നീറ്റ് വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട്, പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചവർക്കെതിരേ ബോളിവുഡ് നടി ഭൂമി പട്നേകർ രംഗത്തെത്തിയത് വിവാദമായിരുന്നു. വിദ്യാർഥികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെങ്കിലും പ്രധാനമന്ത്രിയെ മോശം ഭാഷയിൽ കളിയാക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഭൂമി പറഞ്ഞത്. എന്നാൽ, വിദ്യാർഥികൾ നയിച്ച പ്രകടനങ്ങൾക്ക് കാരണമായ ആശങ്കകളെപ്പറ്റി സംസാരിക്കാതെ പ്രതിഷേധക്കാരുടെ പെരുമാറ്റത്തെപ്പറ്റി മാത്രം അഭിപ്രായം പറഞ്ഞതിന് ഭൂമിക്കെതിരേ വലിയ പ്രതിഷേധമുയർന്നു. 

To advertise here,

ഇപ്പോഴിതാ നടിക്കെതിരേ വ്യക്തിപരമായ ഒരു വിമർശനം ഉന്നയിച്ചിരിക്കുകയാണ് മുൻ അധ്യാപിക. മുംബൈ ആസ്ഥാനമായുള്ള ഒരു ഫിലിം സ്കൂളിൽ നടിയെ കുറച്ചുകാലം പഠിപ്പിച്ചിരുന്ന, സ്പിരിച്വൽ സൈക്കോതെറാപ്പിസ്റ്റ് ശ്രുതി ദേശായിയാണ് നടിക്കെതിരേ സംസാരിച്ചത്. ഭൂമി തൻ്റെ അധ്യാപകരോട് അനാദരവോടെയും ഏതാണ്ട് പുച്ഛത്തോടെയും പെരുമാറുന്നയാളായിരുന്നു എന്ന് അവർ അനുസ്മരിച്ചു.

"@bhumisatishpednekkar മുംബൈ ആസ്ഥാനമായുള്ള ഒരു ഫിലിം സ്കൂളിൽ നിങ്ങളുടെ അധ്യാപകരിൽ ഒരാളായിരുന്നതായി എനിക്കോർമ്മയുണ്ട്. നിർഭാഗ്യവശാൽ, അധ്യാപകരോട് നിങ്ങൾ എത്ര അനാദരവുള്ളവളായിരുന്നെന്നും ഏതാണ്ട് പുച്ഛത്തോടെ പെരുമാറിയെന്നും എനിക്കോർമ്മയുണ്ട്. ബഹുമാനം, ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള നിങ്ങളുടെ പുതിയ സമീപനത്തെക്കുറിച്ചും ഈ കാലയളവിനിടയിൽ നിങ്ങളുടെ ലോകവീക്ഷണം എത്രത്തോളം നാടകീയമായി മാറിയെന്നതിനെക്കുറിച്ചും വിശദീകരിക്കാമോ?" എന്ന് അവർ ഇൻസ്റ്റാഗ്രാമിൽ (instagram) കുറിച്ചു.

എന്നാൽ, ശ്രുതിയുടെ പോസ്റ്റ് ഓൺലൈനിൽ സമ്മിശ്ര പ്രതികരണങ്ങൾക്കാണ് വഴിവെച്ചത്. വർഷങ്ങൾക്ക് മുമ്പുള്ള ഭൂമിയുടെ പെരുമാറ്റത്തെക്കുറിച്ച് സംസാരിച്ചതിന് പലരും അധ്യാപികയെ വിമർശിച്ചു. "അപ്പോൾ നിങ്ങളുടെ അഭിപ്രായത്തിൽ, ഒരാൾ ചെറുപ്പത്തിൽ അനാദരവുള്ളവരും നിസ്സാരനും ആയിരുന്നെങ്കിൽ, ജീവിതകാലം മുഴുവൻ അങ്ങനെയായിരിക്കണമോ? ഒരു അധ്യാപകനിൽ നിന്ന് ഇത് ഞാൻ പ്രതീക്ഷിച്ചില്ല"- എന്നായിരുന്നു ഒരു കമന്റ്. "രണ്ട് വാക്കിലൂടെ പിന്തുണ നൽകുന്നതിനു പകരം, അന്ന് 15 വയസ്സുണ്ടായിരുന്ന ഒരു പെൺകുട്ടിയെ ലക്ഷ്യമിടുന്നു" എന്ന് മറ്റൊരാളും കമന്റ് ചെയ്തു. ചിലർ അധ്യാപികയുടെ തുറന്നുപറച്ചിലിനെ അനുകൂലിക്കുന്നുമുണ്ട്. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi