ഇന്ത്യൻസിനിമയിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായിട്ടാണ് സഞ്ജീവ് കുമാർ അറിയപ്പെടുന്നത്. 22-ാം വയസ്സിൽ 'ഹം ഹിന്ദുസ്ഥാനി' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം എത്രയോ സിനിമകൾ. നിഷാൻ, പതി പത്‌നി, ശിഖാർ, അനോഖി രാത്, ആശിർവാദ്, സച്ചായ്, ദസ്തക്, കോഷിഷ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനചിത്രങ്ങൾ. 25 വർഷത്തോളം സിനിമയിൽ സജീവമായി നിന്നു താരം. അതിനിടയിൽ മികച്ച നടനുള്ള ദേശീയപുരസ്‌കാരം രണ്ടുതവണ അദ്ദേഹത്തെ തേടിയെത്തി.
സിനിമയിൽ കത്തിനിൽക്കുന്ന സമയത്താണ് 47-ാം വയസ്സിൽ അദ്ദേഹം ഹൃദയാഘാതം മൂലം മരിക്കുന്നത്. നേരത്തെ ഹൃദയാഘാതമുണ്ടായശേഷം അമേരിക്കയിൽവെച്ച് ബൈപാസ് സർജറിക്ക് വിധേയനായിരുന്നു താരം. അതുകഴിഞ്ഞ് വർഷങ്ങൾക്കുശേഷമാണ് വീണ്ടുമൊരു ഹൃദയാഘാതമുണ്ടാവുന്നത്. ഇത്തവണ മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.
Also Read
13 സിനിമകളാണ് അദ്ദേഹത്തിന്റെ മരണശേഷം പുറത്തിറങ്ങിയത്. ഏറ്റവും അവസാനം റിലീസായ 'പ്രൊഫസർ കി പഡോസൻ' എന്ന ചിത്രത്തിന്റെ 75 ശതമാനം മാത്രമേ താരം മരിക്കുമ്പോൾ പൂർത്തിയായിരുന്നുള്ളൂ. അതിനാൽ, അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ അഭാവം വിശദീകരിക്കുന്നതിനായി രണ്ടാം പകുതിയിലെ കഥാതന്തുവിൽ മാറ്റം വരുത്തുകയായിരുന്നു.
സഞ്ജീവ് കുമാർ തന്റെ മരണം മുൻകൂട്ടിക്കണ്ടാണ് ജീവിതകാലം മുഴുവൻ കഴിഞ്ഞതെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. അദ്ദേഹം വിവാഹം കഴിക്കാതിരുന്നതിനൊരു കാരണവും അതുതന്നെ. 'താൻ അധികകാലം ജീവിക്കില്ല, അതുകൊണ്ട് മറ്റൊരാളുടെ ജീവിതം നശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല' എന്നുപറഞ്ഞ് സഞ്ജീവ് വിവാഹത്തിൽനിന്ന് ഒഴിയുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
''വളരെ ചെറുപ്പത്തിൽ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായിരുന്നു. അതിനുശേഷം അധികംനാൾ ജീവിച്ചിരിക്കില്ലെന്നൊരു ചിന്താഗതിയുണ്ടായിരുന്നു അദ്ദേഹത്തിന്. പിന്നെന്തിനാണ് മറ്റൊരാളുടെ ജീവിതം നശിപ്പിക്കുന്നത് എന്നാണ് അദ്ദേഹം ചിന്തിച്ചത്'', മുമ്പൊരു അഭിമുഖത്തിൽ അദ്ദേഹത്തിന്റെ അനന്തരവൾ ജിഗ്ന ഷാ വെളിപ്പെടുത്തിയിരുന്നു.
അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ സച്ചിൻ പിൽഗാവോങ്കറും ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരു കൈനോട്ടക്കാരൻ തന്റെ മരണത്തെക്കുറിച്ച് പ്രവചിച്ച കാര്യവും സഞ്ജീവ് തന്നോട് പറഞ്ഞിരുന്നതായും സച്ചിൻ പറയുന്നു. സഞ്ജീവ് വാർധക്യം വരെ ജീവിച്ചിരിക്കില്ലെന്നായിരുന്നു കൈനോട്ടക്കാരൻ പ്രവചിച്ചത്.
''സഞ്ജീവ് എന്നോട് പറഞ്ഞു, 'ഞാൻ അധികകാലം ജീവിക്കുകയോ വാർദ്ധക്യം കാണുകയോ ഇല്ലെന്ന് ഒരു കൈനോട്ടക്കാരൻ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് സിനിമകളിൽ പ്രായമായവരുടെ വേഷങ്ങൾ ഞാൻ ചെയ്യുന്നത്; ജീവിതത്തിൽ എനിക്ക് ഒരിക്കലും അനുഭവിച്ചറിയാൻ കഴിയാത്ത ആ ഘട്ടം സ്‌ക്രീനിലൂടെയെങ്കിലും അനുഭവിക്കാനാണത്'. ഇതായിരുന്നു അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നത്'', സച്ചിൻ 'ബോളിവുഡ് ആജ് ഔർ കൽ' എന്ന പരിപാടിയിൽ പറഞ്ഞു.
മരിക്കുന്നതിന് തലേദിവസം തങ്ങൾ കണ്ടിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. പിറ്റേദിവസം കാണാമെന്ന് കരുതിയെങ്കിലും അതിനു കഴിഞ്ഞില്ലെന്നും സച്ചിൻ പറയുന്നു. രാവിലെ കാണാനാണ് ഉദ്ദേശിച്ചതെങ്കിലും താൻ എത്തുമ്പോഴേക്കും ഉച്ചയായിരുന്നുവെന്നും, അപ്പോഴേക്കും സഞ്ജീവ് മരിച്ചിരുന്നുവെന്നും താരം ഓർക്കുന്നു.
''മരിക്കുന്നതിന് തലേദിവസം ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. പിറ്റേന്ന് വരാമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. 'രാവിലെ വരൂ' എന്ന് അദ്ദേഹം പറഞ്ഞു. 'അതിനുകഴിയില്ല, ഉച്ചയ്ക്ക് 2-നും 2:30-നും ഇടയിൽ വരാം' എന്ന് ഞാൻ മറുപടി നൽകി. കുറച്ചുകൂടി നേരത്തെ വരാൻ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചെങ്കിലും, ആദ്യം തീർക്കേണ്ട ചില ജോലികളുണ്ടെന്നും അത് കഴിഞ്ഞുവരാമെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഞാൻ കൃത്യം രണ്ടരയ്ക്ക് അദ്ദേഹത്തിന്റെ വീട്ടിലെത്തി. സഞ്ജീവ് മുറിയിലാണെന്നും കുളിക്കുകയാണെന്നും ജോലിക്കാർ പറഞ്ഞു. അരമണിക്കൂറോളം ഞാൻ കാത്തിരുന്നു. അപ്പോഴാണ് ജോലിക്കാർ വീണ്ടും പറയുന്നത്, 'അദ്ദേഹത്തിന് എന്തോ അസ്വസ്ഥതയുണ്ട്. ഛർദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സെക്രട്ടറി ഡോക്ടറെ വിളിക്കാൻ പോയിരിക്കുകയാണ്' എന്ന്'', സഞ്ജീവ് കുമാറിന്റെ അവസാനനിമിഷങ്ങളിലൂടെ സച്ചിൻ കടന്നുപോകുന്നു.
ഡോക്ടർ എത്തിയിട്ടും ആർക്കും സഞ്ജീവിന്റെ മുറിയിലേക്ക് പോവാനുള്ള ധൈര്യമില്ലായിരുന്നു. ഒടുവിൽ താൻ മുന്നിട്ടിറങ്ങി. ''കുളിക്കുകയാണെങ്കിലും അത്രയും സമയമെടുക്കില്ലെന്ന് എനിക്കറിയാം. ഒടുവിൽ ഞാൻ തന്നെ മുറിയിലേക്ക് കടന്നു. പതുക്കെ ബെഡ്‌റൂമിന്റെ വാതിൽ തുറന്നു. ആദ്യമൊന്നും കണ്ടില്ല. പിന്നീടാണ് രണ്ടുകാലുകൾ മാത്രം കാർപ്പെറ്റിൽ കാണുന്നത്. ഞാൻ മുന്നോട്ട് ചെന്നപ്പോൾ, തറയിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. എന്റെ അലർച്ച കേട്ട് എല്ലാവരും ഓടിയെത്തി. ഡോക്ടർ പരിശോധിക്കുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു''.
സഞ്ജീവ് കുമാറിന്റെ ജീവിതശൈലിയാണ് അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണത്തിന് കാരണമായതെന്ന് പിന്നീട് സുഹൃത്തുക്കൾ പലരും പറഞ്ഞിട്ടുണ്ട്. കടുത്ത മദ്യപാനിയായിരുന്നു. മാംസാഹാരം കഴിക്കരുതെന്ന് അദ്ദേഹത്തോട് ഡോക്ടർമാർ നിർദേശിച്ചിരുന്നു. പക്ഷേ അത് കഴിക്കാൻവേണ്ടി മാത്രം ഒറ്റമുറി ഫ്‌ളാറ്റിലേക്ക് മാറി താരം. ഒരുകാലത്ത് ശത്രുഘ്‌നൻ സിൻഹ, ഷമ്മി കപൂർ ഉൾപ്പെടെയുള്ള മുൻനിരതാരങ്ങളുടെ സ്ഥിരം താവളമായിരുന്നുവത്. അവർ മണിക്കൂറുകളോളം, നേരം വെളുക്കും വരെ, മദ്യപിച്ചും ഭക്ഷണം കഴിച്ചും അവിടെ കൂടി. ഇത്തരം ശീലങ്ങളാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തിന് കൂടുതൽ ദോഷകരമായത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sanjeev Kumar's early career and national award-winning performances. The impact of a palmist's prediction on his personal life and decision to remain unmarried. The actor's struggle with health and his untimely death at 47.
Published: 31 Jul 2026, 12:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented