
ആത്മവിശ്വാസമുള്ള ഒരു പുതുതലമുറയെ കാലത്തിനും പ്രായത്തിനും അനുഗുണമായി വളർത്തിയെടുക്കുന്നതിന് കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങൾ തിരുത്തപ്പെടേണ്ടത് ആവശ്യമാണ്. 'കുഞ്ഞുങ്ങൾക്ക് അവരുടെതായ സ്വപ്നങ്ങളുണ്ട്' എന്ന ഷൗക്കത്തിന്റെ പുസ്തകം ഒരു കണ്ണുതുറപ്പിക്കലിലേക്ക് നയിക്കുന്നതാണ്. നമ്മുടെ കുട്ടികളുടെ മനസ്സിലുള്ള അഞ്ജാതമായ ഒരു ലോകത്തെ തുറന്ന് കാണിക്കാൻ, അവരെ പരിഗണിക്കാൻ, മനസ്സിലാക്കാൻ, തുറന്ന മനസ്സോടെ നോക്കിക്കാണാൻ ഈ പുസ്തകം സഹായിക്കും.
കുട്ടി ഒരു വ്യക്തിയാണെന്നും മുതിർന്ന ഒരു വ്യക്തിയോട് ഇടപെടുന്ന അതേ പരിഗണനയോടെ കുട്ടികളോടും ഇടപെടേണ്ടതുണ്ടെന്നും ഇതിലെ ലേഖനങ്ങൾ ഓർമ്മിപ്പിക്കുന്നു. കുട്ടികളെ മാറ്റാനായി ശ്രമിക്കുന്നതിന് പകരം മാറ്റം ആരംഭിക്കേണ്ടത് അച്ഛനമ്മമാരിൽ നിന്നാണെന്നും ആ മാറ്റം ക്രമേണ കുട്ടികളിലേക്കും സംക്രമിക്കുമെന്നും ഈ പുസ്തകം വ്യക്തമാക്കുന്നു. നമ്മുടെ ദേഷ്യം അടിച്ചേൽപ്പിക്കാനുളള ഒരുപകരണമായാണ് നമ്മൾ പലപ്പോഴും കുട്ടികളെ കാണുന്നത്.
എന്നാൽ അതിനുമുപരിയായി അവർക്ക് സ്വത്വമുണ്ടെന്നും ആഗ്രഹവും അറിവും സ്വപ്നങ്ങളുമുണ്ടെന്നും ആവശ്യമുള്ള ശിക്ഷണം മാത്രം നൽകിയാൽ മതിയാകുമെന്നും ഈ പുസ്തകം ഊന്നിപ്പറയുന്നു.
കുട്ടിക്ക് വ്യക്തിത്വമുണ്ട് എന്നു പോലും പലപ്പോഴും മുതിർന്നവർ ആലോചിക്കാറില്ല. നടരാജ ഗുരുവിന്റെയും ശ്രീനാരായണഗുരുവിന്റെയും ജീവിത ദർശനങ്ങളുടെയും നിത്യ ചൈതന്യയതിയുടെ ശിഷ്യത്വത്തിന്റെയും വെളിച്ചത്തിലാണ് ഷൗക്കത്ത് ഈ വിഷയത്തെ സമീപിക്കുന്നത്. കുട്ടികളുടെ മനസ്സിലേക്ക് കയറാനും അവരെ നേർവഴിക്ക് നയിക്കാനുമുള്ള ഏറ്റവും നല്ല വഴി അവരെ മനസ്സിലാക്കുക എന്നുള്ളതാണ്.
കുട്ടിയെ ഉൾക്കൊള്ളുന്ന മാതാപിതാക്കളോടൊപ്പമുളള ജീവിതയാത്ര കുട്ടിക്കും മാതാപിതാക്കൾക്കും സുന്ദരമായ അനുഭവങ്ങളായിരിക്കും സമ്മാനിക്കുന്നത്. സരളമായ ഭാഷയിലാണ് ഗഹനമായ വിഷയങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. കുട്ടികളുടെ താൽപര്യങ്ങൾ, അവരുടെ വ്യക്തിത്വവികാസം ഇതിനെല്ലാം പ്രാധാന്യം നൽകുന്ന നിരവധി രക്ഷാകർത്തൃ രീതികൾ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ചിറക് മുറിക്കാത്ത, ചിറകുകൾ വീശി സ്വതന്ത്രമായ ആകാശത്തിലേക്ക് സന്തോഷത്തോടെ പറന്നുയരാൻ സഹായിക്കുന്ന വിധത്തിലായിരിക്കണം കുട്ടികളെ വളർത്തേണ്ടത്.
മര്യാദ എന്ന വാക്ക് നമ്മൾ പലപ്പോഴും ഉപയോഗിക്കുന്നത് മുതിർന്നവരോട് പെരുമാറാൻ വേണ്ടി മാത്രമാണ്. എന്നാൽ അതേ മര്യാദ കുട്ടികളും അർഹിക്കുന്നുണ്ട് എന്ന ബോധ്യം മാതാപിതാക്കൾക്ക് ഉണ്ടാകേണ്ടതുണ്ട്. ഒരു സമൂഹത്തിന് മുന്നേറണമെങ്കിൽ, മുന്നോട്ട് കുതിക്കണമെങ്കിൽ കുഞ്ഞുങ്ങളെ എങ്ങനെ മാറ്റാം എന്ന് ചിന്തിക്കുന്നതിന് പകരം മാതാപിതാക്കളിൽ എന്ത് മാറ്റം വരുത്തേണ്ടതുണ്ട് എന്നാണ് ആദ്യം ചിന്തിക്കേണ്ടത്.
മാതാപിതാക്കളുടെ ഉള്ളിലുള്ള ഇനിയും പൂർണമായും വളർച്ച പ്രാപിച്ചിട്ടില്ലാത്ത കുട്ടിയെ തൃപ്തിപ്പെടുത്തുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്.
കാലാകാലങ്ങളായി നമ്മൾ സ്വാംശീകരിച്ച് വച്ച പല അറിവുകളും പുനഃപരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സുഖദുഃഖങ്ങൾ പങ്കുവച്ച് വേണം കുട്ടികളെ വളർത്തേണ്ടത്. എത്രമാത്രം പ്രയാസങ്ങളും സന്തോഷങ്ങളും ചേർന്ന ജീവിതാന്തരീക്ഷത്തിലാണ് താൻ ജീവിക്കുന്നതെന്ന അറിവ് കുട്ടിയിൽ ഉണ്ടാക്കിയെടുക്കണം.
കുട്ടികൾക്ക് നൽകുന്ന അനർഹമായ പരിഗണന അവരുടെ സ്വാഭാവികമായ വ്യക്തിത്വവളർച്ചയെ മുരടിപ്പിക്കും. വീട്ടിലെ എല്ലാ ജോലികളിലും ആൺകുട്ടിയെയും പെൺകുട്ടിയേയും ഉൾപ്പെടുത്തുന്നതോടൊപ്പം കുഞ്ഞിനെ സാധാരണക്കാരനായി കാണാൻ കഴിയണം. ആരുടെയെങ്കിലും സ്‌പെഷ്യൽ ആകാൻ ശ്രമിക്കുന്നത് ദുഃഖത്തിലേക്ക് നയിക്കും. അതിര് കവിഞ്ഞ ദുരഭിമാനം കുട്ടിയിൽ സൃഷ്ടിക്കാതിരിക്കാനാണ് നാമെപ്പോഴും ശ്രമിക്കേണ്ടത്. കുഞ്ഞുങ്ങളോടുള്ള അമിതമായ പുകഴ്ത്തലും ഇകഴ്ത്തലും ഒഴിവാക്കുന്നതോടൊപ്പം സമചിത്തതയോടെ അവരെ രൂപപ്പെടുത്തിയെടുക്കാനാണ് ശ്രമിക്കേണ്ടത്. ഓരോ കുഞ്ഞും സവിശേഷ ഗുണങ്ങളുള്ളവരാണെന്നും അവരെല്ലാം അവരിൽത്തന്നെ പൂർണ്ണനാണെന്നുമുള്ള ചിന്താഗതി കുട്ടികളേയും രക്ഷിതാക്കളേയും സ്വാസ്ഥ്യത്തിലേക്ക് നയിക്കും.
ഓരോ വ്യക്തിയേയും അവരവരായി കണ്ട് ആദരിക്കുന്ന, തോൽവിയേയും ജയത്തേയും സമചിത്തതയോടെ കൈകാര്യം ചെയ്യാൻ കഴിയുന്ന വിധത്തിൽ കുട്ടികളെ പ്രാപ്തരാക്കണം. Gender equality എന്ന് നാം പറയുന്ന തുല്യതയോടെയുള്ള പെരുമാറ്റം അവരിൽ ഉണ്ടാക്കിയെടുക്കണം. പെൺകുട്ടികൾ കുറഞ്ഞവരും ആൺകുട്ടികൾ മികച്ചവരുമാണ് എന്നുള്ള തോന്നൽ ഉണ്ടാക്കിക്കൊടുക്കുന്നവർ ഒരിക്കലും നല്ല രക്ഷിതാക്കൾ ആകുന്നില്ല. പുരുഷനിലുള്ള പല പ്രാകൃതമായ ശീലങ്ങളും തിരുത്തപ്പെടാതെ പോകുന്നത് കുഞ്ഞുന്നാൾ മുതൽ തന്നെ അത് തിരുത്താത്തത് കൊണ്ടാണ്.
നമ്മെക്കാൾ അധികാരത്തിലും സമ്പത്തിലും പ്രശസ്തിയിലും താഴെയാണെന്ന് നാം ധരിച്ചിട്ടുള്ളവരോട് പൊട്ടിത്തെറിക്കുവാനുളള അവകാശം നമുക്കുണ്ട് എന്ന് ചിന്തിക്കുന്നത് മൂഢത്തരമാണ്. പുതുതലമുറയുടെ അതിജീവനം, ഉപജീവനം, ആനന്ദജീവിതം എന്ന ചിന്താഗതി പുതുകാലത്തിന്റെ വിശാലവീക്ഷണത്തെ വെളിപ്പെടുത്തുന്നു. ഇന്നത്തെ കുട്ടികൾ സമ്പാദിക്കുകയും അത് ശ്രദ്ധയോടെ ചെലവഴിച്ച് ജീവിക്കുകയും ചെയ്യുന്നവരാണ്.
തനിക്ക് ഇഷ്ടമുള്ളത് ചെയ്ത് ജീവിക്കാൻ താൽപ്പര്യമുള്ള പുതുതലമുറയെക്കുറിച്ച് അവരിൽ ജ്വലിച്ച് നിൽക്കുന്ന താൽപ്പര്യത്തെ പ്രോത്സാഹിപ്പിക്കാനുള്ള വഴികണ്ടെത്താനാണ് മാതാപിതാക്കൾ ശ്രമിക്കേണ്ടത്. പലപ്പോഴും പഴഞ്ചൻ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനുളള യന്ത്രങ്ങളായി വളർത്തപ്പെടുന്നവർ ഭൗതികമായ സാഹചര്യങ്ങൾ പരമാവധി ഉണ്ടാക്കി വച്ച് വറുതിക്കാലത്തിനായി എപ്പോഴും തയ്യാറെടുക്കുന്നവരാണ്.
ഒരു പക്ഷേ ഉപജീവനത്തിനും അതിജീവനത്തിനുമുളള പ്രശ്‌നങ്ങൾ ധാരാളം അനുഭവിച്ചവരായതു കൊണ്ടാവാം അത്തരമൊരു ചിന്താഗതി രൂപപ്പെട്ടു വന്നത്. എന്നാൽ പുതിയ തലമുറ ഏറ്റവും കൂടുതൽ ആസ്വദിച്ച് ചെയ്യാവുന്ന ഒരു ജോലി കണ്ടെത്താൻ ശ്രമിക്കുന്നവരാണ്. കുട്ടികൾക്ക് സുഭിക്ഷമായ സാഹചര്യങ്ങൾ നൽകിയിട്ട് അവരെ നമ്മുടെ താൽപ്പര്യങ്ങളിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്നത് തെറ്റാണ്. പല തരത്തിൽ പ്രയാസപ്പെട്ട് അതിജീവനവും ഉപജീവനവും നടത്തേണ്ടി വന്നതുകൊണ്ടാണ് ലക്ഷങ്ങളും കോടികളും ഉണ്ടായിട്ടും സമ്പന്നരാണ് എന്ന തോന്നൽ നമ്മിൽ ഉളവാകാത്തത്.
അച്ഛനമ്മമാരുടെ സ്വപ്നങ്ങൾക്കനുസരിച്ചുള്ള ജോലിയും ജീവിതവും അവർക്ക് നരകതുല്യമായാണ് അനുഭവപ്പെടുന്നത്. അവരുടെ ഉപജീവനമാർഗ്ഗം അവരുടെ ആന്തരിക താൽപ്പര്യത്തിന് അനുയോജ്യമായിരിക്കണo. കുട്ടികളോട് ശബ്ദമുയർത്തി സംസാരിക്കുന്നതിന് നിരവധി ദൂഷ്യവശങ്ങൾ ഉണ്ട്. അത് കൊണ്ട് തന്നെ കുട്ടികളോട് സംസാരിക്കുമ്പോൾ ശബ്ദം സൗമ്യവും ശാന്തവുമായിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. എപ്പോഴും എല്ലാറ്റിനെയും ഭയപ്പാടോടെ കാണുന്ന മനോഭാവത്തിനത് കാരണമാകും. ശബ്ദമുയർത്തി സംസാരിക്കുന്നത് അവരുടെ ബോധത്തിൽ ആഴത്തിലുള്ള മുറിവ് സൃഷ്ടിക്കും.
ഇന്ന് കുഞ്ഞുങ്ങളല്ല വ്യക്തികളാണ് ജനിക്കുന്നത്. കുഞ്ഞുങ്ങളോട് നമ്മൾ സന്ദർശകരെപ്പോലെ, അതിഥികളെപ്പോലെ ബഹുമാനത്തിലാണ് പെരുമാറേണ്ടത്. കുടുംബത്തിലെ അടിമ ഉടമ സമ്പ്രദായം മാറ്റേണ്ടതുണ്ട്. നമുക്ക് എല്ലാവർക്കും മെക്കിട്ട് കേറാനുള്ള ബലഹീനരായ നിസ്സഹായരായ ജീവികളാണ് കുഞ്ഞുങ്ങൾ. പൂമൊട്ടുകൾപ്പോലെ സുഗന്ധവാഹിയായി കുട്ടികൾ വളർന്നു വരണമെങ്കിൽ അതിന് അനുകൂലമായ ഒരു സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്.
ഉറച്ചുപോയ മണ്ണുപോലെയുള്ള നമ്മുടെ സ്വഭാവത്തെ ഇളക്കിയെടുത്താൽ മാത്രമേ നമുക്ക് മാറാനാകൂ. ഞാൻ പറയുന്നത് ശരിയെന്നുള്ള ധാർഷ്ട്യത്തിൽ മാറ്റം വരുത്തണം. കുട്ടികൾക്ക് നമ്മൾ സമയം കൊടുത്തേണ്ടതിന്റെ ആവശ്യകത എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് സൂചിപ്പിക്കുന്നതോടൊപ്പo ഇന്ന് നമ്മൾ സമയം കൊടുത്താൽ മാത്രമേ അവർ നമുക്കും സമയം തരൂ എന്ന യാഥാർത്ഥ്യം അവതരിപ്പിക്കുന്നു. നമ്മൾ അനുഭവിക്കുന്ന സന്തോഷങ്ങളും സമാധാനങ്ങളോടുമൊപ്പം നമ്മളനുഭവിക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളും കൂടി അവരോട് പങ്കുവയ്ക്കണം.
സാഹചര്യങ്ങൾക്കനുസരിച്ച് സമാധാനത്തോടെ ജീവിക്കാനുള്ള ശിക്ഷണമാണ് നൽകേണ്ടത്. മാറ്റങ്ങൾക്കനുസരിച്ച് മാറാനുള്ള മാനസികപ്രാപ്തി കുട്ടികളിൽ ഉണ്ടാക്കണം. പ്രഭാതത്തിൽ ഏറ്റവും ഉത്സാഹത്തോടെയാണ് കുഞ്ഞുങ്ങളിലേക്ക് ചെല്ലേണ്ടത്. അച്ഛനമ്മമാരിൽ നിന്ന് കുഞ്ഞിന് കിട്ടുന്ന സ്‌നേഹം ഏറ്റവും നല്ല മയക്കുമരുന്നാണ്. ഇത് സമാധാനവും സ്വസ്ഥതയും ഉള്ളവരായി വളരാൻ അവരെ പ്രാപ്തരാക്കും. കുട്ടികളെ മയക്കുന്ന ഏറ്റവും വലിയ പ്രലോഭനമായി മാതാപിതാക്കൾ മാറണം. മാതാപിതാക്കളുടെ സൗഹൃദം എന്ന ലഹരി കുട്ടികളെ കൂടുതൽ ഉൻമത്തരാക്കുന്ന വിധത്തിലേക്ക് കുടുംബബന്ധങ്ങൾ വളരണം.
ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്ന അധ്യായത്തിൽ ലൈംഗികതയെ അശ്ലീലമായി കാണുന്ന ചിന്താഗതി മാറേണ്ടതിനെക്കുറിച്ച് പ്രതിപാദിക്കുന്നു. കുട്ടികൾക്ക് കാര്യങ്ങൾ തുറന്നുപറയാനുള്ള അന്തരീക്ഷം വീടകങ്ങളിൽ സൃഷ്ടിക്കണം. നയപരമായ ശൈലി രൂപപ്പെടുത്തിയെടുക്കണം. കുട്ടികൾ തെളിഞ്ഞ വ്യക്തിത്വമുള്ളവരായി വളർന്നു വരാൻ നമ്മുടെ ശീലങ്ങൾ ശരിയാണെന്ന് സമർത്ഥിക്കേണ്ടതില്ല. നമ്മുടെ പ്രായോഗിക ചിന്താഗതികളെല്ലാം മഹത്തരമാണെന്ന് അവകാശപ്പെടേണ്ടതുമില്ല.
കുഞ്ഞുങ്ങളിൽ നെഗറ്റീവ് കാര്യങ്ങൾ കാണുമ്പോൾ അമിതമായി കുറ്റപ്പെടുത്തുകയും ശരി കാണുമ്പോൾ അമിതമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യരുത്. ബാഹ്യമായ പ്രകടനങ്ങൾക്ക് അമിതപ്രാധാന്യം നൽകുന്ന ഒരു സമൂഹത്തിലാണ് നാമോരോരുത്തരും ജീവിക്കുന്നത്. നമ്മുടെ ശീലങ്ങളോട്, ശരികളോട് ചേർന്ന് നിന്നില്ല എന്നതിന്റെ പേരിൽ പലപ്പോഴും മനുഷ്യർ പരസ്പരം തള്ളിക്കളഞ്ഞിട്ടുണ്ട്.
മക്കളെ മാറ്റണം എന്നുണ്ടെങ്കിൽ അവർക്കൊപ്പം യാത്ര ചെയ്യാൻ പഠിക്കണം. മക്കൾക്കൊപ്പം നടക്കാൻ നമ്മൾ പഠിക്കണം. അതോടൊപ്പം ജീവിത പാഠങ്ങളും അനുഭവ പാഠങ്ങളും പകർന്നു കൊടുക്കണം. മക്കളെ മാനിക്കുക എന്ന ക്ലേശകരമായ കാര്യം മാതാപിതാക്കൾ അഭ്യസിക്കേണ്ടതുണ്ട്. അനുഭവപാഠങ്ങളിലൂടെ നമ്മെ ചിന്തിപ്പിച്ചും തിരുത്തിയും മുന്നേറാൻ കഴിയുന്ന മാതാപിതാക്കളും മക്കളും അധ്യാപകരും ഉണ്ടായാൽ മാത്രമേ സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയൂ. മാതാപിതാക്കളും മക്കളും തമ്മിലും അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുണ്ടായിരുന്ന അടിമ ഉടമ ബന്ധം മാറേണ്ടതുണ്ട്.
സ്ത്രീകൾക്ക് അവസരമുണ്ടാവുകയുo അതിനനുയോജ്യമായ സാമൂഹികസാഹചര്യം ഉണ്ടാവുകയും ചെയ്താൽ മാത്രമേ Gender equality എന്ന ആശയം സാധ്യമാകൂ. മക്കളെ തുല്യരായി കാണുന്ന ഒരു സൗഹൃദ മാനസികാവസ്ഥയിലേക്ക് നമ്മൾ ഉണരണം. സമ്പാദിക്കുന്നത് നമ്മുടെ സമാധാനത്തിനും സന്തോഷത്തിനും വിനോദത്തിനും വേണ്ടി ചിലവഴിക്കുകയും ചെയ്യുന്ന ഒരാളാണ് യഥാർത്ഥത്തിൽ ജീവിക്കുന്ന ആൾ. 'ധന്യത നൽകുന്നതാണ് ധനം' എന്ന തിരിച്ചറിവിലേക്ക് വരണം.
തന്റെ നിലനിൽപ്പിന്റെ ഉത്തരവാദിത്തം താൻ തന്നെയായിരിക്കണമെന്ന ബോധം ചെറുപ്പം മുതൽ കുഞ്ഞുങ്ങളിൽ ഉണ്ടാക്കണം. സ്ത്രീപുരുഷവ്യത്യാസമില്ലാത്ത ഒരു ലോകത്തിൽ ജീവിക്കുന്നതിന് ആൺപെൺ വ്യത്യാസം ഒഴിവാക്കണം. ആധുനികകാലത്ത് ഒരു കുട്ടിയെ സമ്മർദ്ദങ്ങളില്ലാതെ വളർത്തിയെടുക്കാൻ ഏറെ ബുദ്ധിമുട്ടാണ്. തോൽക്കുന്നവരുടെ കൂടെ നിൽക്കാനും ആളുണ്ടാകുന്ന ഒരു സമൂഹമായി നമ്മൾ മാറണം. ഇതോടൊപ്പം ആത്മവിശ്വാസവും വ്യക്തിത്വവും ഉള്ള കുട്ടികളെ വാർത്തെടുക്കേണ്ട ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് നമുക്ക് വേണ്ടത്.
ലളിതമായ ഭാഷയും അനുഭവങ്ങളിൽ ഊന്നിയുള്ള അവതരണവും ഈ പുസ്തകത്തെ കൂടുതൽ ആകർഷകമാക്കുന്നു. കുട്ടികളെ മാറ്റാൻ മുതിർന്നവരാണ് ആദ്യം മാറേണ്ടത് എന്ന് ഉദ്‌ബോധിപ്പിക്കുന്ന ഈ പുസ്തകം വഴിതെറ്റിയലയുകയും ആത്മഹത്യയിൽ അഭയം തേടുകയും ചെയ്യുന്നവർക്ക് ഒരു അതിജീവന മന്ത്രമാണ്.
സ്വപ്നങ്ങൾ ഉള്ളവരായി, ഉത്തരവാദിത്തം, കരുണ, ധൈര്യം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരായി കുട്ടികളെ മാറാൻ പ്രേരിപ്പിക്കുന്ന ഈ പുസ്തകം ജീവിതത്തിന്റെ സമസ്തമേഖലകളേയും സ്പർശിക്കുന്നു. കടുത്ത സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ കൂടുതൽ തെളിച്ചത്തോടെ മുന്നേറാൻ ഇത്തരം പുസ്തകങ്ങൾ ഒരു ഉൾപ്രേരകമായി വർത്തിക്കും എന്ന് നിസ്സംശയം പറയാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shift focus from controlling children to personal growth of parents., Recognize children as individuals with their own dreams and rights., Emphasis on gender equality and breaking archaic societal norms., Prioritize emotional intelligence over material success., Promote a friendship-based parent-child relationship for better mental health.
Published: 08 May 2026, 11:41 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented