വിവാഹം കഴിഞ്ഞാൽ സ്ത്രീകളുടെ കരിയറിന് തിരിച്ചടിയുണ്ടാകുമോ? കുടുംബവും കുട്ടികളും ജോലിയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുമോ? സ്ത്രീകളുടെ തൊഴിൽജീവിതത്തെക്കുറിച്ചുള്ള ചർച്ചകളിൽ പലപ്പോഴും ഉയരുന്ന ചോദ്യങ്ങളാണിവ. എന്നാൽ, ഈ ചോദ്യങ്ങളുടെ കാഴ്ചപ്പാട് തന്നെ മാറേണ്ടതുണ്ടെന്നാണ് നടി രാധിക ആപ്തെയുടെ അഭിപ്രായം. വിവാഹമോ മാതൃത്വമോ അല്ല സ്ത്രീകളുടെ കരിയറിനെ ബാധിക്കുന്ന പ്രധാന പ്രശ്‌നം. ജോലി സമയത്തിന് ശേഷവും ജീവനക്കാർ എപ്പോഴും ലഭ്യമായിരിക്കണമെന്ന് പ്രതീക്ഷിക്കുന്ന തൊഴിൽസംസ്‌കാരമാണ് മാറേണ്ടതെന്ന് രാധിക പറയുന്നു. Curly Tales-ന് നൽകിയ അഭിമുഖത്തിൽ കാമിയ ജാനിയുമായി സംസാരിക്കുകയായിരുന്നു താരം. വിവാഹം ഒരു സ്ത്രീയുടെ കരിയറിന് തടസ്സമാകുമോ എന്ന ചോദ്യത്തിനായിരുന്നു രാധികയുടെ മറുപടി.

To advertise here,

“ഞാൻ വിവാഹിതയല്ലാത്ത ഒരു സ്ത്രീയാണെന്ന് കരുതുക. അപ്പോൾ എനിക്ക് ഒരു ജീവിതം വേണ്ടേ? കുട്ടികളുള്ളതുകൊണ്ട് മാത്രമല്ല ഒരാൾക്ക് ജോലിയിൽനിന്ന് നേരത്തേ ഇറങ്ങേണ്ടിവരുന്നത്. എല്ലാവർക്കും ജോലിക്കപ്പുറം ഒരു ജീവിതമുണ്ട്. അതാണ് മനസ്സിലാക്കേണ്ടത്. കുട്ടികളെ നോക്കേണ്ടതോ കുടുംബകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതോ മാത്രമല്ല ഒരാൾക്ക് ജോലി കഴിഞ്ഞുള്ള സമയം ആവശ്യമായി വരുന്നതിന്റെ കാരണം. സ്വന്തം ഇഷ്ടങ്ങൾക്കായി സമയം കണ്ടെത്താനും സുഹൃത്തുക്കളെ കാണാനും വിശ്രമിക്കാനുമെല്ലാം ഓരോരുത്തർക്കും അവകാശമുണ്ട്. അതിന് വിവാഹിതയോ അമ്മയോ ആകണമെന്ന നിബന്ധനയില്ല, രാധിക പറയുന്നു.

ജോലി സമയത്തിനപ്പുറവും ജീവനക്കാർ എപ്പോഴും ഫോണിൽ ലഭ്യമായിരിക്കണമെന്ന തൊഴിൽസംസ്‌കാരത്തെയും രാധിക വിമർശിച്ചു. രാത്രി വൈകിയും അവധി ദിവസങ്ങളിലും തുടർച്ചയായി വിളിച്ച് ജോലി ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നാണ് താരത്തിന്റെ നിലപാട്.

“ഞാൻ നിങ്ങളുടെ ജോലി ചെയ്യുന്നു എന്നതുകൊണ്ട് എന്റെ സമയത്തിന്റെ ഉടമസ്ഥാവകാശം നിങ്ങൾക്കാകുന്നില്ല. രാത്രി 11.30-ന് വിളിച്ചാൽ ഞാൻ ഫോൺ എടുക്കുമെന്ന് പ്രതീക്ഷിക്കരുത്. വാരാന്ത്യങ്ങളിലും വിളിക്കരുത്. 24 മണിക്കൂറും വർഷത്തിൽ 365 ദിവസവും ഞാൻ ജോലിക്ക് ലഭ്യമായിരിക്കുമെന്ന് കരുതരുത്. പക്ഷേ, നമ്മുടെ തൊഴിൽസംസ്‌കാരം അങ്ങനെയാണ്. ജോലി ഉത്തരവാദിത്തത്തോടെ ചെയ്യുക എന്നതും തൊഴിലുടമയ്ക്ക് ജീവനക്കാരന്റെ മുഴുവൻ സമയവും സ്വന്തമാണെന്ന് കരുതുന്നതും രണ്ടാണ്. ജോലി പൂർത്തിയാക്കിയാൽ അതിനപ്പുറം സ്വന്തം സമയത്ത് എന്തുചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തർക്കുമുണ്ട്. ഈ അതിരുകൾ മാനിക്കാത്ത തൊഴിൽസംസ്‌കാരമാണ് യഥാർഥപ്രശ്‌നം”, രാധിക ചൂണ്ടിക്കാട്ടുന്നു.

തന്റെ വ്യക്തിപരമായ ജീവിതത്തിലെ ചെറിയ ആഗ്രഹങ്ങൾ പങ്കുവച്ചുകൊണ്ടാണ് രാധിക ഈ നിലപാട് കൂടുതൽ വ്യക്തമാക്കുന്നത്. വിവാഹിതയല്ലാത്ത ഒരാൾക്കും ജോലി കഴിഞ്ഞ് സ്വന്തം ഇഷ്ടങ്ങൾക്കായി സമയം വേണം. “ഞാൻ അവിവാഹിതയായിരിക്കാം. എനിക്ക് സന്തോഷകരമായ ഒരു ജീവിതമുണ്ടാകാം. പക്ഷേ, ആ ജീവിതത്തിനും എനിക്ക് സമയം വേണം. സോഫയിലിരുന്ന് ഒരു പുസ്തകം വായിക്കണം. സുഹൃത്തുക്കളെ കാണണം. ഒരു പുസ്തകം എഴുതണം. അതിനെല്ലാം എനിക്ക് ഒഴിവുസമയം ആവശ്യമാണ്. അതുകൊണ്ട് ഇതൊരു വിവാഹത്തിന്റെ മാത്രം പ്രശ്‌നമല്ല”, രാധിക പറയുന്നു.

സ്ത്രീകളുടെ കരിയറിനെക്കുറിച്ചുള്ള ചർച്ചകൾ വിവാഹത്തിലും മാതൃത്വത്തിലും മാത്രം ഒതുങ്ങരുതെന്ന ഓർമപ്പെടുത്തലാണ് രാധികയുടെ വാക്കുകൾ. ജോലി ചെയ്യുന്ന ഒരാൾക്ക് കുടുംബമുണ്ടെങ്കിലും ഇല്ലെങ്കിലും വ്യക്തിപരമായ ജീവിതത്തിനും വിശ്രമത്തിനും അവകാശമുണ്ട്. ആ അവകാശം ചോദിച്ചുവാങ്ങേണ്ട പ്രത്യേക ആനുകൂല്യമായി കാണാതെ തൊഴിൽസംസ്‌കാരത്തിന്റെ ഭാഗമാക്കുകയാണ് വേണ്ടതെന്ന് താരം ഓർമിപ്പിക്കുന്നു. 
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi