''സ്വർണം വാങ്ങണം'' എന്ന ആഗ്രഹം ഒരു ഇന്ത്യൻ സ്ത്രീയുടെ ജീവിതത്തിൽ വെറും അലങ്കാര മോഹമല്ല. അത് സുരക്ഷയാണ്. ആത്മവിശ്വാസമാണ്. പ്രതിസന്ധിക്കാലത്തെ കൈത്താങ്ങാണ്. പല വീട്ടമ്മമാർക്കും സ്വർണം ഇന്നും 'സ്ത്രീയുടെ സ്വന്തം ബാങ്ക്' തന്നെയാണ്. പക്ഷേ കാലം മാറുകയാണ്. അലമാരയിലെ ചെറിയ പെട്ടികളിലും ബാങ്ക് ലോക്കറുകളിലുമൊതുങ്ങിയിരുന്ന സ്വർണം ഇന്ന് മൊബൈൽ ഫോണിന്റെ സ്‌ക്രീനിലേക്കാണ് മാറിയെത്തുന്നത്. ഡിജിറ്റൽ സ്വർണനിക്ഷേപം വേഗത്തിൽ ജനപ്രിയമാകുമ്പോൾ അതിനൊപ്പമൊരു വലിയ സംശയവും സ്ത്രീകളുടെ മനസിലുണ്ടായിരുന്നു.

''ഞാൻ ഓൺലൈനായി വാങ്ങുന്ന സ്വർണം യഥാർത്ഥത്തിൽ എവിടെയാണിരിക്കുന്നത്?''
''എന്റെ പേരിൽ സ്വർണം ശരിക്കും സൂക്ഷിക്കുന്നുണ്ടോ?''
''കമ്പനി പൂട്ടിപോയാൽ എന്റെ പണം എന്താകും?''
ഇത്തരം ആശങ്കകൾക്ക് കൂടുതൽ വിശ്വാസ്യതയും സുരക്ഷയും നൽകാനാണ് നാഷണൽ സ്റ്റോക് എക്‌സ്‌ചേഞ്ച് അഥവാ എൻ.എസ്.ഇ. ഇപ്പോൾ 'ഇലക്ട്രോണിക് ഗോൾഡ് റെസീപ്റ്റ്' എന്ന പുതിയ നിക്ഷേപമാർഗം ആവിഷ്‌കരിച്ചിരിക്കുന്നത്.

എന്താണ് ഈ ഇ.ജി.ആർ.?
സാധാരണ ഭാഷയിൽ പറഞ്ഞാൽ, നിങ്ങൾ ഡിജിറ്റൽ രൂപത്തിൽ സ്വർണം വാങ്ങുമ്പോൾ അതിന് തുല്യമായ യഥാർത്ഥ സ്വർണം സുരക്ഷിതമായ വോൾട്ടുകളിൽ സൂക്ഷിക്കുന്നതായി തെളിയിക്കുന്ന ഔദ്യോഗിക ഡിജിറ്റൽ രസീതാണ് ഇ.ജി.ആർ.

അതായത്, നിങ്ങൾ 10,000 രൂപയുടെ സ്വർണം വാങ്ങിയാൽ അത് വെറും 'ആപ്പിലെ നമ്പർ' മാത്രമാകില്ല. അതിന് തത്തുല്യമായ സ്വർണം സെബി നിയന്ത്രണത്തിലുള്ള അംഗീകൃത സംഭരണകേന്ദ്രങ്ങളിൽ സുരക്ഷിതമായി സൂക്ഷിക്കപ്പെടും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആശ്വാസമാണ്. കാരണം പലരും സ്വർണം വാങ്ങുമ്പോൾ വിലയെക്കാൾ കൂടുതൽ ചിന്തിക്കുന്നത് 'സുരക്ഷ' തന്നെയാണ്.

വീട്ടമ്മമാർക്ക് ഇതിൽ എന്താണ് ഗുണം?
ഒരു സാധാരണ കുടുംബത്തിലെ സ്ത്രീയെക്കുറിച്ച് ചിന്തിക്കൂ. മാസംതോറും ചെറിയ തുക മാറ്റിവെച്ച് സ്വർണം വാങ്ങുന്നവർ കേരളത്തിൽ അനേകരുണ്ട്. പഴയ കാലത്ത് അവർ ചിട്ടികളിലൂടെയോ ജ്വല്ലറി സ്‌കീമുകളിലൂടെയോ സ്വർണം സമ്പാദിച്ചു. ഇന്ന് അതിന്റെ ഡിജിറ്റൽ പതിപ്പാണ് എത്തുന്നത്.

ഇ.ജി.ആർ. സംവിധാനത്തിന്റെ പ്രധാന നേട്ടം 

  • സ്വർണം വീട്ടിൽ സൂക്ഷിക്കേണ്ട ബുദ്ധിമുട്ടില്ല. കവർച്ച ഭയം ഇല്ല.
  • ബാങ്ക് ലോക്കർ വാടക ഇല്ല.
  • പരിശുദ്ധിയെക്കുറിച്ചുള്ള സംശയം ഇല്ല.
  • സ്ത്രീകൾക്ക് പ്രത്യേകിച്ച് ഇത് വലിയ സൗകര്യമാണ്. കാരണം കുടുംബത്തിലെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ പല സ്ത്രീകളും ചെറിയ നിക്ഷേപങ്ങൾ നടത്തുന്നവരാണ്. അതിനെ കൂടുതൽ ശാസ്ത്രീയവും സുരക്ഷിതവുമാക്കുന്ന സംവിധാനമാണിത്.

'ഡിജിറ്റൽ' എന്നാലും സ്വർണം യഥാർത്ഥം തന്നെ
പലർക്കും ഇപ്പോഴും ഒരു തെറ്റിദ്ധാരണയുണ്ട് - ഡിജിറ്റൽ ഗോൾഡ് എന്നത് 'കമ്പ്യൂട്ടറിലെ അക്കൗണ്ട് ബാലൻസ്' മാത്രമാണെന്ന്. എന്നാൽ ഇ.ജി.ആർ. സംവിധാനത്തിൽ ഓരോ നിക്ഷേപത്തിനും പിന്നിൽ യഥാർത്ഥ സ്വർണം ഉണ്ടാകും. അത് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിയന്ത്രിക്കുന്ന വോൾട്ടിങ് ആൻഡ് കളക്ഷൻ സെന്ററുകളിലാണ് സൂക്ഷിക്കുക. ആവശ്യമെങ്കിൽ നിക്ഷേപകനു സ്വർണം നേരിട്ട് കൈപ്പറ്റാനും സാധിക്കും. അതായത്, ഡിജിറ്റൽ രൂപത്തിൽ നിക്ഷേപിച്ച സ്വർണം പിന്നീട് ലോഹരൂപത്തിൽ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

ഓഹരി പോലെ വാങ്ങാനും വിൽക്കാനും
ഇ.ജി.ആറിന്റെ മറ്റൊരു പ്രത്യേകത-ഇത് ഓഹരികളെപ്പോലെ വാങ്ങുകയും വിൽക്കുകയും ചെയ്യാം എന്നതാണ്. ഓഹരി വിപണിയിൽ ഷെയറുകൾ കൈമാറുന്നതുപോലെ, ഡിജിറ്റൽ ഗോൾഡും എളുപ്പത്തിൽ ട്രേഡ് ചെയ്യാൻ കഴിയും. അതിനാൽ സ്വർണം വാങ്ങാൻ ജ്വല്ലറിയിൽ പോകേണ്ട കാലവും വഴിമാറുന്നു. ഇന്ന് യുവതികൾ മ്യൂച്വൽ ഫണ്ടിലും എസ്‌ഐപിയിലും നിക്ഷേപിക്കുന്നതുപോലെ നാളെയോടെ 'ഡിജിറ്റൽ ഗോൾഡ് എസ്‌ഐപി' സാധാരണ സംഭവമാകാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഡിജിറ്റൽ സ്വർണം സുരക്ഷിതമാണെങ്കിലും, എല്ലാ പ്ലാറ്റ്‌ഫോമുകളും ഒരുപോലെ വിശ്വസനീയമല്ല. വിശ്വാസ്യതയുള്ള ബ്രോക്കിങ് സ്ഥാപനങ്ങൾ മാത്രം തിരഞ്ഞെടുക്കുക
  • സെബി നിയന്ത്രണത്തിലുള്ള സംവിധാനമാണോ എന്ന് ഉറപ്പാക്കുക
  • ഡീമാറ്റ് അക്കൗണ്ട് വഴി നിക്ഷേപം നടത്തുന്നത് കൂടുതൽ സുരക്ഷിതം
  • സ്വർണ നിക്ഷേപം മുഴുവൻ ആഭരണമായി മാത്രം കാണാതെ സാമ്പത്തിക ആസ്തിയായി കാണുക
  • അടിയന്തര ആവശ്യങ്ങൾക്കുള്ള ഫണ്ടെല്ലാം സ്വർണത്തിലാക്കരുത്
  • അക്കൗണ്ട് വിവരങ്ങളും OTP-കളും മറ്റാരുമായും പങ്കിടരുത്
  • 'ഉടൻ ഇരട്ടിയാകും' പോലുള്ള വാഗ്ദാനങ്ങളിൽ വീഴരുത്
  • മുഴുവൻ സമ്പാദ്യവും സ്വർണത്തിലാക്കാതെ സമതുലിതനിക്ഷേപം പാലിക്കുക
  • ആഭരണത്തിനുള്ള സ്വർണവും നിക്ഷേപ സ്വർണവും രണ്ടായി കാണാൻ പഠിക്കുക

മുമ്പ് സ്ത്രീകൾക്ക് സ്വർണം എന്നത് വിവാഹവും ആഭരണവുമായിരുന്നു. ഇന്നത് സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ഭാഗമാകുകയാണ്. പ്രത്യേകിച്ച് ജോലി ചെയ്യുന്ന സ്ത്രീകൾക്കും വീട്ടമ്മമാർക്കും ചെറിയ തുകകളിൽ സുരക്ഷിതമായി നിക്ഷേപം തുടങ്ങാനുള്ള മികച്ച മാർഗമായി ഡിജിറ്റൽ സ്വർണം മാറുന്നു. അലമാരയിലെ താക്കോൽ നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ നിന്ന്, മൊബൈലിൽ സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന പുതിയ സാമ്പത്തിക സംസ്‌കാരത്തിലേക്കാണ് ഇന്ത്യൻ സ്ത്രീകൾ നീങ്ങുന്നത്. ഇ.ജി.ആർ. പോലുള്ള സംവിധാനങ്ങൾ ആ യാത്രയ്ക്ക് കൂടുതൽ വിശ്വാസ്യതയും കരുത്തും നൽകും.

അറിയേണ്ട കാര്യങ്ങൾ
''ഡിജിറ്റൽ സ്വർണം വാങ്ങാം... പക്ഷേ എങ്ങനെ തുടങ്ങാം?'' ഇലക്ട്രോണിക് ഗോൾഡ് റെസീപ്റ്റ് (EGR) സംവിധാനത്തെക്കുറിച്ച് കേട്ടപ്പോൾ പലർക്കും ഉണ്ടാകുന്ന ആദ്യ ചോദ്യം ഇതാണ്. വാസ്തവത്തിൽ, ഓഹരി വാങ്ങുന്നതുപോലെ വളരെ ലളിതമായ രീതിയിലാണ് ഇ.ജി.ആറിൽ നിക്ഷേപിക്കാനാകുക. എന്നാൽ ചില അടിസ്ഥാന സംവിധാനങ്ങൾ ആദ്യം ഒരുക്കേണ്ടതുണ്ട്.

1. ഡീമാറ്റ് അക്കൗണ്ട് നിർബന്ധം

  • ഇ.ജി.ആർ. ഒരു ഡിജിറ്റൽ ആസ്തിയായതിനാൽ അത് സൂക്ഷിക്കാൻ ഡീമാറ്റ് അക്കൗണ്ട് വേണം.
  • ഓഹരികളും മ്യൂച്വൽ ഫണ്ടുകളും സൂക്ഷിക്കുന്നതുപോലെ തന്നെയാണ് ഇ.ജി.ആറും ഡീമാറ്റ് അക്കൗണ്ടിൽ എത്തുക.
  • ഇതിനായി അംഗീകൃത ബ്രോക്കിങ് സ്ഥാപനങ്ങളിലോ ബാങ്കുകളിലോ അക്കൗണ്ട് തുറക്കാം.
  • ഇന്ന് വീട്ടിൽ ഇരുന്ന് മൊബൈൽ ഫോണിലൂടെ തന്നെ മിക്ക ബ്രോക്കിങ് ആപ്പുകളിലും ഡീമാറ്റ് അക്കൗണ്ട് തുറക്കാനാകും.

2. ട്രേഡിങ് അക്കൗണ്ടും വേണം

  • സ്വർണം വാങ്ങാനും വിൽക്കാനും ട്രേഡിങ് അക്കൗണ്ട് ആവശ്യമാണ്.
  • ഇത് സാധാരണ ഓഹരി ഇടപാടുകൾക്കുള്ള അക്കൗണ്ടാണ്. ഒരിക്കൽ ഡീമാറ്റും ട്രേഡിങ് അക്കൗണ്ടും ആരംഭിച്ചാൽ അതേ അക്കൗണ്ട് ഉപയോഗിച്ച് ഇ.ജി.ആർ. വാങ്ങാം.

3. ബ്രോക്കർ പ്ലാറ്റ്‌ഫോമിലൂടെ വാങ്ങാം

  • നിങ്ങൾ ഉപയോഗിക്കുന്ന ബ്രോക്കിങ് ആപ്പിലോ ട്രേഡിങ് പ്ലാറ്റ്‌ഫോമിലോ ഇ.ജി.ആർ. ലഭ്യമായിരിക്കും.
  • ഓഹരി തിരഞ്ഞെടുക്കുന്നതുപോലെ ഗോൾഡ് റെസീപ്റ്റ് തിരഞ്ഞെടുത്ത് ആവശ്യമായ അളവിൽ വാങ്ങാം.
  • വില വിപണിവില അനുസരിച്ച് മാറിക്കൊണ്ടിരിക്കും.

4. ചെറിയ തുകയിലും തുടങ്ങാം

  • ഇ.ജി.ആറിന്റെ വലിയ ഗുണം-വലിയ തുക ആവശ്യമില്ല.
  • പല സ്ത്രീകളും മാസംതോറും കുറച്ച് രൂപ മാറ്റിവെച്ചാണ് സ്വർണം വാങ്ങുന്നത്. അതുപോലെ ചെറിയ തുകകളിൽ പോലും ഡിജിറ്റൽ സ്വർണനിക്ഷേപം തുടങ്ങാം.
  • ഇത് വീട്ടമ്മമാർക്കും പുതുതായി ജോലി തുടങ്ങുന്ന യുവതികൾക്കും വളരെ അനുയോജ്യമാണ്.

5. വാങ്ങിയ സ്വർണം എവിടെയാകും?

  • നിക്ഷേപിച്ച തുകയ്ക്ക് തുല്യമായ യഥാർത്ഥ സ്വർണം സെബി നിയന്ത്രണത്തിലുള്ള സുരക്ഷിത വോൾട്ടുകളിൽ സൂക്ഷിക്കും.
  • അതിന്റെ ഡിജിറ്റൽ തെളിവായിരിക്കും നിങ്ങളുടെ ഇ.ജി.ആർ. യൂണിറ്റുകൾ.
  • അതായത്, 'കമ്പ്യൂട്ടറിലെ നമ്പർ' മാത്രമല്ല- പിന്നിൽ യഥാർത്ഥ സ്വർണം ഉണ്ടെന്നുറപ്പ്.

6. ആവശ്യമെങ്കിൽ വിറ്റഴിക്കാം

  • ഓഹരികൾ പോലെ തന്നെ വിപണിയിൽ ഇ.ജി.ആർ. വിറ്റഴിക്കാനാകും.
  • സ്വർണവില ഉയരുമ്പോൾ ലാഭമെടുത്ത് വിൽക്കാനും കഴിയും.
  • ആവശ്യമെങ്കിൽ നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് യഥാർത്ഥസ്വർണം കൈപ്പറ്റാനുള്ള സൗകര്യവും ലഭ്യമാണ്.

(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോൺ-9447667716. e-mail- jayakumarkk8@gmail.com)