എന്റെ അധ്യാപനജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത ക്ലാസ് 2003-2004-ലെ പ്ലസ് ടു ബാച്ചാണ്. 32 ആണ്‍കുട്ടികളും 12 പെണ്‍കുട്ടികളുമുള്ള പ്ലസ് വണ്‍ സയന്‍സ് ക്ലാസിലേക്ക് ആദ്യമായി പ്രവേശിച്ചപ്പോള്‍ തീരെ അപരിചിതത്വം തോന്നിയില്ല. ആണ്‍കുട്ടികള്‍ക്ക് അല്‍പം അലസതയും വികൃതിയും ഉണ്ടായിരുന്നെങ്കിലും അവരെല്ലാം നന്മയുള്ളവരായിരുന്നു. ക്ലാസ് ടീച്ചറായതിനാല്‍ മറ്റ് അധ്യാപകര്‍ കുട്ടികളെപ്പറ്റിയുള്ള പരാതി പറയുന്നത് എന്നോടാണ്.

ഒരു കുട്ടിയെപ്പറ്റി പതിവായി പരാതികള്‍ വന്നുകൊണ്ടിരുന്നു. പല ദിവസങ്ങളിലും അവന്‍ ക്ലാസില്‍ വരാറില്ല. വീട്ടില്‍ നിന്നു പുറപ്പെട്ടാലും അവന്‍ സ്‌കൂളില്‍ എത്തില്ല. ഇത് പതിവായതോടെ ഞാന്‍ രക്ഷിതാക്കളെ വിളിപ്പിച്ചു. ആദ്യം അവന്റെ അമ്മയാണ് വന്നത്. ശാന്തയായി നിന്ന് എല്ലാം കേട്ടശേഷം ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് അവര്‍ മടങ്ങി. പക്ഷേ, അവനൊരു മാറ്റവും ഉണ്ടായില്ല. അതോടെ അച്ഛനെ വിളിപ്പിച്ചു. അച്ഛന്‍ വന്നപ്പോള്‍ കുട്ടിക്ക് സയന്‍സ് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായത് കൊണ്ടാണ് സ്‌കൂളില്‍ വരാത്തതെന്ന് മനസ്സിലായി. അങ്ങനെയെങ്കില്‍ ഉടന്‍ താത്പര്യമുള്ള വിഷയത്തിലേക്ക് മാറ്റിച്ചേര്‍ക്കാന്‍ ഞാന്‍ നിര്‍ദേശിച്ചു. അധ്യയനവര്‍ഷത്തിന്റെ ആരംഭമായതിനാല്‍ വര്‍ഷം നഷ്ടപ്പെടാതെ കോഴ്‌സ് മാറാം.

എന്നാല്‍ ആ നിര്‍ദേശം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. അവന്‍ സയന്‍സ് തന്നെ പഠിച്ചാല്‍ മതി എന്ന് പറഞ്ഞ് അയാള്‍ മടങ്ങിപ്പോയി. ഞാന്‍ കുട്ടിയോട് വിളിച്ച് കാര്യങ്ങള്‍ വിശദമായി സംസാരിച്ചു. അവര്‍ രണ്ട് ആണ്‍കുട്ടികളാണ്. പത്താം ക്ലാസ് റിസള്‍ട്ട് വന്നപ്പോള്‍ തുടര്‍ന്ന് സയന്‍സ് സ്ട്രീം പഠിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ അവരത് കേട്ടില്ല. അനിയന്‍ നന്നായി പഠിക്കുമായിരുന്നു. അനിയന്റെ മാര്‍ക്ക് വെച്ച് അവനെ രക്ഷിതാക്കള്‍ കുറ്റപ്പെടുത്തിത്തുടങ്ങി. അത് അവനില്‍ മാനസികവിഷമം ഉണ്ടാക്കി. അതാണ് സ്‌കൂളില്‍ വരാതിരിക്കാനുള്ള കാരണമെന്ന് പറഞ്ഞു.

 പ്ലസ് വണ്‍ പരീക്ഷാഫലം വന്നു. അവന്‍ പരാജയപ്പെട്ടു. അച്ഛന്‍ വീണ്ടും സ്‌കൂളില്‍ വന്നു. നിരാശയോടെ അയാളന്ന് പറഞ്ഞു ''ടീച്ചര്‍ അന്ന് പറഞ്ഞത് കേട്ടിരുന്നെങ്കില്‍ എന്റെ മകന്റെ ഒരുവര്‍ഷം പോകില്ലായിരുന്നു''.  ഞാന്‍ അയാളെ ആശ്വസിപ്പിച്ചു,  '' ഇനിയെങ്കിലും മകനെ അവന്റെ ഇഷ്ടത്തിന് പഠിക്കാന്‍ വിടുക''. അയാളത് സമ്മതിച്ചു. അങ്ങനെ ടി.സി. വാങ്ങി മറ്റൊരു വിദ്യാലയത്തില്‍ അവനെ ചേര്‍ത്തു. പിന്നീട് അവനെക്കുറിച്ച് വിവരമൊന്നും ഉണ്ടായില്ല.

അഞ്ച് വര്‍ഷം പിന്നിട്ടു, ഒരുദിവസം ഞാന്‍ ആശുപത്രിയില്‍ നില്‍ക്കുകയായിരുന്നു. അപ്പോള്‍ രണ്ട് കൈകള്‍ എന്നെ വന്നു തൊട്ടു ''ടീച്ചറേ...'' ആ വിളിയില്‍ ഞാനവനെ തിരിച്ചറിഞ്ഞു. സ്വന്തമായി ഒരു ബിസിനസ് സംരംഭം നടത്തുന്ന അവന്‍ നല്ല സാമ്പത്തിക നിലയിലെത്തിക്കഴിഞ്ഞു. തനിക്കിഷ്ടമുള്ള കോഴ്‌സിലേക്ക് മാറാന്‍ സഹായിച്ചതിന് അവനെനിക്ക് നന്ദി പറഞ്ഞു. 
അഭിരുചിയുള്ള മേഖലയില്‍ കഴിവു തെളിയിക്കാന്‍ അവസരം കിട്ടിയാല്‍ കുട്ടികള്‍ക്ക് ചിറകുമുളയ്ക്കും. അതിന് ഉത്തമ ഉദാഹരണമാണവന്‍. 
കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ് വഴികാട്ടാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സാധിക്കുന്നിടത്താണ് വിദ്യാസത്തിന്റെ വിജയം.