സിനിമാമേഖലയെ സംബന്ധിച്ചിടത്തോളം ഒരു നടന് സൂപ്പർഹിറ്റ് സിനിമകൾ നൽകാനുള്ള കഴിവാണ് അവരുടെ കരിയർ ഗ്രാഫിൽ നിർണായകം. തുടർച്ചയായി ബോക്സോഫിസ് തോൽവികളുണ്ടായാൽ (Flops) അവരുടെ കരിയർ കൂപ്പുകുത്തുമെന്ന് ഉറപ്പിച്ചു പറയാം. സിനിമയിലെ തുടക്കസമയത്ത് ഒരു ദേശീയ അവാർഡ് നേടുകയും അന്നത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്ത ഒരു നായകനാണ് മിഥുൻ ചക്രവർത്തി. എന്നാൽ ഒരു നായകനടന് ഒരിക്കലും സംഭവിക്കുമെന്ന് ആരും പ്രതീക്ഷിക്കാത്ത 180 പരാജയ ചിത്രങ്ങളാണ് പിന്നീട് അദ്ദേഹത്തെ കാത്തിരുന്നത്.

To advertise here,

1976-ൽ മൃണാൾ സെന്നിന്റെ 'മൃഗയ' എന്ന ചിത്രത്തിലൂടെയാണ് മിഥുൻ ചക്രവർത്തി അഭിനയജീവിതം ആരംഭിച്ചത്. ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. അരങ്ങേറ്റ ചിത്രത്തിന് തന്നെ ഈ പുരസ്‌കാരം ലഭിക്കുന്ന ചുരുക്കം ചിലരിൽ ഒരാളായി അദ്ദേഹം മാറി. തുടർന്ന് 80-കളിൽ 'ശൗഖീൻ', 'അശാന്തി' എന്നീ ചിത്രങ്ങളും വിജയിച്ചു. 1982-ലെ 'ഡിസ്കോ ഡാൻസർ' അദ്ദേഹത്തെ കുടുംബപ്രേക്ഷകരിൽ സുപരിചിതനാക്കി. ലോകമെമ്പാടുമായി 100 കോടി രൂപ കളക്ഷൻ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായിത് മാറി. എന്നാൽ 80-കളുടെ മധ്യത്തിന് ശേഷം, ഗുണനിലവാരത്തേക്കാൾ എണ്ണത്തിനാണ് അദ്ദേഹം മുൻഗണന നൽകിയതെന്നു തോന്നുന്നു. വർഷത്തിൽ 8-12 ചിത്രങ്ങളിൽ വരെ അദ്ദേഹം അഭിനയിച്ചു. പക്ഷേ എണ്ണം കൂടിയപ്പോൾ സിനിമകൾ ബോക്സോഫിസിൽ പരാജയപ്പെട്ടുകൊണ്ടിരുന്നു.

90-കളിൽ പുതിയ താരങ്ങൾ കടന്നുവന്നപ്പോൾ, ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന ചെറിയ ബജറ്റ് ആക്ഷൻ ചിത്രങ്ങളിൽ അഭിനയിക്കാൻ മിഥുൻ തുനിഞ്ഞു. ഈ ദശകത്തിൽ അദ്ദേഹം നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു, അതിൽ ഭൂരിഭാഗവും ബോക്സോഫിസിൽ പരാജയപ്പെട്ടു. ഒരു നായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ അവസാന സോളോ ഹിറ്റ് 30 വർഷങ്ങൾക്ക് മുമ്പ് 1995-ൽ പുറത്തിറങ്ങിയ 'രാവണ രാജ്' ആയിരുന്നു.

50 വർഷം അദ്ദേഹം സിനിമാമേഖലയിൽ പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ 180 ബോക്സോഫിസ് പരാജയങ്ങളിൽ 45-ഓളവും ബോക്സോഫിസ് ദുരന്തങ്ങൾ എന്ന് മുദ്രകുത്തപ്പെട്ടപ്പെട്ടവയാണ്. മിഥുൻ കഴിഞ്ഞാൽ ഫ്ലോപ്പുകൾ നൽകിയിട്ടുള്ള മറ്റ് രണ്ട് നടന്മാർ ധർമ്മേന്ദ്രയും ജിതേന്ദ്രയുമാണ്. അവരുടെയെല്ലാം ഫ്ലോപ്പ് ചിത്രങ്ങളുടെ എണ്ണം 50-ൽ താഴെ മാത്രമാണ്. 

2000-ത്തോടെ മിഥുൻ സഹനടന്റെ വേഷങ്ങളിലേക്ക് ചുവടുമാറ്റി. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു, 2022-ലെ വിവേക് അഗ്നിഹോത്രിയുടെ 'ദി കാശ്മീർ ഫൈൽസ്'. അദ്ദേഹത്തിന് 72 വയസ്സായിരുന്നു അന്ന് പ്രായം. ചിത്രം ലോകമെമ്പാടുമായി 350 കോടി രൂപ കളക്ഷൻ നേടി. മിഥുന്റെ കരിയറിലെ ഏറ്റവുമധികം കളക്ഷനുള്ള ചിത്രവും ഇതുതന്നെ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi