
പെണ്‍ മനസ്സിന്റെ വിഹ്വലതകള്‍, ഒറ്റപ്പെടല്‍, പുരുഷാധിപത്യസമൂഹത്തിലെ ഇരട്ടത്താപ്പുകള്‍ എന്നിങ്ങനെ സമൂഹത്തിലെ നീറുന്ന പല പ്രശ്‌നങ്ങളും ശക്തമായും സൂക്ഷ്മമായും അവതരിപ്പിക്കുന്നവയാണ് വി.കെ. ദീപയുടെ കഥകള്‍. അനുപമമായ ശൈലി, അവതരണത്തിലെ വ്യത്യസ്തത, പ്രമേയത്തിലെ നവീനത ഇതെല്ലാം കഥകള്‍ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കുന്നു. മലയാള കഥയിലെ ചിരപരിചിതമായ രീതികളില്‍ നിന്നുമുള്ള വ്യതിചലനം ഈ കഥകള്‍ക്ക് വേറിട്ട ഒരു തലം സമ്മാനിക്കുന്നു. ചുറ്റുമുള്ള മനുഷ്യാവസ്ഥകളുടെ, ജീവിത സമസ്യകളുടെ ഒരു പുതുലോകം തുറന്നിടുകയാണ് 'ഭവിഷ്യതി 'എന്ന പുസ്തകം. സമകാലിക പെണ്ണവസ്ഥകളെ അവതരിപ്പിക്കുന്നതോടൊപ്പം പുരുഷന്റെ പ്രതിസന്ധികളും ഈ കഥകള്‍ സൂക്ഷ്മമായി വരച്ചുകാട്ടുന്നു.
എല്ലാ ആഴ്ചയിലെ അവസാന ദിവസത്തിലും തന്റെ പഴയ കാമുകിയായിരുന്ന മധുബാലയുടെ വീട്ടിലേക്ക് രാജേഷ് 'ഹൃദയമിടിപ്പോടെ ' നടത്തുന്ന സന്ദര്‍ശനത്തോടെ ആരംഭിക്കുന്ന 'ജാതിപത്രി ' എന്ന കഥ മധുബാലയുടേയും അവളുടെ അച്ഛനമ്മമാരായ തൊണ്ണൂറ് വയസ്സ് കഴിഞ്ഞ, ബോധം നശിച്ച ദയാനന്ദന്‍ മാഷിന്റെയും പാര്‍വതി ടീച്ചറിന്റെയും നരച്ച ജീവിതത്തിലേക്ക് വായനക്കാരനെ കൊണ്ടെത്തിക്കുന്നു. രാജേഷ് തന്റെ ഭാര്യയായ രേഖയോട് എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെങ്കിലും ഈ കാര്യത്തില്‍ മാത്രം സുതാര്യത പുലര്‍ത്തുന്നില്ല. 'അനുസരണയുള്ള ദാമ്പത്യം ആയിരുന്നു അവരുടേത്.'' അയാള്‍ അവളോട് സ്‌നേഹത്തോടെ പെരുമാറുകയും അവള്‍ അയാളോട് അനുസരണയോടെ പെരുമാറുകയും ചെയ്തിരുന്നു. ജീവിതം സന്തോഷപ്രദമായിരുന്നുവെങ്കിലും എല്ലായ്‌പ്പോഴും ഒരു കുറവ് അയാളുടെ ഉള്ളില്‍ അനുഭവപ്പെട്ടിരുന്നു. ആകെ കിട്ടുന്ന അവധി ദിവസങ്ങളില്‍ പകുതി സമയം രാജേഷ് മധുബാലയുടെ വീട്ടില്‍ ചിലവഴിക്കുന്നത് രേഖയ്ക്ക് ഇഷ്ടമായിരുന്നില്ല. മധുബാല അയാളുടെ കളിക്കൂട്ടുകാരിയായിരുന്നു എന്ന അറിവ് കൂടിയായപ്പോള്‍ അവള്‍ക്ക് ആധിയായി. അങ്ങനെയാണ് ഒരു ദിവസം അവള്‍ ഭര്‍ത്താവിനോടൊപ്പം മധുബാലയുടെ വീട്ടിലെത്തിയത്. എന്നാല്‍ മധുബാലയുടെ ഓജസ്സ് നഷ്ടപ്പെട്ട ശരീരവും രൂപവും കാണുന്നതോടെ അവളുടെ സംശയമെല്ലാം അവസാനിച്ചു. സ്‌കൂള്‍ കാലത്ത് ഒരു ദിവസം രാജേഷ് മധുബാലയുടെ വീട്ടിലെത്തിയപ്പോള്‍ അവളുടെ മുത്തശ്ശി അവനോട് മോശമായി പെരുമാറിയതും മൂടിന് ഞണുക്കമുള്ള ഓട്ടു ഗ്ലാസ്സിലും വക്കുപൊട്ടിയ സ്റ്റീല്‍പ്ലേറ്റിലും ആഹാരം നല്‍കിയതുമെല്ലാം കുട്ടിയായിരുന്നപ്പോള്‍ത്തന്നെ അയാളില്‍ ജാതിബോധവും അപകര്‍ഷവും നിറച്ചു.
രാജേഷിന് മധുബാലയോട് പ്രണയം ഉണ്ടായിരുന്നു എങ്കിലും ആ സ്‌ക്കൂളിലെ അധ്യാപകരായിരുന്ന അവളുടെ അച്ഛനമ്മമാരെ പേടിച്ച് അയാള്‍ അത് വെളിപ്പെടുത്തുന്നില്ല. അവളാണ് ആദ്യം അയാള്‍ക്കൊരു കത്ത് കൊടുക്കുന്നത്. മാത്രമല്ല തന്റെ കവിളില്‍ ഉമ്മ വയ്ക്കാന്‍ അയാളോട് പറയുന്നതും അവള്‍ തന്നെയാണ്. എന്നാല്‍ അത് കണ്ടുവന്ന അവളുടെ അച്ഛനമ്മമാര്‍ സ്‌കൂള്‍ കാലത്തിലുടനീളം അയാളെ അപമാനിക്കുകയും അവരെ പൂര്‍ണ്ണമായും അകറ്റുകയും ചെയ്തു. സ്‌കൂള്‍ ജീവിതത്തിനുശേഷം അവര്‍ രണ്ടുപേരും രണ്ടിടങ്ങളിലേക്ക് പോവുകയും അയാള്‍ നല്ല ജോലി സമ്പാദിച്ച് സുന്ദരിയായ ഒരു ഭാര്യയെ നേടുകയും ചെയ്തു. എന്നാല്‍ മധുബാല അവിവാഹിതയായി തുടരുകയും ഡല്‍ഹിയിലെ ഉന്നത ജോലി രാജിവെച്ച് ഓര്‍മ്മക്കുറവുള്ള മാതാപിതാക്കളെ സംരക്ഷിക്കാനായി നാട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു. താന്‍ നല്‍കിയ കത്തുകള്‍ എല്ലാം എവിടെ സൂക്ഷിച്ചിരിക്കുന്നു എന്ന രാജേഷിന്റെ ചോദ്യത്തിന് 'അത് തട്ടിന്‍ പുറത്തുള്ള ഏതോ ഒരു കവറിനുള്ളില്‍ കിടക്കുന്നുണ്ട് 'എന്ന് അവള്‍ പറയുകയും അയാള്‍ അത് എടുക്കാനായി തട്ടിന്‍ പുറത്ത് കയറിയപ്പോള്‍ അവിടെ അയാളോടൊപ്പം എത്തിയ മധുബാല പെട്ടെന്ന് തന്നെ വാതില്‍ അടച്ചു പൂട്ടുകയും അയാളെ ദീര്‍ഘമായി ചുംബിക്കുകയും ചെയ്യുന്നു. അതിനുശേഷം അയാളുടെ ഉള്ളിലുള്ള എല്ലാം കുറവുകളും മാഞ്ഞുപോവുകയും അയാള്‍ക്ക് തന്റെ ജീവിതത്തില്‍ പൂര്‍ണ്ണമായും മുഴുകാന്‍ കഴിയുകയും ചെയ്യുന്നു. അവളുടെ ആ ചേര്‍ത്തുപിടിക്കല്‍ തന്റെ ആന്തരിക സംഘര്‍ഷങ്ങളില്‍ നിന്നെല്ലാം അയാളെ മോചിതനാക്കുന്നു.
സാംസ്‌കാരിക ജീര്‍ണ്ണതയുടെ മുഖ്യകാരണമായ ജാതി മനുഷ്യ ജീവിതത്തെ എത്രമാത്രം സമ്മര്‍ദ്ദത്തിലാക്കുന്നു എന്ന് കൃത്യമായി അടയാളപ്പെടുത്തുന്ന കഥയാണ് 'ജാതിപത്രി'. ഇര്‍വിംഗ് ഗോഫ്മാന്റെ 'സ്റ്റിഗ്മാതിയറി' അനുസരിച്ച് ജാതീയമായ വേര്‍തിരിവുകള്‍ ഒരു മനുഷ്യനെ എങ്ങനെയാണ് പൂര്‍ണ്ണമായുള്ള സാമൂഹിക അംഗീകാരത്തില്‍ നിന്നും മാറ്റി നിര്‍ത്തലിലേക്ക് വഴിതെളിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല മാറ്റിനിര്‍ത്തലുകള്‍ക്ക് ഇരയാകുന്ന വ്യക്തികളില്‍ കാണുന്ന ദുഃഖം, അസൂയ, അരക്ഷിതാവസ്ഥ, ഉത്കണ്ഠ, നിരാശ എന്നീ വികാരങ്ങളെല്ലാം മനുഷ്യന്റെ അസ്തിത്വത്തെത്തന്നെ തകര്‍ത്ത് കളയുന്നു. ഇത്തരം മാനസികവും സാമൂഹികവുമായി നിരവധി പ്രശ്‌നങ്ങളുടെ ഇരയാണ് രാജേഷ്. അതുകൊണ്ടാണ് അയാള്‍ ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും മധുബാലയുടെ അച്ഛനമ്മമാരോട് ശത്രുതാപരമായി പെരുമാറുന്നതും തന്റെ ഭാര്യയെക്കുറിച്ച് പുകഴ്ത്തി സംസാരിക്കുന്നതും തന്റെ ജീവിതത്തിലെ നേട്ടങ്ങള്‍ എണ്ണിയെണ്ണി മധുബാലയോട് പറയുന്നതുമെല്ലാം. ഇതെല്ലാം അയാളുടെ ഉള്ളിലെ അരക്ഷിതാവസ്ഥ എത്ര മാത്രം രൂക്ഷമാണ് എന്നത് വ്യക്തമാക്കുന്നു. അമര്‍ത്യാസെന്നിന്റെ 'സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍' തിയറി അനുസരിച്ച് സാമൂഹികമായും ജാതീയമായുമുള്ള വേര്‍തിരിവ് മാനസികാരോഗ്യത്തെ തകര്‍ക്കുകയും ഒറ്റപ്പെടലിലേക്കും ഏകാന്തതയിലേക്കും നയിക്കുകയും ചെയ്യുന്നു. അവള്‍ ചേര്‍ത്തുപിടിക്കുമ്പോള്‍ അത് അയാളെ ആന്തരിക സ്വാസ്ഥ്യത്തിലേക്ക് നയിക്കുന്നു. ജാതീയമായ ഉച്ചനീചത്തങ്ങള്‍ രൂക്ഷമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ 'ജാതിപത്രി' എന്ന കഥ ഏറെ പ്രസക്തമാണ്.
കഥാസമാഹാരത്തിന്റെ തലക്കെട്ടായി വരുന്ന 'ഭവിഷ്യതി' എന്ന കഥ നിഗൂഢമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്മിജയുടെ പൂച്ച അയാളെ ക്രൂരമായി നോക്കുന്നതോടെയാണ് അയാള്‍ തന്റെ ജീവിതകഥ വെളിപ്പെടുത്തുന്നത്. ആരോരുമില്ലാത്ത സ്മിജയെ അയാള്‍ കൂടെ കൂട്ടിയത് അവളുടെ സ്‌നേഹം മറ്റാര്‍ക്കും വീതിച്ച് പോകാതെ പൂര്‍ണ്ണമായും അയാള്‍ക്ക് കിട്ടണമെന്നുള്ള സ്വാര്‍ത്ഥമോഹത്തോടെയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ അയാളുടെ ഷര്‍ട്ടിലെ പെണ്‍മണം വേര്‍തിരിച്ച് കണ്ടുപിടിച്ച് അവള്‍ ബഹളമുണ്ടാക്കി. അത് അവളുടെ തലയടിച്ച് പൊട്ടിക്കലിലേക്കും അയാളുടെ സത്യസന്ധതാ പ്രതിജ്ഞയിലേക്കും വളര്‍ന്നത് അവരുടെ ദാമ്പത്യത്തില്‍ തുടക്കം മുതല്‍ തന്നെ പ്രശ്‌നങ്ങള്‍ക്ക് തിരികൊളുത്തി. അയാള്‍ക്ക് കുട്ടികള്‍ ഉണ്ടാകില്ല എന്ന് ഡോക്ടര്‍ പറഞ്ഞിട്ടും 'സാരമില്ല' എന്ന അവളുടെ ആശ്വസിപ്പിക്കല്‍ അയാളെ കൂടുതല്‍ വിധേയനാക്കുന്നു. അവള്‍ക്ക് അയാള്‍ ആരോടും ഇടപെടുന്നത് ഇഷ്ടമല്ല. അയാളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും അയാള്‍ക്കിഷ്ടമുള്ള എല്ലാത്തിനോടും അവള്‍ നിരന്തരം കലഹമുണ്ടാക്കി. 'എനിക്ക് നിങ്ങള്‍ മാത്രം മതി' എന്നവള്‍ നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. ഇതോടെ സ്‌നേഹത്തെ ഭയപ്പെട്ടു തുടങ്ങിയ ഒരു മനുഷ്യനായി അയാള്‍ മാറുന്നു. കൂടാതെ അവളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി അയാള്‍ ജോലിയില്‍ നിന്ന് വി.ആര്‍.എസ് എടുക്കുന്നു. ശൂന്യമായ ജീവിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അയാള്‍ വായനയിലേക്കും പുസ്തകങ്ങളിലേക്കുo തിരിയുന്നു. പുസ്തകങ്ങളിലെ കഥാപാത്രങ്ങളോട് അയാള്‍ സംസാരിക്കുന്നത് അവളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. അവള്‍ ഉറങ്ങിക്കഴിഞ്ഞ ശേഷം മാത്രമേ അയാള്‍ക്ക് പലപ്പോഴും വായിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഒടുവില്‍ 'ദ് ലാസ്റ്റ് ഹണ്ട് ഓഫ് ഏ ലേഡി ഹണ്ടര്‍' എന്ന പുസ്തകത്തിലേക്ക് അയാള്‍ എത്തപ്പെടുന്നു. ജന്നി ക്രിസ്റ്റ എന്ന കഥാപാത്രം അവളുടെ ജീവിതം പറയുന്ന രീതിയില്‍ ആണ് അതിന്റെ ആഖ്യാനം. തുടര്‍ന്ന് വായനക്കാരനും ജന്നിയുമായി സംഭാഷണത്തിലേര്‍പ്പെടുന്നു. കഥാപാത്രം തന്റെ അരക്ഷിത ബാല്യത്തെക്കുറിച്ചും നിരാശാഭരിതമായ പ്രണയത്തെക്കുറിച്ചും വിഷലിപ്തനായ എഡ്വേര്‍ഡ് എന്ന കാമുകനെ കുറിച്ചുമൊക്കെ വിവരിക്കുന്നു. കൂടാതെ തന്റെ ശരീരത്തിലെ ചോര കല്ലിച്ച കടും നീല പാടുകളിലേക്കും പൊട്ടിയടര്‍ന്ന ചുണ്ടുകളിലും അയാളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. പല പേജുകള്‍ മറിയുമ്പോള്‍ ജന്നി എഡ്വേഡിനെ എട്ടുകഷണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക് കവറിലാക്കുന്നതായി അയാള്‍ മനസ്സിലാക്കുന്നു. സ്മിജയുടെ പൂച്ച അവളെ കാണാതെ അന്വേഷിച്ച് നടക്കുമ്പോള്‍ 'ഞാനിവിടുണ്ടെന്ന് പറയാന്‍ മുട്ടി സ്മിജ ഫ്രിഡ്ജിനുള്ളില്‍ നിന്നും ഒന്നു രണ്ട് രക്തത്തുള്ളിയായി ഉറ്റിച്ചാടി' എന്നു പറഞ്ഞ് അത്യന്തം ഭയാനകമായ രീതിയിലാണ് ഈ കഥ അവസാനിപ്പിച്ചിരിക്കുന്നത്. ഒരു നാര്‍സിസിസ്റ്റിനോടൊപ്പമുള്ള ജീവിതം എത്ര മാത്രം ഭയാനകമാണെന്ന് സ്മിജയെന്ന കഥാപാത്രം ഭര്‍ത്താവിനോട് കാണിക്കുന്ന പലതരം മാനസിക പീഡന തന്ത്രങ്ങളിലൂടെ വെളിപ്പെടുത്തുന്നു. അവള്‍ അയാളെ വൈകാരികമായും മാനസികമായും നിയന്ത്രിക്കുന്നു. ഒരു നാര്‍സിസിസ്റ്റിന്റെ സ്വഭാവ പ്രത്യേകതകള്‍ കൃത്യമായി അനാവരണം ചെയ്യപ്പെടുകയാണ് ഈ കഥയിലൂടെ. ഭയത്തിലൂടെ, കുറ്റബോധത്തിലൂടെ, അനാവശ്യമായ ഇടപെടലുകളിലൂടെ, തെറ്റായ അപവാദങ്ങള്‍ പ്രചരിപ്പിച്ച് ഗ്യാസ് ലൈറ്റിങ്ങിലൂടെ ഒക്കെയവള്‍ അയാളെ ക്രൂരമായി നിയന്ത്രിക്കുന്നു. ശാന്തിയെന്തന്നറിയാത്ത ജീവിതമാണ് അയാളെ അവളുടെ കൊലപാതകിയാക്കി മാറ്റുന്നത്. അവളുടെ മരണം അയാളുടെ മനസ്സില്‍ ഒരു തരം തെറാപ്യൂട്ടിക് ഇഫക്റ്റ് ഉണ്ടാക്കുന്നു.
ഒരു മെറ്റാഫിക്ഷന്റ പ്രത്യേകതകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയിരിക്കുന്ന ഒരു കഥ കൂടിയാണിത്. സത്യവും മിഥ്യയും തമ്മിലുള്ള വ്യത്യാസത്തെ പൊളിച്ചെഴുതുന്നു. ഇന്റര്‍ടെക്സ്ച്വാലിറ്റി അഥവാ മറ്റൊരു പുസ്തകത്തില്‍ നിന്നുള്ള കഥാപാത്രത്തിന്റെ, കഥയുടെ ഒക്കെ സ്വാധീനം ഈ കഥാപാത്രം തന്റെ ജീവിതത്തിലും കാണുന്നു. മാത്രമല്ല ‘ഭവിഷ്യതി’യിലെ കഥാപാത്രവും ജന്നിയുമായുള്ള സംഭാഷണം ഈ കഥയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നു. കൂടാതെ താനൊരു നോവലിലെ കഥാപാത്രമാണെന്ന ബോധ്യം ജന്നിക്കുണ്ട്. നോണ്‍ലീനിയര്‍ നരേഷന്റെ പ്രത്യേകതകള്‍ ഉപയോഗിച്ചാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. ഭീതിജനകമായ അന്തരീക്ഷ സൃഷ്ടിയിലൂടെയും സംജ്ഞകളിലൂടെയും ചില പ്രതീകങ്ങളിലൂടെയുമെല്ലാം ഒരു മാനസികരോഗിയുടെ മാനസിക തലത്തെ സൂക്ഷ്മമായി അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യ മനസ്സിന്റെ ശക്തമായ അടയാളപ്പെടുത്തലുകള്‍ ഈ കഥകളില്‍ കാണാം. ബന്ധങ്ങള്‍ മനുഷ്യമനസ്സിലുണ്ടാക്കുന്ന ആഴത്തിലുളള രാസമാറ്റങ്ങളെക്കുറിച്ച് പ്രവചനാതീതമായി അവതരിപ്പിച്ചിരിക്കുന്ന ഈ കഥകള്‍ ആദ്യവസാനം ആകാംക്ഷ നിലനിര്‍ത്തുന്നു.
(ജി.ജി.എച്ച്.എസ്.എസ് വണ്ടൂരിലെ ഇംഗ്ലീഷ് അധ്യാപികയാണ് ലേഖിക)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore V.K. Deepa`s `Bhavishyathi`, a collection of powerful Malayalam short stories addressing women`s anxieties, societal hypocrisy, and human struggles. Unique style & themes.
Published: 16 Dec 2025, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented