ഓഹരി ഇടപാടില്‍നിന്ന് നേട്ടമുണ്ടാക്കിയ കഥകള്‍ കേട്ടാണ് അബിന്‍ പ്രമുഖ ഡിസ്‌കൗണ്ട് ബ്രോക്കര്‍ വഴി അക്കൗണ്ട് എടുത്തത്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെ ലാഭ ചര്‍ച്ചകളും ദിനവ്യാപാരത്തിന് അബിന് പ്രേരണയായി. അതോടൊപ്പം മ്യൂച്വല്‍ ഫണ്ടില്‍ എസ്.ഐ.പി തുടങ്ങാനും മറന്നില്ല. രണ്ട് മാസമായി കടുത്ത മനഃസംഘര്‍ഷത്തിലാണ് അദ്ദേഹം. നിക്ഷേപിച്ച പണത്തില്‍ 20 ശതമാനത്തോളം നഷ്ടമായിരിക്കുന്നു. ഏതായാലും കൂടുതല്‍ പണം നഷ്ടപ്പെടേണ്ടെന്ന് കരുതി കിട്ടിയതെല്ലാം പിന്‍വലിച്ച് ബാങ്കിലിട്ടു.

മൂന്നു മാസമായി വിപണിയില്‍ ചാഞ്ചാട്ടം തുടരുകയാണ്. സമൂഹ മാധ്യമങ്ങളിലെ കുറിപ്പുകളില്‍ പണം നഷ്ടപ്പെട്ടവരുടെ കഥകള്‍ നിറഞ്ഞിരിക്കുന്നു. എളുപ്പത്തില്‍ നേട്ടമുണ്ടാക്കാന്‍ അനുയോജ്യമായ ഓഹരികള്‍ നിര്‍ദേശിക്കാമോയെന്ന ചോദ്യവുമായി അക്ഷമയോടെ കാത്തിരിക്കുന്ന വലിയൊരു സമൂഹം ഇപ്പോഴുമുണ്ട്.

ഒരു ദിവസം കൊണ്ട് ലാഭം കൊയ്യാമെന്ന അത്യാഗ്രഹം ഓഹരി നിക്ഷേപകരില്‍ പൊതുവേ കാണാറുണ്ട്.  വിപണി ഉയരുകയോ താഴുകയോ ചെയ്യട്ടെ അതൊന്നും ബാധിക്കാതെ മുന്നോട്ടു പോകാനുള്ള ആത്മവിശ്വാസം നിലനിര്‍ത്തുകയെന്നതാണ് പ്രധാനം. ആശങ്കയില്ലാതെ നിക്ഷേപം തുടരാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം.

1. പണം എപ്പോഴാണ് വേണ്ടിവരികയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകണം. നിസാരമാണെന്ന് തോന്നാമെങ്കിലും നിക്ഷേപ പ്രകൃയയിലെ നിര്‍ണായകമായ ഒന്നാണിത്. റിസ്‌ക് എടുക്കാനുള്ള ശേഷികൂടി വിലയിരുത്തിയാകണം അനുയോജ്യമായ നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കാന്‍. അഞ്ച് വര്‍ഷത്തിന് അപ്പുറമുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് ഓഹരി നിക്ഷേപം പരിഗണിക്കാം.

2. അമിതമായ റിട്ടേണ്‍ പ്രതീക്ഷ വേണ്ട. നേട്ടത്തിന്റെ കാര്യത്തില്‍ യാഥാര്‍ഥ്യ ബോധം ആവശ്യമാണ്. ദീര്‍ഘകാലയളവില്‍ ഓഹരി അധിഷ്ഠിത പദ്ധതികളില്‍നിന്ന് 12 ശതമാനത്തില്‍ കൂടുതല്‍ നേട്ടം പ്രതീക്ഷിക്കരുത്. അതില്‍ കൂടുതല്‍ ലഭിച്ചാല്‍ ബോണസായി കരുതിയാല്‍ മതി.  

3. വ്യത്യസ്ത ആസ്തികളില്‍ വകയിരുത്താം. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി ആസുത്രണം ചെയ്യുമ്പോള്‍ ഓഹരിയില്‍ പരമാവധി 60 ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപിക്കാതിരിക്കാം. ബാക്കി സ്ഥിര നിക്ഷേപ പദ്ധതികളിലും. ബെഞ്ചമിന്‍ ഗ്രഹാമിന്റെ 50 ശതമാനം ഓഹരി 50 ശതമാനം ബോണ്ട് നിക്ഷേപ തന്ത്രം ഓര്‍ക്കുക.

4. സമാഹരിക്കാന്‍ ഉദ്ദേശിക്കുന്ന തുക നിശ്ചയിക്കുക. നിലവിലെ ചെലവും ദീര്‍ഘകാല ശരാശരി പണപ്പെരുപ്പമായ 67 ശതമാനവും ചേര്‍ത്താണ് ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുള്ള തുക നിശ്ചയിക്കേണ്ടത്. നിശ്ചിത കാലയളവിന് ശേഷം ആതുക ലഭിക്കുന്നതിന്  നിലവില്‍ എത്രതുക വീതം പ്രതിമാസം നിക്ഷേപിക്കണമെന്ന് കണ്ടെത്തുക. വ്യത്യസ്ത ആസ്തികളിലെ നിക്ഷേപ അനുപാത പ്രകാരം റിട്ടേണ്‍ കണക്കാക്കിവേണം ഇത് ചെയ്യാന്‍. സ്വന്തമായി കണക്കാക്കാന്‍ കഴിയില്ലെങ്കില്‍ വിദഗ്ധരില്‍നിന്ന് ഉപദേശം തേടുക.

ഇനി നിക്ഷേപ യാത്ര ആരംഭിക്കാം. ഓരോ ലക്ഷ്യങ്ങള്‍ക്കും വ്യത്യസ്ത നിക്ഷേപ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന പോര്‍ട്‌ഫോളിയോ തയ്യാറാക്കുക. വ്യത്യസ്ത ആസ്തികളിലെ നിക്ഷേപം നിശ്ചിത അനുപാതത്തില്‍ തുടര്‍ന്നു കൊണ്ടുപോകുക. വര്‍ഷത്തിലൊരിക്കല്‍ പോര്‍ട്ട്‌ഫോളിയോ അവലോകനം ചെയ്യുക. ലക്ഷ്യത്തിലെത്തുന്നതിന് ഒന്നോ രണ്ടോ വര്‍ഷം മുമ്പ് വിപണിയിലെ സാഹചര്യം വിലയിരുത്തി 'എക്‌സിറ്റ് പ്ലാന്‍' തയ്യാറാക്കുക.  

ഇത്രയും ചെയ്താല്‍ വിപണിയിലെ ചാഞ്ചാട്ടത്തില്‍ ആശങ്കപ്പെടാതെ ചിട്ടയായി നിക്ഷേപം തുടരുന്നതിനും 'റിസ്‌ക്' ഫലപ്രദമായി കൈകാര്യം ചെയ്ത് മുന്നോട്ടു പോകുന്നതിനും എളുപ്പത്തില്‍ കഴിയും.