ബിഗ് ബി, സ്റ്റാർ ഓഫ് ദ മിലേനിയം, ഷഹൻഷാ...തുടങ്ങി വിശേഷണങ്ങൾ ഏറെയുണ്ട് അമിതാഭ് ബച്ചന്. അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ഈ മഹാനടന്റെ ജീവിതത്തിലും ഉയർച്ചകളും താഴ്ചകളുമുണ്ടായിട്ടുണ്ട്. എന്നാൽ, മരണത്തിന്റെ വക്കിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഒരു സംഭവം ഇന്നും അദ്ദേഹത്തിന്റെ ഓർമ്മകളിലെ ഏറ്റവും വലിയ വഴിത്തിരിവുകളിലൊന്നാണ്.

To advertise here,

1982ൽ 'കൂലി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ഗുരുതര അപകടമാണ് അമിതാഭ് ബച്ചന്റെ ജീവൻ തന്നെ അപകടത്തിലാക്കിയത്. ഒരുഘട്ടത്തിൽ ഡോക്ടർമാർ അദ്ദേഹത്തെ 'ക്ലിനിക്കലി ഡെഡ്' ആയി പ്രഖ്യാപിക്കുകയും പിന്നീട് ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്തു. വർഷങ്ങൾക്കിപ്പുറം 'കോൻ ബനേഗാ ക്രോർപതി'യുടെ വേദിയിൽ ആ സംഭവത്തെക്കുറിച്ച് അദ്ദേഹം പങ്കുവച്ച രസകരമായൊരു അനുഭവവും ശ്രദ്ധ നേടിയിരുന്നു. പരിപാടിയിൽ അതിഥികളായി മനീഷ് പോൾ, അദിതി ഗുപ്ത, ദിഷ പർമർ, ചാന്ദ്‌നി ശർമ എന്നിവരുമുണ്ടായിരുന്നു.

അദിതി ഗുപ്ത സ്‌ക്രീനിൽ ഡോക്ടറുടെ വേഷം ചെയ്യുന്ന താരമാണ്. അമിതാഭ് ബച്ചനെ 'രാജ്യത്തിന്റെ ഹൃദയമിടിപ്പ്' എന്ന് വിശേഷിപ്പിച്ചുകൊണ്ട് തമാശയായി അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് പരിശോധിക്കാമെന്ന് അദിതി പറഞ്ഞു. ബച്ചൻ കൈത്തണ്ടയിലെ പൾസ് പരിശോധിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ കൈത്തണ്ടയിൽ പൾസ് കണ്ടെത്താൻ അദിതിക്ക് കഴിഞ്ഞില്ല. തന്റെ പരിശോധനാരീതി ശരിയാണോ എന്നുറപ്പാക്കാൻ മനീഷ് പോളിന്റെ പൾസ് ആദ്യം പരിശോധിച്ചു. അദ്ദേഹത്തിന്റെ പൾസ് സാധാരണ നിലയിൽ അനുഭവപ്പെട്ടു. വീണ്ടും ബച്ചന്റെ കൈത്തണ്ടയിൽ പരിശോധിച്ചിട്ടും പൾസ് കണ്ടെത്താനായില്ല.

“ഇദ്ദേഹത്തിന്റെ പൾസ് വരുന്നുണ്ട്, നിങ്ങളുടെ പൾസ് എന്തുകൊണ്ടാണ് വരാത്തത്?” എന്ന അദിതിയുടെ ചോദ്യത്തിന് ബച്ചന്റെ മറുപടിയും പതിവുപോലെ തമാശ നിറഞ്ഞതായിരുന്നു.

“ഞങ്ങളുടെ പൾസ് പോകുന്നതുകൊണ്ടാണ് വരാത്തത്” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്നാണ് കൈത്തണ്ടയിലെ പൾസ് ഇല്ലാതായതിനു പിന്നിലെ യഥാർഥ കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

1982ൽ 'കൂലി'യുടെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അമിതാഭ് ബച്ചന് ഗുരുതരമായി പരിക്കേറ്റത്. വയറിനേറ്റ പരിക്ക് കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില അത്രയും മോശമായിരുന്നു. ഒരു ഘട്ടത്തിൽ ഡോക്ടർമാർ ക്ലിനിക്കലി ഡെഡ് എന്ന് പ്രഖ്യാപിച്ചതായാണ് അദ്ദേഹം പിന്നീട് പറഞ്ഞത്. ചികിത്സയുടെയും ശസ്ത്രക്രിയയുടെയും പിന്നാലെ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

അപകടത്തെ തുടർന്ന് നിരവധി ശസ്ത്രക്രിയകളും ചികിത്സകളും അദ്ദേഹത്തിന് വേണ്ടിവന്നു. ശരീരത്തിൽ വിവിധ ഭാഗങ്ങളിൽ മുറിവുകളും ശസ്ത്രക്രിയയുടെ പാടുകളും അവശേഷിച്ചു. കൈത്തണ്ടയിലും പലതവണ മുറിവുണ്ടാക്കിയതിനാൽ അവിടെയുള്ള പൾസ് പിന്നീട് അനുഭവപ്പെടാതായെന്നാണ് അമിതാഭ് ബച്ചൻ KBC വേദിയിൽ വിശദീകരിച്ചത്.

“ഇപ്പോൾ എനിക്ക് കഴുത്തിൽ മാത്രമാണ് പൾസ് ഉള്ളത്” എന്നും അദ്ദേഹം തമാശയായി പറഞ്ഞു. കഴുത്തിലെ പൾസ് പരിശോധിക്കാൻ ശ്രമിച്ചാൽ സമ്മതിക്കില്ലെന്നും പറഞ്ഞ് പതിവ് നർമ്മവും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi