ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും ഗോവിന്ദയും തമ്മിലുള്ള സൗഹൃദത്തിന് 40 വർഷത്തിലേറെ പഴക്കമുണ്ട്. ഇൻഡസ്ട്രിയിലെ കയറ്റിറക്കങ്ങൾക്കിടയിലും സൽമാനൊപ്പം സഹോദരനെ പോലെ നിന്നിട്ടുണ്ട് ഗോവിന്ദ. അതിനിടയിൽ പിണക്കങ്ങളും പരിഭവങ്ങളും ഒരുപാടുണ്ടായി. അതിൽനിന്നും പുറത്തുവന്ന് ആദ്യത്തേതിലും ദൃഢമായി ആ സൗഹൃദം മുന്നോട്ടുപോയി.

ഗോവിന്ദയും സൽമാൻ ഖാനും ഒന്നിച്ചഭിനയിച്ച 2007-ലെ 'പാർട്ണർ' എന്ന ചിത്രം വലിയ പ്രശംസ നേടിയിരുന്നു. ഇവരുടെ കെമിസ്ട്രി ആരാധകർക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ, ഡേവിഡ് ധവാൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സെറ്റിൽ വെച്ച് സൽമാനുമായി നടത്തിയ ഒരു സ്വകാര്യ സംഭാഷണത്തെക്കുറിച്ച് ഗോവിന്ദ അടുത്തിടെ വെളിപ്പെടുത്തിയത് ഇപ്പോൾ ചർച്ചയാവുകയാണ്.

എഎൻഐയോട് സംസാരിക്കവെ, ആ സമയത്ത് സൽമാൻ കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോയിരുന്നതെന്ന് ഗോവിന്ദ പറഞ്ഞു. ''സൽമാൻ വലിയ വേദനയിലും വിഷമത്തിലുമായിരുന്നു. പ്രണയമോ പ്രതീക്ഷകളോ ആഗ്രഹങ്ങളോ എന്തുതന്നെയായാലും, ഒരാൾ സ്വയം അസ്വസ്ഥനാകുമ്പോൾ അത് പരിഹരിക്കാൻ മറ്റാർക്കും കഴിയില്ല. അവൻ തീർത്തും ഉൾവലിഞ്ഞ അവസ്ഥയിലായിരുന്നു. അവനെ യാഥാർത്ഥ്യബോധവുമായി പരിചയപ്പെടുത്തണമെന്ന് എനിക്ക് തോന്നി; അങ്ങനെ ഞങ്ങൾ ഒന്നിച്ചിരുന്ന് മദ്യപിച്ചു. 'സൽമാൻ, നീ പുറംലോകത്തേക്ക് മാത്രം നോക്കി നടന്നു; ഇനി നിന്റെ ഉള്ളിലേക്ക് നോക്കൂ' എന്ന് ഞാൻ സൽമാനോട് പറഞ്ഞു''.

മറ്റൊരു സംഭവം കൂടി ഗോവിന്ദ ഓർത്തെടുത്തു. ''അന്നെനിക്ക് 114 കിലോ ഭാരമുണ്ടായിരുന്നു. ഞാൻ സൽമാനോട് പറഞ്ഞു, 'ഞാൻ തടി കുറയ്ക്കുമ്പോഴേക്കും ഒരു സ്വഭാവ നടനായി മാറിക്കഴിഞ്ഞിട്ടുണ്ടാകും, അല്ലേ? 'പാർട്ണർ' സിനിമയിൽ ചെയ്തതുപോലുള്ള വേഷങ്ങൾ, അതായത് കോമഡി വേഷങ്ങൾ, തന്നെയായിരിക്കും ഞാൻ തുടർന്നും ചെയ്യുക. നിങ്ങൾ ഒരു നായകനാണ്, പക്ഷേ ഇപ്പോൾ കാണുമ്പോൾ അങ്ങനെയല്ല തോന്നുന്നത്. നിങ്ങളെ കാണുമ്പോൾ അസ്വസ്ഥനായും വിഷാദത്തിലായും ആണ് തോന്നുന്നത്. ഇതിൽ നിന്നെല്ലാം പുറത്തുവരൂ''.

താൻ എന്തുചെയ്യണമെന്ന് സൽമാൻ ഗോവിന്ദയോട് ചോദിച്ചു. ദിവസവും രണ്ടോ മൂന്നോ മണിക്കൂർ വ്യായാമം ചെയ്യണമെന്ന് ഗോവിന്ദ സൽമാനോട് പറഞ്ഞു. ''അദ്ദേഹം എന്നോട് ചോദിച്ചു, 'ഞാൻ എന്തുചെയ്യണം?' ഞാൻ പറഞ്ഞു, 'ദിവസവും രണ്ടോ മൂന്നോ മണിക്കൂർ വ്യായാമം ചെയ്യുക. ധർമേന്ദ്രയെ നോക്കൂ. ധർമേന്ദ്രയ്ക്ക് ശേഷം, മാതാപിതാക്കൾ, സഹോദരങ്ങൾ, നല്ല മുഖം, മികച്ച വ്യക്തിത്വം എന്നിവയാൽ ദൈവം അനുഗ്രഹിച്ച ഒരേയൊരു നായകൻ നിങ്ങളാണ്. ആളുകൾ നിങ്ങളെ നോക്കി 'ഇതൊരു നായകനാണ്' എന്ന് പറയുന്ന തരത്തിലുള്ള ആ പ്രഭാവം നിലനിർത്താൻ കഴിയുന്ന ഒരേയൊരാൾ നിങ്ങളാണ്''.

ഹിന്ദി സിനിമാരംഗത്ത് ദീർഘകാലം ആധിപത്യം പുലർത്താൻ അദ്ദേഹത്തിന് കഴിയുമെന്ന് താൻ പറഞ്ഞിരുന്ന കാര്യം ഗോവിന്ദ അനുസ്മരിച്ചു. ''അദ്ദേഹം ഞാൻ പറഞ്ഞതുപോലെ ചെയ്തു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, 'നിങ്ങൾ 10 വർഷം ബോളിവുഡ് ഭരിക്കും.' അതുപോലെ സംഭവിക്കുകയും ചെയ്തു''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi