തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ മകനും സംവിധായകനുമാണ് ജേസൺ സഞ്ജയ്. തന്റെ ചെറുപ്പത്തിൽ നടന്ന ഒരു രസകരമായ സംഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹമിപ്പോൾ. വീട്ടുകാരെ അറിയിക്കാതെ രാത്രി കാറോടിച്ചു പോയതിനെത്തുടർന്ന് കുടുംബത്തിലുണ്ടായ പ്രശ്നങ്ങളാണ് താരം അടുത്തിടെ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

To advertise here,

ബിഹൈൻഡ്‌വുഡ്‌സ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ജേസൺ ഇക്കാര്യം പങ്കുവെച്ചത്. വീട്ടിൽ അമ്മ സംഗീത ഒരു 'സ്പൈ' പോലെയണെന്നാണ് ജേസൺ തമാശയോടെ പറയുന്നത്. "അമ്മ വീട്ടിലെ ഒരു അപ്രഖ്യാപിത ഡിറ്റക്ടീവാണ്. ഞാൻ എന്തെങ്കിലും കള്ളത്തരം കാണിച്ച് മാറി നിൽക്കാൻ ശ്രമിച്ചാൽ അമ്മ അപ്പോൾത്തന്നെ പിടികൂടും," അദ്ദേഹം പറഞ്ഞു.

പോലീസിൽ പരാതിപ്പെടാൻ കുടുംബം

തന്റെ ജീവിതത്തിൽ വലിയൊരു ബഹളത്തിന് വഴിവെച്ച സംഭവത്തെക്കുറിച്ച് ജേസൺ ഓർത്തെടുത്തതിങ്ങനെ: "ഒരിക്കൽ വീട്ടിൽ എല്ലാവരും ഉറങ്ങിയ സമയം നോക്കി ഞാൻ ആരോടും പറയാതെ രാത്രി കാറെടുത്ത് പുറത്തുപോയി. രാവിലെയാണ് തിരികെ എത്തിയത്. ആ സമയത്ത് എന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു."

തിരിച്ചെത്തിയപ്പോഴാണ് കാര്യത്തിന്റെ ഗൗരവം ജേസൺ മനസ്സിലാക്കുന്നത്. രാത്രി മുഴുവൻ കാണാതായതോടെ വീട്ടുകാർ വല്ലാതെ ഭയന്നിരുന്നു. പോലീസിൽ പരാതി നൽകാൻ ഒരുങ്ങുന്നതിനിടയിലാണ് അദ്ദേഹം തിരിച്ചെത്തുന്നത്. തുടർന്ന് വലിയൊരു സീൻ തന്നെ വീട്ടിലുണ്ടായെന്ന് താരം കൂട്ടിച്ചേർത്തു.

സഹോദരി ഏറ്റവും അടുത്ത സുഹൃത്ത്

കുടുംബത്തിലെ തമാശകൾക്കപ്പുറം, തന്റെ സഹോദരി ദിവ്യ സാഷയുമായി ഉള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചും താരം മനസ്സ് തുറന്നു. കുടുംബത്തിൽ തനിക്ക് ഏറ്റവും അടുത്ത ബന്ധമുള്ളത് സഹോദരിയോടാണെന്നും ദിവസവും സംസാരിക്കാറുണ്ടെന്നും പറഞ്ഞു.

ഉപരിപഠനത്തിനായി ഇരുവരും വീട്ടിൽ നിന്ന് മാറിനിൽക്കാൻ തുടങ്ങിയതോടെയാണ് ഈ ബന്ധം കൂടുതൽ ശക്തമായത്. ലണ്ടനിൽ സിനിമാ പഠനത്തിനായി പോയ സമയത്ത് വിഡിയോ കോളുകളിലൂടെ ഇരുവരും സ്ഥിരമായി ബന്ധപ്പെട്ടിരുന്നു.

'സിഗ്മ'യുടെ ആദ്യ പ്രേക്ഷക

സഹോദരിയും വലിയൊരു സിനിമാ പ്രേമിയാണെന്നും സിനിമകളെക്കുറിച്ച് കൃത്യമായ അഭിപ്രായങ്ങൾ തുറന്നു പറയാറുണ്ടെന്നും ജേസൺ വ്യക്തമാക്കുന്നു. താൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ 'സിഗ്മ' (Sigma) യുടെ കഥ ആദ്യം കേൾപ്പിച്ചത് സഹോദരിയെ ആയിരുന്നു. തിരക്കഥയിൽ സഹോദരി നൽകിയ സത്യസന്ധമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമാണ് സിനിമയുടെ തിരക്കഥ പൂർണ്ണരൂപത്തിലാക്കാൻ സഹായിച്ചതെന്നും ജേസൺ വെളിപ്പെടുത്തി.

ലൈക്കാ പ്രൊഡക്ഷൻസ് നിർമ്മിച്ച് സന്ദീപ് കിഷൻ നായകനാകുന്ന ചിത്രമാണ് 'സിഗ്മ'.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi