ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ താരങ്ങളിലൊരാളായിരുന്നു റായ് ലക്ഷ്മി. മലയാളികൾക്കും ഏറെ പരിചിതമായ മുഖം. മോഹൻലാൽ നായകനായ ‘റോക്ക് ആന്റ് റോൾ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരം പിന്നീട് അണ്ണൻ തമ്പി, ഹരിഹർ നഗർ-2, ഇവിടം സ്വർഗമാണ്, ചട്ടമ്പിനാട്, ക്രിസ്ത്യൻ ബ്രദേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചുകൊണ്ട് സിനിമയിൽ തന്റേതായ ഇടം കണ്ടെത്താനും റായ് ലക്ഷ്മിക്ക് കഴിഞ്ഞു.
കരിയറിന്റെ തിരക്കേറിയ ഘട്ടത്തിൽ നിന്നാണ് പിന്നീട് താരത്തിന് ഒരു ഇടവേള എടുക്കേണ്ടിവന്നത്. രണ്ട് വർഷം മുമ്പുണ്ടായ ഗുരുതരമായ പരിക്കും മൂന്ന് ഫ്രാക്ചറും പുറംവേദനയിൽനിന്നുമൊക്കെ അവർ പതിയെ സുഖംപ്രാപിച്ച് വീണ്ടുമെത്തുകയാണ്. നീണ്ട വിശ്രമത്തിനുശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ താരം, ഇനി മികച്ച തിരക്കഥകളുടെയും അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളുടെയും ഭാഗമാകാനാണ് ആഗ്രഹിക്കുന്നതെന്ന് പറയുന്നു.
Also Read
''രണ്ട് വർഷം മുമ്പ് എനിക്ക് നടുവിന് ഗുരുതരമായ പരിക്കുണ്ടായി. മൂന്ന് ഫ്രാക്ചറുകൾ സംഭവിച്ചിരുന്നു. അത് സ്വയം ഭേദമാകേണ്ടതിനാൽ സുഖം പ്രാപിക്കാൻ ഏറെ സമയമെടുത്തു. എപ്പോൾ തിരിച്ചെത്താനാകുമെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ടാണ് ഞാൻ ഇതേക്കുറിച്ച് മിണ്ടാതിരുന്നത്. അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങൾ ഒഴിവാക്കാനായിരുന്നു അത്. പൂർണമായി സുഖം പ്രാപിച്ച ശേഷം ഇതേക്കുറിച്ച് സംസാരിക്കാമെന്ന് തീരുമാനിച്ചു,'' താരം പറയുന്നു.
75 സിനിമകളുടെ ഭാഗമായ റായ് ലക്ഷ്മി ഇനി സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കുമെന്നും പറയുന്നു. ''തെന്നിന്ത്യയിൽ ഞാൻ ഒരുപാട് സിനിമകൾ ചെയ്തു. എന്റേതായൊരു സ്ഥാനം നേടിയിട്ടുണ്ട്. ഈ ഘട്ടത്തിൽ പണം സമ്പാദിക്കാനോ വാർത്തകളിൽ നിറയാനോ വേണ്ടിയല്ല സിനിമ ചെയ്യുന്നത്. ഒരുകാലത്ത് താരങ്ങൾക്ക് ആരാധക കൂട്ടായ്മകളുണ്ടായിരുന്നു, ആളുകൾ ഞങ്ങളെ ആത്മാർഥമായി സ്‌നേഹിക്കുകയും നോക്കിക്കാണുകയും ചെയ്തിരുന്നു. ആ വിശ്വാസത്തെ ദുരുപയോഗം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെ തൃപ്തിപ്പെടുത്തുന്ന നല്ല സിനിമകളുടെ ഭാഗമാകാനാണ് ഇനി ആഗ്രഹം. ഇന്ന് ഒരുപാട് അവസരങ്ങളുണ്ട്. മികച്ച കഥാപാത്രങ്ങളുമായി നിരവധി മുതിർന്ന നടിമാരും തിരിച്ചെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അഭിനേതാക്കൾക്ക് പ്രായം ഒരു തടസമല്ല,'' അവർ കൂട്ടിച്ചേർത്തു.
‘കാഞ്ചന’ എന്ന ചിത്രത്തിലൂടെ ഹൊറർ സിനിമയിലും ശ്രദ്ധ നേടിയ റായ് ലക്ഷ്മി, ചിത്രത്തിന്റെ തുടർഭാഗങ്ങളെക്കുറിച്ചും പ്രതികരിച്ചു. ''ഒറിജിനൽ എപ്പോഴും ഒറിജിനൽ തന്നെയാണ്. പിന്നീട് വന്ന ഭാഗങ്ങളുടെ കഥകൾ ‘കാഞ്ചന 1’നോട് അടുത്തുപോലും എത്തിയില്ലെന്നാണ് എന്റെ അഭിപ്രായം. ഞാൻ ആ സിനിമ ചെയ്ത സമയത്ത് ഹൊറർ സിനിമകൾക്ക് ഇത്ര പ്രചാരം ഉണ്ടായിരുന്നില്ല. ഹൊറർ സിനിമ ചെയ്യുന്നത് എന്തിനാണെന്ന് പോലും പലരും ചോദിച്ചിരുന്നു. എന്നാൽ പിന്നീട് ‘അരൺമനൈ’ പോലുള്ള ഹൊറർ, ത്രില്ലർ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു,'' താരം പറയുന്നു.
‘കാഞ്ചന 4’ൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന്, നടൻ-സംവിധായകൻ രാഘവ ലോറൻസിനൊപ്പം വീണ്ടും ഒന്നിക്കുന്നുവെങ്കിൽ അത് കാഞ്ചനയ്ക്കായിരിക്കുമെന്ന് റായ് ലക്ഷ്മി പറഞ്ഞു. ''അദ്ദേഹത്തിനൊപ്പം വീണ്ടും ജോലി ചെയ്യുമ്പോൾ അത് കാഞ്ചനയ്ക്കായിരിക്കുമെന്ന് ഞാൻ കരുതുന്നു. അദ്ദേഹം തീർച്ചയായും മികച്ചൊരു ആശയം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു.''
തന്റെ കരിയറിലെ തുടക്കകാലത്തെക്കുറിച്ചും താരം സംസാരിച്ചു. ''അന്ന് സിനിമാ മേഖലയുടെ രീതികൾ വ്യത്യസ്തമായിരുന്നു. ഒരു വർഷം അഞ്ചോ ആറോ സിനിമകൾ വരെ ചെയ്യുമായിരുന്നു. എന്നാൽ ഇന്ന് എണ്ണത്തേക്കാൾ ഗുണമേന്മയ്ക്കാണ് പ്രാധാന്യം. ഏതൊക്കെ സിനിമകളാണ് ശരിയെന്നും തെറ്റെന്നും അനുഭവങ്ങളിലൂടെയാണ് ഞാൻ മനസിലാക്കിയത്. ഹിറ്റുകളും പരാജയങ്ങളും കണ്ടിട്ടുണ്ട്. ഒരുതരത്തിലുള്ള കഥാപാത്രങ്ങളിൽ മാത്രം എന്നെ ഒതുക്കിയിട്ടില്ല. പക്ഷേ, തന്നെ പലപ്പോഴും ഗ്ലാമർ വേഷങ്ങളിലൂടെയാണ് പ്രേക്ഷകർ ഓർക്കുന്നത്. മലയാളത്തിൽ എനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ചു. ലാൽ സാറിനും മമ്മൂക്കയ്ക്കുമൊപ്പം ഭാര്യാ കഥാപാത്രങ്ങൾ വരെ അവതരിപ്പിച്ചു. അവിടെ എന്നെ അയൽപക്കത്തെ ഒരു പെൺകുട്ടിയെപ്പോലെയാണ് പ്രേക്ഷകർ കാണുന്നത്. എന്നാൽ തമിഴിൽ ഞാൻ സാരി ധരിച്ചാലും ആളുകൾ എന്നെ ഗ്ലാമറസായാണ് കാണുന്നത്. ഒരു ഇമേജ് ആളുകൾക്ക് ഇഷ്ടപ്പെട്ടാൽ അതേ തരത്തിലുള്ള കഥാപാത്രങ്ങളാണ് അവർ വീണ്ടും പ്രതീക്ഷിക്കുന്നത്. പക്ഷേ ഞാൻ ആവശ്യത്തിന് ഗ്ലാമർ വേഷങ്ങൾ ചെയ്തുകഴിഞ്ഞു. ഇനി ഗ്ലാമറില്ലാത്ത കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹം. മേക്കപ്പ് പോലും ആവശ്യമില്ലാത്ത ഒരു സിനിമയുടെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു,'' റായ് ലക്ഷ്മി വ്യക്തമാക്കി.
സിനിമയ്ക്ക് പുറമെ യാത്രകളാണ് തന്റെ ഏറ്റവും വലിയ ആശ്വാസമെന്നും താരം പറയുന്നു. ''വെറുതെ വീട്ടിലിരുന്ന് ഒന്നും ചെയ്യാതെ ഇരിക്കാൻ എനിക്ക് കഴിയില്ല. പുതിയ സ്ഥലങ്ങൾ കണ്ടെത്താനും ആളുകളെ പരിചയപ്പെടാനും വ്യത്യസ്ത സംസ്‌കാരങ്ങൾ അനുഭവിക്കാനും എനിക്ക് ഇഷ്ടമാണ്. യാത്രകളിലൂടെ എന്റെ ഉള്ളിലെ കുട്ടിയെ വീണ്ടും കണ്ടെത്താൻ കഴിയുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നൃത്തം ചെയ്യാനോ ഹൈഹീൽസ് ധരിക്കാനോ പോലും കഴിഞ്ഞിരുന്നില്ല. അതിനാൽ പ്രകൃതിയോടും മഞ്ഞുമൂടിയ സ്ഥലങ്ങളോടും ചേർന്നുള്ള യാത്രകളായിരുന്നു തിരഞ്ഞെടുത്തത്. യാത്രയാണ് എന്റെ തെറാപ്പി. എന്റെ കരിയർ ആരംഭിച്ചതും ആറോ ഏഴോ വർഷം താമസിച്ചതും ചെന്നൈയിലാണ്. പക്ഷേ തിരക്കേറിയ ജോലിക്കാലമായതിനാൽ നഗരത്തെ അത്രയധികം ആസ്വദിക്കാൻ കഴിഞ്ഞില്ല. ചെന്നൈ ഭക്ഷണം എനിക്ക് ഒരുപാട് ഇഷ്ടമാണ്. പ്രത്യേകിച്ച് രസം ചോറ് ഏറെ പ്രിയപ്പെട്ടതാണ്. ചെന്നൈ വിട്ടതിന് ശേഷമാണ് എന്റെ ഭാരം കുറയാൻ തുടങ്ങിയത്''.
ഈ തിരിച്ചുവരവ് റായ് ലക്ഷ്മിക്ക് മറ്റൊരു തുടക്കമാണ്. ഗ്ലാമർ താരമെന്ന വിശേഷണത്തിനപ്പുറം അഭിനയത്തെ മുൻനിർത്തിയുള്ള പുതിയൊരു അധ്യായമാണ് ഇനി ലക്ഷ്യമിടുന്നതെന്ന് താരം വ്യക്തമാക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: raai-laxmi-comeback-acting-career-recovery
Published: 29 Jul 2026, 04:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented