തമിഴ്‌നടൻ രവി മോഹനും ഭാര്യ ആർതിയും തമ്മിലുള്ള വിവാഹമോചനകേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ തന്റെയും കുട്ടികളുടെയും ചെലവിനായി പ്രതിമാസം 40 ലക്ഷം രൂപ രവി തരണമെന്നാവശ്യപ്പെട്ട് ആർതി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, 40 ലക്ഷം രൂപ എന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. പകരം പ്രതിമാസം അഞ്ചുലക്ഷം രൂപ ഇടക്കാല ജീവനാംശമായി നൽകണമെന്നും കോടതി രവി മോഹനോട് ആവശ്യപ്പെട്ടു.

To advertise here,

കോടതിവിധി വന്നശേഷം രവി മോഹൻ-ആർതി വിവാഹമോചനകേസ് വീണ്ടും ചർച്ചയായി. എന്തിനാണ് ആർതി പ്രതിമാസം 40 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടതെന്നായിരുന്നു പലരുടെയും സംശയം. ഇക്കാര്യത്തിൽ വ്യക്തതയുമായി വന്നിരിക്കുകയാണ് ആർതിയുടെ അമ്മയും നിർമാതാവുമായ സുജാത വിജയകുമാർ. ചെന്നൈയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് അവർ കാര്യങ്ങൾ വിശദീകരിച്ചത്.

40 ലക്ഷം രൂപ ഒരിക്കലും ആർതിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടിയായിരുന്നില്ലെന്നും സുജാത വ്യക്തമാക്കി. ''തനിക്ക് പ്രതിമാസ ചെലവിനായി 40 ലക്ഷം രൂപ വേണമെന്ന് ആർതി ആവശ്യപ്പെട്ടിട്ടില്ല. രവി മോഹൻ കാരണം ഞങ്ങൾക്ക് വലിയ കടബാധ്യതയുണ്ട്; വീട് ജപ്തി ചെയ്യാനുള്ള നോട്ടീസ് പോലും ബാങ്ക് നൽകിക്കഴിഞ്ഞു. കുട്ടികളുടെ സ്‌കൂൾ ഫീസ് അടയ്ക്കാനോ ഭക്ഷണം കഴിക്കാനോ ട്യൂഷൻ ഫീസ് നൽകാനോ ഇപ്പോൾ പണമില്ല'', സുജാത പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാനും പ്രതിമാസ സാമ്പത്തിക സഹായം നൽകാനും രവി മോഹനോട് കോടതി നേരത്തെ തന്നെ നിർദ്ദേശിച്ചിരുന്ന കാര്യം അവർ വിശദീകരിച്ചു.

''കുട്ടികൾ ഒരു അമേരിക്കൻ സ്‌കൂളിലാണ് പഠിക്കുന്നത്. രവി തന്നെയാണ് അവരെ അവിടെ ചേർത്തത്. പ്രതിവർഷം 86 ലക്ഷം രൂപയാണ് അവരുടെ സ്‌കൂൾ ഫീസ്. ഇത് അടയ്ക്കാൻ കോടതി അദ്ദേഹത്തോട് ഉത്തരവിട്ടിട്ടുണ്ട്. അതുപോലെ, ആർതിക്ക് 3 ലക്ഷം രൂപയും മക്കളായ ആരവിനും അയാനും പ്രതിമാസം 1 ലക്ഷം രൂപ വീതവും നൽകാൻ അദ്ദേഹത്തോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ചെലവും അദ്ദേഹം വഹിക്കേണ്ടതുണ്ട്''.

കുട്ടികളെ കാണാൻ തന്നെ സമ്മതിച്ചില്ലെന്ന രവിയുടെ ആരോപണവും അവർ തള്ളിക്കളഞ്ഞു. കുട്ടികളും അവരുടെ പിതാവും തമ്മിലുള്ള ബന്ധം തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിഞ്ഞവർഷം ആർതി കോടതിയെ സമീപിച്ചിരുന്നു. ''അദ്ദേഹം കുട്ടികളെ കാണാൻ പാടില്ലെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. കുട്ടികൾക്ക് അവരുടെ പിതാവുമായി നല്ലൊരു ബന്ധം ഉണ്ടാകണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ്, കഴിഞ്ഞ വർഷം ആർതി തന്നെ കുട്ടികളെ കാണാനുള്ള അനുമതിക്കായി (വിസിറ്റേഷൻ പെറ്റീഷൻ) കോടതിയെ സമീപിച്ചത്. അവർ നാലുപേരും തമ്മിൽ പതിവായി കൂടിക്കാഴ്ച നടത്തണമെന്ന് കോടതി ഇപ്പോൾ ഉത്തരവിട്ടതാണ് ഞങ്ങൾക്ക് ഏറ്റവും വലിയ ആശ്വാസം. കഴിഞ്ഞ രണ്ട് വർഷമായി, കൂടിക്കാഴ്ചകൾ ക്രമീകരിക്കാനും ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഞങ്ങൾ പരമാവധി ശ്രമിച്ചുവരികയായിരുന്നു. ഇപ്പോൾ കോടതി അത് സാധ്യമാക്കിയിരിക്കുന്നു''.

കുട്ടികൾക്ക് ഇഷ്ടമില്ലാതിരുന്നതിനാലാണ് രവിക്ക് അവരെ കാണാൻ പറ്റാതിരുന്നതെന്നും സുജാത വെളിപ്പെടുത്തി. കുട്ടികളെ കാണുന്നത് ഒരു ഹീലറുടെ (കെനീഷ ഫ്രാൻസിസ്) സാന്നിധ്യത്തിലായിരിക്കണമെന്ന് രവി നിർദേശിച്ചതാണ് പ്രശ്‌നമുണ്ടാക്കിയത്. ''കുട്ടികളും രവിയും തമ്മിലുള്ള കൂടിക്കാഴ്ചകൾ ഒരു ഹീലറുടെ സാന്നിധ്യത്തിലായിരിക്കണം എന്ന് രവി പറഞ്ഞിരുന്നു. അതിൽ കുട്ടികൾക്ക് അസ്വസ്ഥതയുണ്ടായിരുന്നു. അതുകൊണ്ടാണ് അവർ മടി കാണിച്ചത്; ഞങ്ങൾ അവരെ തടഞ്ഞതുകൊണ്ടല്ല''. സുജാത പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi