'കോഫി വിത്ത് കരൺ 9' എപ്പിസോഡിന് പിന്നാലെ നടൻ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ, ഹൈദരാബാദ് എയർപോർട്ടിൽ നിന്നുള്ള ഇവരുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇൻ്റർനെറ്റിൽ തരംഗമാകുന്നത്. കുടുംബത്തോടൊപ്പം ദീപാവലി ആഘോഷങ്ങൾക്കായി യാത്രതിരിക്കാനാണ് താരജോഡികൾ എയർപോർട്ടിലെത്തിയത്. കോഫി വിത്ത് കരൺ പരിപാടിക്ക് ശേഷം ആദ്യമായാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.

To advertise here,

വിജയ്‌യുടെ സഹോദരനും നടനുമായ ആനന്ദ് ദേവരകൊണ്ടയും ഇവർക്കൊപ്പമുണ്ടായിരുന്നു. ഒരേ മാതൃകയിലുള്ള കറുപ്പ് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് മാസ്ക് ധരിച്ചാണ് വിജയും രശ്മികയും എയർപോർട്ടിലെത്തിയത്. പരസ്പരം ചേർന്നുനിന്ന് നടന്നുപോകുന്ന ഇരുവരുടെയും വീഡിയോ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. സോഷ്യൽ മീഡിയയിലെ വിമർശനങ്ങളൊന്നും ഇവരുടെ കെമിസ്ട്രിയെ ബാധിക്കില്ലെന്നാണ് എയർപോർട്ട് വീഡിയോ കണ്ട മിക്ക ആരാധകരുടെയും പ്രതികരണം.

കരൺ ജോഹർ അവതാരകനായ 'കോഫി വിത്ത് കരൺ 9'ൽ വിജയ്‌യും രശ്മികയും ഒന്നിച്ചെത്തിയ എപ്പിസോഡിലെ ചില ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായതും വിമർശനത്തിനിടയാക്കിയതും. പരിപാടിക്കിടെ വിജയ് നടത്തിയ ചില പരാമർശങ്ങൾ സ്ത്രീവിരുദ്ധവും രശ്മികയോട് ബഹുമാനമില്ലാത്തതുമാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ ആരോപിച്ചത്.

വിവാഹത്തിന് സമ്മതിക്കുന്നതിനായി രശ്മിക തന്നോട് '100 തവണ' ചോദിക്കേണ്ടി വന്നുവെന്നും, ഒരു വർഷത്തോളം ഇത്തരത്തിൽ ആവർത്തിച്ച ശേഷമാണ് താൻ സമ്മതം മൂളിയതെന്നുമുള്ള വിജയിയുടെ വാക്കുകളാണ് പ്രധാനമായും വിവാദമായത്. വിജയ്‌യുടെ ഈ നിബന്ധന കേട്ട് അവതാരകനായ കരൺ ജോഹർ പോലും അത്ഭുതപ്പെട്ടിരുന്നു. ഈ പ്രസ്താവനയ്ക്കെതിരെ വലിയ തോതിൽ ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു. 2026 ഫെബ്രുവരിയിലായിരുന്നു വിജയ്‌യും രശ്മികയും വിവാഹിതരായത്.

പരിപാടി പുറത്തുവന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന വിശകലനങ്ങളെ കളിയാക്കിക്കൊണ്ട് വിജയ് ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിരുന്നു. സെലിബ്രിറ്റികളുടെ സാധാരണ സംഭാഷണങ്ങളെ പോലും ആളുകൾ എങ്ങനെയാണ് വലിപ്പിച്ചു കാണിക്കുന്നതെന്ന് തമാശരൂപേണ ചൂണ്ടിക്കാണിക്കുന്നതായിരുന്നു ആ പോസ്റ്റ്.

രാഹുൽ സംകൃത്യൻ സംവിധാനം ചെയ്ത പീരിയഡ് ആക്ഷൻ ഡ്രാമയായ 'രണബലി'യിലാണ് വിജയ്‌യും രശ്മികയും ഒടുവിൽ ഒന്നിച്ച് അഭിനയിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi