വിരമിക്കല്‍ ആനുകൂല്യമായി ലഭിച്ച 50 ലക്ഷം രൂപ ഒരു വര്‍ഷം മുമ്പാണ് ജോസഫ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചത്. സോഷ്യല്‍ മീഡിയയിലെ നേട്ടക്കണക്കുകളുടെ ചര്‍ച്ച നിരന്തരം വീക്ഷിച്ചുകൊണ്ടിരുന്ന അദ്ദേഹം കൂടുതല്‍ ആദായം നല്‍കിയ ഫണ്ടുകള്‍ നോക്കിവെച്ചിരുന്നു. അഞ്ച് ഫണ്ടുകളിലായി പത്ത് ലക്ഷം രൂപവീതം മുടക്കി. സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളായിരുന്നു നേട്ടത്തില്‍ മുന്നിലുണ്ടായിരുന്നത്. ഒരു വര്‍ഷത്തിനിടെ 50 ശതമാനംവരെ നേട്ടം പ്രതീക്ഷിച്ചെങ്കിലും വിപണിയില്‍ കനത്ത ചാഞ്ചാട്ടം രൂപപ്പെട്ടതോടെ നിക്ഷേപിച്ച തുകയില്‍ 30,000 രൂപവരെ കുറവുണ്ടായി. ഇനിയും നഷ്ടം വരുമോയെന്ന ആശങ്കയില്‍ പണം മുഴുവന്‍ തിരിച്ചെടുത്ത് ബാങ്കിലിടുകയും ചെയ്തു. ഓഹരിയിലെ ഉയര്‍ന്ന ആദായ കണക്കുകളും സോഷ്യല്‍ മീഡിയയിലെ ആവേശവുമാണ് ഈ എടുത്തുചാട്ടത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കൂടുതല്‍ ആദായം ലഭിക്കുന്ന പദ്ധതികള്‍ക്ക് അതിന്റേതായ റിസ്‌ക് ഉണ്ടെന്നകാര്യം മനസിലാക്കിയില്ല. 

ദൈനംദിന ജീവിതത്തിലെ ചെലവുകള്‍ക്കായി പണം കണ്ടെത്തുകയെന്നതാണ് വിരമിച്ചവര്‍ നേരിടുന്ന വെല്ലുവിളി. വരുമാന സാധ്യതകള്‍ നിലച്ചു. ഇനിയും ഏറെ വര്‍ഷങ്ങള്‍ മുന്നോട്ടുപോകേണ്ടതുണ്ട്. സ്ഥിര വരുമാനം ഉറപ്പാക്കുന്നതിനോടൊപ്പം വിലക്കയറ്റത്തെ മറികടക്കുന്ന ആദായം ലഭിക്കുകയും വേണം. ഇക്കാര്യങ്ങള്‍ കണക്കിലെടുത്തുവേണം നിക്ഷേപം ആസൂത്രണം ചെയ്യാന്‍. 

സ്ഥിര വരുമാനത്തിന് മുന്‍ഗണന നല്‍കുന്നവര്‍ മൊത്തം ആസ്തിയില്‍ 70 മുതല്‍ 80 ശതമാനം വരെ എഫ്.ഡി പോലുള്ളവയില്‍ നിക്ഷേപിക്കണം. 20 മുതല്‍ 30 ശതമാനംവരെ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടിലുമാകാം. പെന്‍ഷന്‍, വാടക തുടങ്ങി മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഉണ്ടെങ്കില്‍ ഓഹരിയിലെ നിക്ഷേപം വര്‍ധിപ്പിക്കാം. 

സ്ഥിര നിക്ഷേപം

ബാങ്ക് എഫ്.ഡി, സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം, ഹ്രസ്വകാല ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍, ഉയര്‍ന്ന റേറ്റിങ് ഉള്ള കടപ്പത്രങ്ങള്‍ എന്നിവ പരിഗണിക്കാം. ദൈനംദിന ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ ഇതിലൂടെ കഴിയും. അപ്രതീക്ഷിത സാഹചര്യങ്ങളുണ്ടായാല്‍ സ്ഥിര നിക്ഷേപ പദ്ധതികളില്‍നിന്ന് പണമെടുക്കാം. തകര്‍ച്ചയിലൂടെയും ഉയര്‍ച്ചയിലൂടെയും ഓഹരി നിക്ഷേപത്തിന് വളരാനുള്ള സമയം കൊടുക്കാന്‍ ഇത് ഉപകരിക്കും.

ഓഹരി

നേരിട്ട് ഓഹരിയില്‍ നിക്ഷേപിക്കുന്നതിന് പകരം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിന്റെ വഴിതേടാം. താരതമ്യേന റിസ്‌ക് കുറഞ്ഞ ലാര്‍ജ് ക്യാപ്, ഫ്‌ളക്‌സി ക്യാപ്, അഗ്രസീവ് ഹൈബ്രിഡ് സ്‌കീമുകള്‍ തിരഞ്ഞെടുക്കാം. മിഡ്, സ്‌മോള്‍ ക്യാപുകള്‍, സെക്ടറല്‍ ഫണ്ടുകള്‍ എന്നിവ ഒഴിവാക്കാം. ദീര്‍ഘകാലയളവില്‍ മികച്ച ആദായം നല്‍കാന്‍ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് കഴിയുമെന്ന് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. അഞ്ച് മുതല്‍ ഏഴ് വര്‍ഷവരെ നിക്ഷേപം നിലനിര്‍ത്താന്‍ കഴിയുമെങ്കില്‍ 12 മുതല്‍ 15 ശതമാനംവരെ ആദായം ലഭിക്കാന്‍ സാധ്യതയുണ്ട്.

സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആസ്തികള്‍ മികച്ചരീതിയില്‍ വൈവിധ്യവത്കരിച്ച് നിക്ഷേപിക്കുകയാണ് വേണ്ടത്. ഓഹരി നിക്ഷേപം ആകര്‍ഷകമായി തോന്നാമെങ്കിലും സ്ഥിര നിക്ഷേപ പദ്ധതികളുടെ പ്രാധാന്യവും മനസിലാക്കണം. വിപണിയിലെ അസ്ഥിരത നേരിടാന്‍ വ്യക്തമായ ആസൂത്രണം ഉണ്ടാകണം. വ്യക്തികളുടെ സാമ്പത്തിക സ്ഥിരതയും ആവശ്യങ്ങളും പരിഗണിച്ചാകണം നിക്ഷേപം ക്രമീകരിക്കേണ്ടത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi