കുട്ടികളെ വളര്‍ത്തുന്നത് വളരെ ശ്രദ്ധവേണ്ടുന്ന ഒരു പ്രവൃത്തിയാണ്. വിവിധതരം പാരന്റിങ് രീതികളുണ്ട്. അവയിലൊന്നാണ്‌ 'ടാപ്പ് ഇന്‍ ടാപ്പ് ഔട്ട്' എന്നത്. ലളിതവും പ്രായോഗികവുമായ ഒരു കോ-പാരന്റിങ് രീതിയാണിത്.

ഒരു രക്ഷകര്‍ത്താവ് വൈകാരികമായി തളര്‍ന്നുനില്‍ക്കുകയോ അമിതഭാരം അല്ലെങ്കില്‍ ക്ഷമ നഷ്ടപ്പെടാനുള്ള സാധ്യത അനുഭവപ്പെടുകയോ ചെയ്യുമ്പോള്‍, മറ്റേ രക്ഷകര്‍ത്താവ് ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഇതുവഴി രണ്ടുപേരുടെയും കുട്ടികളുടെയും ക്ഷേമം ഉറപ്പാക്കാന്‍ സാധിക്കുന്നു എന്നതാണ് പ്രധാനകാര്യം.

'കോ-റെഗുലേഷന്‍' എന്ന പ്രക്രിയയിലൂടെ, ജനനം മുതല്‍ യൗവനം വരെയുള്ള കുട്ടിയുടെ വികാസം രൂപപ്പെടുത്തുന്നതിലും പിന്തുണയ്ക്കുന്നതിലും മുതിര്‍ന്നവര്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് പഠനം പറയുന്നു. അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലീസില്‍ 2017-ല്‍ നടത്തിയ പഠനമാണിത്.

ടാപ്പ് ഇന്‍ ടാപ്പ് ഔട്ട് ഉപയോഗിക്കാനുള്ള പ്രായോഗിക വഴികള്‍ ഉണ്ട്. ദിവസം മുഴുവന്‍ നിങ്ങളുടെ കുഞ്ഞ് ശാന്തനാകാതെ വാശിപിടിക്കുകയും മറ്റും ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കരുതുക. സ്വാഭാവികമായും നിങ്ങളുടെ മൂഡും അതിനനുസരിച്ച് മാറിയേക്കാം. ദേഷ്യംവരാനും ശബ്ദം ഉയരാനും തുടങ്ങുന്നു എന്ന് മനസിലാക്കുമ്പോള്‍ മുന്‍കൂട്ടി നിശ്ചയിച്ച ഒരു സിഗ്‌നല്‍ പങ്കാളിക്ക് നല്‍കുക. മാതാപിതാക്കള്‍ ഇരുവര്‍ക്കും സമ്മതമായ ഒരു പ്രത്യേക വാക്കോ ആംഗ്യമോ ആദ്യമേ അതിനായി നിശ്ചയിച്ചിരിക്കണം.

കോ-പാരന്റിങ് ഇടപെടലുകളെക്കുറിച്ചുള്ള അറിവ്, വ്യക്തമായ നിയമങ്ങള്‍ എന്നിവ ഏകോപനം മെച്ചപ്പെടുത്തും. അടുത്തതായി കുട്ടിയെ ആശ്വസിപ്പിക്കുന്നത് അവരെ ഏല്‍പ്പിച്ച് മറ്റേയാള്‍ മുറി വിട്ടുപോകണം. അവിടെ കാര്യങ്ങള്‍ ഹ്രസ്വവും നിഷ്പക്ഷവുമാക്കുക എന്നതും പ്രധാനമാണ്. പുറത്തുകടക്കുന്ന രക്ഷിതാവ് വാദപ്രതിവാദങ്ങളില്ലാതെ പോകണം. 2 മുതല്‍ 5 മിനിറ്റിനുള്ളില്‍ സ്വയം ശാന്തമായി വീണ്ടും ഇടപഴകാന്‍ തയ്യാറായി മടങ്ങുകയും വേണം. ഇത് മുതിര്‍ന്നവര്‍ ശക്തമായ വികാരങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് കുട്ടികളെ പഠിപ്പിക്കുന്നു. മാത്രമല്ല മാതാപിതാക്കള്‍ തമ്മിലുള്ള ബന്ധത്തിന്റെ ഗുണനിലവാരവും അവര്‍ക്ക് സ്വായത്തമാവുന്നു.

നിങ്ങള്‍ സിംഗിള്‍ പാരന്റോ അല്ലെങ്കില്‍ നിലവില്‍ പങ്കാളിയെ ലഭ്യമല്ലാത്ത സാഹചര്യത്തിലോ ആണെങ്കില്‍ മറ്റു വഴികളുണ്ട്. ഒരു സുഹൃത്തിനെയോ കുടുംബാംഗത്തെയോ വളരെ ചെറിയനേരത്തേക്ക് വിളിച്ചുവരുത്തുക. ശേഷം ചെറിയ ഇടവേളയെടുത്ത് നിങ്ങള്‍ മാറി നില്‍ക്കുക. ഈ ചെറിയ ഇടവേളകള്‍ എത്ര വലിയ കൊടുങ്കാറ്റിനെയും ശാന്തമാക്കും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi