നടി തൃഷാ കൃഷ്ണനെതിരെ (Trisha Krishnan) ദ്വയാർഥപ്രയോഗം നടത്തിയതിന് തമിഴ്‌നാട്ടിലെ പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെ (Udayanidhi Stalin) പോലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ പോലീസാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.

To advertise here,

കാവേരി നദീജല തർക്കവുമായി (Cauvery Water Dispute) ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുണ്ടായത്. സംസ്ഥാനസർക്കാരിനെതിരായി ഡി.എം.കെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതിനെ അഭിസംബോധന ചെയ്യവെയാണ് വിജയ്‌യെയും തൃഷയെയും ബന്ധപ്പെടുത്തി ഉദയനിധിയുടെ അധിക്ഷേപപരമായ പരാമർശമുണ്ടായത്.

കാവേരിയിൽനിന്ന് ഒരു തുള്ളി വെള്ളം പോലും തമിഴ്നാടിന് ലഭിച്ചിട്ടില്ലെന്നും, എന്നിട്ടും ഇക്കാര്യത്തിൽ മുഖ്യമന്ത്രി ജോസഫ് വിജയ് നിസ്സംഗത പാലിക്കുകയാണെന്നും ഉദയനിധി ആരോപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നമായ കാവേരി നദിയിലെ വെള്ളത്തിൽ ഇടപെടുന്നതിന് പകരം മറ്റുചില കാര്യങ്ങളിലാണ് ശ്രദ്ധയെന്നും ഉദയനിധി പറഞ്ഞു. അതിനിടെയാണ് ജനക്കൂട്ടത്തിൽനിന്നൊരാൾ 'തൃഷ, തൃഷ' എന്ന് വിളിച്ചുപറഞ്ഞത്. പ്രസംഗം നിർത്തിവെച്ച ഉദയനിധി, ഒരു പരിഹാസച്ചിരിയുമായി നിന്നു. പിന്നാലെയാണ് അശ്ലീലച്ചുവയുള്ള, ദ്വയാർത്ഥമുള്ള പരാമർശം നടത്തിയത്. പിന്നാലെ താൻ കാവേരി നദിയെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്നും പറഞ്ഞ് അദ്ദേഹം വഴുതിമാറി.

ഈ പരാമർശം പിന്നീട് കടുത്ത രാഷ്ട്രീയ വിമർശനങ്ങൾക്ക് വഴിവെച്ചു. ഉദയനിധിക്കെതിരെ വൻപ്രതിഷേധമുണ്ടായി. തമിഴക വെട്രി കഴകം (TVK) ദേശീയ വനിതാ കമ്മീഷന് പരാതി നൽകുകയും ചെയ്തു. ഉദയനിധിക്കെതിരെ സംസ്ഥാനവ്യാപകമായി പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പാർട്ടി.

തമിഴ്‌നാട്ടിലെ മറ്റെല്ലാ രാഷ്ട്രീയപാർട്ടികളും ഇതിനെതിരെ രംഗത്തുവന്നു. ''തഞ്ചാവൂരിൽ വെച്ച് മുഖ്യമന്ത്രി വിജയ്‌യെയും തൃഷയെയും കുറിച്ച് ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസംഗം, അറപ്പുളവാക്കുന്നതും അശ്ലീലവും ലജ്ജാകരവുമാണ്. സത്യത്തിൽ, അമ്മയും ഭാര്യയും മകളുമുള്ള ഒരു ഗുണ്ടയോ കള്ളനോ പോലും ഇത്രയും മോശമായി സംസാരിക്കില്ല. അത്തരത്തിൽ സംസാരിക്കുന്നവരോട് ഒരു അമ്മയോ ഭാര്യയോ മകളോ ഒരിക്കലും പൊറുക്കില്ല. എന്നാൽ, 'ദ്രാവിഡ മാതൃക' എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ പരസ്യമായി ഇത്തരത്തിൽ സംസാരിക്കുമ്പോൾ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിശബ്ദനായി നോക്കിനിൽക്കുന്നത് ലജ്ജാകരമാണ്'', ബി.ജെ.പി വക്താവ് നാരായൺ തിരുപ്പതി പറഞ്ഞു.

സോഷ്യൽമീഡിയയും ഉദയനിധിയുടെ പരാമർശത്തിനെതിരെ ശക്തമായി രംഗത്തെത്തി.

ഇതാദ്യമായിട്ടല്ല തൃഷയെ ലക്ഷ്യംവെച്ച് മോശമായ പരാമർശങ്ങളുണ്ടാവുന്നത്. വിജയ്‌യെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിനുപകരം പലരും തൃഷയെ അതിലേക്ക് വലിച്ചിടുകയാണ് ചെയ്യുന്നത്. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഉയർന്നുവന്നതുമുതൽ, സിനിമാ-രാഷ്ട്രീയ രംഗങ്ങളിലുള്ളവർ ഇക്കാര്യത്തിൽ അഭിപ്രായപ്രകടനങ്ങൾ നടത്താൻ മുതിരാറുണ്ട്. ഈ വർഷം ആദ്യം, രാഷ്ട്രീയത്തിലിറങ്ങുന്നതിന് മുൻപ് വിജയ് 'തൃഷയുടെ വീട്ടിൽ നിന്ന് പുറത്തുവരണം' എന്ന് തമിഴ്നാട് ബി.ജെ.പി നേതാവ് നൈനാർ നാഗേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. ഇതും ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi