സെലിബ്രിറ്റി മാനേജറായിരുന്ന ദിഷ സാലിയൻ (Disha Salian Death Case) 2020 ജൂൺ 8-നാണ് മരിച്ചത്. കൃത്യമായി പറഞ്ഞാൽ നടൻ സുഷാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയ്ക്ക് കൃത്യം ആറുദിവസം മുമ്പ്. സുഷാന്തിന്റെ മാനേജർ കൂടിയായിരുന്നു ദിഷ. അതുകൊണ്ട് ദിഷയുടെ മരണം ഏറെ ചർച്ച ചെയ്യപ്പെട്ടു. ആത്മഹത്യയാണെന്ന് പറഞ്ഞ് പോലീസ് കേസ് അവസാനിപ്പിച്ചെങ്കിലും, ഇപ്പോഴിതാ കുടുംബത്തിന്റെ ആവശ്യത്തെ തുടർന്ന് കേസ് സി.ബി.ഐ.ക്ക് വിട്ടിരിക്കുകയാണ് ബോംബെ ഹൈക്കോടതി.

To advertise here,

വർഷങ്ങളായി പബ്ലിക് റിലേഷൻസ്, സെലിബ്രിറ്റി ടാലന്റ് മാനേജ്‌മെന്റ് മേഖലകളിൽ ജോലി ചെയ്യുകയായിരുന്നു ദിഷ. പല പ്രമുഖർക്കൊപ്പവും അതിനിടയിൽ തന്നെ അവർ പ്രവർത്തിച്ചു.

മരിക്കുമ്പോൾ 28 വയസ്സായിരുന്നു ദിഷയ്ക്ക്. മുംബൈ മലാഡിലുള്ള ഫ്‌ളാറ്റിന്റെ 14-ാം നിലയിൽനിന്ന് താഴേക്കുവീണ് മരിച്ച നിലയിലായിരുന്നു ദിഷയുടെ മൃതദേഹം. അന്ന് രാത്രി അതേ കെട്ടിടത്തിൽ നടന്നൊരു പാർട്ടിയിൽ ദിഷ പങ്കെടുത്തിരുന്നു. അതിനുശേഷമായിരുന്നു മരണം. താഴെവീണ് മരിച്ചെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ ദിഷയുടെത് കൊലപാതകമാണെന്ന തരത്തിലുള്ള കുറേ വാർത്തകൾ അന്നുണ്ടായിരുന്നു.

സുഷാന്ത് ആത്മഹത്യ ചെയ്തതോടെ ദിഷയുടെ മരണത്തെക്കുറിച്ചുള്ള ചർച്ചകൾ കൂടുതൽ സജീവമായി. ഇരുവരുടെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നായിരുന്നു പലരുടെയും കണ്ടെത്തൽ. ദിഷയെ കൊന്നതാരെന്ന് സുഷാന്തിന് അറിയാമെന്നും ആ സമ്മർദം താങ്ങാനാവാതെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നും വരെ വാദങ്ങളുണ്ടായി. അധികം വൈകാതെ ദിഷയുടെ കേസ് പോലീസ് അവസാനിപ്പിച്ചു.

2024-ലാണ് മകളുടെ മരണം സി.ബി.ഐ.ക്ക് വിടണമെന്നാവശ്യപ്പെട്ട് ദിഷയുടെ പിതാവ് സതീഷ് കോടതിയെ സമീപിച്ചത്. ശിവസേനാ നേതാവ് ആദിത്യ താക്കറെയാണ് ദിഷയുടെ മരണത്തിനുപിന്നിലെന്നും അന്ന് പിതാവ് ആരോപിച്ചു. മാനഭംഗത്തിനിരയായ ദിഷ കൊലചെയ്യപ്പെട്ടതാണെന്നും പലരെയും രക്ഷിക്കാൻ വേണ്ടിയാണ് പോലീസ് അപകടമരണമാക്കി മാറ്റിയതെന്നും അദ്ദേഹം അന്ന് പറഞ്ഞു. ഇപ്പോഴിതാ കേസ് അന്വേഷിക്കാൻ കോടതി സി.ബി.ഐ.യോട് നിർദേശിച്ചിരിക്കുകയാണ്.

കോടതി ഉത്തരവിനുശേഷം എൻഡിടിവിയോട് സംസാരിക്കവെ, സുഷാന്തിന്റെയും ദിഷയുടെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് സതീഷ് സാലിയൻ പറഞ്ഞു. ''സുശാന്തിന്റെയും ദിഷയുടെയും മരണങ്ങൾ തമ്മിൽ നൂറു ശതമാനവും ബന്ധമുണ്ട്. സുഷാന്തിന്റെ തെറ്റായ പ്രവൃത്തികൾ അടങ്ങിയ ഒരു വീഡിയോ ദിഷ അയച്ചിരുന്നു. അത് മരണവുമായി ബന്ധപ്പെട്ടതാണ്'', കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താതെ സതീഷ് അവകാശപ്പെട്ടു.

''ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല. സത്യം പുറത്തുവരട്ടെ, ഉത്തരവാദികളായവർ അതിനുള്ള വില നൽകേണ്ടിവരും. ഇതൊരു ആത്മഹത്യയായിരുന്നില്ല. എനിക്ക് നൂറുശതമാനം ഉറപ്പുണ്ട്. സ്വാധീനമുള്ള ചിലർ ഉൾപ്പെട്ട ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. സിബിഐ എല്ലാവരെയും വിശദമായി ചോദ്യം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്'', അദ്ദേഹം പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi