ടേസ്റ്റ് അറ്റ്‌ലസിന്റെ, ലോകത്തിലെ ഏറ്റവും മികച്ച നൂറു രാജ്യങ്ങളിലെ പാചകരീതി തെരഞ്ഞെടുപ്പിൽ രാജ്യത്തിന് കിട്ടിയത് പതിമൂന്നാം സ്ഥാനമാണ്. നമ്മുടെ മുർഗ് മഖ്‌നി അതായത് ബട്ടർ ചിക്കനും ഹൈദരാബാദി ബിരിയാണിയും മസാല ചായയുമാണ് ഇന്ത്യക്ക് അഭിമാനിക്കാവുന്ന പതിമൂന്നാം സ്ഥാനം നേടി തന്നത്. ഒന്നാം സ്ഥാനം കൈക്കലാക്കിയത് ഇറ്റലിയുടെ പിസ്സയാണ്. എന്നാൽ പിന്നെ ഹൈദരാബാദി ബിരിയാണിയും മുർഗ് മഖ്‌നിയും വീട്ടിൽ തയ്യാറാക്കിയാലോ...

To advertise here,

ഹൈദരാബാദി ദം ബിരിയാണി
ചേരുവകൾ:

ചിക്കൻ- 500 ഗ്രാം
ബസ്മതി അരി- മൂന്ന് കപ്പ്
സവാള നീളത്തിൽ അരിഞ്ഞത്- രണ്ട് കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- രണ്ട് ടീസ്പൂൺ
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
മുളകുപൊടി- ഒരു ടീസ്പൂൺ
ഗരംമസാലപ്പൊടി- രണ്ട് ടീസ്പൂൺ
പച്ച പപ്പായ പേസ്റ്റ്- മൂന്ന് ടേബിൾസ്പൂൺ
പച്ചമുളക് പേസ്റ്റ്- ഒരു ടീസ്പൂൺ
പുളിയില്ലാത്ത തൈര്- ഒന്നര കപ്പ്
ചെറുനാരങ്ങാനീര്- രണ്ട് ടേബിൾസ്പൂൺ
കുങ്കുമപ്പൂവ്- ഒരു നുള്ള്
റോസ് വാട്ടർ- കാൽ ടീസ്പൂൺ
പാൽ- കാൽ കപ്പ്
എണ്ണ- കാൽ കപ്പ്
നെയ്യ്- കാൽ കപ്പ്
മല്ലിയില- ഒരു കെട്ട്
കറുവപ്പട്ട- ഒരു ഇഞ്ച് കഷണം
ഗ്രാമ്പൂ- നാലെണ്ണം
ഏലക്ക- മൂന്നെണ്ണം
തക്കോലം - ഒന്ന്
ജാതിപത്രി- രണ്ട് ഇതൾ
സാജീരകം- അര ടീസ്പൂൺ
പെരുംജീരകം- ഒരു ടീസ്പൂൺ
ബേ ലീഫ്- ഒന്ന്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: സവാള ബ്രൗൺ നിറത്തിൽ മൊരിയുന്നതുവരെ വറുത്ത്, കോരി മാറ്റി വയ്ക്കുക. ചുവടുകട്ടിയുള്ള ഉരുളിയിൽ ചിക്കനിട്ട് അതിലേക്ക് ഈ വറുത്ത സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് പേസ്റ്റ്, പച്ച പപ്പായ പേസ്റ്റ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാലപ്പൊടി എന്നിവ ചേർക്കുക. തൈര്, ചെറുനാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ് എന്നിവയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് എണ്ണയും മല്ലിയിലയും കൂടി ചേർത്ത് എല്ലാം നന്നായി ഇളക്കണം. ഈ കൂട്ട് കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ മാരിനേറ്റ് ചെയ്ത് വയ്ക്കണം.
ചോറ് തയ്യാറാക്കാൻ: ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് മുഴുവൻ ഗരംമസാലകളും ആവശ്യത്തിന് ഉപ്പും ചേർക്കുക. ബസ്മതി അരി ചേർത്ത് അരി 60% വേവിച്ച് വെള്ളം വാർത്ത് വെക്കുക. വേവിച്ച അരി മാരിനേറ്റ് ചെയ്ത ഇറച്ചിയുടെ മുകളിൽ നിരപ്പായി പരത്തുക. അരിയുടെ മുകളിൽ ബാക്കി വറുത്ത സവാളയും മല്ലിയിലയും വിതറുക. നെയ്യും ഒഴിച്ച് പാത്രം നന്നായി അടയ്ക്കുക. ആവശ്യമെങ്കിൽ മാവ് ഉപയോഗിച്ച് വശങ്ങൾ സീൽ ചെയ്യാം. ആദ്യം ഉയർന്ന തീയിൽ വെച്ച് 5 മിനിറ്റ് വേവിച്ചതിനുശേഷം ചെറുതീയിൽ 30-35 മിനിറ്റ് ദം ചെയ്യുക. ചിക്കനും അരിയും വെന്തുകഴിഞ്ഞാൽ ആവി വരുന്നത് കാണാം. മൂടി തുറന്ന് കുങ്കുമപ്പൂവ് കലർത്തിയ പാലും റോസ് വാട്ടറും വറുത്ത സവാളയും തൂവി യോജിപ്പിച്ച് വിളമ്പാം.

 

മുർഗ് മഖ്‌നി
മാരിനേഷനുള്ള ചേരുവകൾ

ചിക്കൻ - 500 ഗ്രാം
പുളിയില്ലാത്ത തൈര് - കാൽ കപ്പ്
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് - ഒരു ടേബിൾ സ്പൂൺ
മഞ്ഞൾപൊടി - അര ടീസ്പൂൺ
മുളകുപൊടി - ഒരു ടീസ്പൂൺ
മല്ലിപ്പൊടി - മൂന്ന് ടീസ്പൂൺ
ജീരകപ്പൊടി - അര ടീസ്പൂൺ
കുരുമുളകുപൊടി - ഒരു ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ഗ്രേവിക്കുള്ള ചേരുവകൾ
സവാള - രണ്ടെണ്ണം
തക്കാളി - രണ്ടെണ്ണം
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിൾ സ്പൂൺ
കാഷ്യുനട്ട് - ഒരു പിടി
മല്ലിയില തണ്ടോടുകൂടി - അരക്കപ്പ്
ചുവന്നമുളക് - മൂന്നെണ്ണം
കാശ്മീരി മുളകുപൊടി- ഒരു ടേബിൾ സ്പൂൺ
ഫ്രഷ് ക്രീം - കാൽ കപ്പ്
ബട്ടർ - 50 ഗ്രാം
പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം - രണ്ട് വീതം
പെരുംജീരകം - ഒരു ടേബിൾ സ്പൂൺ
കസൂരിമേത്തി - അര ടീസ്പൂൺ
പഞ്ചസാര - രണ്ട് ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ചിക്കൻ ഇടത്തരം കഷണങ്ങളാക്കി മാരിനേഷനുള്ള ചേരുവകൾ യോജിപ്പിച്ച് പുരട്ടി വെക്കുക. ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെച്ചതിനുശേഷം അവനിൽ 180 ഡിഗ്രിയിൽ 30-35 മിനിറ്റ് ഗ്രിൽ ചെയ്‌തെടുക്കുക. പാനിൽ അല്പം ബട്ടർ ചൂടാക്കി ചിക്കൻ ഗ്രിൽ ചെയ്‌തെടുത്താലും മതിയാവും. ഗ്രിൽ ചെയ്ത ചിക്കനിൽ അല്പം ബട്ടർ പുരട്ടി മാറ്റിവയ്ക്കാം.

ഇനി കഡായിൽ ഒരു ടേബിൾ സ്പൂൺ ബട്ടർ ചൂടാക്കി പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം, പെരുംജീരകം, ബേ ലീഫ് എന്നിവ ചേർക്കുക. സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക. നിറം മാറി തുടങ്ങുമ്പോൾ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. ശേഷം തക്കാളി ചേർത്ത് വഴറ്റാം. ചുവന്ന മുളക്, കാഷ്യുനട്ട്, മുളകുപൊടി, മല്ലിയില എന്നിവ ചേർത്ത് ഒന്ന് ചൂടാവുമ്പോൾ തീയിൽ നിന്ന് മാറ്റാം. ഈ കൂട്ട് ആറിയതിനു ശേഷം നന്നായി അരച്ചെടുക്കുക. അതേ കഡായിൽ ഒരു ടേബിൾ സ്പൂൺ ബട്ടർ ചൂടാക്കി അരച്ച കൂട്ട് ഒഴിക്കുക. പഞ്ചസാരയും ഉപ്പും ചേർക്കുക. ഇതിലേക്ക് ഗ്രിൽ ചെയ്ത ചിക്കൻ ചേർത്ത് ഇളക്കി യോജിപ്പിക്കുക. തിളച്ചു തുടങ്ങുമ്പോൾ ഫ്രഷ് ക്രീം ചേർത്ത് യോജിപ്പിക്കുക. ഗ്രേവി നന്നായി കുറുകി വരുമ്പോൾ കസൂരി മേത്തി ചേർത്ത്, മല്ലിയിലയും തൂവുക. തീയിൽ നിന്നും മാറ്റിയതിനുശേഷം ബാക്കിയുള്ള ബട്ടർ കൂടി മുകളിൽ തൂവി വിളമ്പാം.

 

മസാല ചായ്
ചേരുവകൾ:

പാൽ - രണ്ട് കപ്പ്
വെള്ളം - രണ്ട് കപ്പ്
ചായപ്പൊടി - മൂന്നു ടീസ്പൂൺ
പഞ്ചസാര - നാല് ടീസ്പൂൺ
പട്ട - ഒരിഞ്ച് കഷണം
ഗ്രാമ്പു - മൂന്നെണ്ണം
ഏലക്ക - രണ്ടെണ്ണം
തയ്യാറാക്കുന്നവിധം: പാലും വെള്ളവും യോജിപ്പിച്ച്, പഞ്ചസാരയും ചേർത്ത് തിളയ്ക്കാൻ വെക്കുക. പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ ചതച്ച് പാലിലേക്ക് ചേർക്കുക. തിളച്ചു വരുമ്പോൾ ചായപ്പൊടി ചേർത്ത് ഇടത്തരം തീയിലാക്കി പാൽ കുറുകി വരുന്നതുവരെ തിളപ്പിച്ച് അരിച്ചെടുക്കുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi