
കുഞ്ഞെപ്പോൾ കരഞ്ഞാലും വിശന്നിട്ടാണെന്ന് ചുറ്റുമുള്ളവർ കുറ്റപ്പെടുത്തുന്നത് പതിവായി കേൾക്കേണ്ടി വരുന്നവരാണ് അമ്മമാർ. ആറ് മാസത്തിന് മുമ്പേ കഞ്ഞിവെള്ളവും കൂവവെള്ളവുമൊക്കെ കൊടുക്കൂ എന്ന് ഉപദേശിക്കുന്നവരും വേറെ. ഈ കുറ്റപ്പെടുത്തലുകൾക്കും ഉപദേശങ്ങൾക്കും ഇടയിൽ കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതലാണ് കട്ടിയാഹാരം നല്കാൻ പറ്റുകയെന്നത് ഇന്നും അമ്മമാരുടെ പ്രധാന സംശയങ്ങളിലൊന്നാണ്.
ആദ്യം മുലപ്പാൽ
ആദ്യത്തെ ആറുമാസം കുഞ്ഞിനു മുലപ്പാൽ അല്ലാതെ മറ്റൊരു ആഹാരവും നൽകാൻ പാടില്ല. ആറുമാസം പ്രായമാകാത്ത കുഞ്ഞിന്റെ ദഹന വ്യവസ്ഥ പൂർണ്ണമായും വികസിച്ചിട്ടില്ല. അതുകൂടാതെ അലർജി, ആണുബാധ എന്നിവ പിടിപെടാനുള്ള സാദ്ധ്യതയും കൂടുതലാണ്. ആദ്യത്തെ ആറുമാസം വരെ കുഞ്ഞിന്റെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ എല്ലാ പോഷകഘടകങ്ങളും മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്. ഇത് ദഹിപ്പിക്കാനും ആഗിരണം ചെയ്യാനും എളുപ്പമാണ്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന നിരവധി ഘടകങ്ങളാൽ മുലപ്പാൽ സമൃദ്ധമാണ്. ആദ്യദിനങ്ങളിൽ സ്രവിക്കുന്ന പാൽ അഥവാ കൊളസ്ട്രം നിരവധി പ്രോട്ടീനുകൾ, ഇമ്മ്യൂണോഗ്ലോബിൻ, വിറ്റാമിനുകൾ, ആന്റിബോഡികൾ തുടങ്ങിയവയാൽ സമ്പുഷ്ടമാണ്. കുഞ്ഞിന്റെ തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും വളർച്ചയ്ക്ക് മുലപ്പാൽ സഹായിക്കുന്നു.
അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം വർദ്ധിപ്പിക്കുന്നതിന് പുറമേ മുലയൂട്ടൽ കൊണ്ട് അമ്മയ്ക്കുമുണ്ട് ഗുണങ്ങൾ. പ്രസവശേഷം ഉള്ള അമിത രക്തസ്രാവം കുറയ്ക്കാൻ മുലയൂട്ടൽ സഹായിക്കുന്നു. അണ്ഡാശയ, സ്താനാർബുദത്തിന്റെ സാദ്ധ്യത മുലയൂട്ടുന്ന അമ്മമാരിൽ കുറയുന്നതായാണ് പഠനങ്ങൾ.
മുലയൂട്ടലിന്റെ ഓരോ ഘട്ടത്തിലും മുലപ്പാലിന്റെ ഘടന വ്യത്യസ്തമാണ്. കുഞ്ഞു കുടിച്ചു തുടങ്ങുമ്പോൾ വരുന്ന പാൽ, കുഞ്ഞിന്റെ ദാഹത്തെ ശമിപ്പിക്കാനും ശേഷം വരുന്ന കൊഴുപ്പു നിറഞ്ഞ പാൽ വിശപ്പ് അകറ്റാനും സഹായിക്കുന്നു. മാസം തികയാതെ പ്രസവിക്കുന്ന അമ്മമാർ ചുരത്തുന്ന പാൽ കുഞ്ഞിന്റെ ആവശ്യാനുസരണം കൂടുതൽ മാംസ്യവും ധാതുക്കളും കൊണ്ട് സമ്പന്നമാണ്.
പുതിയ അമ്മമാർക്ക് തുടക്കത്തിൽ മുലയൂട്ടാൻ മറ്റൊരാളുടെ സഹായം വേണ്ടി വരാം. അമ്മയ്ക്കും കുഞ്ഞിനും ഒരേപോലെ സൗകര്യപ്രദമായ വിധത്തിൽ ഇരുന്നു വേണം പാലൂട്ടേണ്ടത്. നല്ല രീതിയിൽ പാൽ കുടിക്കുന്ന കുട്ടി വായ നന്നായി തുറക്കും. മുലക്കണ്ണും അതിന് ചുറ്റുമുള്ള ഭാഗവും കുഞ്ഞിന്റെ വായ്ക്കുള്ളിൽ ആയിരിക്കും. പരന്ന / ഉൾവലിഞ്ഞ മുലക്കണ്ണ്, മുലക്കണ്ണിൽ മുറിവ്, പാൽ കെട്ടി നിന്ന് മാറിടത്തിൽ വേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ ആദ്യഘട്ടത്തിൽ അമ്മമാർക്ക് ഉണ്ടാകാം. ചുരത്തുന്ന പാലിന്റെ അളവ് കുറവാണ് എന്ന് പല അമ്മമാർക്കും ആശങ്ക ഉണ്ടാകാറുണ്ട്. പാലു കുടിച്ചശേഷം കുഞ്ഞ് 2 - 3 മണിക്കൂർ നേരം ഉറങ്ങുന്നുണ്ട്, 6 - 8 തവണ മൂത്രം ഒഴിക്കുന്നുണ്ട്, ശരീരഭാരം കൂടുന്നുണ്ട് എങ്കിൽ കുഞ്ഞിന് ആവശ്യത്തിനു പാൽ കിട്ടുന്നുണ്ടെന്ന് അനുമാനിക്കാം.
അമ്മയുടെയോ കുഞ്ഞിന്റെയോ ആരോഗ്യ പ്രശ്നങ്ങളാൽ മുലയൂട്ടാൻ കഴിയാതെ വന്നാൽ പാൽ പിഴിഞ്ഞെടുത്ത് കുഞ്ഞിനു നൽകാം. ഇങ്ങനെ എടുക്കുന്ന പാൽ 6 മണിക്കൂർ പുറത്തും 24 മണിക്കൂർ ഫ്രിഡ്ജിനുള്ളിലും സൂക്ഷിക്കാം. ആറ് മാസത്തിന് ശേഷം ജോലിക്കും മറ്റുമായി പോകുന്ന അമ്മമാർക്കും പാൽ ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് എടുത്ത് സൂക്ഷിക്കാവുന്നതാണ്.
കട്ടിയുള്ള ആഹാരം എപ്പോൾ മുതൽ
ആറ് മാസം ആകുമ്പോൾ കുഞ്ഞിന് കൂടുതൽ പോഷകങ്ങൾ ലഭിക്കേണ്ടതായിട്ടുണ്ട്. അയൺ, സിങ്ക്, കാൽസ്യം എന്നിവ വേണ്ടിവരും. അവ മുലപ്പാലിൽ നിന്നും മതിയായ അളവിൽ ലഭിക്കുകയില്ല. അതിനായി അധികഭക്ഷണം നൽകേണ്ടതായിട്ടുണ്ട്. ആറ് മാസം കഴിഞ്ഞാൽ കുഞ്ഞ് പുതിയ രുചികളും ഭക്ഷണരൂപങ്ങളും സ്വീകരിക്കാൻ തയ്യാറാകും. ഇത് പിന്നീട് നല്ല ഭക്ഷണശീലം രൂപപ്പെടുത്താൻ സഹായിക്കും.
കട്ടിയുള്ള ആഹാരം നൽകേണ്ടതെങ്ങനെ?
- കുഞ്ഞിന്റെ തല ഉറയ്ക്കുന്നത് നാല് മാസത്തിലാണ്. അതുകൊണ്ടുതന്നെ കുഞ്ഞിനെ നേരത്തെ തന്നെ താങ്ങി ഇരുത്തി (Supported sitting position) ശീലിപ്പിക്കുക.
- കട്ടി ആഹാരം നൽകി തുടങ്ങുമ്പോൾ ആദ്യ നാളുകളിൽ, ദിവസത്തിൽ ഒരു പ്രാവശ്യം മാത്രം നൽകുക. കുഞ്ഞ് ആക്ടീവായി ഇരിക്കുന്ന സമയത്ത് നൽകുന്നതാകും ഉചിതം. മധുരം ചേർക്കാത്ത ഭക്ഷണമാണ് നൽകേണ്ടത്. ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണപദാർത്ഥം ആയിരിക്കണം ആദ്യം തുടങ്ങേണ്ടതും (ഉദാഹരണം - റാഗി, ആപ്പിൾ വേവിച്ച് ഉടച്ചത് പോലെയുള്ളവ).
- ചെറിയ സ്പൂൺ ഉപയോഗിച്ച് വേണം ഭക്ഷണം നൽകാൻ. ആദ്യ നാളുകളിൽ 2-3 സ്പൂൺ കഴിക്കാൻ താല്പര്യം കാണിക്കും. പിന്നീട് ക്രമേണ ഭക്ഷണം നൽകുന്നതിന്റെ അളവ് വർദ്ധിപ്പിക്കുക. കുഞ്ഞിനെ നിർബന്ധിച്ച് ഭക്ഷണം നൽകരുത്. അത് 'Food aversion' എന്ന അവസ്ഥയിലേക്ക് നയിക്കാൻ സാദ്ധ്യതയുണ്ട്. ഒരു കാരണവശാലും ഭക്ഷണം മിക്സിയിൽ അരച്ച് നൽകരുത്. കൈവച്ച് നന്നായി ഉടച്ച് തരിയോട് കൂടി നൽകുക. പുതിയതായി ഒരു ഭക്ഷണം നൽകുമ്പോൾ അത് മാത്രം തുടർച്ചയായി മൂന്ന് ദിവസം നൽകി (ദിവസവും ഒരു നേരം) അലർജി, വയറിളക്കം, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെയില്ല എന്ന് ഉറപ്പാക്കിയ ശേഷം മാത്രം മറ്റൊരു പുതിയ ഭക്ഷണം നൽകുക.
- നവധാന്യങ്ങൾ, കോഴിയിറച്ചി, മീൻ, മാംസം, പശുവിൻ പാൽ തുടങ്ങിയവ കുഞ്ഞിന് ഒരു വയസ്സ് ആയതിനുശേഷം നൽകുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ദഹന പ്രശ്നങ്ങൾ വരാൻ സാദ്ധ്യതയുണ്ട്.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ
- കട്ടി ആഹാരം നൽകിത്തുടങ്ങിയാലും മുലപ്പാൽ നൽകുന്നത് തുടരുക.
- കട്ടിയുള്ള ആഹാരം ഒരിക്കലും മുലപ്പാലിന് പകരം അല്ല എന്ന് മനസ്സിലാക്കുക.
- കുഞ്ഞിന് നൽകുന്ന ഭക്ഷണത്തിൽ ഉപ്പും പഞ്ചസാരയും ചേർക്കരുത്.
- കുഞ്ഞുങ്ങൾക്ക് നിർബന്ധിച്ച് ഭക്ഷണം നൽകരുത്.
- ആവശ്യമായ വെള്ളം കൂടി ഭക്ഷണത്തോടൊപ്പം നൽകുക.
- ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണം കൊടുക്കാതിരിക്കുക.
- ഫോൺ, ടിവി മുതലായ ഉപകരണങ്ങൾ നൽകി കുഞ്ഞിന്റെ ശ്രദ്ധ മാറ്റി ഭക്ഷണം നൽകരുത്.
- കുഞ്ഞുങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കുമ്പോഴും നൽകുമ്പോഴും ശുചിത്വം പാലിക്കുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 21 Aug 2026, 03:25 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented