ്പ തോന്നിപ്പോകും; കേട്ടതൊക്കെ അവരുടെ ഭാഷയില്‍ വിശദീകരിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്തം അവരുടെ മാതാപിതാക്കളെ ഏല്‍പ്പിക്കും. 

പെസഹാ തിരുനാള്‍ ദിവസം പെസഹ അപ്പം  വീടുകളില്‍ നിന്നും കൊണ്ടുവരും. പാരമ്പര്യമനുസരിച്ചുള്ള ആചാരങ്ങളും അപ്പം മുറിക്കലും പങ്കുവക്കലും. ഒരു സ്പിരിച്വല്‍ റിച്‌നെസ്സ് ഉള്ള ദിവസം. പെസഹാ തലേന്നാല്‍ അമ്മ പെസഹ അപ്പം ഉണ്ടാക്കുമ്പോള്‍ ഒന്ന് രണ്ടെണ്ണം കൂടുതല്‍ ഉണ്ടാക്കും. പള്ളിയില്‍ അപ്പം മുറിക്കുന്നതിനുമുന്‍പ് ഞങ്ങള്‍ വീട്ടില്‍ അപ്പം മുറിച്ചു കഴിക്കും; ചെറിയൊരു ട്രയല്‍. പിന്നീട് പള്ളിയിലെ പെസഹാചാരണം ഇടവകക്കാര്‍ മുഴുവന്‍ ഒന്നുചേര്‍ന്നു നടത്തുമ്പോള്‍ അത് മനസ്സിന് നിറവേകും. 

ദുഃഖവെള്ളി ശ്രേഷ്ഠമായ ഒരു ആത്മീയ അനുഭവമാണ്. കുഞ്ഞുന്നാള്‍ പതിവുപോലെ പ്രാതലിനു അമ്മയുടെ അടുത്തെത്തുമ്പോള്‍ ദോശക്കുപകരം ഉപദേശങ്ങളാണ് ലഭിച്ചിരുന്നത്. ഉപവാസത്തോടെ ആരംഭിക്കുന്ന ദിവസം. നേരം പുലര്‍ന്നത് മുതല്‍ ആരംഭിക്കുന്ന ശുശ്രൂഷയും പ്രാര്‍ത്ഥനകളും. ലോകത്തിലെ ഏറ്റവും രുചികരമായ ഭക്ഷണം ഏതെന്നു ചോദിച്ചാല്‍ നിസ്സംശയം പറയാന്‍ സാധിക്കും അത് ദുഖവെള്ളി ദിവസത്തെ കഞ്ഞി ആണ്. വെന്തുകുഴഞ്ഞ കഞ്ഞിയും പയറും നല്ല കണ്ണിമാങ്ങാ അച്ചാറും. മിക്കപ്പോഴും വീട്ടില്‍ രാത്രിഭക്ഷണവും കഞ്ഞിതന്നെയായിരിക്കും. ഒരു കംപ്ലീറ്റ് ഡേ. 

ഉയിര്‍പ്പ് പ്രത്യാശയുടെയും വെളിച്ചതിന്റെയും  ശുഭ്രതയുടെയും ഉത്സവമാണ്. ഉയര്‍പ്പ് തിരുനാള്‍ ദിവസം പാതിരാ കുര്‍ബാനക്ക് പാതിയടഞ്ഞ കണ്ണുകളുമായി പങ്കുചേരുന്ന വിശ്വാസികള്‍ ഈസ്റ്റര്‍ എഗ്ഗ് സ്വീകരിച്ച് സന്തോഷത്തോടെ കുടുംബങ്ങളിലേക്ക് മടങ്ങും. അന്‍പത് ദിവസത്തെ നോമ്പ് മുറിച്ചുകൊണ്ട് ചിക്കനോ മട്ടനോ ബീഫോ ഒക്കെ കഴിക്കും. മിക്കവാറും ഈസ്റ്റര്‍ കുര്‍ബാന തീരാന്‍ പുലര്‍ച്ചെ രണ്ടോ മൂന്നോ മണിയാകും. എത്ര വൈകിയാലും, സ്വന്തം വീട്ടിലെത്തി എന്നെ കാത്തിരിക്കുന്ന അമ്മയുടെ കയ്യില്‍നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുമ്പോഴാണ് എന്റെ ഉയിര്‍പ്പ് തിരുന്നാള്‍ പൂര്‍ത്തിയാക്കുന്നത്. ഇത് പതിവാണ്, മാറാത്ത പതിവ്. കഴിഞ്ഞാണ്ട് ഞങ്ങളുടെ പ്രിയ മാതാവ് ഞങ്ങളെ വിട്ടുപോയപ്പോള്‍ ഈ പതിവ് തെറ്റി. ഉത്ഥിതനായ മിശിഹാ അവശേഷിപ്പിച്ച ശൂന്യമായ കല്ലറപോലെ ജീവിതത്തില്‍ ഒരു ശൂന്യത ഉണ്ടായി.

വീട് ഒരു ചെറിയ ദൈവാലയമാത്രേ. ഗാര്‍ഹിക  അല്‍ത്താരയില്‍ അര്‍പ്പിക്കപ്പെടുന്ന ബലി ആ കുടുംബത്തിലെ ഓരോ അംഗത്തിന്റെയും ത്യാഗമാണ്. അറ്റുപോകാത്ത ബന്ധങ്ങളുടെ ആഴങ്ങള്‍  തൊട്ടറിയുന്ന നന്മയുടെ നല്ലയനുഭവങ്ങള്‍ നമുക്കൊക്കെ ഉണ്ടാകാം. വൈദികജീവിതത്തിലെ ഉത്സവമുറ്റങ്ങള്‍ മാത്രമേ സാധാരണ നമ്മള്‍ കാണാറുള്ളൂ. ദൈവത്തിന്റെ പുരോഹിതരായ മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന, കാത്തിരിക്കുന്ന മാതാപിതാക്കളുടെ ജീവിതങ്ങളെക്കൂടെ എല്ലാ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കിടയില്‍ നമുക്ക് ഓര്‍ക്കാം. ഈ ഓര്‍മക്കുറിപ്പ് എഴുതിത്തുടങ്ങിയപ്പോള്‍ ചില്ലറ ചിതറിയ ചിന്തകള്‍ മാത്രമായിരുന്നു മനസ്സില്‍. അവസാന ഫുള്‍സ്റ്റോപ്പ് ഇടുമ്പോള്‍ വാക്കുകളും വാക്യങ്ങളുമൊക്കെ  മുറിഞ്ഞു പൊയ്‌ക്കൊണ്ടേയിരിക്കുന്നു. ഒന്നുറപ്പാണ്, ഓര്‍മ്മകള്‍ക്കുമുണ്ട് ഓശാനയും പെസഹായും ദുഃഖവെള്ളിയും പിന്നെ ഉയിര്‍പ്പും.