ഓഹരിയില്‍ നിക്ഷേപിക്കുന്ന സ്ത്രീകളുടെ എണ്ണം അനുദിനം കൂടി വരികയാണ്. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍. പക്ഷേ ഭൂരിഭാഗം സ്ത്രീകളും മറ്റ് നിഷേപകരെ പോലെ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും പറ്റിയ സമയം കാത്തിരിക്കുന്നവരാണ്.

രാഷ്ട്രീയ നേതാക്കള്‍ വരെ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന ഈ സമയം ഓഹരി വാങ്ങാന്‍ ഉപദേശിക്കുന്നു. 'ഞങ്ങളാണ് അധികാരത്തില്‍ വരിക. അതുകൊണ്ട് ഇപ്പോള്‍ വാങ്ങിയാല്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഓഹരി വില കുതിക്കും' എന്നാണ് അവര്‍ പറയുന്നത്. 

ഓഹരി വാങ്ങാന്‍ ഉചിതമായ സമയം കാത്തുകാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല. പക്ഷേ വില്‍ക്കാന്‍ ഉചിതമായ സമയം ഉണ്ട്. ഓഹരി വിപണി തകര്‍ച്ചയിലേക്ക് കൂപ്പുകൂത്തുമ്പോള്‍ ആര്‍ക്കും സംശയമൊന്നും ഉണ്ടാകില്ല. കയ്യിലുള്ളതെല്ലാം കിട്ടിയ വിലയ്ക്ക് വിറ്റൊഴിഞ്ഞ് സേഫ് ആയി നില്‍ക്കും മിക്കവരും. വിപണി കയറിത്തുടങ്ങുമ്പോള്‍ ആരും വില്‍ക്കില്ല. ഇനിയും മുകളിലേക്ക് കയറട്ടേ എന്നു പറഞ്ഞ് കാത്തിരിക്കും. അപ്പോള്‍ അതാ ഒരു സുപ്രഭാതത്തില്‍ വിപണി വീണ്ടും താഴേക്ക് കൂപ്പുകൂത്തും. വീണ്ടും പഴയപടി കാര്യങ്ങള്‍ ആവര്‍ത്തിക്കും. ഇത്തരക്കാര്‍ക്ക് ഒരിക്കലും ഓഹരി വിപണിയില്‍ നിന്ന് കാര്യമായ ലാഭം ഉണ്ടാക്കാന്‍ കഴിയില്ല.

ഓഹരി വിറ്റൊഴിയാന്‍ ഉചിതമായ സമയം വിപണിയിലുണ്ട്. വിപണി ഉയര്‍ന്ന തലത്തില്‍ എത്തിനില്‍ക്കുമ്പോഴാണത്. പക്ഷേ വിപണി ഇനിയും മുകളിലേക്ക് കയറിയാല്‍ ഇപ്പോള്‍ വില്‍ക്കുന്നത് മണ്ടത്തരമല്ലേ എന്ന സംശയം തലയ്ക്കുപിടിച്ചാല്‍ കാര്യങ്ങള്‍ വീണ്ടും കുഴയും. ഇത്തരം സംശയത്തില്‍നിന്നു പുറത്തുകടക്കാന്‍ വഴികളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ചില വഴികളുണ്ട്

1. ഓരോ ഓഹരിയും വാങ്ങുമ്പോള്‍ എത്ര രൂപ അതില്‍ നിന്ന് ലാഭം വേണം എന്ന കാര്യത്തില്‍ ഒരു തീരുമാനത്തിലെത്തണം. 200 രൂപയ്ക്ക് വാങ്ങിയ ഓഹരി 20 രൂപ കൂടിയാല്‍ ഞാന്‍ വില്‍ക്കും. അല്ലെങ്കില്‍ ഇരട്ടിയായാല്‍ വില്‍ക്കും. അല്ലെങ്കില്‍ പത്തിരട്ടിയായാലേ വില്‍ക്കൂ. ഇത്തരത്തിലുള്ള തീരുമാനം ആദ്യം എടുക്കണം. വിപണിയിലെ ഗതിവിഗതികള്‍ നിരീക്ഷിച്ചശേഷം അതിനനുസൃതമായ മാറ്റങ്ങള്‍ വരുത്താം. പക്ഷേ അത് സൂക്ഷ്മമായി ചലനങ്ങള്‍ മനസ്സിലാക്കിയശേഷം മാത്രമേ പാടുള്ളൂ.

2. നിങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസമുള്ള ചില ഓഹരികളെ അതിന്റെ വഴിക്കുവിടാം. വില മുമ്പോട്ടുതന്നെ കുതിക്കും എന്ന് നിങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുള്ള ഓഹരികളുടെ കാര്യത്തിലേ അങ്ങനെ ചെയ്യാവൂ.
 
3. ചില ഓഹരികളെ ദീര്‍ഘകാല സാമ്പത്തികാവശ്യങ്ങള്‍ക്കുള്ള പണം സ്വരുക്കൂട്ടാനുള്ള ആസ്തികളായി പരിഗണിക്കാം. അത്തരം ഓഹരികളില്‍ ദീര്‍ഘകാല നിക്ഷേപമാണ് നടത്തേണ്ടത്. 10 വര്‍ഷം കഴിഞ്ഞ് വീടുവയ്ക്കാനുള്ള പണം ഉണ്ടാക്കാന്‍ ഇന്ന് രണ്ട് ലക്ഷം രൂപ ഏതാനും ചില ഓഹരികളില്‍ നിക്ഷേപിച്ചു എന്നു കരുതുക. 10 വര്‍ഷമാണ് നിങ്ങളുടെ നിക്ഷേപ കാലയളവ്. എല്ലാ ആറുമാസം കൂടുമ്പോഴെങ്കിലും ഓഹരികളുടെ ഗതിയും കമ്പനികളുടെ പ്രകടനവും വിലയിരുത്തണം. ശരിയായ ട്രാക്കിലാണെങ്കില്‍ എട്ടാം വര്‍ഷം വരെ നിക്ഷേപം തുടരാം. ഒമ്പതാം വര്‍ഷം ആകുമ്പോള്‍ വില്‍ക്കാനുള്ള അവസരത്തിനായി തക്കം പാര്‍ക്കണം. നിങ്ങളുടെ നിക്ഷേപലക്ഷ്യം കൈവരിക്കാന്‍ രണ്ടു വര്‍ഷം കൂടി ബാക്കിയുണ്ട്. പക്ഷേ 10-ാം വര്‍ഷം വിപണിക്ക് മോശം സമയമാണെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടം സംഭവിക്കാം.

4. ഓഹരി വാങ്ങുമ്പോള്‍ തന്നെ നിക്ഷേപ ലക്ഷ്യം വച്ച് അവയെ തരംതിരിക്കണം. ഹ്രസ്വകാലത്തേക്ക് ഉള്ളത്, ഇടക്കാലത്തേക്ക് ഉള്ളത്, ദീര്‍ഘകാലത്തേക്ക് ഉള്ളത് എന്നിങ്ങനെ. ഇവയുടെ കാര്യത്തിലും മുകളില്‍ പറഞ്ഞ രീതിയില്‍ വില്‍പ്പന സമയം നിശ്ചയിച്ച് കാര്യങ്ങള്‍ നിരീക്ഷിക്കാം. ഉചിതമായ സമയത്ത് തീരുമാനം എടുക്കുകയും ചെയ്യാം.

(നിങ്ങളുടെ സംശയങ്ങള്‍ ഇ- മെയ്‌ലിലോ വാട്‌സ് ആപ്പിലോ അയയ്ക്കാം- ഫോണ്‍: 9447667716, email: jayakumarkk8@gmail.com)