തമിഴിലും ഹിന്ദിയിലുമായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് ആർ. മാധവൻ. സിനിമയ്ക്കപ്പുറം കുടുംബത്തിനും വലിയ പ്രാധാന്യം നൽകുന്ന അദ്ദേഹം ഇടയ്ക്ക് വ്യക്തിജീവിതത്തെക്കുറിച്ചും തുറന്നുസംസാരിക്കാറുണ്ട്. മകനുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ചും വർഷങ്ങളായി പിന്തുടരുന്ന തന്റെ വ്യത്യസ്തമായ പാരന്റിങ് രീതിയെക്കുറിച്ചും തുറന്നുപറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ചെറുപ്പം മുതലേ വേദാന്തിന്റെ അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കുകയും സ്വന്തം തീരുമാനങ്ങളെടുക്കാൻ അവനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു എന്നാണ് താരം പറയുന്നത്. എസ്.എസ്. പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മാധവൻ.

''വളരെ ചെറുപ്പം മുതലേ വേദാന്തിനെ ഒരു മുതിർന്ന വ്യക്തിയെപ്പോലെയാണ് ഞാൻ പരിഗണിച്ചത്. അവനെ ഒരിക്കലും അമിതമായി ലാളിച്ചിട്ടില്ല. അഞ്ച് വയസ്സുള്ളപ്പോൾ പോലും എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഞാൻ അവന്റെ അഭിപ്രായം ചോദിക്കുമായിരുന്നു. അവന്റെ അഭിപ്രായത്തിനും പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കിയാണ് അവൻ വളർന്നത്. കുട്ടികൾക്ക് തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്, താൻ ചെയ്ത തെറ്റുകൾ മകൻ ആവർത്തിക്കാതിരിക്കണമെന്നതിലുപരി സ്വന്തം അനുഭവങ്ങളിൽനിന്ന് പഠിക്കാൻ അവനെ അനുവദിക്കുകയായിരുന്നു," താരം പറഞ്ഞു.

അച്ഛന്റെ സിനിമകളെക്കുറിച്ച് അഭിപ്രായം പറയുമ്പോഴും വേദാന്ത് യാതൊരു മടിയും കാണിക്കാറില്ലെന്നാണ് മാധവൻ പറയുന്നത്. ഇഷ്ടപ്പെട്ട സിനിമയാണെങ്കിൽ അതിനെക്കുറിച്ച് വേദാന്ത് ഒരുപാട് പ്രശംസിക്കുമെന്നും ഇഷ്ടപ്പെടാത്തതാണെങ്കിൽ അതും തുറന്നുപറയുമെന്നും താരം പറയുന്നു. “'വിക്രം വേദ' കണ്ടശേഷം വേദാന്ത് എന്നെ കെട്ടിപ്പിടിച്ചു. 'റോക്കട്രി: ദി നമ്പി ഇഫക്ട്' കണ്ടതിന് ശേഷം തനിക്ക് അഭിമാനമുണ്ടെന്നാണ് വേദാന്ത് പറഞ്ഞത്. 'ധുരന്ധർ' സിനിമ സുഹൃത്തുക്കൾക്കൊപ്പം അമേരിക്കയിൽവെച്ചാണ് അവൻ കണ്ടത്. ചിത്രത്തിന്റെ ട്രെയിലർ അവന് ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്നും പറഞ്ഞിരുന്നു. അവന്റെ ഇത്തരം തുറന്ന അഭിപ്രായങ്ങൾക്ക് ഞാൻ വലിയ വില കൽപ്പിക്കുന്നുണ്ട്,” താരം കൂട്ടിച്ചേർത്തു.

കരിയറും കുടുംബജീവിതവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ച് മാധവൻ നേരത്തെയും സംസാരിച്ചിട്ടുണ്ട്. കുട്ടികൾക്കായി 'ക്വാളിറ്റി ടൈം' കണ്ടെത്തണമെന്ന സമ്മർദം പല മാതാപിതാക്കൾക്കും ഉണ്ടാകാറുണ്ട്. കുട്ടിയുടെ എല്ലാ പരിപാടികളിലും എല്ലായ്‌പ്പോഴും സന്നിഹിതനായിരിക്കുക മാത്രമല്ല നല്ല രക്ഷിതാവിന്റെ അളവുകോലെന്നാണ് മാധവന്റെ നിലപാട്. വേദാന്തിന് ഏകദേശം ആറ് വയസ്സുള്ളപ്പോൾ നടന്ന ഒരു സംഭാഷണവും താരം ഓർത്തെടുത്തു. തനിക്കൊപ്പം വേണ്ടത്ര 'ക്വാളിറ്റി ടൈം' ചെലവഴിക്കുന്നില്ലെന്ന് ഒരിക്കൽ മകൻ പരാതിപ്പെട്ടിരുന്നു. അച്ഛന് തന്റെ സ്‌കൂളിലെ എല്ലാ പരിപാടികളിലും പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും എന്നാൽ തനിക്ക് യഥാർഥത്തിൽ ആവശ്യമുള്ളപ്പോഴെല്ലാം അദ്ദേഹം ഒപ്പമുണ്ടായിരുന്നുവെന്നും വേദാന്ത് പറഞ്ഞതായി മാധവൻ ഓർത്തു. അതേ ഉറപ്പാണ് താനും മകന് നൽകാൻ ആഗ്രഹിച്ചതെന്നും താരം വ്യക്തമാക്കി. 

ഒരു കുട്ടിയുടെ ജീവിതത്തിൽ ഓരോ നിമിഷവും മാതാപിതാക്കൾ ശാരീരികമായി ഒപ്പമുണ്ടാകുന്നതിനേക്കാൾ പ്രധാനപ്പെട്ടത് ജീവിതത്തെ നേരിടാനുള്ള ആത്മവിശ്വാസവും ശരിയായ മൂല്യങ്ങളും നൽകുകയാണെന്നാണ് മാധവന്റെ അഭിപ്രായം. തിരക്കേറിയ കരിയറും കുടുംബജീവിതവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുമ്പോൾ ഒരിക്കലും സമയം തികയില്ലെന്നും, എന്നാൽ ഒരു അച്ഛനെന്ന നിലയിൽ താൻ എടുത്ത തീരുമാനങ്ങളിൽ ഖേദമില്ലെന്നും താരം നേരത്തെ പറഞ്ഞിട്ടുണ്ട്.

അതേസമയം, അച്ഛന്റെ താരപദവിയിൽനിന്ന് മാറി സ്വന്തമായൊരു വ്യക്തിത്വം വേദാന്ത് ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. നീന്തൽ താരമായ വേദാന്ത് അന്താരാഷ്ട്ര നീന്തൽ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മകന്റെ കായിക സ്വപ്നങ്ങൾക്ക് മാധവൻ എന്നും പിന്തുണ നൽകിയിട്ടുമുണ്ട്. ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘ജിഡിഎൻ’ ആണ് മാധവന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi