ഓഹരിയിലെ നിക്ഷേപം ഇരുതല മൂര്‍ച്ചയുള്ള വാളുമായി കളിക്കുന്നതുപോലെയാണ്. സൂക്ഷിച്ചുപയോഗിച്ചാല്‍ സ്വപ്നം കാണുന്നതിനും അപ്പുറമുള്ള ലാഭം നല്‍കും. സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ അത് ഉപയോഗിക്കുന്നവനെ തന്നെ മുറിവേല്‍പ്പിക്കും. മറ്റു നിക്ഷേപ മാര്‍ഗങ്ങളെപ്പോലെ ഓഹരിനിക്ഷേപത്തിനുമുണ്ട് രണ്ടുവശം. എന്നാല്‍ വലിയ ലാഭസാധ്യതയും അതുപോലെ വലിയ നഷ്ടസാധ്യതയും ഓഹരി നിക്ഷേപത്തിന്റെ മാത്രം പ്രത്യേകതയാണ്. ഓഹരികളെ വെല്‍ത്ത് ക്രിയേഷന്‍ എഞ്ചിനായാണ് വിശേഷിപ്പിക്കുന്നത്. പക്ഷേ അത് ലാഭത്തിലേക്കും നഷ്ടത്തിലേക്കും എപ്പോഴും ചാഞ്ചാടിക്കൊണ്ടിരിക്കും.

അതുകൊണ്ട് ഓഹരി നിക്ഷേപം ആരംഭിക്കും മുമ്പ് ഇതിന്റെ നേട്ടവും കോട്ടവും ശരിയായി മനസിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ്. നല്ല അറിവുള്ള ഒരു നിക്ഷേപകന് ഓഹരിയില്‍ നിന്ന് പരമാവധി നേട്ടമുണ്ടാക്കാനും നഷ്ടസാധ്യത കുറയ്ക്കാനും കഴിയും. വിവിധ തരത്തിലുള്ള നിക്ഷേപകര്‍ക്ക് യഥാര്‍ഥ ഉദാഹരണങ്ങളിലൂടെ ഓഹരി നിക്ഷേപത്തിലെ നേട്ടസാധ്യതയും നഷ്ടസാധ്യതയും വിവരിക്കാനാണ് ഈ അധ്യായത്തില്‍ ശ്രമിക്കുന്നത്.

ഓഹരി നിക്ഷപത്തിലെ യഥാര്‍ഥ നേട്ടം

മറ്റെല്ലാ മാര്‍ഗങ്ങളേക്കാളും വളരെ മികച്ച നേട്ടമാണ് ഓഹരിയില്‍ നിന്ന് നിക്ഷേപര്‍ക്ക് ലഭിച്ചിട്ടുള്ളത് എന്ന് അനുഭവങ്ങള്‍ നോക്കിയാല്‍ കാണാം. പ്രത്യേകിച്ച് സ്ഥിര നിക്ഷേപം, സ്വര്‍ണ നിക്ഷേപം, റിയല്‍ എസ്റ്റേറ്റ് നിക്ഷേപം എന്നിവയില്‍ നിന്ന് ലഭിച്ച ലാഭത്തേക്കാള്‍ പലമടങ്ങ് ഓഹരിയില്‍ നിന്ന് ദീര്‍ഘകാല നിക്ഷേപര്‍ക്ക് ലഭിച്ചിട്ടുണ്ട്. നിഫ്റ്റി 50 സൂചിക 2003 മുതല്‍ 2023 വരെയുള്ള കാലയളവില്‍ 14 ശതമാനം വീതം പ്രതിവര്‍ഷം ലാഭം നല്‍കിയിട്ടുണ്ട്. (സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക്- Compound Annual Growth Rate) എന്നാണതിനെ പറയുന്നത്. ഇക്കാലയളവില്‍ സ്വര്‍ണത്തില്‍ നിന്ന് കിട്ടിയ പ്രതിവര്‍ഷ ലാഭം 11 ശതമാനവും റിയല്‍ എസ്റ്റേറ്റില്‍ നിന്ന് കിട്ടിയ പ്രതിവര്‍ഷ ലാഭം 7 ശതമാനവും ആയിരുന്നു എന്നറിയുമ്പോഴാണ് ഓഹരി നിക്ഷേപത്തിന്റെ ശക്തി മനസിലാകുക. 2003 ല്‍ ഒരു ലക്ഷം രൂപ ഓഹരി വിപണിയില്‍ നിക്ഷേപിച്ചരുന്നു എങ്കില്‍ അത് 2023 ല്‍ 13 ലക്ഷം രൂപയാകുമായിരുന്നു എന്നു ചുരുക്കം.

1. പെട്ടെന്ന് പണമാക്കാം

സ്വര്‍ണം, ബാങ്ക് സ്ഥിര നിക്ഷേപം തുടങ്ങിയവ പോലെ അത്രവേഗം പണമാക്കി മാറ്റാന്‍ കഴിയില്ലെങ്കിലും ഓഹരികള്‍ വാങ്ങാനും വിറ്റ് പണമാക്കാനും അത്ര വലിയ കാലതാമസം ഇന്നത്തെ സാഹചര്യത്തില്‍ ഉണ്ടാകാറില്ല. ഓഹരി വിപണിയുടെ പ്രവര്‍ത്തന സമയത്ത് എപ്പോള്‍ വേണമെങ്കിലും ഓഹരി വാങ്ങാനും വില്‍ക്കാനും കഴിയും. റിയല്‍ എസ്റ്റേറ്റ് നിക്ഷേപം വിറ്റ് പണമാക്കാന്‍ മാസങ്ങളെടുക്കുമല്ലോ. കോവിഡ് സാഹചര്യത്തില്‍ എല്ലാം അടഞ്ഞ് കിടന്നപ്പോഴും ഓണ്‍ലൈനായി ഓഹരി വിറ്റ് പണമാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നു എന്നതും പ്രത്യേകം എടുത്തുപറയേണ്ടതാണ്.

2. നിക്ഷേപങ്ങളിലെ ഉടമസ്ഥാവകാശവും ലാഭ വിഹിതവും

ബാങ്ക് നിക്ഷേപത്തില്‍ ചേരുമ്പോള്‍ ബാങ്കിന്റെ ഉടമസ്ഥാവകാശം നിങ്ങള്‍ക്ക് ലഭിക്കില്ല. ബാങ്ക് ഉണ്ടാക്കുന്ന ലാഭത്തിന്റെ വിഹിതം നിങ്ങള്‍ക്ക് ലഭിക്കുകയുമില്ല. എന്നാല്‍ അതേ പണം ഉപയോഗിച്ച് അതേ ബാങ്കിന്റെ ഓഹരി വാങ്ങിയാല്‍ ഉടമസ്ഥാവകാശവും ലാഭവിഹിതവും ലഭിക്കും. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളൊക്കെ അതുണ്ടാക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം ഓഹരിയുടമകള്‍ക്ക് നല്‍കും. ഉദാഹരണത്തിന് ഐറ്റിസി 2023 ല്‍ ഓഹരിയുടമകള്‍ക്ക് നല്‍കിയത് അഞ്ച് ശതമാനം ലാഭവിഹിതമാണ്. സേവിങ്സ് ബാങ്ക് പലിശ നിരക്കിനേക്കാള്‍ ഉയര്‍ന്നത്.

3. കോംപൗണ്ടിംഗിന്റെ ശക്തി

ഓഹരിയില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതം തിരികെ നിക്ഷേപിച്ചാല്‍ നേട്ടസാധ്യത പലമടങ്ങാകും. ഉദാഹരണത്തിന് വിപ്രോ ഓഹരിയില്‍ നിക്ഷേപിച്ചവരില്‍ ചുരുങ്ങിയത് 30 വര്‍ഷമെങ്കിലും ആ നിക്ഷേപം കൈവശം വെച്ചിട്ടുള്ളവരെല്ലാം കോടീശ്വരന്മാരായിട്ടുണ്ട്. ഇത് ഓഹരി വില കുതിച്ചുയര്‍ന്നതുകൊണ്ട് മാത്രമല്ല. മറിച്ച് ലാഭവിഹിതവും ബോണസ് ഓഹരികളും ഓഹരി സ്പ്ലിറ്റുമൊക്കെ കൊണ്ടുകൂടിയാണ്.

4. നാണ്യപ്പെരുപ്പത്തിനെതിരെയുള്ള കവചം

മിക്ക നിക്ഷേപങ്ങളെയും കാര്‍ന്നുതിന്നുന്ന അര്‍ബുദമാണ് ഇന്‍ഫ്‌ളേഷന്‍ അഥവാ വിലക്കയറ്റം എന്ന് നമുക്കൊക്കെ അറിയാം. ഓഹരി വില വര്‍ധന എപ്പോഴും ബിസിനസിലെ ലാഭവും ഉപഭോക്തൃവില സൂചികയുമായും ബന്ധപ്പെട്ടാണിരിക്കുന്നത്. അതുകൊണ്ട് തന്നെ നാണ്യപ്പെരുപ്പത്തെയും മറികടക്കുന്ന ലാഭം ഈ നിക്ഷേപത്തില്‍ നിന്ന് ലഭിക്കും. ഉദാഹരണത്തിന് കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ശരാശരി നാണ്യപ്പെരുപ്പനിരക്ക് 5-6 ശതമാനമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഓഹരികള്‍ ഇക്കാലയളവില്‍ വര്‍ഷം തോറും 12-14 ശതമാനം ലാഭം നല്‍കിയിട്ടുണ്ട്.

5. എല്ലാ നിക്ഷേപര്‍ക്കും ഒരേ അവസരം

ഒരു ഡീമാറ്റ് അക്കൗണ്ട് ഉള്ള ആര്‍ക്കും ഇന്ന് ഓഹരിയില്‍ നിക്ഷേപിക്കാം. വെറും 100 രൂപകൊണ്ടുപോലും നിക്ഷേപം ആരംഭിക്കാം. റിയല്‍ എസ്റ്റേറ്റ് പോലുള്ള മറ്റ് നിക്ഷേപ മാര്‍ഗങ്ങളില്‍ പലതിലും നിക്ഷേപം ആരംഭിക്കാന്‍ ലക്ഷങ്ങള്‍ വേണ്ടിവരും.

6. വൈവിധ്യവല്‍ക്കരണം എളുപ്പം

ഐടി,ഫാര്‍മ, ബാങ്ക്, എഫ്എംസിജി തുടങ്ങിയ വിവിധ മേഖലകളിലെ കമ്പനികളുടെ ഓഹരി ഉടമസ്ഥാവകാശം ഒറ്റ പോര്‍ട്ട് ഫോളിയോയിലൂടെ സ്വന്തമാക്കാനും ഓഹരി നിക്ഷേപര്‍ക്ക് അവസരം ലഭിക്കും. ഒരു മേഖലയിലെ ഓഹരിയുടെ വിലയിടിഞ്ഞാല്‍ മറ്റ് മേഖല ഓഹരികളുടെ വിലയിലെ ഉയര്‍ച്ച നിക്ഷേപത്തെ നഷ്ടത്തില്‍ നിന്ന് തടയും

ഓഹരി നിക്ഷേപത്തിന്റെ കോട്ടങ്ങള്‍

1. ചാഞ്ചാട്ടവും അനിശ്ചിതത്വവും

ഓഹരി വിലകളില്‍ നിത്യവും ഏറ്റക്കുറച്ചിലുകളുണ്ടാകും. വില കൂടുകയോ കുറയുകയോ ചെയ്യാം. ചെറിയ തോതില്‍ മുതല്‍ വലിയ തോതില്‍ വരെ വില കൂടാം. അതുപോലെ കുത്തനെ കുറയുകയും ചെയ്യാം. ഉദാഹരണത്തിന് ഹിഡന്‍ബര്‍ഗ് വെളിപ്പെടുത്തലിനെ തുടര്‍ന്ന് വിപണി മൂല്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 10 ലക്ഷം കോടി രൂപയുടെ ഇടിവാണ് അദാനി ഓഹരികള്‍ക്കുണ്ടായത്. ഓഹരി വിപണിയിലെ തുടക്കക്കാര്‍ക്ക് ഇത്തരം കുത്തനെയുള്ള ഇടിവ് കാണുമ്പോള്‍ പരിഭ്രാന്തിയുണ്ടാകുകയും പേടിച്ച് വലിയ നഷ്ടത്തില്‍ വിറ്റഴിക്കുകയും ചെയ്യും.

2. കമ്പനികളും തകര്‍ന്നേക്കാം

ഓഹരി വിപണിയിലുണ്ടാകുന്ന ഏറ്റക്കുറിച്ചിലിനു പുറമെ കമ്പനികളും പലവിധ കാരണങ്ങളാല്‍ തകര്‍ന്നുപോയേക്കാം. അത് നിക്ഷേപകര്‍ക്ക് വലിയ നഷ്ടമുണ്ടാക്കും. ഉദാഹരണത്തിന് കിങ് ഫിഷര്‍ എയര്‍ലൈന്‍സ്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികളില്‍ നിക്ഷേപിച്ചവര്‍ക്ക് അവരുടെ നിക്ഷേപത്തിന്റെ നല്ലൊരു പങ്കുമാണ് ഈ കമ്പനികള്‍ പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് നഷ്ടമായത്.

3. സാമ്പത്തിക സാക്ഷരത നേടിയില്ലെങ്കില്‍ നഷ്ടം കൂടാം

ബാങ്ക് സ്ഥിര നിക്ഷേപത്തിലും സ്വര്‍ണത്തിലുമൊക്കെ നിക്ഷേപിക്കണമെങ്കില്‍ സാമ്പത്തിക കാര്യങ്ങളിലെ അറിവ് വേണമെന്നൊന്നുമില്ല. എന്നാല്‍ ഓഹരി നിക്ഷേപത്തില്‍ അങ്ങനെയല്ല. കുറച്ചൊക്ക സാമാന്യ അറിവ് ഇക്കാര്യത്തില്‍ നിര്‍ബന്ധമാണ്. അതില്ലെങ്കില്‍ ഏതെങ്കിലുമൊക്കെ ഓഹരികളില്‍ നിക്ഷേപിച്ചശേഷം വില കൂടണേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കേണ്ടിവരും. അതുമല്ലെങ്കില്‍ മറ്റുള്ളവര്‍ പറയുന്ന ടിപ്‌സിനെ അന്ധമായി ആശ്രയിക്കേണ്ടിവരും.

4. മാനസിക സമ്മര്‍ദ്ദവും കൂട്ടും

ഓഹരി വിപണിയെ എന്നും നയിക്കുന്നത് അതിലെ നിക്ഷേപകരുടെ ഭയവും അത്യാഗ്രഹവുമാണ്. പല സാധാരണക്കാരായ നിക്ഷേപകരും ഏതെങ്കിലും ഓഹരിയുടെ വില കുതിക്കുന്നതുകണ്ട് അത് ഇനിയും കുതിക്കും എന്നുകരുതി വാങ്ങും. അല്‍പ്പം കഴിയുമ്പോള്‍ അതിന്റെ വില കുറയാന്‍ തുടങ്ങുന്നതോടെ പേടിയാകും. ഇനിയും കുറഞ്ഞാല്‍ നഷ്ടം കൂടുമല്ലോ എന്നുകരുതി അപ്പോഴേ വില്‍ക്കും. ചുരുക്കിപറഞ്ഞാല്‍ ഇത്തരക്കാര്‍ കൂടിയ വിലയ്ക്ക് ഓഹരി വാങ്ങി കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാകും. പക്ഷേ കുറഞ്ഞ വിലയക്ക് വാങ്ങി കൂടിയ വിലയ്ക്കു വിറ്റാല്‍ മാത്രമേ ഓഹരി നിക്ഷേപം കൊണ്ട് കാര്യമുള്ളൂ.

5. ലാഭവിഹിതം എപ്പോഴും കിട്ടണമെന്നില്ല

ബാങ്ക് നിക്ഷേപത്തിന് പലിശ ഉറപ്പായും കിട്ടും. എന്നാല്‍ ഓഹരി വാങ്ങിയാല്‍ ഡിവിഡന്റ് അഥവാ ലാഭവിഹിതം കിട്ടണം എന്ന് നിര്‍ബന്ധമില്ല. അത് ആ കമ്പനിയുടെ ഇഷ്ടത്തിന് അനുസരിച്ച് ഓഹരിയുടമയ്ക്ക് ലാഭവിഹിതം നല്‍കുകയോ നല്‍കാതിരിക്കുകയോ ആകാം. കമ്പനി പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെങ്കില്‍ ലാഭമുണ്ടെങ്കിലും അത് നിക്ഷേപര്‍ക്ക് നല്‍കണമെന്നില്ല.

6. ഊഹക്കച്ചവടം നഷ്ടമുണ്ടാക്കും

കൃത്യമായ അറിവില്ലാതെ ഡേ ട്രേഡിങ്, വിലകുറഞ്ഞ പെന്നി സ്റ്റോക്കിന്റെ പിറകേയുള്ള പോക്ക് തുടങ്ങിയവ വലിയ നഷ്ടമാണ് ഉണ്ടാക്കുക. ഉദാഹരണത്തിന് 2021-ല്‍ നിരവധി നിക്ഷേപകര്‍ സ്‌മോള്‍ കാപ് ഓഹരികള്‍ വാങ്ങിക്കൂട്ടി. പക്ഷേ ഇത്തരത്തിലുള്ള 90 ശതമാനം നിക്ഷേപകര്‍ക്കും വലിയ നഷ്ടമാണ് ഉണ്ടായത്.

7. ഓഹരി വ്യാപാരത്തിന് വലിയ നികുതിയും നല്‍കണം

ഓഹരി വിപണിയില്‍ നിന്നുള്ള ഹ്രസ്വകാല ലാഭത്തിന് ( അതായത് വാങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ വിറ്റ് ലാഭമുണ്ടാക്കിയാല്‍) 20 ശതമാനം വരെ ആദായ നികുതി നല്‍കണം. അതായത് ഒരു ലക്ഷം രൂപ ലാഭമുണ്ടാക്കിയാല്‍ 20,000 രൂപ നികുതിയായി മാത്രം നല്‍കണം. ബ്രോക്കറേജ്, ട്രാന്‍സാക്ഷന്‍ ചാര്‍ജ്, മറ്റു ചാര്‍ജുകള്‍ തുടങ്ങിയവ വേറെയും നല്‍കണം.

ശ്രദ്ധിക്കാം

ഇന്ന് നിരവധിപ്പേര്‍ ഓഹരിയില്‍ നിക്ഷേപിക്കാന്‍ തല്‍പരരായി മുന്നോട്ടുവരുന്നുണ്ട്. അവര്‍ ഇനി പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം

1. തുടക്കക്കാര്‍

ചെറിയ രീതിയില്‍ നിക്ഷേപം ആരംഭിക്കുക. എല്ലാ കാര്യങ്ങളും സാവകാശം കൃത്യമായി മനസിലാക്കിയശേഷം മാത്രം കൂടുതല്‍ തുക നിക്ഷേപിക്കുക. ഓഹരി നിക്ഷേപത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്തതാണ് ഇക്കൂട്ടര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നഷ്ടം കുറയ്ക്കാന്‍ ഇന്‍ഡെക്‌സ് ഫണ്ടിലും ഇടിഎഫിലും നിക്ഷേപിച്ചുകൊണ്ട് ആരംഭം കുറിക്കുന്നതാണ് നല്ലത്.

2. സത്രീ നിക്ഷേപകര്‍

സ്ത്രീകള്‍ പൊതുവേ നല്ല ക്ഷമയുള്ള നിക്ഷേപകരാണ് എന്നാണ് പഠനം തെളിയിക്കുന്നത്. എന്നാല്‍ പൊതുവേ സ്ത്രീകള്‍ക്ക് ഓഹരി നിക്ഷേപം ആരംഭിക്കാനുള്ള ആത്മവിശ്വാസം പെതുവേ കുറവാണ്. ഇവര്‍ തുടക്കത്തില്‍ നല്ല ഓഹരികള്‍ കണ്ടെത്തി കുറേശെ കുറേശെ പണം അത് വാങ്ങി നിക്ഷേപം ആരംഭിക്കുന്നതാണ് ഉചിതം.

3. മുതിര്‍ന്ന പൗരന്മാര്‍.

ഓഹരി നിക്ഷേപത്തില്‍ വളരെ കരുതലോടെ മാത്രമേ മുതിര്‍ന്ന പൗരന്മാര്‍ ഇറങ്ങാവൂ. നല്ല ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍ നോക്കി വാങ്ങുന്നത് ഉചിതമാണ്. കയ്യിലുള്ള സമ്പാദ്യത്തിന്റെ 20-30 ശതമാനത്തില്‍ കൂടുതല്‍ ഒരിക്കലും ഓഹരിയില്‍ ഇക്കൂട്ടര്‍ നിക്ഷേപിക്കരുത്.

4. ഓഹരി ട്രേഡേഴ്‌സ്

ഓഹരി വാങ്ങി, അത് നിക്ഷേപമാക്കി മാറ്റാതെ അന്നന്ന് തന്നെ വിറ്റ് ലാഭമുണ്ടാക്കുന്നവരോണ് ഓഹരി ട്രേഡേഴ്‌സ് എന്നറിയപ്പെടുന്നത്. ഓഹരി വിപണിയെക്കുറിച്ച് ഭേദപ്പെട്ട രീതിയില്‍ അറിവുള്ളവരാണ് അവര്‍. ഇക്കൂട്ടര്‍ വിപണിയെ ജഡ്ജ് ചെയ്യാന്‍ ശ്രമിക്കും. അതിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപം നടത്തുക. വലിയ ലാഭമുണ്ടാക്കുന്നവരുമുണ്ട്. അതുപോലെ കളയുന്നവരുമുണ്ട്. ഭൂരിഭാഗം ട്രേഡേഴ്‌സും പണം നഷ്ടപ്പെടുത്തുകയാണ് പതിവ്. സ്റ്റോപ് ലോസ് ഇട്ട് മാത്രം ട്രേഡിംഗ് നടത്തുക.

അനുഭവത്തില്‍ നിന്ന് പാഠം പഠിക്കുക

റിലയന്‍സും ഇന്‍ഫോസിസും വിപ്രേയുമൊക്കെ ചെറിയ രീതിയില്‍ ഓഹരി വാങ്ങിയവരെ പോലും 20-30 വര്‍ഷം കൊണ്ട് കോടീശ്വരന്മാരാക്കിയ കമ്പനികളാണ്. എന്നാല്‍ സത്യം കംപ്യൂട്ടേഴ്‌സ് ഒറ്റരാത്രികൊണ്ട് നിക്ഷേപകരുടെ 80 ശതമാനം പണവും നഷ്ടപ്പെടുത്തിയ കമ്പനിയാണ്. അതുകൊണ്ട് ഓഹരി നിക്ഷേപം നിങ്ങള്‍ക്ക് സര്‍വ്വ സൗഭാഗ്യവും തരികയും ചിലപ്പോള്‍ നിങ്ങളുടെ സകല സമ്പത്തും നഷ്ടപ്പെടുത്തുകയും ചെയ്യാം. ഓഹരി നിക്ഷേപത്തിന്റെ നേട്ടവും കോട്ടവും ശരിയായി മനസിലാക്കിയശേഷം മാത്രം ഇതിലേക്കിറങ്ങുക.

ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക

  • ഓഹരി വിപണിയിലെ ചാഞ്ചാട്ടവും ലാഭ നഷ്ടവും സ്വാഭാവികമാണ്. അതില്‍ ഭയപ്പെടാതിരിക്കുക.
  • അഞ്ച് വര്‍ഷത്തേക്കെങ്കിലും കുറഞ്ഞത് ആവശ്യമില്ലാത്ത പണം മാത്രം ഓഹരിയില്‍ നിക്ഷേപിക്കുക.
  • സകല സമ്പാദ്യവും ഓഹരിയില്‍ മാത്രം നിക്ഷേപിക്കരുത്. എല്ലാ മാര്‍ഗങ്ങളിലും കുറേശ്ശെ നിക്ഷേപം വേണം
  • എല്ലാ പണവും ഒരു ഓഹരിയില്‍ മാത്രം നിക്ഷേപിക്കരത്. വൈവിധ്യവല്‍ക്കരിക്കണം.
  • പെന്നിസ്റ്റോക്കില്‍ വന്‍തോതില്‍ പണം മുടക്കി ഊഹക്കച്ചവടം നടത്തരുത്.
  • തുടക്കക്കാര്‍ ഇന്‍ഡക്‌സ് ഫണ്ടില്‍ നിക്ഷേപിച്ച് തുടങ്ങുന്നതാണ് ഉചിതം
  • മുതിര്‍ന്ന് പൗരന്മാര്‍ മികച്ച ഡിവിഡന്റെ് നല്‍കുന്ന ബ്ലൂചിപ് ഓഹരികളില്‍ നിക്ഷേപിക്കുക.
  • സ്ത്രീകള്‍ എസ്‌ഐപി മാതൃകയില്‍ ഓഹരി നിക്ഷേപം ആരംഭിക്കുക.
  • ഓഹരി നിക്ഷേപം കൂടാതെ ഒരു എമര്‍ജെന്‍സി ഫണ്ട് എപ്പോഴും ഉണ്ടാകണം.
  • ഓഹരി നിക്ഷേപത്തില്‍ നിന്ന ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ക്ഷമ പോലൊരു ആയുധം വേറെയില്ല.

(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോണ്‍-9447667716. e-mail- jayakumarkk8@gmail.com)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi