മെസ്സിയുടെ കളിയെയും കളിരീതിയെയും സാങ്കേതികത്തികവിനെയും കുറിച്ചെല്ലാം ഒട്ടനേകം ലേഖനങ്ങളും പഠനങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. പന്തടക്കം, ഡ്രിബ്ലിങ് മികവ്, വേഗം, ഗെയിം റീഡിങ് തുടങ്ങി ഫുട്ബോളർക്കുവേണ്ട ഗുണങ്ങളെല്ലാം മെസ്സിയിൽ സംഗമിച്ചിട്ടുണ്ട്. നൂറുകണക്കിന് കളിക്കാരിലും ഈ ഗുണങ്ങളെല്ലാം ഉണ്ട്. എന്നിട്ടും മെസ്സിയെങ്ങനെ ഇതിഹാസവും മിശിഹയുമായി? യൂട്യൂബിലോ, മറ്റെതെങ്കിലും പ്ലാറ്റ്ഫോമിലോ മെസ്സി കളിക്കുന്നതിന്റെ സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ കണ്ടാൽപോലും റൊസാരിയോയിൽനിന്നുള്ള ആ മനുഷ്യൻ ഫുട്ബോൾ ആരാധകരുടെ മിശിഹയായതിന്റെ ഉത്തരം ലളിതമായി ലഭിക്കും.

To advertise here,

അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് മെസ്സി വിരമിക്കുമ്പോൾ കളിമികവുമായി ബന്ധപ്പെട്ട ചില പഠനങ്ങൾക്ക് പ്രസക്തിയുണ്ട്. പന്തുമായി മെസ്സി കളിക്കളത്തിൽ കുതിക്കുന്നതിന്റെ പരമാവധി വേഗത മണിക്കൂറിൽ 34.3 കിലോമീറ്ററിലാണ്. മെസ്സിയുടെ കളിമികവിലും ഗോൾവേട്ടയിലും ഗോളവസരമൊരുക്കുന്നതിലും ഈ വേഗക്കുതിപ്പ് ഏറെ സഹായകരമായിട്ടുണ്ട്. മൈതാനത്ത് അലസനായി നിൽക്കുകയും പന്ത് ലഭിച്ചാൽ അതിവേഗത്തിൽ മുന്നോട്ടുകുതിക്കുകയുംചെയ്യുന്ന മെസ്സി സാധാരണ കാഴ്ചയാണ്. നിശ്ചലാവസ്ഥയിൽ നിന്ന് കേവലം 2.73 സെക്കൻഡുകൊണ്ട് ഏകദേശം മണിക്കൂറിൽ 31.38 കിലോമീറ്റർ വേഗത്തിലേക്ക് മാറാൻ മെസ്സിക്ക് കഴിയും. ഡ്രിബ്ലിങ് നടത്തുമ്പോൾ കാലുകളും പന്തും തമ്മിലുള്ള അകലം 20 മുതൽ 70 സെന്റിമീറ്റർ മാത്രമായിരിക്കും. ശരീരവും പന്തും തമ്മിലുള്ള ഈ അടുപ്പമാണ് എതിരാളികളുടെ നിലതെറ്റിക്കാനും ഏത് കടുത്ത പ്രതിരോധഭിത്തിയും അനായാസം തകർക്കാനും മെസ്സിയെ സഹായിച്ചിട്ടുള്ളത്.

എതിർതാരങ്ങളെ വെട്ടിയൊഴിഞ്ഞും, നൃത്തച്ചുവടുകളുമായി കുതിക്കുകയും ചെയ്യുന്ന മെസ്സി സുന്ദരമായ കാഴ്ചയാണ്. മെസ്സിയുടെ ഡ്രിബ്ലിങും പഠനവിധേയമായിട്ടുണ്ട്. അഞ്ച് അടി ഏഴ് ഇഞ്ചാണ് മെസ്സിയുടെ ഉയരം. ഉയരക്കുറവ് ഡ്രിബ്ലിങ് മികവിന് സഹായകമായിട്ടുണ്ടെന്നാണ് വാദം. ഒരു കളിക്കാരൻ പന്തുമായി വെട്ടിത്തിരിയുന്നതിനെടുക്കുന്ന ശരാശരി സമയത്തിൽനിന്ന് 0.2 സെക്കൻഡ് കുറവാണ് മെസ്സിയുടെ വെട്ടിത്തിരിയലുകൾക്കുണ്ടായിരുന്നത്. ഉയരക്കുറവാണ് മെസ്സിയെ ഇതിന് സഹായിച്ചത്.

ഇതിനുപുറമേ ചുമലും ഇടുപ്പും നേർവിപരീതദിശകളിലേക്ക് ചലിപ്പിച്ച് എതിർതാരങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ മെസ്സിക്ക് കഴിയാറുണ്ട്. വിജയകരമായ ഡ്രിബ്ലിങ്ങുകളിൽ 94 ശതമാനത്തിലും ചുമൽ ഒരു ദിശയിലേക്കും ഇടുപ്പും പന്തും മറ്റൊരു ദിശയിലേക്കുമണ് മെസ്സി ചലിപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് എതിർകളിക്കാരുടെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്നതും മെസ്സിയുടെ മുന്നേറ്റം സുഗമമാക്കുന്നതുമാണ്.

(കൂടുതൽ വായിക്കാം മെസ്സി സ്‌പെഷൽ മാതൃഭൂമി സ്‌പോർട്‌സ് മാസികയിൽ. ഓൺലൈൻ വഴി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi