'തീരെ നടക്കാൻ പറ്റാതെ, പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോലും പരസഹായം ആവശ്യമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു ജയശ്രീക്ക്. ഒന്നല്ല, രണ്ടു തവണ പൂർണമായും ശയ്യാവലംബയായി. നട്ടെല്ലിൽ വളർന്ന മുഴ കാൽ നിലത്തുകുത്താനാകാത്തത്ര കടുത്ത നടുവേദനക്ക് കാരണമായപ്പോൾ ശസ്ത്രക്രിയക്ക് വിധേയയായി. അത് പതിയെ മറികടന്ന് സാധാരണ നിലയിലേക്ക് വന്ന കാലത്താണ് വാഹനാപകടം സംഭവിക്കുന്നത്. തലയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് കാലിലേക്കുള്ള ഞരമ്പുകൾക്ക് ക്ഷതം സംഭവിച്ച് വലതുകാലിന്റെ ചലനമറ്റു.'
പവർലിഫ്റ്റിങ്ങിൽ പാലക്കാട് ജില്ലാ ചാമ്പ്യനായ അധ്യാപിക ജയശ്രീയുടെ ഭൂതകാലമാണത്.
അന്നവർ വേദനയില്ലാത്ത ജീവിതത്തിനായി പല വഴികൾ നോക്കിയിരുന്നു. ശരീരം അല്പമൊക്കെ ഇളകട്ടെയെന്നു കരുതിയാണ് നാട്ടിലെ ജിംനേഷ്യത്തിൽ പോയിത്തുടങ്ങിയത്. അവിടെനിന്നു കിട്ടിയ ആത്മവിശ്വാസം അവരെ പവർലിഫ്റ്റിങ് ചാമ്പ്യനാക്കി. ''എനിക്കിതിന് കഴിയുമെങ്കിൽ ആർക്കും കഴിയും.'' ചിരിച്ചു കൊണ്ട് പാലക്കാട്ടെ പുതുപ്പരിയാരം അക്ഷയയിൽ എ. ജയശ്രീ ടീച്ചർ ചിരിയോടെ ആ ജീവിതം പറയുമ്പോൾ ആരും കേട്ടിരുന്ന് പോവും.
വ്യത്യസ്തം ഇക്കഥ
55 വയസ്സുകാരിയായ ഒരു ശരാശരി മലയാളി ഉദ്യോഗസ്ഥയുടെ പതിവു രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് പാലക്കാട് കുമരപുരം ജി എച്ച് എസ് എസ് പ്രിൻസിപ്പൽ ഇൻചാർജ് എ.ജയശ്രീയുടെ ജീവിതം. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളും ജോലിയും ഒന്നിച്ചുകൊണ്ടുപോകുന്നതിനിടക്ക് ഗുരുതരമായ അസുഖം കൂടി വന്നാലോ. ആരായാലും തളർന്നു പോവും. അങ്ങനെ പ്രയാസപ്പെട്ട് വിധിയെപ്പഴിച്ച് ജിവിതം തള്ളിനീക്കുന്നവർക്ക് പ്രചോദനമാവുകയാണ് ജയശ്രീ.
പിന്തുടർന്ന വേദനകൾ
''ഏഴ് വർഷം മുൻപാണ് ജീവിതത്തെ ഉലച്ച സ്‌കൂട്ടർഅപകടം സംഭവിക്കുന്നത്. അതോടെ ശരീരവേദനകൾ ഒപ്പംകൂടി. ശരീര ഭാരം ക്രമാതീതമായി വർധിച്ചു. തിരക്കുകളും വേദനയും ശാരീരിക പ്രയാസങ്ങളും എല്ലാമായി ഞാൻ പ്രയാസപ്പെടുന്നത് കണ്ട മകൻ അശ്വിനാണ് ജിംനേഷ്യത്തിൽ പോവാൻ നിർബന്ധിച്ചത്.''
അശ്വിന്റെ സുഹൃത്തുക്കളായ പി.സി. സത്യനും സി.പി.ശരത്കുമാറും ജയശ്രീ ടീച്ചർക്ക് പാലക്കാട് ഒലവക്കോട്ടെ ജിംനേഷ്യത്തിൽ പരിശീലകരായി. ഇതും പരീക്ഷിച്ചുകളയാമെന്ന് ചിന്തിച്ചു തുടങ്ങിയ ടീച്ചർക്ക് പതിയെപ്പതിയെ ഭാരങ്ങൾ വഴങ്ങിത്തുടങ്ങി.
''അപകടത്തിൽ തലയിടിച്ചാണ് വീണത്. ഓർമ്മ പൂർണമായും നഷ്ടപ്പെട്ടു. വായിൽ വെച്ചുതരുന്ന ഭക്ഷണം ഇറക്കുന്നത് എങ്ങനെയെന്നു പോലും മറന്ന ദിവസങ്ങൾ. വലതുകാലിലേക്കുള്ള ഞരമ്പുകൾ മുറിഞ്ഞു പോയിരുന്നു. കാൽ ചലിപ്പിക്കാനാകുന്നുണ്ടായിരുന്നില്ല.
അന്നുവരെ പഠിപ്പിച്ചിരുന്ന കെമിസ്ട്രി പാഠങ്ങളും മക്കളെപ്പോലും മറന്നു. സ്വന്തം ഒപ്പും മറന്നുപോയി. ദീർഘകാലത്തെ ചികിത്സയ്ക്കു ശേഷമാണ് പതിയെ ജീവിതത്തിലേക്ക് തിരിച്ചു നടന്നത്.
ഫിസിയോതെറാപ്പിക്കു ശേഷം വീണ്ടും പിച്ചവെച്ചു പഠിക്കുകയായിരുന്നു. കൈയിലെയും കാലിലെയും പരിക്കുകൾ ഭേദമാകുന്നതു വരെ ജോലിയിൽ നിന്ന് അവധിയെടുത്തു. അപകടം പറ്റിയതടക്കം പഴയ കാര്യങ്ങളൊക്കെ പിന്നീട് മക്കൾ പറഞ്ഞാണ് അറിയുന്നത്.
വേദനകൾ ഇല്ലാത്ത ജീവിതം മാത്രമായിരുന്നു അന്നത്തെ സ്വപ്നം. ഇനിയും വൈകിയാൽ ശരിയാകില്ലെന്നു പറഞ്ഞ് മകൻ എന്നെ ജിമ്മിലേക്ക് കൈപിടിച്ച് കൊണ്ടുപോകുകയായിരുന്നു. കുട്ടിക്കാലത്ത് അവനെ ഞാൻ സ്‌കൂളിലേക്ക് കൊണ്ടുപോയതുപോലെ...'' കഴിഞ്ഞതൊക്കെയും ഓർത്തെടുക്കുമ്പോൾ ടീച്ചറുടെ കണ്ണിൽ നനവ്.
വഴിത്തിരിവ്
''ആയുർവേദവും ഉഴിച്ചിലും അടക്കം എല്ലാ വഴികളും പരീക്ഷിച്ചു. കാര്യമുണ്ടായില്ല. അവസാനമാണ് ജിംനേഷ്യം എന്ന ആശയത്തിലേക്ക് എത്തുന്നത്. അവിടെ പരിശീലനം തുടങ്ങിയതിൽപ്പിന്നെ പതിയെ കൈകാലുകൾ ചലിപ്പിക്കാമെന്നായി. ജിമ്മിലെ പരിശീലകരൊക്കെ പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ മത്സരാർഥികളായിരുന്നു. അവരുടെ നിർബന്ധത്തിൽ ഞാനും ഭാരം ഉയർത്തിത്തുടങ്ങി.''
ജീവിതപങ്കാളി സി.ഉണ്ണികൃഷ്ണന്റെ പിന്തുണകൂടി ആയതോടെ ജയശ്രീ ടീച്ചർക്ക് ഭാരങ്ങളൊക്കെയും നിസ്സാരമായി.
വിട, വേദനകൾക്ക്
വേദനകളറിഞ്ഞ ടീച്ചറുടെ ശരീരം പതിയെ വിജയങ്ങൾ രുചിച്ചുതുടങ്ങുകയായിരുന്നു.
മാസ്റ്റേർസ് 2 ഇനത്തിൽ 69 കിലോ വിഭാഗത്തിൽ ആയിരുന്നു മത്സരം. സ്‌ക്വാട്ട് വിഭാഗത്തിൽ 57 കിലോഗ്രാം, ബെഞ്ച് പ്രസ്സിൽ 27 കിലോഗ്രാം, ഡെഡ് ലിഫ്റ്റിൽ 57 കിലോഗ്രാം അങ്ങനെ ആകെ 141 കിലോ ഭാരമുയർത്തി ജയശ്രീ ടീച്ചർ ജില്ലാ പവർലിഫ്റ്റിങ്ങ് ചാംപ്യനായി.
ഫിറ്റ്നസ് ഫ്രീക്കായ പ്ലസ് വൺ, പ്ലസ്ടു ക്ലാസ്സുകളിലെ കുട്ടികൾക്ക് കെമിസ്ട്രി പാഠങ്ങളിലെയെന്നപോലെ ഫിറ്റ്നസുമായി ബന്ധപ്പെട്ട സംശയങ്ങളും ഇപ്പോൾ ടീച്ചർ തീർത്തു കൊടുക്കും.
വീഴ്ചയിൽ നിന്ന് മനസ്സിന്റെ കരുത്തിൽ തിരിച്ചു നടന്ന ടീച്ചർക്ക്, ചുറ്റുമുള്ള സ്ത്രീകളോട് പറയാൻ ചിലതുണ്ട്. ''നിങ്ങളുടെ ആരോഗ്യവും സന്തോഷവും പ്രാഥമികമായി നിങ്ങളുടെ ആവശ്യമാണ്. തിരക്കുകൾക്കിടയിൽ സ്വയം സ്നേഹിക്കാൻ ഇത്തിരി സമയം മാറ്റി വെക്കണം. ആർത്തവ വിരാമവും തുടർന്നുള്ള ഹോർമോൺ പ്രശ്നങ്ങളും ജീവിതശൈലീ രോഗങ്ങളും കൂട്ടുകാരായെത്തുന്ന കാലത്ത് എന്തെങ്കിലും വ്യായാമം ശീലമാക്കൂ. നിങ്ങളിൽ വരുന്ന മാറ്റങ്ങളെ സ്നേഹിക്കൂ.''
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Jayashree`s incredible journey from severe injury and paralysis to becoming a district powerlifting champion at 55. Her story is a true inspiration.
Published: 28 Dec 2025, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented