ടെലിവിഷൻ സീരിയലുകളിലെ സൂപ്പർ താരമായിരുന്നു മുൻ എം.പി സ്മൃതി ഇറാനി. പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിച്ച് ബിജെപിയുടെ മുതിർന്ന നേതാവായി മാറുകയായിരുന്നു അവർ. 2001-ൽ വ്യവസായിയായ സുബിൻ ഇറാനിയെ സ്മൃതി വിവാഹം കഴിച്ചു. സോർ, സോയിഷ് എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്കുള്ളത്. കൂടാതെ സുബിന്റെ ആദ്യ വിവാഹത്തിലെ മകളായ ഷെനെല്ലിനെയും വളർത്തുന്നത് സ്മൃതിയാണ്.

To advertise here,

മുംബൈയിൽ നടന്ന 'മോം പവർ കോൺഫറൻസ് 2026'-ൽ മാതൃത്വത്തിന്റെ വൈകാരികതകളെക്കുറിച്ചും ജോലിചെയ്യുന്ന അമ്മമാർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സ്മൃതി സംസാരിക്കുകയുണ്ടായി. തൊഴിലും കുടുംബവും ഒരുമിച്ച് കൊണ്ടുപോകുന്നതിനിടയിൽ അമ്മമാർ നേരിടുന്ന മാനസിക സമ്മർദ്ദങ്ങളെയും ത്യാഗങ്ങളെയും കുറിച്ച് വികാരാധീനയായാണ് അവർ സംസാരിച്ചത്.

കരിയറും കുടുംബവും
ജോലി ചെയ്യുന്ന അമ്മമാർക്ക് തങ്ങളുടെ മക്കൾ വളർന്നുവന്ന കാലഘട്ടത്തെക്കുറിച്ച് വ്യക്തമായ ഓർമ്മകളൊന്നും ഉണ്ടാകില്ലെന്ന് സ്മൃതി ചൂണ്ടിക്കാട്ടി. "ഇവിടെ ജോലി ചെയ്യുന്ന എത്രയോ അമ്മമാരുണ്ട്. അവർക്ക് കഴിഞ്ഞുപോയ കാലത്തെക്കുറിച്ച് എന്തെങ്കിലും ഓർമ്മയുണ്ടോ? സത്യസന്ധമായി പറഞ്ഞാൽ ഇല്ല. കാര്യങ്ങൾ ചെയ്തുതീർക്കുക എന്നതിൽ മാത്രമാണ് അവരുടെ ശ്രദ്ധ. കുട്ടിക്ക് സമയം തെറ്റാതെ ഭക്ഷണം കൊടുക്കുക, ഗൃഹപാഠം ചെയ്യിക്കുക, അതോടൊപ്പം ഓഫീസിലെ പ്രസന്റേഷൻ (PPT) കൃത്യമായി തയ്യാറാക്കുക... പല രാത്രികളിലും അവർ ഉറങ്ങിയിട്ടുണ്ടാകില്ല," സ്മൃതി പറഞ്ഞു.

വളരുമ്പോൾ കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും അവർ ഓർമ്മിപ്പിച്ചു. "ചെറുപ്പത്തിൽ ഡയപ്പർ മാറ്റി കൊടുത്തിരുന്ന കുട്ടി വളരുമ്പോൾ തിരിച്ചുമറുപടി പറയുന്നത് കാണേണ്ടി വരാറുണ്ട്. 'ആരാണ് നിങ്ങളോട് എന്നെ പ്രസവിക്കാൻ പറഞ്ഞത്? ജന്മം തന്നതുകൊണ്ട് ഇതെല്ലാം സഹിച്ചേ പറ്റൂ' എന്ന് കൗമാരക്കാർ മറുപടി പറയുമ്പോൾ അത് കേട്ടുനിൽക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ," സ്മൃതി ചോദിച്ചു.

മാതൃത്വം എന്നാൽ സ്വാർത്ഥതയില്ലാത്ത ഒരു യാത്രയാണെന്നും മക്കളെ സ്വയംപര്യാപ്തരാക്കാൻ ജീവിതം മുഴുവൻ നീക്കിവെക്കുന്ന അമ്മമാർക്ക് ഒടുവിൽ അവരിൽ നിന്ന് അകലം പാലിക്കേണ്ടി വരുന്നുവെന്നും സ്മൃതി കൂട്ടിച്ചേർത്തു.

"അമ്മമാർക്ക് 50-55 വയസ്സാകുമ്പോൾ മക്കൾ അവരുടെ സ്വന്തം വഴിക്ക് പോകും. അപ്പോഴാണ് അമ്മമാർ തങ്ങളുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുന്നത്. വാർദ്ധക്യസഹജമായ സന്ധിവേദന അനുഭവപ്പെടുമ്പോഴും അത് മറ്റുള്ളവരോട് പറയാൻ കഴിയില്ല. ഒന്നു തിരികെ വിളിക്കാൻ പോലും സമയം കിട്ടാത്ത മക്കളെ നോക്കി നിൽക്കേണ്ടി വരുന്ന നിമിഷമുണ്ട്... അതൊരു അമ്മയായിരിക്കുക എന്നതിന്റെ അനുഭവമാണ്."

"ഒരു മകന് അല്ലെങ്കിൽ മകൾക്ക് തങ്ങളുടെ അമ്മയെ ഇനി ആവശ്യമില്ല എന്ന ഘട്ടത്തിലാണ് ആ അമ്മയുടെ ജോലി പൂർത്തിയാകുന്നത്. പക്ഷേ, അത് ഏതൊരു അമ്മയ്ക്കും ഏറ്റവും ഹൃദയഭേദകമായ കാര്യമാണ്. ജീവിതത്തിന്റെ ആദ്യ പകുതി മുഴുവൻ അധ്വാനിക്കുന്നത്, രണ്ടാം പകുതിയിൽ മറക്കപ്പെടാൻ വേണ്ടിയാണ്. ഇതിന്റെ സാമ്പത്തികമൂല്യം കണക്കാക്കാൻ ആർക്കെങ്കിലും സാധിക്കുമോ?" സ്മൃതി വികാരാധീനയായി ചോദിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi